ഭീകരമായ മൗസ്മയ്‌ ഗുഹയും ചിറാപ്പുഞ്ചിയിലെ വെള്ളച്ചാട്ടങ്ങളും; മേഘാലയയിലെ അവസാന ദിവസം…

വെള്ളച്ചാട്ടങ്ങളുടെ നാടാണ് മേഘാലയ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന പ്രദേശമെന്ന ഖ്യാതിയുണ്ടായിരുന്ന ചിറാപ്പുഞ്ചിയിലാണ് ഞങ്ങളിപ്പോൾ. കഴിഞ്ഞ ദിവസം ഇവിടെയുള്ള ഡബിൾ ഡക്കർ ലിവിംഗ് റൂട്ട് ബ്രിഡ്‌ജ്‌ എന്ന പേരുള്ള വേരുപാലങ്ങൾ കാണുവാൻ ഞങ്ങൾ പോയിരുന്നു. ഇനി ഇന്നത്തെ ദിവസം ചിറാപ്പുഞ്ചിയിലെ പ്രശസ്തമായ മൗസ്മയ്‌ (Mawsmai) ഗുഹകൾ കാണുവാനായിരുന്നു ഞങ്ങളുടെ പ്ലാൻ.

അവിടേക്ക് പോകുന്ന വഴി അവിടത്തെ മറ്റൊരു പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ‘സെവൻ സിസ്റ്റേഴ്സ്’ വെള്ളച്ചാട്ടങ്ങൾ കാണുവാൻ ഞങ്ങൾ തീരുമാനിച്ചു. ഉയരത്തിൽ നിന്നുള്ള ഒരു കിടിലൻ വ്യൂ പോയിന്റിൽ നിന്നാൽ നമുക്ക് വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ കാണുവാൻ സാധിക്കും. കർണാടകയിലെ ജോഗ് ഫാൾസിനോട് ചെറിയൊരു സാമ്യമൊക്കെ ഈ വെള്ളച്ചാട്ടത്തിനു തോന്നും. വ്യൂപോയിന്റിൽ വാഹനങ്ങളൊക്കെ പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളൊക്കെയുണ്ടായിരുന്നു. പാർക്കിംഗ് ഫീസ് അല്ലാതെ വേറെ യാതൊരു വിധത്തിലുള്ള ചാർജ്ജുകളും അവിടെ ഈടാക്കുന്നില്ല. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ചതിനു ശേഷം ഞങ്ങൾ മൗസ്മയ്‌ ഗ്രാമത്തിലേക്ക് യാത്ര തുടർന്നു.

മൗസ്മയ്‌ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ ഗുഹയ്ക്ക് മൗസ്മയ്‌ കേവ്സ് എന്ന പേര് ലഭിച്ചത്. അങ്ങനെ ഞങ്ങൾ കേവ്‌സിനു സമീപത്തെത്തിച്ചേർന്നു. ഞങ്ങൾ കാറൊക്കെ പാർക്ക് ചെയ്തിട്ട് അടുത്തുകണ്ട ഒരു കടയിൽക്കയറി ജ്യൂസൊക്കെ കുടിച്ചു ക്ഷീണമകറ്റി. കേവ്‌സിലേക്കു പ്രവേശിക്കുവാനായി ടിക്കറ്റ് എടുക്കേണ്ടതായുണ്ട്. മുതിർന്നവർക്ക് – 20 രൂപ, കുട്ടികൾക്ക് 5 രൂപ, സ്റ്റിൽ ക്യാമറ – 20 രൂപ, വീഡിയോ ക്യാമറ – 50 രൂപ എന്നിങ്ങനെയായിരുന്നു ഫീസ് നിരക്കുകൾ. അങ്ങനെ ടിക്കറ്റ് കൗണ്ടറിൽ നിന്നും പ്രവേശന ടിക്കറ്റുകൾ എടുത്തുകൊണ്ട് നടത്തം തുടങ്ങി. കഴിഞ്ഞ ദിവസത്തെ ട്രെക്കിംഗ് കാരണം ഞങ്ങൾക്ക് നല്ല കാലുവേദന ഉണ്ടായിരുന്നു. അതൊന്നും വകവെയ്ക്കാതെ ഞങ്ങൾ നടത്തം തുടർന്നു.

അങ്ങനെ ഞങ്ങൾ ഗുഹാമുഖത്ത് എത്തിച്ചേർന്നു. പലരും ഗുഹയിലൂടെ കുറച്ചു ദൂരം ചെന്നിട്ട് പേടിച്ചു തിരിച്ചു വരുന്നുണ്ടായിരുന്നു. ഗുഹയ്ക്കകത്ത് ചിലയിടങ്ങളിൽ ഓക്സിജൻ ശ്വസിക്കുവാൻ ലഭിക്കുന്നില്ലെന്ന് ഇറങ്ങി വന്നവർ പറയുന്നുണ്ടായിരുന്നു. ഗുഹാമുഖം കാണുമ്പോൾത്തന്നെ സാധാരണ മനുഷ്യർക്ക് പേടിയാകും. ഞങ്ങൾ എന്തും നേരിടുന്നതിനായി ഞങ്ങളുടെ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തിയശേഷം ഗുഹയ്ക്കുള്ളിലേക്ക് കടന്നു.

ഗുഹയ്ക്കുള്ളിൽ നന്നായി ഈർപ്പം തിങ്ങിനിൽക്കുന്നുണ്ടായിരുന്നു. ചില ഹോളിവുഡ് ചിത്രങ്ങളിൽ കണ്ടിട്ടുള്ളതു പോലെയായിരുന്നു ഗുഹയുടെ ഉള്ളിൽ ഞങ്ങൾക്ക് കാണുവാനും ഫീൽ ചെയ്യുവാനും സാധിച്ചത്. ഗുഹയ്ക്കുള്ളിൽ ഇരുട്ടാണെങ്കിലും സന്ദർശകർക്ക് വെളിച്ചത്തിനായി പലയിടങ്ങളിൽ ലൈറ്റുകൾ ഉണ്ട്. അങ്ങനെ കുറച്ചുദൂരം നടന്നപ്പോൾ ഒരാൾക്ക് കഷ്‌ടിച്ചു കടന്നുപോകുവാൻ മാത്രം പറ്റുന്ന താരത്തിലായി വഴി. ആ ഏരിയയിൽ ചെന്നപ്പോൾ ഞങ്ങൾക്ക് ചെറുതായി ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു. എങ്കിലും ഞങ്ങൾ അതിനെയെല്ലാം മറികടന്നുകൊണ്ട് മുന്നേറി.

കുറച്ചു ദൂരം മുന്നോട്ടു ചെന്നപ്പോൾ ഗുഹയ്ക്കുള്ളിൽ ചെറിയൊരു കുളവും അതിനു മേലെ ആളുകൾക്ക് നടക്കുവാനായി ചെറിയൊരു പാലവും കണ്ടു. ആ പാലമൊക്കെ കയറി ഞങ്ങൾ വീണ്ടും പുറത്തേക്കുള്ള വഴിയേ നടന്നു. അങ്ങനെ ഒടുവിൽ ഞങ്ങൾ അതിസാഹസികമായ യാത്രയ്ക്കു ശേഷം ഗുഹയ്ക്ക് പുറത്തെത്തി. ജീവിതത്തിൽ അനുഭവിച്ച ഒരു കിടിലൻ അഡ്വഞ്ചർ എക്സ്പീരിയൻസ് തന്നെയായിരുന്നു മൗസ്മയ്‌ കേവുകളിലൂടെയുള്ള ഞങ്ങളുടെയീ യാത്ര. മേഘാലയയിൽ വരുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലം കൂടിയാണിത്. അൽപ്പം സാഹസികതയൊക്കെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ പറയുകയേ വേണ്ട. അങ്ങനെ ഞങ്ങൾ മൗസ്മയ്‌ ഗ്രാമത്തിൽ നിന്നും മടങ്ങി.

പിന്നീട് ഞങ്ങൾ പോയത് ‘ചിറാപ്പുഞ്ചി ഇക്കോളജിക്കൽ പ്രോജക്ട്’ നു കീഴിലുള്ള ഒരു മനോഹരമായ ഇടത്തേക്കായിരുന്നു. അവിടെ വെള്ളച്ചാട്ടം, വ്യൂ പോയിന്റുകൾ, മുൻപ് കണ്ടതുപോലുള്ള ചെറിയ ഗുഹകൾ എന്നിവയൊക്കെ കാണാം. 20 രൂപ വീതം ഞങ്ങൾക്കും 50 രൂപ ക്യാമറയ്ക്കും ടിക്കറ്റെടുത്തുകൊണ്ട് ഞങ്ങൾ അവിടേക്ക് കയറി. ഞങ്ങളെക്കൂടാതെ ചില സഞ്ചാരികളും അവിടെയുണ്ടായിരുന്നു. അവിടെയുള്ള വ്യൂപോയിന്റിൽ നിന്നുള്ള കാഴ്ച അതിമനോഹരം തന്നെ. ക്യാമറയിൽ കാണുന്നതിനേക്കാൾ എത്രയോ സുന്ദരമായിരുന്നു നേരിട്ടു കാണുമ്പോൾ.. ആ സൗന്ദര്യം വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല.

അവിടത്തെ ഗുഹയിലൂടെയും ഞങ്ങൾ കയറി. മൗസ്മയ്‌ കേവിനേക്കാൾ എളുപ്പമായിരുന്നു ഇവിടത്തെ ഗുഹയിലൂടെ നടക്കുവാൻ. അത്രയ്ക്ക് ദുർഘടം പിടിച്ചതുമായിരുന്നില്ല ഈ ഗുഹ. എങ്കിലും കൂടുതൽ ഉള്ളിലേക്ക് കടന്നപ്പോൾ വഴി നന്നായി ഇടുങ്ങിയതായി മാറി. ഒടുവിൽ ആ ഗുഹയും കീഴടക്കി ഞങ്ങൾ വിജയശ്രീലാളിതരായി തിരികെയിറങ്ങി. വിജയശ്രീലാളിതൻ എന്നൊക്കെ ചുമ്മാ തള്ളി വിടുന്നതാണ് കേട്ടോ, കാര്യമാക്കണ്ട. അങ്ങനെ ഞങ്ങൾ കാഴ്ചകളെല്ലാം കണ്ടുകഴിഞ്ഞു അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി.

മേഘാലയയിലെ അവസാനത്തെ ദിവസമാണ് ഇന്ന്. മേഘാലയയിൽ ഞങ്ങൾക്ക് എല്ലാവിധ സഹായവും തന്നത് RI Kanaan Guest House ഉടമയായ വിവേകും സുഹൃത്തുക്കളും ആയിരുന്നു. ഈ അവസരത്തിൽ അവരെ നന്ദിയോടെ ഓർക്കുന്നു. ഒപ്പം പങ്കജ് എന്ന ഒരു പുതിയ സുഹൃത്തിനെയും ഞങ്ങൾക്ക് കിട്ടി. നിങ്ങൾ ആരെങ്കിലും മേഘാലയയിൽ വരികയാണെങ്കിൽ താമസിക്കുവാനായി RI Kanaan ഗസ്റ്റ് ഹൗസ് തിരഞ്ഞെടുക്കാവുന്നതാണ്. To contact, RI Kanaan Guest House: ,9562348253, 97743 65447.

അപ്പോൾ മുൻപ് പറഞ്ഞതുപോലെ മേഘാലയയിലെ ഞങ്ങളുടെ അവസാനത്തെ ദിവസമാണ് ഇത്. ഇനി അടുത്ത ദിവസം ഞങ്ങൾ ഇവിടെ നിന്നും സിലിഗുരിയിലേക്ക് യാത്രയാകും. അവിടെ ഞങ്ങളോടൊപ്പം ഹാരിസ് ഇക്ക ചേരുകയും പിന്നീട് ഞങ്ങൾ മൂന്നുപേരും കൂടി നേപ്പാളിലേക്ക് പോകുകയും ചെയ്യും. ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ പ്ലാൻ. എന്തായാലും ഈ പ്ലാൻ പ്രകാരം നടക്കുമോയെന്ന് അടുത്ത എപ്പിസോഡുകളിലൂടെ നമുക്ക് കാണാം.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.