ദുബായ് കറക്കം – ഡ്രൈവറില്ലാത്ത മെട്രോ, ബുർജ്ജ് ഖലീഫ, ദുബായ് മാൾ..

ദുബായിലെ ഞങ്ങളുടെ വീഡിയോ ബ്ലോഗിങ് വർക്ക്ഷോപ്പ് ഒക്കെ വിജയകരമായി പൂർത്തീകരിച്ചതിന്റെ പിറ്റേദിവസം ഞങ്ങൾ ദുബായ് ഒക്കെ ഒന്നു കറങ്ങുവാനായി തീരുമാനിച്ചിറങ്ങി. ദുബായിലെ ഒരു മലയാളി വ്ലോഗർ ആയ കൃഷ്ണരാജ് (ചാനൽ – ട്രാവൽ മേറ്റ്) ആയിരുന്നു ഞങ്ങൾക്ക് വഴികാട്ടിയായി കൂടെയുണ്ടായിരുന്നത്. ദുബായ് മെട്രോയിൽ കയറി ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിലേക്ക് ആയിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. കാറിലെ മുൻസീറ്റിൽ എനിക്ക് മുന്നേ ഓടിക്കയറി ഇബാദ് ഇക്ക സീറ്റ് പിടിച്ചു. അങ്ങനെ ഞങ്ങൾ കാറിൽ ദുബായിലെ ഒരു മെട്രോ സ്റ്റേഷനിലേക്ക് യാത്രയായി. കൊച്ചി മെട്രോയോക്കെ വന്നത് കാരണം മെട്രോ യാത്ര നമ്മൾ മലയാളികൾക്ക് പുത്തരിയായിരിക്കില്ലല്ലോ. പക്ഷേ ദുബായ് മെട്രോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എന്തെന്നാൽ ഇതിൽ നിയന്ത്രിക്കുന്നതിനായി ഡ്രൈവർ ഇല്ല എന്നതു തന്നെ.

ഗൾഫ് രാജ്യങ്ങളിലെ ആദ്യത്തെ മെട്രോ എന്ന ബഹുമതിയും ദുബൈ മെട്രോക്ക് തന്നെ. റെഡ് ലൈൻ,ഗ്രീൻ ലൈൻ,ബ്ലൂലൈൻ,യെല്ലോ ലൈൻ എന്നിങ്ങനെ നാലു പ്രധാന പാതകളാണ്‌ ദുബൈ മെട്രോയുടെ നിർമ്മാണ പദ്ധതിയിലുള്ളത്. മെട്രോയുടെ 25,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള യൂനിയന്‍ സ്‌റ്റേഷന്‍ ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനാണെന്ന സവിശേഷതയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മെട്രോ സ്‌റ്റേഷനുകളിലൊന്നാണ് ബുര്‍ജ്മാന്‍ സ്‌റ്റേഷന്‍. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ദേര, ബര്‍ദുബയ് എന്നിവയെ ബന്ധിപ്പിച്ച് റാഷിദിയ്യ മുതല്‍ ജബല്‍ അലി വരെ നീളുന്നതാണ് മെട്രോയുടെ റെഡ്‌ലൈന്‍. ഖിസൈസിലെ ഇത്തിസാലാത്ത് സ്‌റ്റേഷന്‍ മുതല്‍ ക്രീക്ക് സ്‌റ്റേഷന്‍ വരെയാണ് ഗ്രീന്‍ ലൈന്‍. ഇരു പാതകളും ബുര്‍ജുമാന്‍, യൂനിയന്‍ സ്റ്റേഷനുകളില്‍ സന്ധിക്കുന്നുണ്ട്.

ADCB എന്ന മെട്രോസ്റ്റേഷനിൽ നിന്നുമായിരുന്നു ഞങ്ങൾ മെട്രോ യാത്ര തുടങ്ങിയത്. അവിടെ നിന്നും അഞ്ചാമത്തെ സ്റ്റേഷനിലായിരുന്നു ഞങ്ങൾക്ക് ഇറങ്ങേണ്ടത്. മെട്രോ സ്റ്റേഷൻ മുഴുവനും ശീതീകരിച്ച നിലയിലാരുന്നു. നമ്മുടെ നാട്ടിലെ മെട്രോ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ദുബായ് മെട്രോ പ്ലാറ്റ്ഫോമുകൾ വളരെ സുരക്ഷിതമാണ്. കാരണം ദുബായിൽ മെട്രോ പ്ലാറ്റ്‌ഫോമിനും റെയിലിനും ഇടയിൽ ഒരു ചില്ലുകൊണ്ടുള്ള സംരക്ഷണ ഭിത്തി ഉണ്ട്. ട്രെയിൻ വന്നു നിൽക്കുമ്പോൾ മാത്രമാണ് ഈ ചില്ലുഭിത്തി ഒരു വാതിൽ പോലെ മാറുന്നത്. അങ്ങനെ ഞങ്ങൾക്ക് പോകേണ്ട ട്രെയിൻ വന്നെത്തി. ട്രെയിനിൽ നല്ല ഉണ്ടായിരുന്നതിനാൽ സീറ്റൊന്നും കിട്ടിയില്ല. കിടിലൻ യാത്രയ്ക്കുശേഷം ബുർജ്ജ് ഖലീഫ, ദുബായ് മാൾ സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങി.

മെട്രോ സ്റ്റേഷനിൽ നിന്നും വിവിധ കെട്ടിടങ്ങളിലേക്ക് വാക്ക് വേകൾ ഉണ്ട്. ഞങ്ങൾ ദുബായ് മാൾ ലക്ഷ്യമാക്കി നീങ്ങി. അവിടെ എത്തിയപ്പോൾ ഞങ്ങളെ കാത്ത് ലീവാനിയോ ടീം അവിടെ ഉണ്ടായിരുന്നു. കൃഷ്ണരാജ് ഞങ്ങളെ അവിടെ ആക്കിയശേഷം ജോലിസ്ഥലത്തേക്ക് പോകുകയും ചെയ്തു. അങ്ങനെ ഞങ്ങൾ മാളിലെ കാഴ്ചകൾ കണ്ടുകൊണ്ട് നടന്നു. ദുബായ് മാളിൽ വന്നു കഴിഞ്ഞാൽ ഷോപ്പിംഗ് മാത്രമല്ല നല്ല ഫുഡ് ഐറ്റംസ് കൂടി ട്രൈ ചെയ്യുവാൻ സാധിക്കും.

ദുബായിയുടെ ഹൃദയഭാഗത്തുള്ള ഏറ്റവും ഉയരംകൂടിയ കെട്ടിടവും ഷോപ്പിങ് സമുച്ചയവും ആരെയും ആകര്‍ഷിക്കുമെന്നതിനു കഴിഞ്ഞവര്‍ഷം മാളിലെത്തിയ സഞ്ചാരികളുടെ എണ്ണം തെളിവാണ്. ദുബായിയുടെ ചില്ലറ വ്യാപാര വിപണിയുടെ പ്രധാന കേന്ദ്രവും ദുബായ് മാളാണ്. ചില്ലറ വ്യാപാരത്തിനായി മാത്രം 1200 സ്ഥാപനങ്ങള്‍ മാളില്‍ ഇടംപിടിച്ചിട്ടുണ്ട്. 200 ലധികം ഭക്ഷണശാലകളും മാളില്‍ വിഭവമൊരുക്കുന്നു. ഇതുപോലെ തന്നെ സാമൂഹ മാധ്യമങ്ങളിലും ദുബായ് മാള്‍ മുദ്രപതിപ്പിച്ചു കഴിഞ്ഞു. 15 ലക്ഷം പേരാണ് ഫെയ്‌സ് ബുക്കിലൂടെ മാത്രം ദുബായ് മാളിനെ ഫോളോ ചെയ്യുന്നത്. സത്യം പറഞ്ഞാൽ ദുബായ് മാൾ ഒരു മായാലോകം എന്നു സമ്മതിക്കേണ്ടി വരും.

മാളിന്റെ തൊട്ടടുത്താണ് ബുർജ്ജ് ഖലീഫ ചെയ്യുന്നത്. നല്ല കിടിലൻ വ്യൂ ആയിരുന്നു അവിടെനിന്നും ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്. ബുർജ്ജ് ഖലീഫയുടെ താഴെ ഒരു വാട്ടർ ഫൗണ്ടൻ ഉണ്ടായിരുന്നു. രാത്രിയിൽ ഈ കാഴ്ച വളരെ മനോഹരമാണെന്ന് കൂടെയുണ്ടായിരുന്ന ലീവാനിയോ ടീം പറഞ്ഞു. ഇതൊരു വ്‌ളോഗിംഗ് യാത്ര അല്ലാതിരുന്നതിനാൽ അധികം കാഴ്ചകൾ ഒന്നും ഞങ്ങൾ കാണുവാൻ നിന്നില്ല. അടുത്ത വരവിൽ ബുർജ്ജ് ഖലീഫയും വാട്ടർ ഫൗണ്ടനും ഒക്കെ വിശദമായി കവർ ചെയ്യണം എന്നുറപ്പിച്ച് ഞങ്ങൾ അവിടെ നിന്നും നടന്നു.