ബസ് തട്ടി പോസ്റ്റ് വീണു; അപകടത്തിനു സാക്ഷിയായ ബൈക്ക് യാത്രക്കാരൻ്റെ കുറിപ്പ് വൈറൽ…

കഴിഞ്ഞ ദിവസം എടപ്പാളിൽ വാഹനഗതാഗതം ചെറിയ വഴിയിലൂടെ തിരിച്ചു വിട്ടപ്പോൾ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന RPE 131 എന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റിൽ തട്ടുകയും, പോസ്റ്റ് തകർന്നു വീഴുകയുമുണ്ടായി. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കെ ഷെയർ ചെയ്യപ്പെടുകയും ചെയ്തതാണ്.

പ്രസ്തുത വീഡിയോ ദൃശ്യങ്ങളിൽ ബസ് തട്ടി പോസ്റ്റ് തകർന്നു വീഴുന്ന സമയത്ത് തൊട്ടു പിന്നിലുണ്ടായിരുന്നു ബൈക്ക് യാത്രികർ ബൈക്കും ഉപേക്ഷിച്ചു ഓടുന്ന കാഴ്ചയും കാണാം. ആ ബൈക്ക് യാത്രികരിൽ ഒരാളായ മൂവാറ്റുപുഴ സ്വദേശി സുരേഷ് രവി തൻ്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ഇവിടെ.

സുരേഷിന്റെ വാക്കുകളിലൂടെ – “ആദ്യമേ തന്നെ പറയട്ടെ…ഇത് Ksrtc യെ കുറ്റം പറഞ്ഞു കൊണ്ടോ ആ ഡ്രൈവറെ കൊല്ലാൻ വേണ്ടിയുമുള്ള പോസ്റ്റ് അല്ല. കഴിഞ്ഞ ദിവസം എടപ്പാളിൽ ഉണ്ടായ ഒരു അപകടമാണിത്. റോഡിൽ പണി നടക്കുന്നത് കാരണം (മേൽപ്പാലത്തിന്റെ ആണെന്ന് തോന്നുന്നു) കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വണ്ടികൾ വഴി തിരിച്ചാണ് വിട്ടിരുന്നത്.

വഴി എന്നു പറഞ്ഞാൽ കഷ്ടി ഒരു വണ്ടിക്ക് പോകുവാൻ മാത്രം വീതിയുള്ള ഒരു ഇടവഴി. എതിരെ വന്ന സ്‌കൂൾ ബസിനു സൈഡ് കൊടുത്തപ്പോൾ ബാക്ക് വന്ന് പോസ്റ്റിൽ തട്ടി യാദൃശ്ചികമായി ഉണ്ടായ ഒരു അപകടമായിരുന്നു ഇത്. പക്ഷെ ഞാനും എന്റെകൂടെ ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് സാക്രിയും മരണം മുന്നിൽ കണ്ട നിമിഷവും. ബസ് ഒന്നുകൂടി മുൻപോട്ട് എടുത്തിരുന്നേൽ എല്ലാം കൂടി പൊട്ടി വീണ് ഞങ്ങളുടെ മേൽ വീണിരുന്നേനെ. പിന്നെ 2 മൺ കുടത്തിലെ ഭസ്മമായി ഏതെങ്കിലും പുഴയിലൂടെ ഒഴുകേണ്ടിയിരുന്ന ഞങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്നത് ഡ്രൈവറുടെ സമയോചിതമായ പ്രവർത്തിയും, ബൈക്ക് അവിടെ ഇട്ടിട്ട് കണ്ടം വഴി ഓടാൻ ഉള്ള ഉൾപ്രേരണയും മൂലമാണ്.

അപ്പൊ പറഞ്ഞു വരുന്നത് എന്താണെന്ന് വയ്ച്ചാൽ, പലപ്പോഴും യാത്രയ്ക്കിടെ കാണുന്ന ഒരേർപ്പാടാണ് പലരും വലിയ വണ്ടികളുടെ പിന്നിൽ മുട്ടി മുട്ടിയില്ല എന്ന രീതിയിൽ ഓവർടേക്ക് ചെയ്യുവാൻ കഷ്ടപ്പെടുന്നത്. മുന്നിൽ എന്താണ് നടക്കുന്നത് എന്നുപോലും ആ സമയത്ത് അവർക്ക് കാണുവാൻ കഴിയില്ല. അതും പോരാഞ്ഞിട്ട് പഴയകാല സിനിമകളിൽ വെടിയുണ്ടയ്ക്ക് മാറികൊടുക്കുന്ന പോലുള്ള ഒരെത്തി നോട്ടവും പിൻ വാങ്ങലും.

ആ സമയം നിങ്ങൾ എടുക്കുന്ന സ്‌ട്രെസ് എത്രമാത്രം ആണെന്ന് നിങ്ങൾക്ക് വല്ല ബോധ്യവും ഉണ്ടോ? മുന്നിലുള്ള വണ്ടി ഒരു സഡൻ ബ്രേക്ക് ഇട്ടാൽ അവിടെ തീരും എല്ലാം. എങ്ങനെ ഒരു ഹെവി വെഹിക്കിളിനെ കൂളായി ഓവർടേക്ക് ചെയ്യാമെന്ന് എല്ലാവർക്കും അറിയാം എന്നിരുന്നാലും മൂട്ടിൽ കൊണ്ട് നിർത്തി പണി മേടിച്ചു കെട്ടുന്ന ശീലം ഇനിയെങ്കിലും നിർത്തിക്കൂടെ നമുക്ക്??”