തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ താമസം

വിവിധ ആവശ്യങ്ങൾക്കായി ധാരാളം സ്ത്രീകളാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഇവരിൽ പലരും സുരക്ഷയെക്കുറിച്ചുള്ള ഉത്ക്കണ്ഠ മൂലം ഒറ്റയ്ക്ക് റൂമുകൾ എടുത്ത് താമസിക്കുവാൻ ബുദ്ധിമുട്ടുന്ന അവസ്ഥയായിരുന്നു ഇതുവരെയുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അതിനൊരു പൈഹാരവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരള സർക്കാർ. നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത ഇടങ്ങളൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലുള്ള ‘എന്റെ കൂട്’ തിരുവനന്തപുരം തമ്പാന്നൂരിലെ കെഎസ് ആര്‍ടിസി ബസ് ടെര്‍മിനലിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതി.

50 പേര്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കാനാകും. പൂര്‍ണ്ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക. സൗജന്യ ഭക്ഷണവും ടിവിയും മുഴുവന്‍ സമയ സെക്യൂരിറ്റിയും ഉള്‍പ്പെടെ താമസം പൂര്‍ണമായും സൗജന്യമാണ്. ഇതോടൊപ്പം അടുക്കളയും ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം, പോലീസ് വകുപ്പ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടു കൂടി ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസുമാര്‍, ഒരു സ്‌കാവഞ്ചര്‍ എന്നിങ്ങനെ ആറുപേരാണ് മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നത്. എന്റെ കൂട് പദ്ധതി മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് സാമൂഹ്യനീതി വകുപ്പിന്റെ തീരുമാനം

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പലവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മൂന്നു ദിവസം വരെ തുടർച്ചയായി താമസിക്കുവാൻ ഈ ഡോർമിറ്ററി സംവിധാനം വഴി സൗകര്യമൊരുക്കിയിരിക്കുകയാണ്.

ഏതു പ്രായത്തിൽപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും (ആൺകുട്ടികളാണെങ്കിൽ 12 വയസ്സുവരെ) വൈകീട്ട് അഞ്ചു മണിമുതൽ രാവിലെ ഏഴു മണിവരെ സുരക്ഷിതമായി വിശ്രമിക്കുവാൻ ഇവിടെ സാധിക്കും. തമ്പാനൂർ ബസ് ടെർമിനലിന്റെ എട്ടാം നിലയിലാണ് ഈ ഡോർമിറ്ററി പ്രവർത്തിക്കുന്നത്.

വിവിധ ദേശങ്ങളിൽ നിന്നും പല ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകളും കുട്ടികളും ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും ഒക്കെയാണ് രാത്രികളിൽ അഭയം തേടുന്നത്. ഇവർ പലപ്പോഴും പലതരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയാകുകയും ചെയ്യാറുണ്ട്. ഇത്തരം സംഭവങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ‘എന്റെ കൂട്’ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

അപ്പോൾ ഇനി രാത്രിയിൽ തിരുവനന്തപുരത്തു അവിചാരിതമായി തനിച്ചു വന്നെത്തിപ്പെടുന്ന സ്ത്രീകൾ കഷ്ടപ്പെടുകയോ ബസ് കാത്തു നിൽക്കുകയോ വേണ്ട. നേരെ തമ്പാനൂർ ബസ് ടെർമിനലിലെ എട്ടാമത്തെ നിലയിലേക്ക് ചെല്ലാം.അവിടെ നിങ്ങൾക്ക് കുളിച്ചു ഫ്രഷായി ഉറങ്ങിയിട്ട് രാവിലെ എഴുന്നേറ്റ് പോകേണ്ട സ്ഥലങ്ങളിലേക്ക് സുരക്ഷിതമായി പോകാം.

വിവരങ്ങൾക്ക് കടപ്പാട് – മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജ്, മാതൃഭൂമി, ചിത്രം  – Trivandrum Indian