കൊറോണയുണ്ടെന്നു വ്യാജ പ്രചരണം; വിഷമത്തോടെ യുവാവ്

യൂറോപ്പിൽ നിന്നും നാട്ടിൽ വന്നയാൾക്ക് കൊറോണയുണ്ടെന്നു വാട്ട്സ് ആപ്പ് വഴി വ്യാജ പ്രചരണം. തിരുവനന്തപുരം സ്വദേശി വൈശാഖ് എന്ന യുവാവിനെതിരെയാണ് ആരോ വ്യാജവാർത്ത പ്രചരിപ്പിച്ചിരിക്കുന്നത്. വൈശാഖിൻ്റെ ഫോട്ടോ സഹിതമാണ് വാട്സ് ആപ്പിലൂടെ ഇത് ഷെയർ ചെയ്തിരിക്കുന്നത്. ഇതിനെക്കുറിച്ച് വൈശാഖ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു.

“ഞാൻ വൈശാഖ്, 17.03.2020 വിദേശത്തു നിന്നും നാട്ടിൽ വന്ന വ്യക്തി ആണ്. മാർച്ച് 18 ആം തീയതി വെളുപ്പിന് നാല് മണിക്ക് ഞാൻ തിരുവനന്തപുരം എയർപോർട്ടിൽ എത്തി. എനിക്ക് ശാരീരികമായ ഒരു പ്രശ്നം ഇല്ല. എയർപോർട്ടിൽ ഉള്ള ഹെൽത്ത്‌ സെക്ഷനിൽ നിന്നും എന്നോട് പറഞ്ഞത് 14 ദിവസം വീട്ടിൽ തന്നെ ഒരു റൂമിൽ സുരക്ഷിതമായി നിൽക്കണം എന്നാണ്.

എനിക്ക് കൊറോണ പിടിച്ചു എന്ന് നാട്ടിൽ പറഞ്ഞു പരത്തുന്നവരോട്, എനിക്ക് കുഴപ്പം ഒന്നും ഇല്ല. പിന്നെ ആംബുലൻസിൽ കൊണ്ട് പോയത് അഥവാ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് അത് വരാതെ ഇരിക്കാൻ വേണ്ടി ആണ്. ഞാൻ എയർപോർട്ടിൽ വന്നപ്പോൾ മെഡിക്കൽ ടീമിന്റെ കോൺടാക്ട് നമ്പർ തന്നായിരുന്നു. അവർ പറഞ്ഞത് 14 ദിവസം വീട്ടിൽ മറ്റുള്ളവരിൽ നിന്നും മാറി നിൽക്കണം എന്നാണ്. എനിക്ക് ഒരു പേടി. കാരണം എന്റെ മോൾക്ക്‌ 4 മാസം ആയതേ ഉള്ളു വീട്ടിൽ നിൽക്കുമ്പോൾ എല്ലാവരെയും കാണുമ്പോൾ നമ്മൾ അറിയാതെ അവരുടെ അടുത്ത് പോകും. അത് കൊണ്ട് ഞാൻ വീട്ടിൽ പോയി മോളെ ദൂരെ മാറി നിന്ന് കണ്ടു.

പിന്നെ മെഡിക്കൽ ടീമിനെ വിളിച്ചു കാര്യം പറഞ്ഞു. എനിക്ക് ഇത്രയും സമയം യാത്ര ചെയ്യേണ്ടി വന്നു എന്നും, യൂറോപ്പിൽ നിന്നും ആണ് ഞാൻ വന്നത് എന്നും, 3 രാജ്യത്തെ എയർപോർട് വഴി ആണ് യാത്ര ചെയ്‌തത്‌ എന്നും, വീട്ടിൽ നിൽക്കാൻ മാനസികമായി ബുദ്ധിമുട്ട് ഉണ്ട് എന്നും പറഞ്ഞു. അപ്പോൾ തന്നെ അവർ ആംബുലൻസ് അയച്ചു.

ഇപ്പോൾ ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് ഉള്ളത്. എന്റെ തൊണ്ടയിൽ നിന്നും ഉള്ള സ്രെവം ടെസ്റ്റിന് അയച്ചു. ബ്ലഡ്‌ ടെസ്റ്റ്‌ കഴിഞ്ഞു. ഇനി അഥവാ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ 3 ദിവസം കഴിഞ്ഞു അറിയാം. വീട്ടിൽ നിന്നാൽ ശരി ആകില്ല. എന്തായാലും ഇത്രയും നാളും ക്ഷമിച്ചു. ഇനി 14 ദിവസം കഴിഞ്ഞു മോളെ കാണാം. നമ്മളുടെ അശ്രദ്ധ കാരണം ആർക്കും ഒന്നും വരരുത്. ഇവിടെ ഒറ്റയ്ക്ക് കുറച്ചു നാൾ കിടന്നാലും കുഴപ്പമില്ല.

ഇപ്പോൾ എന്റെ ഫേസ്ബുക്കിൽ നിന്നും ഉള്ള ഫോട്ടോ എടുത്തു ആരോ ഒരാൾ പല വാട്സ്ആപ്പ് ഗ്രൂപ്പിലേക്കും എനിക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് പറഞ്ഞു മെസ്സേജ് അയക്കുന്നുണ്ട്. എന്റെ വീട്ടുകാർ ആകെ വിഷമത്തിൽ ആണ്. ഈ അവസ്ഥയിൽ ഇങ്ങനെ കള്ളത്തരം പറഞ്ഞാൽ ഇവർക്ക് എന്ത് മനസുഖം ആണ് കിട്ടുന്നത് എന്ന് അറിയില്ല. എന്തായാലും എന്റെ വീട്ടുകാർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. ദയവായി ഇത് ഒന്ന് ഷെയർ ചെയ്യുക.

ആറ്റിങ്ങൽ, ചിറയിൻകീഴ് ഉള്ള സഹോദരങ്ങൾ ദയവായി മാക്സിമം ഷെയർ ചെയ്യുക. ആ ഭാഗത്തുള്ള ചില വാട്സ്ആപ്പ് ഗ്രുപ്പിൽ ആണ് കൂടുതലും എന്റെ ഫോട്ടോയും ഡീറ്റെയിൽസ് വെച്ചുള്ള ഫേക്ക് മെസ്സേജ് കാണുന്നത്.”