KSRTC വോൾവോ ബസ് കേടായി, യാത്ര ക്യാൻസലാക്കാതെ യാത്രക്കാരുടെ കൈയ്യടി നേടി എറണാകുളം ഡിപ്പോ…

യാത്രക്കാരെ പ്രൈവറ്റ് ബസ്സുകാർ മർദ്ദിച്ച സംഭവത്തോടെ കെഎസ്ആർടിസിയ്ക്ക് ജനപിന്തുണ ഒന്നുകൂടി കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ പ്രൈവറ്റ് സർവ്വീസുകളോട് മത്സരിച്ചു സർവ്വീസ് നടത്തുകയാണ് ഇപ്പോൾ കെഎസ്ആർടിസി. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ മാക്സിമം നല്ല രീതിയിൽ സർവ്വീസ് നടത്തുന്നതിനായി കെഎസ്ആർടിസി ജീവനക്കാരും ഉദ്യോഗസ്ഥരും കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം എറണാകുളം ഡിപ്പോയിൽ നടന്ന സംഭവം.

എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് പോകേണ്ടിയിരുന്ന വോൾവോ ബസ് തകരാറു മൂലം പണിമുടക്കുകയും സർവ്വീസ് നടത്തുവാൻ സാധിക്കാത്ത അവസ്ഥ വരികയുമുണ്ടായി. വണ്ടിയിൽ ആണെങ്കിൽ ഫുൾ സീറ്റും റിസർവ്ഡും ആയിരുന്നു. സാധാരണ ഗതിയിൽ ഇത്തരം പ്രശ്നങ്ങൾ ബാധിക്കുന്ന ഘട്ടങ്ങളിൽ സർവ്വീസ് ക്യാൻസൽ ആക്കാറാണ് കെഎസ്ആർടിസി ചെയ്യാറുള്ളത്. എന്നാൽ ഇവിടെ കെഎസ്ആർടിസി ചെയ്തത് മറ്റൊന്നായിരുന്നു. യാത്രക്കാരുടെ കയ്യടി നേടിയ ഒരു ചലഞ്ച്. ആ സംഭവത്തെക്കുറിച്ച് ബസ്സിലെ ഒരു യാത്രക്കാരനായിരുന്ന യദു കൃഷ്ണൻ എന്ന യുവാവ് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് ഇടുകയുണ്ടായി. ആ പോസ്റ്റ് നമുക്കൊന്ന് വായിക്കാം.

“22-04-2019 എറണാകുളത്ത് നിന്നും പുറപ്പെടുന്ന ബാംഗ്ലൂർ വോൾവോ ബുക്ക് ചെയ്തിരുന്നു. എന്നാൽ ഗിയർ ബോക്സ് കമ്പ്ലൈന്റ് മൂലം ബസ് ഉണ്ടാവാൻ സാധ്യത ഇല്ലെന്ന് അറിയാൻ ഇടയായി. അന്നത്തെ വണ്ടികൾ എല്ലാം ഫുൾ ബുക്കിംഗ് ആയിരുന്നു. പോകാൻ ബുക് ചെയ്‌ത വണ്ടിയും ഫുൾ ആയിരുന്നു. എന്നാൽ ഞങ്ങളെല്ലാം വിചാരിച്ചതിലും മറിച്ചു സംഭവിച്ചു. ഞായറാഴ്ച പോയ വണ്ടി, അതായത് RS 789 എന്ന വോൾവോ ബസ് തിങ്കളാഴ്ച രാവിലെ തന്നെ എറണാകുളത്തേക്ക് തിരിച്ചു പുറപ്പെട്ടു.

എന്തു വന്നാലും ബസ് ക്യാൻസൽ ചെയ്യേണ്ട എന്ന തീരുമാനം ഡിപ്പോ അധികൃതർ എടുത്തിരുന്നു. അങ്ങനെ ആ വണ്ടി ബെംഗളൂരുവിൽ നിന്നും ഓടി ഏകദേശം വൈകിട്ട് 6 മണി ആയപ്പോഴേക്കും എറണാകുളം ബസ് സ്റ്റാൻഡിൽ എത്തിക്കാൻ സാധിച്ചു. അക്ഷീണം പരിശ്രമിച്ചാണ് കണ്ടക്ടറും ഡ്രൈവറും വണ്ടി നാട്ടിൽ എത്തിച്ചത്. ബസ് എത്തിയപാടെ ഇൻസ്പെക്ഷൻ ചെയ്യുവാനായി ഡിപ്പോയിൽ ആളെ ഏർപ്പാട് ചെയ്തിരുന്നു. ഇന്സ്പെക്ഷനു ശേഷം വണ്ടി വേഗത്തിൽ ഒന്നു വൃത്തിയാക്കി. ഏകദേശം രാത്രി 7.10 ഓടു കൂടി വണ്ടി സ്റ്റാൻഡിൽ നിന്നും എടുക്കുകയും ചെയ്തു.

സത്യം പറയട്ടെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. കാരണം കല്ലട വണ്ടിയുടെ പ്രശ്‌നങ്ങൾ നിലനിൽക്കെ വണ്ടി തിരിച്ചത്തിക്കാൻ പരിശ്രമിച്ച ഡ്രൈവർ ആയ ബൈജു ചേട്ടനും, പിന്നെ ഇന്നലെ വണ്ടി എടുത്ത ഡ്രൈവർ സുനിൽ ചേട്ടനും, കൂടെ ഉണ്ടായിരുന്ന കണ്ടക്ടർ ചേട്ടന്മാർക്കും (അവരെ പരിചയപ്പെടാൻ സാധിച്ചില്ല), പിന്നെ യാത്രക്കാരെ ബുദ്ധിമുട്ടികാതെ വണ്ടി ഏർപ്പാട് ചെയ്തു തന്ന എറണാകുളം ഡിപ്പോ അധികൃതർക്കും നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു. ഇതായിരിക്കണം ആനവണ്ടി.. ഇങ്ങനെയായിരിക്കണം നമ്മുടെ കെഎസ്ആർടിസി.ആനവണ്ടി ഇഷ്ടം..!!!”