ഊട്ടിയിലെ മാർക്കറ്റും നിശബ്ദത ഒളിഞ്ഞിരിക്കുന്ന ടൈഗർ ഹിൽസും

ആവലാഞ്ചെ റൂട്ടിലെ യാത്രയ്ക്കു ശേഷം പിന്നീട് സലീഷേട്ടൻ ഞങ്ങളെ കൊണ്ടുപോയത് ഊട്ടി ടൗണിന്റെ ഒത്ത നടുക്കുള്ള ഊട്ടി ചന്ത കാണുവാനായിരുന്നു. കമ്പിളിപ്പുതപ്പുകൾ, വിവിധ പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങി ഒരു ചന്തയിൽ വേണ്ട എല്ലാം അവിടെയുണ്ടായിരുന്നു. എല്ലാം നല്ല ഫ്രഷ് ഐറ്റങ്ങൾ. ഞങ്ങൾ അവിടെ കാഴ്ചകളും കണ്ടുകൊണ്ട് നടന്നു.

ഓരോ സെക്ഷൻ തിരിച്ചായിരുന്നു അവിടത്തെ മാർക്കറ്റ്. പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകളെല്ലാം ഒരു ഏരിയയിൽ, മുട്ട മാത്രം കിട്ടുന്ന കടകൾ ഒരു ഏരിയയിൽ, പച്ചക്കറി മാത്രം കിട്ടുന്നവ മറ്റൊരു ഏരിയയിൽ. അങ്ങനെയായിരുന്നു. പച്ചക്കറികളൊക്കെ നല്ല മുന്തിയ ഇനമാണെന്നു കണ്ടാൽത്തന്നെ മനസ്സിലാകുമായിരുന്നു. നമ്മുടെ നാട്ടിലെ മാർക്കറ്റുകളിൽ പച്ചക്കറികളിൽ മിക്കതും ചെളിയും അഴുക്കുമൊക്കെ പിടിച്ചതായിരിക്കും. പക്ഷെ ഇവിടെ പച്ചക്കറികളെല്ലാം നല്ല വൃത്തിയുള്ളവയായിരുന്നു. കൃഷിയിടങ്ങളിൽ നിന്നും ശേഖരിച്ച ശേഷം നന്നായി കഴുകി വൃത്തിയാക്കിയാണ് ഇവിടെ മാർക്കറ്റിൽ വിൽപ്പനയ്ക്ക് വെക്കുന്നത്.

ഞങ്ങൾ പോയത് ഇടനേരത്തായിരുന്നതിനാൽ ചന്തയിൽ വലിയ തിരക്കുകളൊന്നും ഉണ്ടായിരുന്നില്ല. അവിടത്തെ വാഴപ്പഴം വിൽക്കുന്ന ഒരു കടയിൽ സുന്ദരക്കുട്ടപ്പനായ ഒരു പൂച്ചയെ ഞങ്ങൾ കണ്ടു. മൃഗസ്നേഹിയായ സലീഷേട്ടൻ അതിനെ തലോടിയും ഓമനിച്ചും നിൽക്കുന്നുണ്ടായിരുന്നു. പഴവും പച്ചക്കറികളും മാത്രമല്ല പൂക്കളും ചന്തയിൽ സജീവമായി വിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ചുമ്മാ കാഴ്ചകൾ കണ്ടു നടന്നതല്ലാതെ ഒന്നും വാങ്ങിയില്ല.

പച്ചക്കറി സെക്ഷനിൽ നിന്നും പിന്നീട് ഞങ്ങൾ മൽസ്യ – മാംസാദികൾ വിൽക്കുന്ന ഏരിയയിലേക്ക് നീങ്ങി. മീനുകൾ കൂടുതലും ഡാമിൽ വളർത്തുന്നവയായിരുന്നു അവിടെ കണ്ടിരുന്നത്. എന്തായാലും നമ്മുടെ നാട്ടിലെ മീനുകളുടെയത്ര രുചിയും ഫ്രഷ്‌നസും ഇവിടത്തെ മീനിന് ലഭിക്കുകയില്ല. കടൽമീനുകളെല്ലാം കേരളത്തിൽ നിന്നുമാണ് ഇവിടേക്ക് വരുന്നതെന്ന് വിൽപ്പനക്കാർ പറഞ്ഞ് അറിയുവാൻ കഴിഞ്ഞു.മാർക്കറ്റിൽ നിന്നും പുറത്തിറങ്ങുന്നതിനു മുൻപ് ഞാനറിയാതെ ശ്വേത നല്ല ലാഭത്തിൽ കുറച്ച് സോയാബീനുകൾ വാങ്ങിയിരുന്നു. നമ്മുടെ നാട്ടിലെക്കാൾ 70 രൂപ ലാഭത്തിനായിരുന്നു ആ കച്ചവടം. അങ്ങനെ ഞങ്ങൾ മാർക്കറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി.

മാർക്കറ്റ് കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ പോയത് ഊട്ടിക്ക് അടുത്തുള്ള ടൈഗർ ഹിൽസ് കാണുവാനായിരുന്നു. അവിടേക്കുള്ള വഴിയിൽ ഒരു മരം വീണതിനാൽ അവിടേക്ക് വണ്ടികൾക്ക് പോകുവാൻ സാധിക്കുമായിരുന്നില്ല. അങ്ങനെ ഞങ്ങൾ പതിയെ നടത്തം തുടങ്ങി. വളരെ വിജനമായ ഒരു സ്ഥലത്തു കൂടിയായിരുന്നു ഞങ്ങൾ നടന്നിരുന്നത്. പുലിയും ഇറങ്ങുന്ന ഏരിയയാണെന്നു സലീഷേട്ടൻ പറഞു തരികയുണ്ടായി. ഇതുകേട്ടതോടെ ഞങ്ങൾ ഒന്നുകൂടി ജാഗരൂകരായി.

അങ്ങനെ നടന്നു നടന്ന് ഞങ്ങൾ ടൈഗർ ഹിൽസ് എന്ന സ്ഥലത്തെത്തി. പേര് കേൾക്കുമ്പോൾ നമ്മൾ വിചാരിക്കുന്നത് ഏതോ ഒരു മലയുടെ മുകളിൽ ആണെന്നായിരിയ്ക്കും. പക്ഷെ ഒരു തടാകവും ഡാമുമാണ് ഇവിടെയുള്ളത്. വളരെ വിജനമായ ആ സ്ഥലത്തേക്ക് അധികം ടൂറിസ്റ്റുകൾ ഒന്നും വരാറില്ലെന്നു തോന്നുന്നു. ‘Wrong Turn’ പോലുള്ള ഹോളിവുഡ് സിനിമകളിൽ കാണുന്നതുപോലത്തെ ഭീകരമായ ഒരു സ്ഥലം. ഇവിടേക്ക് വരുന്നവർ രണ്ടോ മൂന്നോ ആളുകളായിട്ടു വരാൻ മുതിരരുത്. വലിയൊരു ഗ്രൂപ്പ് ആയിട്ടുവേവും ഇവിടേക്ക് വരുവാൻ. അതായിരിക്കും നിങ്ങളുടെ സുരക്ഷയ്ക്ക് ബെസ്റ്റ്.

വിജനതയിൽക്കൂടി നടന്നു നടന്നു ഞങ്ങൾ ടൈഗർ ഹിൽസ് ചെക്ക് ഡാമിൽ എത്തിച്ചേർന്നു. മനോഹരമായ കാഴ്ചയായിരുന്നു അവിടെ ഞങ്ങളെ കാത്തിരുന്നത്. 1903 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഒരു ചെക്ക് ഡാമായിരുന്നു അത്. ഊട്ടിയുടെ കുടിവെള്ള ശ്രോതസ്സ് കൂടിയായിരുന്നു അത്. ഊട്ടിയിൽ ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്നു നമ്മളിൽ എത്രയാളുകൾക്ക് അറിയാം? ടൈഗർ ഹിൽസിൽ നിന്നുള്ള കിടിലൻ കാഴ്ചകൾ കണ്ടുനടന്നതിനു ശേഷം ഞങ്ങൾ തിരികെ ഊട്ടി ടൗണിലേക്ക് തിരിച്ചു. പിന്നീട് ഞങ്ങൾ അവിടെ നിന്നും തിരികെ അനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിലേക്ക് യാത്രയായി.