ദുബായിൽ സ്‌കൈ ഡൈവിംഗ് ചെയ്യാം…പറവയെപ്പോലെ പറക്കാം….

വിവരണം – മജേഷ് മുകുന്ദൻ.

പറവകളെ പോലെ പറക്കാൻ ആഗ്രഹിച്ചാണ് പണ്ട് പാരാഗ്ലൈഡിങ് ചെയ്തത്.അന്നു മുതൽ തുടങ്ങിയ ആഗ്രഹമായിരുന്നു ഒരിക്കൽ skydive ചെയ്യണമെന്നത്. അങ്ങനെ ആഗ്രഹിച്ച് ആഗ്രഹിച്ച് അവസാനം അത് ദുബായിൽ ചെയ്യാം എന്നു തീരുമാനിച്ചു. അന്വേഷിച്ചപ്പോൾ ദുബായിൽ രണ്ടുതരത്തിൽ സ്കൈഡൈവ് ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു. ഒന്നാമത്തേത് palm ജുമൈറയിൽ രണ്ടാമത്തേത് ഡെസേർട്ടിൽ. പാം ജുമൈറയിൽ അതാണ് നല്ലത് എന്ന് അറിയാൻ കഴിഞ്ഞു .കാരണം ജുമൈറ ബീച്ചിന്റെ നല്ലൊരു ആകാശക്കാഴ്ച കിട്ടും എന്നതു തന്നെ. അതു മാത്രമല്ല ചുറ്റുമുള്ള മറ്റു കെട്ടിടങ്ങളും എല്ലാം വളരെ വ്യക്തമായി കാണാം എന്നും അറിഞ്ഞു. ഇതൊന്നും ഡെസേർട്ടിൽ ഉണ്ടാകില്ല.

അങ്ങനെ 2018 ന്യൂ ഇയറിൽ ചാടാൻ തയ്യാറായി .ഇതിനിടയിൽ ഭാര്യയുടെ ജന്മദിന സമ്മാനമായി അപ്രതീക്ഷിതമായി എന്തെങ്കിലും ചെയ്യണമെന്ന് ഒരു മോഹവും ഉണ്ടായിരുന്നു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവളും കൂടെ ചാടാൻ തയ്യാറായി. ആദ്യം ഭാര്യയുടെ കാര്യത്തിൽ വളരെ ടെൻഷനുണ്ടായിരുന്നു. എന്നാൽ ഞാൻ കൂടെ ഉണ്ട് എന്നുള്ളത് അവൾക്ക് വലിയ ആത്മവിശ്വാസം നൽകി. കാര്യങ്ങൾ എല്ലാം ഒരു തീരുമാനത്തിൽ എത്തിയപ്പോൾ സ്കൈഡ്രൈവ് ബുക്ക് ചെയ്യാൻ തീയതി നോക്കി. ജനുവരി ഏഴാം തീയതി മുതൽ മാത്രമാണ് ഒഴിവു ണ്ടായിരുന്നത് .പിന്നെ കൂടുതലൊന്നും ആലോചിക്കാതെ ബുക്കുചെയ്തു. ഒരാൾക്ക് 2000 ദിർഹമാണു ചിലവ്. പക്ഷേ ഇത് ജനുവരി ഒമ്പതാം തീയതി വരെയാണ് കേട്ടോ, ജനുവരി 10 മുതൽ ഇത് 2200 ദിർഹമായി ഉയർത്തി. skydive dubai സൈറ്റിൽ കയറി ബുക്ക് ചെയ്യുമ്പോൾ 1000 ദിർഹം അഡ്വാൻസ് കൊടുക്കണം.

Skydive കാലത്ത് 10 മണിക്ക് തുടങ്ങി ബാച്ച് ബാച്ച് ആയി അരമണിക്കൂർ ഇടവേളയിൽ വൈകീട്ട് മൂന്നു മണിവരെയാണ് സമയക്രമം .ഇതിനിടയിൽ 15 ബാച്ചു വരെ ഒരു ദിവസം നടത്താറുണ്ട് എന്നാണ് അറിഞ്ഞത്. എക്സ്പീരിയൻസ്ഡ് ആയ ഇൻസ്ട്രക്ടറുടെ കൂടെ ചാടുന്നതിനു Tandum skydive എന്നാണ് അവർ പറയുന്നത് .ഇതിനായി പ്രത്യേക മെഡിക്കൽ ചെക്കപ്പ് ഒന്നും വേണ്ട. അവിടെ ചെല്ലുമ്പോൾ അവർ ശരീരഭാരവും, ഉയരവും,ബോഡിമാസ് ഇൻഡക്സും എടുക്കുന്നു. ബുക്ക് ചെയ്യുമ്പോൾ അനുവദിച്ചുതരുന്ന സമയം ചാടുന്ന സമയമല്ല, തയ്യാറെടുപ്പിനും ചെറിയ ഒരു ട്രെയിനിങ്ങിനു മാണ്. ഇത് ഏകദേശം അരമണിക്കൂർ വരും ഈ സമയം .അതിനുശേഷം skydive ഓഫീസിനോട് ചേർന്ന റൺവേയിലേക്ക് ഒരു ക്ലബ്ബ് കാറിൽ നമ്മളെ കൊണ്ടു പോകുന്നു. അവിടെനിന്ന് വിമാനത്തിലേക്ക് കയറ്റും. ഏകദേശം പതിനഞ്ച് പേർ ആണ് ഒരു ബാച്ച് .എന്റെ കൂടെ ഇൻസ്ട്രക്ടറും ക്യാമറാമാനും ഉണ്ടാകും. ക്യാമറ കൂടെ ചാടും!!!!!.

വിമാനം 13000 അടി ഉയരത്തിൽ എത്തിയാൽ വിമാനത്തിന്റെ വാതിൽ തുറക്കുന്നു. പിന്നെ എല്ലാം ഒരു ജഗപൊഗയാണ്. എല്ലാവരും ഭയങ്കര ടെൻഷൻ ആകും. നല്ല തണുത്ത കാറ്റാണ് വിമാനത്തിന്റെ വാതിൽ തുറക്കുമ്പോൾ വരുന്നത്. വിമാനത്തിന്റെ വാതിലിനോട് ചേർന്നുള്ള ലൈറ്റ് ബോർഡിൽ ചുവന്ന ലൈറ്റ് മാറി പച്ച ലൈറ്റ് തെളിയുമ്പോൾ ചാടാനുള്ള സമയമായി. ആദ്യം ക്യാമറാമാൻ ചാടും. അതിനുശേഷം നമ്മൾ. എനിക്ക് പ്രത്യേകം പാരച്യൂട്ട് ഇല്ല ഉള്ളത് ഒരു ബെൽറ്റ് മാത്രം. ഇൻസ്ട്രക്ടറുടെ ശരീരത്തിലാണ് പാരച്ചൂട്ട് ബന്ധിച്ചിരിക്കുന്നത്. നമ്മുടെ ബെൽറ്റ് ഇൻസ്പെക്ടറുടെ ബെൽറ്റുമായി ബന്ധിച്ചതിനുശേഷം ചാടുന്നു .ഇത് ഏകദേശം പതിമൂവായിരം അടി ഉയരത്തിൽ വിമാനം എത്താറാകുമ്പോൾ ആണ്.

അവസാനം ആ സമയമായി, ചാടാൻ തയ്യാറായി വിമാന വാതിലിൽ എത്തിയപ്പോൾ കണ്ട കാഴ്ച അവർണനീയമാണ്, താഴെ നീലക്കടൽ മാത്രം മുകളിൽ നീലാകാശം. താഴോട്ടു നോക്കരുത് എന്ന് ഇൻസ്ട്രക്ടർ പ്രത്യേകം പറയുന്നുണ്ടായിരുന്നു, ചാടുമ്പോൾ ഉള്ള മാനസികസംഘർഷം കുറയ്ക്കാനാണിത്. എന്നാലും ഞാൻ നോക്കി, നോക്കാതിരിക്കാൻ കഴിയില്ല അത്ര ഭംഗിയാണ്. അദ്ദേഹം എന്റെ താടി മുകളിലേക്ക് ഉയർത്തി പിടിച്ചു, പിന്നീട് പുറത്തേക്ക് എടുത്തു ചാടി, കൂടെ ഞാനും.
ഇപ്പോൾ free fallingലാണ്, പാരച്യൂട്ട് ഓപ്പൺ ചെയ്യാതെ. കടുത്ത തണുത്ത കാറ്റാണ്, നെഞ്ചുവരെ മരവിച്ചു പോകുന്ന തണുപ്പ് .ആദ്യമൊന്നും ശ്വാസം കിട്ടിയില്ല .തല നേരെ താഴോട്ടു പിടിച്ചതു കൊണ്ടായിരുന്നു പിന്നീട് ഒരു വശത്തേക്ക് കുറച്ചു തിരിച്ചപ്പോൾ അൽപം ശ്വസിക്കാൻ കഴിഞ്ഞു. ശരീരത്തിന്റെ ഭാരക്കുറവ് ആദ്യ അനുഭവമായി. കവിളും കയ്യിലെ മസിലുകളും കടലാസു പോലെ തുള്ളിക്കളിക്കുന്നു കാറ്റിൽ. അത്രയ്ക്കുണ്ടായിരുന്നു കാറ്റിന്റെ ശക്തി.

ഏകദേശം ഒരു മിനിറ്റിനുശേഷം ഇൻസ്ട്രക്ടർ പാരച്ചൂട്ട് തുറക്കാൻ പോവുകയാണ് എന്ന് പറഞ്ഞു. പാരച്ചൂട്ട് തുറന്നതും കയറിട്ടു വലിച്ചതു പോലെ ശരീരം ഒന്നു വലിഞ്ഞു മുറുകി, വല്ലാത്ത ഒരു ജർക്കിങ്ങ് ആയിരുന്നു .ശരീരം മൊത്തം ഒരുപ്രാവശ്യം കീഴ്മേൽ മറിഞ്ഞു പിന്നെ സാവധാനത്തിൽ താഴോട്ടു പോന്നു.
ഞാനായിരുന്നു അവസാനം ചാടിയത്‌. മറ്റുള്ളവർ നിലത്ത് ലാന്റ് ചെയ്ത ശേഷം മാത്രമേ എനിക്ക് ലാൻഡ് ചെയ്യാൻ കഴിയൂ അതിനാൽ കൂടുതൽ സമയം ലഭിച്ചു ആകാശത്തിൽ. പാരച്യൂട്ടിന്റെ രണ്ടു വള്ളികൾ സമാന്തരമായി താഴോട്ടു വലിച്ചു പിടിച്ചാൽ പാരച്ചൂട്ട് പരമാവധി വിരിഞ്ഞ് വളരെ സാവധാനത്തിൽ മാത്രമേ താഴോട്ട്പോവുകയുള്ളൂ. ഏതെങ്കിലും ഒരു വള്ളി മാത്രം ഒരു വശത്തേക്കു വലിച്ചു പിടിച്ചാൽ പാരച്ചൂട്ട് ആ ഭാഗത്തേക്ക് ചെരിഞ്ഞു വളരെ വേഗം താഴോട്ടു പോകും. അങ്ങനെയാണവർ ആകാശത്തിൽ ദിശയും വേഗവും നിയന്ത്രിക്കുന്നത്. എന്റെ ഇൻസ്ട്രക്റ്റർ ഇതു വളരെ ഭംഗിയായി എനിക്ക് വിവരിച്ചു തന്നു. കുറച്ചധികം സമയം പാരച്ചൂട്ട് നിയന്ത്രിക്കാനുള്ള അവസരവും തന്നു.

പക്ഷെ ഇതിനിടയിലും എന്റെ ടെൻഷൻ എന്റെ ഭാര്യയെ കുറിച്ചായിരുന്നു. അവൾ വിമാനത്തിൽനിന്ന് ചാടിയപ്പോൾ തന്നെ ഞാൻ വിമാനത്തിലിരുന്ന് താഴോട്ടു നോക്കുന്നുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന്റെ മുമ്പ് അവരുടെ പാരച്യൂട്ട് തുറക്കുന്നത് കണ്ടിരുന്നു അപ്പോളൊരു സമാധാനം ആയി.

വളരെ നല്ലൊരു ആകാശക്കാഴ്ച നൽകി ജുമൈറ ബീച്ച് ന്റെയും പാം ജുമൈറ യുടെയും മുകളിലൂടെ വളരെ സാവധാനത്തിൽ പാരച്ചൂട്ട് താഴെയിറങ്ങി നോക്കുമ്പോൾ എന്റെ ഭാര്യയെ വളരെ സന്തോഷവതിയായി ഞാനവിടെ കണ്ടു. അപ്പോഴാണ് എനിക്കൊരു സമാധാനം വന്നത്. താഴെയിറങ്ങി കഴിഞ്ഞിട്ടും ആ മാസ്മരിക ലോകത്തിന്റെ ഭംഗി മനസ്സിൽനിന്ന് പോകുന്നുണ്ടായിരുന്നില്ല. അതെല്ലാം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും ആ ഒരു ഓർമ്മകൾ വളരെ അധികം സന്തോഷം നൽകുന്നു .ഇനിയും വീണ്ടും skydive ചെയ്യണമെന്ന മോഹം ഉള്ളിൽ വച്ചു കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.