യാത്രിക൪ക്ക് കുടിവെള്ളം; നന്മ നിറഞ്ഞ മാതൃകയായി കുമളി – കൊന്നക്കാട് സൂപ്പർ ഫാസ്റ്റ്

കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ച് ചിലർ മോശം അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും ആ ന്യൂനതകളെയെല്ലാം ചെറുത്തു തോൽപ്പിക്കുന്ന നന്മപ്രവൃത്തികൾ ചെയ്ത് ജീവനക്കാരിൽ ചിലരൊക്കെ വാർത്തകളിൽ നിറയാറുണ്ട്. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന ഒരു പ്രവൃത്തി ചെയ്താണ് കെഎസ്ആർടിസിയുടെ കുമളി – കൊന്നക്കാട് സൂപ്പർഫാസ്റ്റ് ബസ്സിലെ ജീവനക്കാർ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

നന്മനിറഞ്ഞ പ്രവൃത്തികൾ ചെയ്ത് മറ്റുള്ളവ൪ക്ക് മാതൃകയാകുകയാണ് പ്രവർത്തനങ്ങൾ പലപ്പോഴും കാഴ്ചവെക്കുന്നവരാണ് നമ്മുടെ KSRTC ജീവനക്കാരും കെഎസ്ആർടിസിയെ നെഞ്ചിലേറ്റിയ ആനവണ്ടി ഫാ൯സും. അത്തരമൊരു സദ്പ്രവ൪ത്തിയുമായി ഇതാ നമ്മുടെ കുമളി – കൊന്നക്കാട് സൂപ്പർ ഫാസ്റ്റിലെ ജീവനക്കാർ. ഈ ബസിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് ഓരോ ബോട്ടിൽ കുടിവെള്ളം നൽകിക്കൊണ്ടാണ് ഇതിലെ ജീവനക്കാർ എല്ലാവർക്കും മാതൃകയാവുന്നത്.

സാധാരണ ഇത്തരത്തിൽ യാത്രക്കാർക്ക് കുടിവെള്ളം കൊടുക്കുന്നത് കെഎസ്ആർടിസിയുടെ പ്രീമിയം സർവീസായ വോൾവോ, സ്‌കാനിയ ബസ്സുകളിലാണ്. എന്നാൽ ഇപ്പോൾ സൂപ്പർ ഫാസ്റ്റ് സർവീസായ കൊന്നക്കാട് – കുമളി ഷെഡ്യൂളിലും കുടിവെള്ളം വിതരണം ചെയ്യുന്നത് യാത്രക്കാരുടെ കയ്യടി നേടിയിരിക്കുകയാണ്.

മിക്കവ൪ക്കും സുപരിചിതവും പ്രിയങ്കരവുമായ ഒരു സർവ്വീസ് ആണ് കുമളി ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന കൊന്നക്കാട് സൂപ്പർ ഫാസ്റ്റ്. മികച്ച സേവനവും നല്ലവരായ ജീവനക്കാരുമൊക്കെയാണ് ഈ സ൪വീസിനെ കൂടുതൽ ജനപ്രിയമാക്കിയത്. യാത്രികർക്ക് കുടിവെള്ളം നൽകുന്ന ഈ ജീവനക്കാരുടെ നല്ല പ്രവ൪ത്തിക്ക് പൂർണ്ണ പിന്തുണയും സഹായ സഹകരണങ്ങളുമായി കുമളിയിലെ കെഎസ്ആർടിസി ഫാൻസും, കെഎസ്ആർടിസി കുമളി ഡിപ്പോയുടെ നല്ലവരായ ജീവനക്കാരും, കുമളി- കൊന്നക്കാട് സൂപ്പർഫാസ്റ്റ് വാട്ട്സാപ്പ് കൂട്ടായ്മയും ഉണ്ട്.

യാത്രക്കാരെ കയ്യേറ്റം ചെയ്യുന്ന പ്രമുഖ ബസ് കമ്പനികൾ നിരത്തു കയ്യടക്കുന്ന ഈ കാലത്ത് രാത്രി യാത്രയിൽ യാത്രിക൪ക്ക് സാന്ത്വനമേകുന്ന ഈ ഉദ്യമത്തിന് നേതൃത്വം നൽകിയ, ഇതിൽ സഹകരിച്ച, ഇത് നടപ്പിലാക്കിയ എല്ലാ നല്ലവരായ വ്യക്തികൾക്കും, ഒപ്പം ഈ ബസിലെ ജീവനക്കാരായ അഭിലാഷ്, നജിമുദീൻ എന്നിവർക്കും, കുമളി ഡിപ്പോയ്ക്കും, കുമളി കെഎസ്ആർടിസി ഫാ൯സിനും പ്രത്യേക അഭിനന്ദനങ്ങൾ.

കുമളി – കൊന്നക്കാട് സൂപ്പർഫാസ്റ്റ് ബസ്സിന്റെ സമയവിവരങ്ങളും റൂട്ടും : കുമളിയിൽ നിന്നും ദിവസേന വൈകുന്നേരം 5 മണിയ്ക്ക് പുറപ്പെടുന്ന ഈ ബസ് കുട്ടിക്കാനം, മുണ്ടക്കയം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, ചെറുപുഴ വഴി സഞ്ചരിച്ച് പിറ്റേ ദിവസം 7.10 നു കൊന്നക്കാട് എത്തിച്ചേരും. കൊന്നക്കാട് നിന്നും വൈകുന്നേരം 5.30 നു എടുക്കുന്ന ബസ് പിറ്റേന്ന് രാവിലെ 7.50 നു കുമളിയിൽ എത്തിച്ചേരുകയും ചെയ്യും.