ശ്രീനഗറിൽ അധികം ആരും പോകാത്ത ‘ധൂത്പത്രി’ എന്ന മനോഹരമായ സ്ഥലത്തേക്ക്…

ആറു വാലിയിലെ കിടിലൻ അനുഭവങ്ങൾക്കു ശേഷം അടുത്ത ദിവസം ഞങ്ങൾ പോയത് ‘ധൂത്പത്രി’ എന്ന സ്ഥലത്തേക്ക് ആയിരുന്നു. ശ്രീനഗറിൽ നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരമുണ്ടായിരുന്നു അവിടേക്ക്. ശ്രീനഗറിൽ വരുന്നവരിൽ ഭൂരിഭാഗം ആളുകളും പോകാത്ത മനോഹരമായ ഒരിടമാണ് ‘ധൂത്പത്രി’ എന്നു ഞങ്ങളോട് ഷാഫി പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടേക്കുള്ള യാത്ര തുടങ്ങി.

കശ്മീരിലെ പ്രശസ്തമായ ദാൽ തടാകത്തിനരികിലൂടെയായിരുന്നു ഞങ്ങൾ പോയത്. അവിടെ ഞങ്ങളുടെ കൂടെയുള്ള ഗൈഡ് ഷാഫിയ്ക്ക് ഒരു ഹൗസ് ബോട്ട് ഉണ്ടായിരുന്നു. അടുത്തദിവസം ആ ഹൗസ് ബോട്ടിൽ ഞങ്ങൾക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിത്തരുമെന്നു ഷാഫി വാക്കുപറഞ്ഞു. നിറയെ സുരക്ഷാഭടന്മാരെ വഴിയിലൊക്കെ ഞങ്ങൾക്ക് കാണാമായിരുന്നു. പക്ഷെ അതൊക്കെ അവിടത്തെ സ്ഥിരം കാഴ്ചകൾ ആയിരുന്നതിനാൽ ആർക്കും അതൊന്നും പുത്തരിയായിരുന്നില്ല. ഞങ്ങളെപ്പോലുള്ള സഞ്ചാരികൾ മാത്രമാണ് ഈ കാഴ്ചകളൊക്കെ കണ്ട് ഉൽക്കണ്ഠപ്പെടുന്നത്.

പോകുന്ന വഴിയിൽ ഷാഫി ഞങ്ങളെ ഒരു ആപ്പിൾ തോട്ടത്തിലേക്ക് കൊണ്ടുപോയി. നമ്മുടെ നാട്ടിൽ മാങ്ങയും ചക്കയുമൊക്കെ കാണുന്നതു പോലെയാണ് അവിടെ ആപ്പിൾ. നമ്മുടെ നാട്ടിലേക്ക് ആപ്പിളുകൾ കൂടുതലായി വരുന്നത് കാശ്മീരിൽ നിന്നുമാണത്രെ. തോട്ടത്തിലെ ആപ്പിളുകളൊക്കെ അധികം പഴുത്തിട്ടുണ്ടായിരുന്നില്ലെങ്കിലും, മരത്തിൽ കുലപോലെ കിടക്കുന്ന പച്ച നിറത്തിലുള്ള ആപ്പിളുകൾ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു.

തോട്ടത്തിന്റെ ഉടമസ്ഥൻ ആപ്പിളുകൾ പറിക്കരുത് എന്നു പറഞ്ഞിട്ടായിരുന്നു ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടത്, പക്ഷേ ഷാഫിയുടെ പരിചയം കാരണം ഞങ്ങൾക്ക് ഒന്നു രണ്ടു ആപ്പിളുകൾ പറിച്ചു രുചിച്ചു നോക്കുവാൻ സാധിച്ചു. ഇവ ശരിക്കു പഴുക്കുമ്പോൾ പച്ച നിറം മാറി നമ്മൾ സാധാരണ കാണുന്നതു പോലുള്ള ആപ്പിളിന്റെ നിറമാകും. ആപ്പിൾ തോട്ടത്തിൽ കുറച്ചു സമയം ചെലവഴിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

തിരക്കു കുറഞ്ഞ, മനോഹരമായ വഴിയിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ ഞങ്ങൾ കിടിലൻ കാഴ്ചകൾ പലതും കണ്ടു. വഴിയരികിൽ കണ്ട ഒരു പാടത്ത് ഞാറ് നടുകയായിരുന്ന കാശ്മീരി വനിതകളെ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് നമ്മുടെ കുട്ടനാട്ടിലെ കാഴ്ചകളാണ്. കുട്ടനാട് പോലെയല്ല കേട്ടോ, അതിലും വ്യത്യസ്തമായിരുന്നു കശ്മീരിലെ കൃഷിയും കൃഷിക്കാരും. അതുപോലെ തന്നെ അവിടെ കണ്ട വീടുകളുടെ ഒരു പ്രത്യേകത എന്തെന്നാൽ അവയുടെ മേൽക്കൂര കോൺക്രീറ്റ് ആയിരുന്നില്ല, മറിച്ച് ഷീറ്റുകൾ ആയിരുന്നു ഇട്ടിരുന്നത്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല.

പോകുന്ന വഴിയിൽ കണ്ട അടിപൊളി ലൊക്കേഷനുകളിലെല്ലാം ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി കാഴ്ചകൾ ആസ്വദിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. അങ്ങനെ പോയിപ്പോയി ഞങ്ങൾ ധൂത്പത്രി ഏരിയലിലേക്ക് പ്രവേശിച്ചു. അവിടേക്ക് പ്രവേശിക്കുവാൻ 20 രൂപ ഫീസ് നൽകണമായിരുന്നു. ധൂത്പത്രിയിൽ പ്രവേശിച്ച ശേഷം ഞങ്ങൾ അവിടെ വഴിയരികിൽ കണ്ട ഒരു ചെറിയ തട്ടുകടയിൽ നിന്നും ചായ കുടിച്ചു. വെറും ചായയല്ല, പ്രശസ്തമായ കുങ്കുമപ്പൂ ഇട്ട ചായയായിരുന്നു അത്. കുങ്കുമപ്പൂ ഞങ്ങൾക്ക് രുചിച്ചു നോക്കുവാൻ ആ കടക്കാരൻ തരികയും ചെയ്തു. അത് എന്തായാലും അടിപൊളിയായി. രുചികരമായ ‘സാഫ്രോൺ ചായ’ കൂടാതെ കാശ്മീരി സ്പെഷ്യൽ ‘നുൻ ചായ’യും (ഉപ്പിട്ട ചായ) കുടിച്ച ശേഷം ഞങ്ങൾ ധൂത്പത്രിയുടെ മനോഹാരിത ആസ്വദിക്കുവാനായി വീണ്ടും നീങ്ങി.

കശ്മീരിലെ ഓരോ സ്ഥലങ്ങളും കാണുമ്പോൾ ഒന്നിനൊന്നു മെച്ചമായിട്ടായിരുന്നു ഞങ്ങൾക്ക് അനുഭവപ്പെട്ടത്. എന്തായാലും കാശ്മീരിൽ വരുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് ധൂത്പത്രി. ഫാമിലിയായും, ഹണിമൂൺ ദമ്പതികൾക്കും ഒക്കെ വരാൻ പറ്റിയ അടിപൊളി സ്ഥലം തന്നെയാണ് ഇത്. അവിടത്തെ സൗന്ദര്യം വിവരിക്കുവാൻ ഈ എഴുത്ത് മതിയാകില്ലെന്നതിനാലാണ് കൂടുതലൊന്നും എഴുതാത്തത്. ഇതോടൊപ്പമുള്ള വീഡിയോ ഒന്നു കാണുക, എന്നിട്ടും മതി വന്നില്ലെങ്കിൽ നേരെ കാശ്മീരിലേക്ക് വിട്ടോളൂ.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.