ദുബൈയിൽ നിന്ന് ഒമാനിലേക്ക് ഒരു അടിപൊളി വൺ ഡേ ട്രിപ്പ് !!

വിവരണം – Sadaru.

“കടലേ നീല കടലേ… നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ?” ദ്വീപ് എന്ന സിനിമയിലെ പാട്ടിന്റെ വരികളിൽ യൂസുഫലി കേച്ചേരി കോറിയിട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്മുന്നിൽ കാണുകയായിരുന്നു ഒമാനിലെ മുസണ്ടം ദ്വീപിലേക്കുള്ള എന്റെ യാത്ര.

കടലിന്റെയാത്മാവിലും നീറുന്നതും അല്ലാത്തതുമായ ഒരുപാട് ചിന്തകളുണ്ട്. തികച്ചും യാദൃശ്ചികമായിട്ടാണു നമ്മുടെയെല്ലാം ജീവിതം ആരംഭിച്ചത് പിന്നീട് എന്തൊക്കെ ചെയ്തുവോ അവയ്ക്കൊക്കെ ഞാൻ വിളിക്കുന്ന പേര് യാത്ര എന്നാണ്. ജീവിതം ഒരു കരക്കെത്തിക്കാനായി തുടങ്ങിയ യാത്ര. ആ യാത്രയുടെ ഇടവേളകളിലാണ് നമ്മൾ സഞ്ചാരികളും യഥാർത്ഥ യാത്രക്കാരുമായി മാറുന്നത് !

അങ്ങനെ ഒരവധിക്കാലത്താണ് ദുബായ് കാണാൻ മോഹവുമായി സുഹൃത്തുക്കളുടെ അടുത്തേക്ക് വിമാനം കയറിയത്. ദുബായ് സന്ദർശനത്തിന്റെ അവസാന ദിവസങ്ങളിലാണ് സഹോസ് റാഫിയും റഫീഖും പറയുന്നത് നമുക്ക് മുസണ്ടം പോവാമെന്ന്.. കേട്ടപ്പോൾ ദുബൈയിലെ തന്നെ ഒരു സ്ഥലമാവാം എന്ന് കരുതിയെങ്കിലും ദുബൈ യാത്രയോടൊപ്പം ചങ്ങാതിമാർ എനികൊരുക്കിയ വലിയ ഒരു ബോണസ് സർപ്രൈസ് ആയിട്ടാണ് ഞാൻ ഈ യാത്രയെ കണ്ടത്.

മുസണ്ടം ഒമാനിലാണത്രേ !! എനിക്ക് അത്ഭുതവും സന്തോഷവും ആകാംക്ഷയും കൂടിയ ഒരു ബിരിയാണിച്ചെമ്പ് മനസ്സിൽ പൊട്ടി. ഒമാനിലേക്കോ?? അതെ. ദുബൈയിൽ നിന്നും രാവിലെ 7 മണിയോടെ ഒമാനിലെ മുസണ്ടം കാണാൻ പുറപ്പെട്ടപ്പോൾ വലിയ ആവേശം വന്നു.

മറ്റൊരു രാജ്യമാണെങ്കിലും യു.എ.ഇ.യുടെ അതിർത്തി പ്രദേശമായിരുന്നത് കൊണ്ട് 3 മണിക്കൂർ കൊണ്ട് ഞങ്ങൾ ഒമാൻ ബോർഡറിലെത്തി. തലേന്ന് രാത്രി തന്നെ ടൂർ പാക്കേജ് സംഘടിപ്പിക്കുന്ന മലയാളി സുഹൃത്തിനെ വിളിച്ച് ഒമാനിലേക്കുള്ള വൺ ഡേ വിസ ശരിയാക്കിയിരുന്നു. അവരുടെ ബസ്സിൽ തന്നെയാണ് ഒമാനിലേക്കുള്ള ഈ ത്രില്ലർ യാത്രയും. പരിചിതരല്ലാത്ത മലയാളികളും ഉത്തരേന്ത്യക്കാരും ബസ്സിലുണ്ടായിരുന്നു.

ബോർഡറിലെ ചെക്കിങ് കഴിഞ്ഞ് ബസ് മുന്നോട്ടു നീങ്ങുമ്പോൾ ജീവിതത്തിൽ ആദ്യമായി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കരമാർഗ്ഗം സഞ്ചരിക്കുന്നതിന്റെ, ഏതൊരു സഞ്ചാരിക്കും സ്വാഭാവികമായി തോന്നുന്ന ഒരു അനുഭൂതി, ഉൾപുളകം എന്റെ കണ്ണുകളെ ഇമ ചിമ്മാതെ പുറത്തെ കാഴ്ചകളിൽ ലയിപ്പിച്ചു. അധികം ലയിപ്പിക്കുന്നതിനു മുമ്പേ ബസ് അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നു..

അങ്ങനെ കൂട്ടുകാരോടൊപ്പം ഒമാനിലെ കസബ് എന്ന സ്ഥലത്തെ ഒരു ചെറിയ തുറമുഖത്തിനടുത്ത് ഞങ്ങൾ ആകാംക്ഷയുടെ കാലുകൾ കുത്തി. സുന്ദരമായ ഒരു പ്രദേശമാണ് ‘കസബ്’. സമ്പുഷ്ടത, സമ്പത്ത് എന്നാണ് ‘ഖസബ്’ എന്നതിന്റെ അർഥം. പേരിനെ അന്വർത്ഥമാക്കുന്ന പോലെ ധാരാളം ജലസ്രോതസ്സുകളും, ഈത്തപ്പഴ തോട്ടങ്ങളും, മത്സ്യ സമ്പത്തും ഇവയൊക്കെ കൊണ്ട് സമ്പുഷ്ടം തന്നെയാണ് കസബ്.

അവിടെയുള്ള ഹാർബറിൽ നിന്നും ഒരു പരമ്പരാഗത ഒമാനി ബോട്ടിലേക്ക് ബസ്സിലുള്ളവരെല്ലാം കയറി. കസബ് തലസ്ഥാനമായ ‘മുസണ്ടം’ എന്ന ‘കടലിന്റെ കഷ്ണം’ ഞങ്ങൾക്ക് കരളിന്റെ കഷ്ണങ്ങളായ അനുഭവങ്ങൾ നൽകിയത് ആ പായ്കപ്പൽ രൂപമുള്ള ബോട്ടിലേക്ക് പ്രവേശിച്ചതിനു ശേഷമാണ്. പറഞ്ഞിരുന്നല്ലോ കടലിന്റെയുള്ളിലും നീറുന്നതും, മനസ്സ് നിറയുന്നതുമായ ചിന്തകളുണ്ട് !

“ഒരിക്കൽ ഒരു ചെറുതോണിയിൽ ഞാൻ ഒറ്റക്ക് കടലിന്റെയോളങ്ങളിൽ എങ്ങോട്ടെന്നില്ലാതെ ഒഴുകുന്നു. സൂര്യൻ കടലിൽ ചുവപ്പ് വിരിയിച്ച് മുങ്ങിപ്പോകുന്നതിന്റെ സൗന്ദര്യം ആസ്വദിക്കുന്ന സമയമായിരുന്നില്ല അത്. ഭയചകിതനായി ഞാൻ തോണിയിൽ പിടിച്ചിരുന്നു. എന്റെ വിറപോലും മതിയായിരുന്നു തോണിയെ മുക്കിക്കൊല്ലാൻ. ആകെ ഇരുട്ട് പരന്നിരുന്നു. ഒഴുകിയെത്തിയത് എവിടെ നിന്നോ തൂങ്ങി നിൽക്കുന്ന കറുത്ത പാറക്കെട്ടിനടിയിലേക്ക്..പാറയുടെ താഴ്ഭാഗത്ത് ഒരോ വെള്ളത്തുള്ളികൾക്കും എന്റെ ഹൃദയം ഭേദിക്കാനാകുന്ന ശബ്ദം. പൊടുന്നനെ മുകളിലെ പാറക്കെട്ട് എന്റെ തലയിലൂടെ പൊളിഞ്ഞ് വീഴുന്നു.”

പെട്ടെന്നാണ് ഞാൻ ചാടിയെണീറ്റത് ഒരിക്കൽ ഞാൻ കണ്ട സ്വപ്നമായിരുന്നു ഇത്. ഒമാനി ബോട്ടിൽ നീലക്കടലിലൂടെ യാത്ര ചെയ്യുമ്പോൾ ഞാൻ ആ സ്വപ്നത്തെ കുറിച്ച് ആലോചിച്ചെങ്കിലും ലവലേശം ഭയം എനിക്ക് തോന്നിയില്ല.. മറിച്ച് കടലിന്റെ സൗന്ദര്യത്തിൽ മുഴുകിപ്പോവുകയായിരുന്നു. മണിക്കൂറുകൾ സഞ്ചരിച്ച് മുസണ്ടം ടൂറിസ്റ്റ് സ്പോട്ടായ ഒരു കൊച്ചു ദ്വീപിലെ ബീച്ചിനടുത്ത് ബോട്ട് ബ്രേക്കിട്ടു.

വാക്കുകൾ കൊണ്ടെങ്ങനെ ഞാനാ സ്ഥലത്തെ കുറിച്ച് വർണ്ണിക്കുമെന്നെനിക്കറിയില്ല. അത്രമേൽ സുന്ദരം; നീലക്കടലിന്നു നടുവിലായി ഒരു മനോഹര കടൽതീരമോ? അതിശയം – അതി മനോഹരം ! ഒരു കൊച്ചു ദ്വീപ് – അരികിലായി മേൽകൂരപോലെ തൂങ്ങി നിൽക്കുന്ന പാറക്കെട്ടുകൾ സ്വപ്നത്തിലെ പാറകൾക്കന്ന് കറുപ്പ് നിറമായിരുന്നെങ്കിൽ ഇവിടെ വെള്ള നിറത്തിലാണ്.

നീന്താനറിയാവുന്നവർക്ക് ചാടി നീന്താമെന്ന് മലയാളി ഗൈഡിന്റെ പെർമിഷൻ വന്നതും ബോട്ടിന്റെ മുകളിൽ നിന്ന് രണ്ട് മൂന്ന് യുവാക്കൾ എടുത്ത് ചാടി. മലപ്പുറത്തെ ചെക്കന്മാരാണെന്ന് പ്രത്യേകം പറയണ്ടല്ലോ. ബോട്ടിലുണ്ടായിരുന്ന മറ്റു ഉത്തരേന്ത്യക്കാർ പടം പിടിച്ചിരുന്നു.

ഒമാനിലെ സലാലക്കാർക്ക് ഇവിടെയെത്തണമെങ്കിൽ 1380 കിലോമീറ്റർ സഞ്ചരിക്കണമെന്നത് എന്നെ ആശ്ചര്യപ്പെടുത്തി. കസബ്/മുസണ്ടം ഭൂപടം നോക്കാൻ ആ ആശ്ചര്യം എന്നെ നിർബന്ധിതനാക്കി. യു.ഇ.യി.യിൽ ഒമാനിന്റെ ഉടമസ്ഥതയിലുള്ള അല്പം സ്ഥലം ഉണ്ടായാലെങ്ങനെ. അത് പോലെയാണ് മുസണ്ടം.

ആവശ്യക്കാർക്ക് കടലിനടിയിലെ കാഴ്ചകൾ കാണാൻ അവസരമുണ്ട്. എല്ലാവർക്കുമുള്ള ഭക്ഷണവും പഴങ്ങളും ചായയും കാപ്പിയുമെല്ലാം ബോട്ടിനകത്തുണ്ട്. നീന്താനുള്ള വസ്ത്രങ്ങളിട്ട് ഞാനും കൂട്ടുകാരും വെള്ളത്തിലേക് എടുത്ത് ചാടി. നല്ല ആഴമുള്ള സ്ഥലമാണെങ്കിലും ആ തെളിഞ്ഞ വെള്ളത്തിലേക്ക് എടുത്ത് ചാടാൻ ഒരു പേടിയും തോന്നുകയില്ല – നീന്തിത്തുടിക്കുന്നതിനിടെ ബോട്ടിൽ നിന്ന് ഗൈഡിന്റെ അനൗൺസ്മെന്റ് വന്നു ബനാനാ റേഡിനായി എല്ലാവർക്കും കടന്നു വരാമെന്ന്.

ബനാന ആകൃതിയിലുള്ള, ഇരുവശത്തേക്കും കാലുകളിട്ട് പുറത്തെ ഒരു ഹാൻഡിലിൽ പിടിച്ച് വരിയായി 6 പേർക്ക് ഇരിക്കാവുന്ന ഒരു എയർ ബോട്ട് (Water Sled) മുന്നിലെ സ്പീഡ്ബോട്ടിൽ കെട്ടി വലിക്കും. നീന്തുമ്പോൾ സേഫ്റ്റി ജാക്കറ്റ് പലരും അഴിച്ചു മാറ്റിയിരുന്നെങ്കിലും ബനാനാ റേഡിന് ജാക്കറ്റ് നിർബന്ധമാണ് . സ്പീഡ് ബോട്ടിൽ കെട്ടി അതിവേഗം ബനാനാ ബോട്ട് ഓടിക്കും. അവർ ബോട്ടിന്റെ സ്പീഡ് വർദ്ധിപ്പിക്കും, ഇടത്തോട്ടും വലത്തോട്ടും പൊടുന്നനെ തിരിക്കും.

എപ്പോഴാണോ എയർ ബോട്ടിനു പുറത്ത് അള്ളിപ്പിടിച്ചിരിക്കുന്ന നമ്മൾ തെറിച്ച് വെള്ളത്തിലേക്ക് വീഴുന്നത് അപ്പോൾ റെയ്ഡ് തീരും. വെള്ളത്തിലേക്ക് വീഴുന്ന ആ നേരം നമ്മുടെ ശരീരത്തിന്റെ മുക്കുമൂലകളിലേക്ക് മുസണ്ടം കടലിലെ തെളിഞ്ഞ വെള്ളം ആഞ്ഞടിക്കും. അതുവരെ തണുത്തിരുന്ന വെള്ളം അല്പം ചൂടുള്ള പോലെ തോന്നും. പിന്നെ വലിയബോട്ടിന്റെ അടുത്തേക്കോ അല്ലെങ്കിൽ ബീച്ചിലേക്കോ നീന്തിച്ചെല്ലണം. ചിലരെല്ലാം ബീച്ചിലേക്ക് നീന്തി, അവിടെ പെണ്ണുങ്ങളുടെ ഇന്നർ വെയറിന്റെ പരസ്യം കണക്കെ മദാമ്മമാർ വെയില് കൊള്ളുന്നുണ്ടായിരുന്നു.

ഉച്ചയായില്ലെങ്കിലും ആയാലും നമ്മൾക്ക് ഭക്ഷണം ആവശ്യമായി തോന്നുന്ന ഒരു സമയമാണത്. ഞങ്ങൾ ഭക്ഷണത്തിനായി മെയിൻ ബോട്ടിലേക്ക് നീന്തിക്കേറി. ഗൈഡ് ബഫറ്റിനായി പാത്രങ്ങൾ സജ്ജീകരിച്ചു. കടലിന്റെ അത്ഭുതങ്ങൾ കണ്ട അതേ ആവേശത്തിലും ആകാംക്ഷയിലും മലയാളിയെന്നോ ഉത്തരേന്ത്യക്കാരനെന്നോ ഭേദമില്ലാതെ എല്ലാവരും ഭക്ഷണത്തിനായി വരിയിൽ ഉന്തി തള്ളി നിന്നു.

അടിപൊളി ചിക്കൻ മന്തിയും അതിലേക്കുള്ള സാലഡുകളും ഉപ്പും മുളകും എല്ലാം ഉണ്ട്. ബോട്ടിലെ ഭക്ഷണവും വെള്ളവും മറ്റു പാനീയങ്ങളും ബിസ്കറ്റുകളും നമുക്ക് ആവശ്യാനുസരണം എടുത്ത് കഴിക്കാമായിരുന്നു. ഭക്ഷണം കഴിച്ച് വീണ്ടും ഓരോ സംഘങ്ങളായി സ്പീഡ് ബോട്ടിൽ മുസണ്ടം പെനിൻസുലയിലെ പാറക്കെട്ടുകൾ കാണാനായി പുറപ്പെട്ടു.

ഉച്ചവെയിൽ ഉച്ചിയിൽ നിന്നൊഴിഞ്ഞിട്ടില്ലെങ്കിലും പാറക്കെട്ടുകൾക്കിടയിലൂടെ നീണ്ടു കിടക്കുന്ന ഉൾക്കടലിന്റെ ഇരുട്ടിലേക്ക് കയറിയപ്പോൾ സൂര്യൻ പെട്ടെന്ന് അസ്തമിച്ചപോലെ തോന്നി. അല്പം ഭയം തോന്നുന്ന കടലിന്റെ മുഖം !! ആരെങ്കിലും സ്വകാര്യം പറഞ്ഞാൽ പോലും വലിയ ഉച്ചത്തിൽ കേൾക്കുന്ന അന്തരീക്ഷം. ബോട്ടിന്റെ എഞ്ചിൻ ശബ്ദം പതിന്മടങ്ങായ പോലെ, എന്റെ പഴയ സ്വപ്നം മനസ്സിൽ വന്നെങ്കിലും ഉള്ളിൽ ഹൃദയമിടിപ്പ് ചെറുതായൊന്ന് കൂടിയത് മറ്റുള്ളവർ അറിയാതിരിക്കാൻ ഞാൻ അല്പനേരം മിസ്റ്റർ പോഞ്ഞിക്കരപോലെ മസില് പിടിച്ച് നിന്നു. 15 മിനുട്ടോളം ആ തുരുത്തിലൂടെ ബോട്ട് കറങ്ങി ശേഷം യാത്രാ ബോട്ടിലേക്ക് തന്നെ തിരിച്ചെത്തി.

മുസണ്ടം ദ്വീപിനോട് യാത്രപറയാനായി ഒരുങ്ങി. ബോട്ടിലെ മജ്ലിസ് പോലെയുള്ള ഇരിപ്പിടത്തിൽ ഇരുന്നു‌. ദ്വീപിൽ നിന്നും മടക്കയാത്ര തുടങ്ങി അരമണിക്കൂറോളം കടലിൽ സഞ്ചരിച്ചപ്പോൾ ബോട്ട് നിർത്തി. ചുറ്റും നീലക്കടൽ മാത്രം. ഗൈഡ് വന്നു ഫിഷിംഗിന് താല്പര്യമുള്ളവർക്ക് ചൂണ്ടൽ വിതരണം ചെയ്തു ഞാനും റഫീഖും ആഷികും റാഫിയുമെല്ലാം ഓരോ ചൂണ്ടൽ കൈവശപ്പെടുത്തി. ബോട്ടിലെ ജീവനക്കാരൻ ചെറുതായി നുറുക്കിയ മത്തിയുടെ (ചാള മീൻ) കഷ്ണങ്ങൾ ചൂണ്ടയിൽ കോർക്കാനായി നൽകി.

ഫിഷിംഗിനു നൽകിയ 20 മിനുട്ടിൽ എന്റെ ചൂണ്ടയിലെ ധാരാളം മത്തിക്കഷ്ണങ്ങൾ ആ കടലിലെ മത്സ്യങ്ങൾക്ക് ഞാൻ ഭക്ഷണമായി നൽകി. (ഒറ്റ മീൻ പോലും കിട്ടിയെല്ലെന്ന് സാരം). ചൂണ്ടയിട്ട് എല്ലാവരും അടൂരിന്റെ സിനിമ കണ്ടത് പോലെയിരിക്കുന്ന സമയം പന്തു കളിക്കാരനായ ആഷിക് ഗോളടിച്ച ആവേശത്തിൽ അലമുറയിട്ടു “കിട്ടീ കിട്ടീ.” ഞങ്ങൾ ആഷികിന്റെ അടുത്തെത്തിയപ്പോഴെക്കും ഉത്തരേന്ത്യക്കാരായ പെണ്ണുങ്ങളും മറ്റും ആഷികിനെ പൊതിഞ്ഞിരുന്നു.

‘സെൽഫി കുൽഫി’ ആകെ ചറപറാ ഫോട്ടോ‌’. അതുവരെ മസിലു പിടിച്ചിരുന്ന അവരെല്ലാം തമ്മിൽ മിണ്ടാൻ ആഷിക്കൊരു ആവോലിയെ പിടിക്കേണ്ടി വന്നു. തുടർന്നും അവന് ഒന്ന് രണ്ട് വലിയ മീനുകളെ കിട്ടി. അതോടെ ‘ചൂണ്ടയിൽ കൊത്താതിരുന്ന’ ഉത്തരേന്ത്യൻ പെൺകുട്ടികളും ആഷിക്കിന്റെ ചൂണ്ടയിൽ കൊത്തി!!

ഫിഷിംഗ് സമയം തീർന്നു, അസ്തമയത്തിനു മുമ്പേ കസബ് ഹാർബറിലേക്ക് തിരിച്ചു‌. ദ്വീപിനും ഹാർബറിനുമിടക്ക് പഴയ ഒമാനി ഗ്രാമം പോലെയുള്ള കൊച്ചു വീടുകൾ ചെറുദ്വീപുകളിൽ ഗൈഡ് ഞങ്ങൾക്ക് കാണിച്ചു തന്നു. കൂടുതൽ ദിവസങ്ങൾ അവിടെ തങ്ങിയാൽ ഖസബിന്റെ കരയിലെ അത്ഭുതങ്ങളും കാണാമത്രേ.. വീണ്ടുമൊരിക്കൽ ഖസബിൽ വരണമെന്ന മോഹം മനസ്സിൽ കുറിച്ചു.

തുള്ളിച്ചാടുന്ന ഡോൾഫിനുകൾ ഞങ്ങളോട് കൈകാണിക്കുന്നപോലെ തോന്നി, നേരം ഇരുട്ടിയപ്പോഴേക്കും അറബിപ്പായ്ക്കപ്പലുകളുടെ സമ്മേളനം നടക്കുന്ന ഹാർബറിലെത്തി. മനോഹരമായ കസബ് മുസണ്ടത്തോട് ആ നീലക്കടലിനോട് ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് പ്രണയം തോന്നി..

“ചെഹ്രാ ഹേയാ ചാന്ത്കിലാഹെ, സുൽഫ് ഗനേരീ ഷാം ഹെ ക്യാ.. സാഗർ ജേസീ ആങ്കോം വാലീ, യേതൊ ബതാ തേരാ നാം ഹെ ക്യാ..” ‘നിന്റെ കണ്ണുകൾ ആഴക്കടൽ പോലെയെന്ന് പ്രണയിനിയോട് ജാവേദ് അക്തറിന്റെ വരികളിൽ കിഷോർ കുമാർ ജി പാടിയത് മനസ്സിലൂടെയോടി…’ പ്രണയത്തെ പാടുമ്പോൾ അവളുടെ കണ്ണുകളെ കടലുകൊണ്ടാണ് വർണ്ണിക്കുന്നതെങ്കിൽ അതിനേക്കാൾ ഭംഗിയാണ് കടലിനെന്നല്ലേ ?

അവർണ്ണനീയം തന്നെയാണ് കടലേ നിന്റെ ഭംഗി.. നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ തിളങ്ങുന്ന മുത്തും പവിഴവുമുണ്ടല്ലോ, തൂവെള്ള പവിഴപ്പുറ്റുകളുണ്ടല്ലോ അതാണല്ലോ നിന്റെ മുഖത്തിനിത്ര ഭംഗി ! ഈ ഭംഗിയുള്ള ഭൂമിയെ, ആകാശത്തെ, കടലിനെ, കാറ്റിനെ യെല്ലാം സംവിധാനിച്ച ദൈവത്തെയോർത്ത് ഞങ്ങൾ ദുബായിലേക്ക് മടങ്ങി… ശുഭം.