ട്രെയിൻ ടോയ്‌ലറ്റും, യാത്രക്കാരുടെ ചില വൈകൃതങ്ങളും – ഒരു അനുഭവക്കുറിപ്പ്

ഇന്ത്യൻ റെയിൽവേയിലെ ട്രെയിനുകൾക്ക് വൃത്തിയില്ലെന്നാണല്ലോ പൊതുവെയുള്ള പറച്ചിൽ.. അത് വെറും പറച്ചിലല്ല, സത്യം തന്നെയാണ് എന്നത് മറ്റൊരു കാര്യം. എന്തിനും ഏതിനും റെയിൽവേയെ കുറ്റപ്പെടുത്തുമ്പോൾ നമ്മൾ ഓർക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. ട്രെയിനുകളുടെ വൃത്തിക്കുറവിനു ഒരുപരിധിവരെ കാരണക്കാർ അതിലെ ചില യാത്രക്കാർ തന്നെയാണ്. പുതിയ പരിഷ്‌ക്കാരങ്ങൾ വന്നതിനു ശേഷം എറണാകുളത്തു നിന്നുള്ള മെമു ട്രെയിനിൽ കയറിയ നയന നമ്പ്യാർ എന്ന ഒരു യുവതിയുടെ അനുഭവക്കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു.. ഒന്നു വായിക്കാം…

“എറണാകുളം സൗത്തിൽ നിന്ന് പുലർച്ചെ ഉള്ള പുതിയ മെമുവിൽ ഒന്ന് കേറിയതാ. കേറിയ പാടെ “ഹായ് ടോയ്‌ലറ്റ്” എന്ന് excited ആകുകയും ചെയ്തു. മെമുവിൽ പുതിയ പരിഷ്‌കാരങ്ങൾ വന്നതിന് ശേഷം ആദ്യമായാണ് കേറുന്നത്. ട്രെയിനിൽ അന്നൗൻസ് ചെയ്യുന്ന പെണ്ണ് ഇടക്കിടക്ക് “നിങ്ങൾ ക്യാമറ നിരീക്ഷണത്തിൽ ആണ്”, “ട്രെയിൻ വൃത്തിയായി വെക്കണം”, “സഹായം ആവശ്യമുണ്ടെങ്കിൽ ഡ്യൂട്ടിയിൽ ഉള്ള റെയിൽവേ ജീവനക്കാരുമായി ബന്ധപ്പെടുക” എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്.

ഏതായാലും കേറിയ സ്ഥിതിക്ക് ടോയ്‌ലെറ്റിൽ ഒന്ന് പോയേക്കാം എന്ന് കരുതി ലേഡീസിന്റെ ടോയ്‌ലെറ്റിൽ പോയി. അത് occupied ആയതിനാൽ അപ്പുറം ഉള്ളതിൽ ഒന്ന് കേറി. ഒന്നേ നോക്കിയുള്ളൂ.. എസ്ടിഡി ബൂത്ത്‌ പോലെ ഉള്ള സെറ്റപ്പിൽ ഭംഗിയായി സ്പേസ് മാനേജ് ചെയ്തു ഉണ്ടാക്കി വച്ചിട്ടുണ്ട് ടോയ്ലറ്റ്. ഒരു മഹാൻ അവന്റെ വീട്ടിൽ ചെയ്യുന്ന പോലെ ഉച്ചിഷ്ടവും അമേധ്യവും കൃത്യം ക്ളോസറ്റിന് വെളിയിൽ ഇട്ടിട്ട് പോയിരിക്കുന്നു. എല്ലാം ബംഗാളികളുടെയും അണ്ണാച്ചികളുടെയും തലയിൽ ചാർത്തുന്ന ടിപ്പിക്കൽ മല്ലൂസ് തന്നെ ആണ് ഇത് ചെയ്തിരിക്കുന്നത്.

എന്ത് സൗകര്യങ്ങൾ കൊടുത്തിട്ടെന്ത് കാര്യം? ആർക്ക് വേണ്ടിയാണ് ഇതൊക്കെ? ഇവനൊക്കെ മെമു യാത്രകളിൽ യൂറിനറി ഇൻഫെക്ഷനും മലബന്ധവും പിടിച്ചു ചാകുന്നതാണ് നല്ലത്. എനിക്ക് തോന്നുന്നു ഇത് മാനസിക വൈകൃതം പോലെ എന്തോ ഒരു പ്രതിഭാസം ആണെന്നാണ്. അല്ലെങ്കിൽ കയ്യകലത്തിൽ വെള്ളവും മഗ്ഗും ക്ളോസെറ്റും ഉണ്ടായിട്ടും ഇപ്പണി കാണിക്കില്ലല്ലോ. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ട്രെയിൻ കത്തിക്കുന്നവരുടെ കുഞ്ഞനുജന്മാർ ആയിട്ട് വരും ഇതൊക്കെ.

ബാത്‌റൂമിൽ ക്യാമറ വെക്കാൻ പറ്റില്ലല്ലോ. എന്നാലും അവസാനം കേറിയവനെ കണ്ട് പിടിക്കാൻ പറ്റും. ക്യാമറ നിരീക്ഷണം ഉണ്ടെന്നാണല്ലോ പറഞ്ഞത്. പബ്ലിക് ആയി ഫോട്ടോ പബ്ലിഷ് ചെയ്തു നാറ്റിക്കണം. ഫൈനും അടപ്പിക്കണം. ക്ളീനിങ് സ്റ്റാഫും മനുഷ്യന്മാർ ആണ്. തോട്ടിപ്പണി അടിമകൾ അല്ല. വിവരം ധരിപ്പിച്ചു കൊണ്ട് റെയിൽവേ മിനിസ്റ്റർക്ക് എഴുതാൻ ഉദ്ദേശിക്കുന്നു. നിർദേശങ്ങൾ ക്ഷണിക്കുന്നു.”