പുറമേ നിന്നുള്ളവർക്ക് പ്രവേശനം നിഷിദ്ധമായ ഇടമലക്കുടി

കേരളത്തിലെ ആദ്യത്തെ ഗോത്ര വര്‍ഗ്ഗ പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. മൂന്നാറിൽ നിന്നും 36 കിലോമീറ്റർ വടക്ക് മാറി, കൊടും വനത്തിൽ ആണ് ഈ ഗിരിവർഗ മേഖല. മുൻപ് ഈ പ്രദേശം മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ 13-ആം വാർഡ്‌ ആയിരുന്നു.

മുതുവാന്‍ സമുദായക്കാരാണ് ഇവിടത്തെ ജനങ്ങള്‍. വനത്തിൽ ചിതറിയുള്ള 38 കോളനികളിലായി ഇവർ താമസിക്കുന്നു. ആകെ 13 വാർഡുകൾ. ഇവരുടെ ജീവിതം മെച്ചപെടുത്തുന്നതിനു വേണ്ടിയാണ് പഞ്ചായത്ത് രൂപികരിച്ചത് എന്ന് പറയാന്‍ കാരണമുണ്ട്. ഏലവും കാട്ടിനുള്ളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളുമാണ് ജനങ്ങളുടെ പ്രധാന വരുമാനമാർഗം. പൊതുവെ തണുത്ത കാലാവസ്ഥയാണ്. മഴ തുടങ്ങിയാൽ ജീവിതം ദുസ്സഹമാണ്. വന്യമൃഗങ്ങൾക്കു പുറമെ അട്ടകളെയും ഭയക്കണം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാതൃകയാവുകയാണ് ഇടമലക്കുടി. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതുവരെ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കൃത്യമായ ക്വാറന്‍റീനിലൂടെയാണ് ഇവർ കൊവിഡിനെ അകറ്റി നിർത്തുന്നത്.

മൂന്നാറിനെ ആശ്രയിച്ചാണ് ഇവിടെയുള്ളവരുടെ ജീവിതം. റേഷൻ ഒഴികെയുള്ള സാധനങ്ങളെല്ലാം ആഴ്ചയിലൊരിക്കൽ നാട്ടുകാർ ജീപ്പ് വിളിച്ച് പോയി മൂന്നാറിൽ നിന്ന് വാങ്ങി വരും. കൊവി‍ഡ് കാലത്ത് ഈ പതിവ് വേണ്ടെന്ന് നാട്ടുകൂട്ടം ചേർന്ന് തീരുമാനിച്ചു. പകരം ഒരാൾ പോയി ആവശ്യ സാധനങ്ങൾ വാങ്ങും. സാധനങ്ങൾ വാങ്ങിവരുന്നയാൾ രണ്ടാഴ്ചത്തെ നിരീക്ഷണത്തിൽ പോകും.

സംസ്ഥാനത്ത് ഒന്നാകെ സ്കൂളുകളിൽ അധ്യയന വർഷം സാധാരണ നിലയിൽ പുനരാരംഭിക്കാൻ കഴിയാതെയിരുന്നിട്ടും തുറന്ന് പ്രവർത്തിക്കുന്ന ഏക വിദ്യാലയമെന്ന ഖ്യാതിയോടെ വാർത്തകളിൽ ഇടം നേടുകയാണ് ഇടലമലക്കുടി ഗവ.ട്രൈബൽ എൽ പി സ്കൂൾ. തുടർ വിദ്യാഭ്യാസത്തിനായി ഇവിടുത്തെ കുട്ടികൾ മൂന്നാർ, മറയൂർ മേഖലകളിലെ സർക്കാർ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്. വാർത്തകളിൽ എല്ലാ രീതിയിലും ഇടം നേടിയ ഈ സ്കൂളിന്റെ മുഖഛായ തന്നെ മാറ്റി കൂടുതൽ ശിശുസൗഹ്യദം ആക്കിയത് അധ്യാപകനും ചിത്രകാരനുമായ ബാലകൃഷ്ണൻ കതിരൂറാണ്.

ആനമുടിക്ക് സമീപമുള്ള രാജമല (വരയാടുകളുടെ സാമ്രാജ്യം), പുല്ലുമേട് എന്നീ സ്ഥലങ്ങളിലൂടെ 15 കിലോമീറ്റർ ജീപ്പിൽ യാത്ര ചെയ്തു പെട്ടിമുടിയിൽ വരെ വാഹനങ്ങളിൽ എത്താം. പിന്നീട് കാട് വെട്ടിത്തെളിച്ചുള്ള നല്ല അസ്സൽ ഓഫ് റോഡ് ആണ്. ജീപ്പ് പോലുള്ള ഫോർവീൽ വാഹനങ്ങൾ മാത്രമേ ഇതുവഴി പോകുകയുള്ളൂ. ഇത്രയേറെ ഒറ്റപെട്ടു കഴിയുന്ന ഗ്രാമപഞ്ചായത്തും കേരളത്തില്‍ ഉണ്ടാവില്ല. പകല്‍ മാത്രമേ ഈ വനത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയൂ.

26 കുടികളിലായി എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയിൽ ഉള്ളത്. ഈ കുടുംബങ്ങളിലുള്ളവർക്കല്ലാതെ ആർക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. പുറത്തുള്ളവർ വരുന്നുണ്ടോ എന്ന് അറിയാൻ പഞ്ചായത്തും ഊരുമൂപ്പൻമാരും ചേർന്ന് വഴികളിൽ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പിന്‍റെ അനുമതിയില്ലാതെ ആർക്കും ഇടമലക്കുടിയിലേക്ക് പോകാനാവില്ല.