സതീശണ്ണൻ്റെ ‘എരിയൻ ബോഞ്ചി വെള്ളം’ കുടിക്കാൻ പോയാലോ?

വിവരണം – വിഷ്‌ണു എ.എസ്.നായർ.

ബോഞ്ചി വെള്ളം !! അതായത് തിരുവനന്തപുരത്തുകാരുടെ സ്വന്തം നാരങ്ങാ വെള്ളം. ഇപ്പോഴത്തെ കൊടും ചൂടിന്റെ ആധിക്യത്തിൽ നിന്നും ഒരു താത്കാലിക ആശ്വാസമെന്ന നിലയിൽ ബോഞ്ചി വെള്ളവും – മോരും ഇവയെ വെല്ലാൻ തൽക്കാലം മറ്റൊന്നുമില്ല. അതേ ബോഞ്ചിയിൽ ചില്ലറ കിടുപിടികൾ ചേർത്തൊരു ചിമിട്ടൻ സംഭവമായി കിട്ടിയാലോ! കിടുക്കാച്ചിയല്ലേ? അങ്ങനെയുള്ളൊരു കിണ്ണം കാച്ചിയ ബോഞ്ചി വെള്ളത്തിന്റെ രുചിക്കൂട്ടിലേക്കാണ് സതീശണ്ണൻ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്..

വെള്ളയമ്പലത്ത് നിന്നും വരുമ്പോൾ തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്നലിൽ നിന്നും ഇടത്തോട്ടുള്ള നന്ദാവനം പോകുന്ന വഴി. സാധാരണയായി പാളയം പോകുന്നവർ മൂന്ന്‌ ട്രാഫിക്ക് സിഗ്നൽ ഒഴിവാക്കാനായി തിരഞ്ഞെടുക്കുന്ന വഴിയാണിത്. ആ വഴി കയറി ഒരു 150 മീറ്റർ മുന്നോട്ട് പോയാൽ ആദ്യ ഇടത്തോട്ടുള്ള വഴിയോട് ചേർന്നൊരു മിൽമ ബൂത്ത് കാണാം(ഒബ്സർവേറ്ററി റോഡ്). അതാണ് സതീശണ്ണന്റെ കട !!!

കടയുടെ മുന്നിൽ തന്നെ ഗ്രഹാതുരത്വമുണർത്തുന്ന തേങ്ങാ മുട്ടായി, ഗ്യാസ് മുട്ടായി, മാലഡു, മിച്ചർ മുട്ടായി, കപ്പലണ്ടി മുട്ടായി, മൈസൂർ പാക്ക് തുടങ്ങിയ നിരത്തി വച്ചിരിക്കുന്നതിനാൽ മിൽമ ബൂത്ത് എന്നതിലുപരി വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന മുറുക്കാൻ കടകളിലൊന്നാണ് ഇതെന്ന് പറയാം. സ്വതേ മുറുക്കാൻ കടകളിലെ ഹൈലൈറ്റ് സിഗരറ്റും, മുറുക്കാനും കൂടെ നാട്ടിലെ എല്ലാ പരദൂഷണങ്ങളുടെ അകമ്പടിയോടെ കിട്ടുന്ന നല്ല രസ്യൻ ബോഞ്ചി വെള്ളവുമാണ്. സതീശണ്ണന്റെ കടയിലെ പ്രത്യേകതയും ബോഞ്ചി വെള്ളം തന്നെ.

കടയിലെത്തി, ശകടം ശകലം ഒതുക്കി വച്ചിട്ട് ഒരു സാദാ ബോഞ്ചി വെള്ളവും ഒരു സോഡാ ബോഞ്ചിയും പറഞ്ഞു. കേട്ടപാടെ സ്റ്റീൽ ട്രേയിൽ കഴുകിയ കണ്ണാടി ഗ്ലാസ്സ് വരുന്നു , അതിൽ നാരങ്ങാ പിഴിഞ്ഞൊഴിക്കുന്നു , തണുത്ത വെള്ളം പകുതി ഒഴിക്കുന്നു.. അവിടൊരു സ്റ്റോപ്പ്.. ഇതു വരെ എല്ലാ കടകളിലെയും പോലെ തന്നെ, ഇനിയാണ് ബോഞ്ചി വെള്ളത്തിന്റെ രുചി നിശ്ചയിക്കുന്ന പ്രസക്ത ഭാഗങ്ങൾ…

പിഴിഞ്ഞൊഴിച്ച നാരങ്ങയും പഞ്ചസാരയും കുറച്ചു വെള്ളത്തിന്റെയും കൂടെ മാറ്റി വച്ചിരിക്കുന്ന ഒരു ‘ഡപ്പയിൽ’ നിന്നും അരച്ചു വച്ചിരിക്കുന്ന ഒരു കൂട്ടം ചേർക്കും. ശേഷം നേരത്തെ സ്റ്റോപ്പ് ചെയ്ത ഭാഗം തുടരും, ബാക്കി വെള്ളവും കൂടിയൊഴിച്ചു കരണ്ടികൊണ്ട്‌ ആറേഴു കറക്കൊക്കെ കറക്കി സുസ്മേരവദനനായി നമ്മുടെ മുന്നിലേക്ക് നീട്ടും.

അരച്ച പച്ചമുളകിന്റെ മേമ്പൊടി കാണാൻ സാധിക്കുന്ന നാരങ്ങാ വെള്ളം ചുണ്ടോടാടിപ്പിക്കുമ്പോൾ തന്നെ ആ എരിവ് ചുണ്ടിന് മനസ്സിലാകും. പണി കിട്ടുമോ എന്നൊരു ഉത്കണ്ഠ ഉണ്ടായിരുന്നെങ്കിലും, മെല്ലെ മെല്ലെ സംഭവം കുടിച്ചു. കിടുക്കാച്ചി ഐറ്റം.സംഭവം വെറും നാരങ്ങാ വെള്ളമാണെങ്കിലും അതിലെ ആ രഹസ്യക്കൂട്ട് നൽകുന്ന രുചി അഡാർ ഐറ്റം തന്നെ. കുടിച്ചു തുടങ്ങിയപ്പോൾ എരിവ് കാരണം വേറെ വല്ല വെള്ളവും കുടിക്കേണ്ടി വരുമോയെന്നു ശങ്കിച്ചെങ്കിലും കുടിച്ചു കഴിഞ്ഞ് അന്തരീക്ഷത്തിലെ വായുവിന് കൂട്ടായി ഘനത്തിലൊരു ഏമ്പക്കം വിട്ടു കഴിയുമ്പോൾ മറ്റൊന്നിന്റെയും ആവശ്യമില്ലെന്ന വസ്തുത മനസ്സിലാക്കും.

‘മട മടാന്ന്’ കുടിക്കുമ്പോൾ നാവിനെയും അണ്ണാക്കിനെയും പുളകം കൊള്ളിച്ചുകൊണ്ട് ഒഴുകിയിറങ്ങുന്ന നാരങ്ങാ വെള്ളം കിണ്ണം കാച്ചിയ ഐറ്റം തന്നെ. സ്‌പെഷ്യൽ എന്നു പറഞ്ഞാൽ എരിഞ്ഞു അണ്ഡകടാഹം വരെ കത്തിപ്പോകുന്ന തരത്തിലുള്ള എരിവൊന്നുമില്ല. എല്ലാം കണക്കിന്.. അതു തന്നെയാണ് ഈ ബോഞ്ചി വെള്ളത്തിന്റെ പ്രത്യേകതയും. വിലവിവരം – ബോഞ്ചി വെള്ളം :- ₹13/-, സോഡാ ബോഞ്ചി :- ₹17/-.

ഒരു ചെറുപുഞ്ചിരിയോടെ നിൽക്കുന്ന സതീഷേട്ടന്റെ മര്യാദ പറയാതെ വയ്യ.
സതീഷേട്ടനും ഭാര്യാപിതാവായ വിജയൻ മാമനും കൂടിയാണ് കട നടത്തുന്നത്. ആ രഹസ്യ മസാലക്കൂട്ടിന്റെ ഉപജ്ഞാതാവും നിർമ്മാതാവുമെല്ലാം വിജയൻ മാമനാണ്. കൂടാതെ വെളുപ്പിന് ചാല ചന്തയിൽ പോയി മുഴുത്ത നാരങ്ങകൾ നോക്കി തൂക്കി വാങ്ങുന്നതും മറ്റും വിജയൻ മാമൻ തന്നെ..

സതീശണ്ണൻ ആള് കമ്പനിയൊക്കെ ആണെങ്കിലും എത്ര ചോദിച്ചിട്ടും ട്രേഡ് സീക്രട്ടായതിനാൽ ആ മസാല കൂട്ടിന്റെ രഹസ്യം മാത്രം പറഞ്ഞു തന്നില്ല. (വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇത്രയും മനസ്സിലായി ബാക്കിയുള്ളവ ചോദ്യചിഹ്നമാണ്..).

ഉച്ചയ്ക്കും വൈകുന്നേരം സമയങ്ങളിലുമൊക്കെ അത്യാവശ്യം തിരക്കുള്ള കടയാണിത്.. അപ്പോൾ ഇനി കനകകുന്നും മ്യൂസിയവും പെറ്റി അടയ്ക്കാൻ പോലീസ് സ്റ്റേഷനിലും മറ്റും വരുമ്പോൾ സതീശണ്ണന്റെ ബോഞ്ചി വെള്ളം കുടിക്കാൻ മറക്കണ്ട…

ഒരു നാരങ്ങാ വെള്ളതിനെക്കുറിച്ച് ഇത്രയൊക്കെ പറയണോ എന്ന് ചോദിക്കും മുൻപ് അറിയുക ജീവിതത്തിൽ ചില അവസ്ഥകളുണ്ട്. പച്ച വെള്ളത്തിനും അമൃതിന്റെ രുചിയും ഗുണവും ലഭിക്കുന്ന അവസരങ്ങൾ.. പൊരിവെയിലത്ത് നഗരത്തിലെ പൊടിയും പുകയും കൊണ്ട് വശം കെട്ടിരിക്കുമ്പോൾ മാന്യമായ വിലയിൽ ഹഠാദാകർഷിക്കുന്ന പെരുമാറ്റത്തോടെ ഉപജീവനം നടത്തുന്ന ഇതുപോലുള്ള കടകളും സ്മരിക്കപ്പെടണം.. അത്രേയുള്ളൂ…

ലൊക്കേഷൻ :- Milma Booth, Willington Ave, Nandavanam, Palayam, Thiruvananthapuram, Kerala 695033, https://maps.app.goo.gl/3FZxdxXGak81RUQK8 .