കൊച്ചി മറൈൻ ഡ്രൈവിൽ നിന്നും അറബികടലിലേക്ക്‌ ഒരു കിടിലൻ ട്രിപ്പ് !!

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ ഞങ്ങൾ ഫാമിലിയുമായി എറണാകുളത്ത് ആയിരുന്നു. അന്നേ ദിവസം എൻ്റെ അച്ഛന്റെയും അമ്മയുടെയും മുപ്പത്തിരണ്ടാം വിവാഹവാർഷികം ആയിരുന്നു. അതുകൊണ്ട് വ്യത്യസ്തമായി ഒരു ബോട്ടിംഗ് ഒക്കെ ഞങ്ങൾ പ്ലാൻ ചെയ്തു.

അങ്ങനെ ഞങ്ങൾ ഡിസംബർ 25 നു എറണാകുളം മറൈൻ ഡ്രൈവിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ എത്തി. അവിടെ എത്തിയപ്പോഴേക്കും ബോട്ടിംഗിനായി ക്യാൻവാസ് ചെയ്യുവാൻ ധാരാളം ആളുകൾ ഞങ്ങളെ സമീപിച്ചു. ഒരാൾക്ക് മണിക്കൂറിനു 100 രൂപ മുതലുള്ള ബോട്ടിംഗ് പാക്കേജുകൾ കൊച്ചിയിൽ ലഭ്യമാണ്.

പ്രശസ്തമായ സാഗരറാണി, നെഫെര്ട്ടിട്ടി തുടങ്ങിയ ബോട്ട് സർവീസുകളുടെ വിവരങ്ങൾ ഞങ്ങൾക്ക് KSINC യുടെ ഓഫീസിനു സമീപം ഞങ്ങൾക്ക് സാധിച്ചു. ഓഫീസിനു മുൻവശത്തായുള്ള ജെട്ടിയിൽ സാഗരറാണിയുടെ രണ്ടു ബോട്ടുകളും കിടക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ അന്നത്തെ യാത്ര ‘നിയോ ക്ലാസിക് ക്രൂയിസ്’ എന്ന ബോട്ടിലായിരുന്നു. രണ്ടു മണിക്കൂർ നേരത്തെ ബോട്ടിംഗും ചെറിയൊരു ഫാമിലി മീറ്റുമായിരുന്നു ഞങ്ങളുടെ പരിപാടി. ബോട്ടിൽ യാത്ര ചെയ്യുവാനായി ഞങ്ങളുടെ കുറച്ചു ബന്ധുക്കളും കൂടി ഉണ്ടായിരുന്നു.ബോട്ടിന്റെ താഴത്തെ നിലയിൽ എസിയും മുകളിലെ നിലയിൽ നോൺ ഏസിയുമാണ്.

അങ്ങനെ ആളുകളെല്ലാം കയറിക്കഴിഞ്ഞപ്പോൾ ബോട്ട് ഞങ്ങളെയും വഹിച്ചുകൊണ്ട് യാത്രയാരംഭിച്ചു. യാത്രക്കാർക്കായി കൊച്ചിയുടെ വിശേഷങ്ങളും ബോട്ടിംഗിൽ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ലൈവ് വിവരണവും ബോട്ട് ജീവനക്കാർ മൈക്കിലൂടെ പറയുന്നുണ്ടായിരുന്നു.

ബോൾഗാട്ടി പാലസും അതിനടുത്തായി പുതിയ ഫൈവ് സ്റ്റാർ ഹോട്ടലായ ഗ്രാൻഡ് ഹയാത്ത് ഹോട്ടലും കണ്ടാസ്വദിച്ച് ഞങ്ങൾ മുന്നോട്ടു നീങ്ങി. പിന്നീട് ഞങ്ങൾക്ക് ദൃശ്യമായത് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്റെ ദൃശ്യമായിരുന്നു. ഞങ്ങൾ കാണുന്ന സമയത്ത് ഒരു കപ്പലിൽ നിന്നും കണ്ടെയ്‌നറുകൾ വലിയ ക്രെയിനുകൾ ഉപയോഗിച്ച് ലോറികളിലേക്ക് മാറ്റുകയായിരുന്നു. ഈ കാഴ്ചകളെല്ലാം എല്ലാവര്ക്കും നന്നായി ആസ്വദിക്കുന്നതിനായി ബോട്ട് വളരെ പതുക്കെയായിരുന്നു നീങ്ങിയിരുന്നത്.

കണ്ടെയ്‌നർ ടെർമിനൽ കാഴ്ചകൾ കണ്ടതിനു ശേഷം വില്ലിംഗ്ടൺ ഐലൻഡ്, ഫോർട്ട്കൊച്ചി, വൈപ്പിൻ എന്നീ സ്ഥലങ്ങളും അവയെ ബന്ധിപ്പിക്കുന്ന റോ-റോ ജങ്കാറും (കൊച്ചി – വൈപ്പിൻ) ഒക്കെ ദൃശ്യമായി. ഫോർട്ട്കൊച്ചിയിലെ പ്രധാന ആകർഷണമായ ചീനവലകൾ എന്നത്തേയുംപോലെ കാഴ്ചക്കാരെ ആകര്ഷിക്കുന്നുണ്ടായിരുന്നു. കൊച്ചിയുടെ എതിർവശത്തായി വൈപ്പിൻ ദ്വീപാണ്. അവിടത്തെ LNG ടെർമിനൽ അടുത്തായി കാണുവാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ ബോട്ട് അഴിമുഖവും കടന്നു പതിയെ പുറംകടലിലേക്ക് നീങ്ങി. കടലിനു തോട്ടുമീതെ ധാരാളം പക്ഷികൾ മീനുകളെ പിടിച്ചു രസിക്കുന്നുണ്ടായിരുന്നു. അതിലും വ്യത്യസ്തമായ ഒരു കാഴ്‌ചയായിരുന്നു ഡോൾഫിനുകൾ ചാടിമറിയുന്നത്. അവ പെട്ടെന്ന് ചാടി മറിയുന്നതിനാൽ ആ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ട് ചുമ്മാ ബോട്ടിനകത്തേക്ക് വീണ്ടും കയറിയപ്പോൾ അവിടെ ഞങ്ങളുടെ ഫാമിലി മീറ്റ് പൊടിപൊടിക്കുകയായിരുന്നു. ഞങ്ങളെയെല്ലാം ഞെട്ടിച്ച് അച്ഛനും അമ്മയും കൂടി ഡാൻസ് കളിക്കുന്നു..!! പിന്നെ ഞങ്ങളും മടിച്ചില്ല, തോന്നിയ സ്റ്റെപ്പ് ഒക്കെ ഇട്ട് ഞങ്ങളും തുള്ളാൻ തുടങ്ങി. കടലിൽ ഒന്നു ചുറ്റിയശേഷം ബോട്ട് തിരികെ മറൈൻ ഡ്രൈവിലേക്ക് യാത്രയായി.

എന്തായാലും നല്ല കിടിലൻ കാഴ്ചകളും അടിപൊളി ഫാമിലി മീറ്റും ഒക്കെയായിരുന്നു. ബോട്ടിംഗിന്‌ ശേഷം ബാക്കിയുള്ള ബന്ധുക്കളെല്ലാം സന്തോഷത്തോടെ യാത്ര പറഞ്ഞുകൊണ്ട് പോയി.

പിന്നീട് ഞങ്ങൾ കൊച്ചി മരടിൽ സ്ഥിതിചെയ്യുന്ന BTH സരോവരം ഹോട്ടലിലേക്ക് ഡിന്നർ കഴിക്കുവാനായി പോയി. ശ്വേതയുടെ ചേട്ടനെയും കുടുംബത്തെയും ഞങ്ങൾ അവിടേക്ക് ഡിന്നറിനായി ക്ഷണിച്ചിരുന്നു. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി സന്തോഷപൂർവ്വം അവിടത്തെ കിടിലൻ വെജിറ്റേറിയൻ ഡിന്നർ ആസ്വദിച്ചു കഴിച്ചു. അങ്ങനെ എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ക്രിസ്മസ് ദിനം കടന്നുപോയി.