മേഘാലയൻ തലസ്ഥാനമായ ഷില്ലോംഗിലെ കാഴ്ചകൾ ആസ്വദിക്കുവാനായി ഒരു മഴയാത്ര !!

മേഘാലയയിലെ ആദ്യത്തെ ദിവസം ഞങ്ങൾ RI Kanaan Guest House ൽ നിന്നും മേഘാലയൻ തലസ്ഥാനമായ ഷില്ലോംഗിലെ കാഴ്ചകൾ കാണുവാനായി പുറപ്പെട്ടു. ഗസ്റ്റ് ഹൗസ് ഉടമയും മലയാളിയുമായ വിവേകിന് ഞങ്ങളോടൊപ്പം അന്ന് വരാൻ സാധിക്കാതിരുന്നതിനാൽ അദ്ദേഹത്തിൻ്റെ സുഹൃത്തായ പങ്കജിനെ ഞങ്ങളോടൊപ്പം അയയ്ക്കുകയുണ്ടായി. മുംബൈയിൽ ജോലി ചെയ്യുന്ന പങ്കജ് ലീവിന് സ്വദേശമായ മേഘാലയയിലേക്ക് വന്നിരിക്കുന്ന സമയമായിരുന്നു അത്. അങ്ങനെ ഞങ്ങൾ ഷില്ലോംഗിലേക്ക് യാത്രയായി.

ഞങ്ങൾ താമസിച്ചിരുന്ന RI Kanaan Guest House സ്ഥിതി ചെയ്തിരുന്നത് ഷില്ലോംഗ് നഗരത്തിൽ നിന്നും ഏതാണ്ട് 15 കിലോമീറ്ററോളം മാറിയായിരുന്നു. അതിൻ്റെ പ്രധാന ഗുണം എന്തെന്നാൽ ഷില്ലോംഗ് നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറിനിന്നുകൊണ്ട് സ്വസ്ഥമായി തങ്ങാം എന്നതാണ്. ഞങ്ങൾ ഷില്ലോംഗിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ പുറത്ത് ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു. തിരക്കിനു പേരുകേട്ട ഷില്ലോംഗ് നഗരത്തിലേക്ക് എത്തുന്നതിനു മുൻപേ തന്നെ ചിലയിടങ്ങളിൽ ചെറിയ ട്രാഫിക് ബ്ലോക്കുകൾ ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നു. പക്ഷേ അവിടത്തെ ഡ്രൈവിംഗ് സംസ്ക്കാരമായിരുന്നു ഞങ്ങളെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചതും സന്തോഷിപ്പിച്ചതും. ആരും ഇടയ്ക്ക് കുത്തിക്കയറ്റുവാനോ ഹോണടിച്ചു വെറുപ്പിക്കുവാനോ ശ്രമിക്കുന്നില്ല അവിടെ.

അങ്ങനെ ബ്ലോക്കെല്ലാം കഴിഞ്ഞു കുറച്ചു കൂടി ചെന്നപ്പോൾ വഴിയരികിൽ നല്ല കിടിലൻ വ്യൂ കിട്ടുന്ന ഒരു സ്ഥലം കാണുകയുണ്ടായി. ധാരാളം ടൂറിസ്റ്റ് വാഹനങ്ങൾ അവിടെ നിർത്തിയിട്ടിരിക്കുന്നത് കണ്ടിട്ട് ഞങ്ങൾ അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് ഇറങ്ങി നോക്കി. ഞങ്ങൾ തലേന്ന് വരുന്ന വഴി സന്ദർശിച്ച ആ റിസർവ്വോയറിന്റെ കിടുക്കൻ വ്യൂ കിട്ടുന്ന ഒരു പോയിന്റ് ആയിരുന്നു അത്. 50 രൂപ കൊടുത്തു ഞങ്ങൾ കണ്ടതിനേക്കാൾ ഭംഗിയായിരുന്നു ഇവിടെ നിന്നും ഫ്രീയായിട്ടുള്ള വ്യൂ. അതുകൊണ്ട് ചുമ്മാ കാണുവാൻ മാത്രമാണെങ്കിൽ 50 രൂപ കൊടുത്ത് അവിടെ കയറേണ്ടതില്ല എന്നു ഞങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്.

അങ്ങനെ വ്യൂ പോയിന്റിലെ കാഴ്ചകളെല്ലാം കണ്ടുകൊണ്ട് ഞങ്ങൾ ഷില്ലോംഗ് ടൗണിലേക്ക് നീങ്ങി. കുറച്ചു ദൂരം ചെന്നപ്പോൾ ‘വെൽക്കം ടു ഷില്ലോംഗ് കന്റോൺമെന്റ്’ എന്നെഴുതിയ ഒരു ആർച്ച് കണ്ടു. മിലിട്ടറിയുടെ മേൽനോട്ടത്തിലുള്ള ഏരിയ ആയതിനാലാണ് കന്റോൺമെന്റ് എന്ന പേര് വന്നിരിക്കുന്നത്. ഇവിടെ എന്തുകൊണ്ടാണ് മിലിട്ടറിയ്ക്ക് ഇത്രയും സ്വാധീനം വന്നതെന്ന് പങ്കജ് വ്യക്തമായി ഞങ്ങൾക്ക് പറഞ്ഞു തന്നു.

പറഞ്ഞു കേട്ടിടത്തോളം ട്രാഫിക് ബ്ലോക്കുകളൊന്നും ഷില്ലോംഗ് നഗരത്തിൽ ഞങ്ങൾക്ക് അനുഭവപ്പെട്ടിരുന്നില്ല. എന്തോ ഭാഗ്യം. ഷില്ലോംഗ് പീക്ക് എന്നൊരു സ്ഥലത്തേക്കായിരുന്നു ഞങ്ങൾ ആദ്യം പോയത്. അതൊരു വ്യൂ പോയിന്റ് ആയിരുന്നു. നഗരത്തിരക്കിൽ നിന്നും ഫോറസ്റ്റ് ഏരിയയുടെ ഞങ്ങൾ സഞ്ചരിച്ചു അവസാനം വ്യൂപോയിന്റിനു കുറച്ചെടുത്തായി എത്തിച്ചേർന്നു. ആ സമയത്ത് മഴയും നല്ല തണുപ്പും ഉണ്ടായിരുന്നു. വ്യൂ പോയിന്റ് നമ്മുടെ ഇന്ത്യൻ എയർഫോഴ്‌സിന്റെ നിയന്ത്രണത്തിലായിരുന്നു. ഒരു സമയം നാല് വാഹനങ്ങളെ മാത്രമേ അവിടേക്ക് കടത്തിവിടുകയുള്ളൂ. അങ്ങനെ ഞങ്ങൾ കാത്തുകിടക്കുവാൻ തുടങ്ങി. അത്യാവശ്യം നല്ലൊരു ക്യൂവിൽത്തന്നെയായിരുന്നു ഞങ്ങൾ. അങ്ങനെ കിട്ടിയ സമയത്ത് വഴിയരികിൽ ഇരുന്നിരുന്ന കച്ചവടക്കാരിൽ നിന്നും ഞങ്ങൾ ചോളവും മറ്റുമെല്ലാം വാങ്ങിക്കഴിച്ചു.

പക്ഷെ ഞങ്ങൾക്ക് വ്യൂ പോയിന്റിലേക്ക് പോകുവാൻ അന്ന് സാധിച്ചില്ല. കാലാവസ്ഥ മോശമായതിനാലാണ് എയർഫോഴ്സ് അധികൃതർ സഞ്ചാരികളെ അവിടേക്ക് കടത്തി വിടാതിരുന്നത്. അങ്ങനെ ഞങ്ങൾ വന്ന വഴിയേ തിരികെ മടങ്ങുവാൻ തീരുമാനിച്ചു. തിരികെ വരുന്ന വഴിയിൽ റോഡരികിലായി സ്ഥിതി ചെയ്തിരുന്ന കടകളിൽ കയറി ഞങ്ങൾ പച്ചക്കറികളും പഴങ്ങളുമെല്ലാം നോക്കി. കാരറ്റും ഉരുളക്കിഴങ്ങുമൊക്കെ ധാരാളം ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾ പ്ലം എന്ന പഴം മാത്രം വാങ്ങി തിരികെ യാത്രയായി. ഷില്ലോംഗ് വ്യൂ പോയിന്റിൽ പോകുവാൻ സാധിക്കാതിരുന്നതിനാൽ ഞങ്ങൾ അവിടുന്നു നേരെ പോയത് മേഘാലയയിലെ പ്രശസ്തമായ എലിഫന്റ് ഫാൾസ് എന്ന വെള്ളച്ചാട്ടം കാണുവാനായിരുന്നു.

അല്പസമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ അവിടെയെത്തിച്ചേർന്നു. വാഹന പാർക്കിംഗ് ഫീസ് 40 രൂപയും എൻട്രി ഫീസ് 20 രൂപയുമായിരുന്നു അവിടെ. കാർ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്‍തിട്ട് ഞങ്ങൾ നടന്നു. ധാരാളം കടകൾ അവിടെ സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ ആദ്യം വയർ നിറയ്ക്കുവാൻ തീരുമാനമായി. അടുത്ത് കണ്ട ഒരു ചെറിയ തട്ടുകടയിൽ നിന്നും രണ്ടു പ്ലേറ്റ് വെജ് മൊമോസും ഒരു ന്യൂഡിൽസും ഞങ്ങൾ ഓർഡർ ചെയ്തു. മോമോയും അതിനൊപ്പം തന്ന സോസും വളരെ രുചികരമായിരുന്നു. ന്യൂഡിൽസ് അത്ര പോരാ.. ഭക്ഷണശേഷം ഞങ്ങൾ എലിഫന്റ് ഫാൾസിലേക്ക് നടന്നു.

കുറച്ചു ദൂരം താഴേക്ക് പടവുകൾ ഇറങ്ങി പോയാൽ മാത്രമേ വെള്ളച്ചാട്ടത്തിനു സമീപത്ത് എത്തിച്ചേരുകയുള്ളൂ. അങ്ങനെ ഞങ്ങൾ താഴേക്ക് ഇറങ്ങി. അവിടെ വെള്ളച്ചാട്ടത്തിന്റെ മൂന്നു തട്ടുകളായി സന്ദർശകർക്ക് കാണാവുന്നതാണ്. കുറച്ചു ഇറങ്ങിച്ചെന്നപ്പോൾ ആദ്യത്തെ വെള്ളച്ചാട്ടം ഞങ്ങൾക്ക് ദൃശ്യമായി. അവിടന്നും കുറച്ചുകൂടി താഴേക്ക് ഇറങ്ങിയാൽ രണ്ടാമത്തെയും പിന്നെയും താഴേക്ക് ഇറങ്ങിയാൽ മൂന്നാമത്തെയും വെള്ളച്ചാട്ടങ്ങൾ അടുത്തു കാണുവാൻ സാധിക്കും. ഏറ്റവും താഴത്തെ തട്ടിൽ വരെ ചെന്ന് കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങൾ അവിടെ നിന്നും തിരിച്ചു.

തിരികെ വരുന്ന സമയത്ത് ഷില്ലോംഗിൽ തിരക്കായിരിക്കും എന്നതിനാൽ ഞങ്ങൾ അൽപ്പം വളഞ്ഞു ഒരു ഹൈവേയിലൂടെയായിരുന്നു വന്നത്. അങ്ങനെ ഒടുവിൽ ഞങ്ങൾ താമസിച്ചിരുന്ന RI Kanaan Guest House ൽ എത്തിച്ചേർന്നു. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. അടുത്ത ദിവസം കാണാമെന്നു പറഞ്ഞുകൊണ്ട് പങ്കജ് ഞങ്ങളോട് യാത്ര പറഞ്ഞു. അങ്ങനെ മേഘാലയയിലെ ഞങ്ങളുടെ ഒരു ദിവസം ഇവിടെ പൂർണ്ണമാകുകയാണ്. ബാക്കി കറക്കമെല്ലാം ഇനി അടുത്ത ദിവസം…

To contact, RI Kanaan Guest House: 9562348253, 97743 65447.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.