എട്ട് ദിവസം, 1100 കിലോമീറ്ററുകളോളം കാടുകൾ ആസ്വദിച്ചു കൊണ്ട് ഒരു യാത്ര…

നിരവധിയാളുകളുടെ യാത്രകൾക്ക് Tech Travel Eat ഒരു വഴികാട്ടിയാകുന്നു എന്നുള്ളത് ഞങ്ങൾക്ക് അഭിമാനവും സന്തോഷവും പകരുന്ന കാര്യമാണ്. അത്തരത്തിൽ Tech Travel Eat വീഡിയോകൾ കണ്ടു പ്ലാൻ ചെയ്ത ഒരു യാത്രയുടെ വിവരണമാണ് താഴെ കൊടുത്തിരിക്കുന്നത്. യാത്രികനും പ്രവാസിയുമായ ഷാനവാസ് കോഴിക്കൽ ഞങ്ങൾക്ക് അയച്ചു തന്ന യാത്രാവിവരണം താഴെ വായിക്കാം.

നവംബർ 17 മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് നിന്ന് തുടങ്ങിയ യാത്ര നവംബർ 24 ന് ചങ്ങരംകുളത്ത് അവസാനിപ്പിക്കുമ്പോൾ ഏകദേശം 1100 കിലോമീറ്ററുകൾ താണ്ടിയിരുന്നു. യാത്രക്ക് വേണ്ടി ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. റൂട്ട് മാപ് ഒരുക്കുക എന്നതാണ് ആദ്യം ചെയ്തത്. താമസസ്ഥലം എവിടെ വേണം എന്നത് കൃത്യമായി പ്ലാൻ ചെയ്തു. അതിന് ശ്രീ Sujith bhakthan ൻറെ വ്‌ളോഗുകൾ വളരെയധികം സഹായിച്ചു. ആവശ്യത്തിന് വേണ്ട വസ്ത്രങ്ങൾ കൃത്യമായി പാക്ക് ചെയ്തെടുത്തു എന്ന് ഉറപ്പ് വരുത്തി. ദൂരയാത്ര ആയതിനാലും വഴികൾ പലതും പരിചിതമല്ല എന്നതിനാലും അത്യാവശ്യം സ്വയം സുരക്ഷക്കുവേണ്ട ചില മുൻകരുതലുകളും കയ്യിൽ കരുതി. പുറപ്പെടുന്നതിന് മുൻപ് വാഹനം ഷോറൂമിൽ കയറ്റി ഫുൾ ചെക്കപ്പ് ചെയ്ത് മേജർ കുഴപ്പങ്ങൾ ഒന്നും ഇല്ലാ എന്നുറപ്പുവരുത്തി.

അങ്ങനെ 17 നു വൈകീട്ട് 3 മണിക്ക് ഞാനും എന്റെ ഭാര്യയും 2 കുട്ടികളും കൂടെ ഞങ്ങളുടെ വാഹനത്തിൽ യാത്ര ആരംഭിച്ചു. ചങ്ങരംകുളത്ത് നിന്ന് കോഴിക്കോട് വഴി എന്നും കൗതുകമുണർത്തുന്ന അതിമനോഹരമായ താമരശ്ശേരി ചുരം കയറി വയനാട് ഊട്ടി റോഡിലുള്ള LANDS END RESORT ലേക്കാണ് ആദ്യം പോയത്. എന്റെ സുഹൃത്ത് ശ്രീ മുനീർ ഭായ് ടെ സംരംഭമായ റിസോർട്ട് ആദ്യ കാഴ്ചയിൽ തന്നെ ആരുടെയും മനം കവരും എന്നതിൽ യാതൊരു തർക്കവുമില്ല. അതിമനോഹരമായ സ്വിമ്മിങ് പൂളോട് കൂടിയ റിസോർട്ടിൽ ഒരു രാത്രി ശരിക്കും ആസ്വദിച്ചു. കുട്ടികളാണ് ഏറ്റവും കൂടുതൽ ആസ്വദിച്ചത്.

18 ന് വൈകീട്ട് രണ്ടു മണിക്ക് ബന്ദിപ്പൂർ ടൈഗർ റിസേർവ് വനത്തിൽ ഒരു സഫാരി ബുക്ക് ചെയ്തിരുന്നു .അത് കഴിഞ്ഞു നേരെ മൈസൂർ സ്ഥിര താമസമുള്ള സുഹൃത്ത് മുനീർ ഭായ് ടെ വീട്ടിലേക്ക് .20 ന് ഉച്ചക്ക് മൈസൂരിൽ നിന്നും പുറപ്പെട്ട് ഗുണ്ടൽപേട്ട് -ബന്ദിപ്പൂർ വഴി ഊട്ടിയിൽ എത്തി. വൈകീട്ട് 6 മണിയോട് കൂടി Yantra leisures ൽ റൂമെല്ലാം ശരിയാക്കി ഫ്രഷ് ആയി. രാത്രി 9 വരെ കുട്ടികളുമായി ഗാർഡനിൽ സമയം ചിലവാക്കി. കാലത്ത് ഭക്ഷണമെല്ലാം കഴിഞ്ഞു ഊട്ടിയുടെ പൈതൃകം ആയ botanical garden സന്ദർശിച്ചു. ഊട്ടിയിൽ നിന്നും നേരെ പോയത് അട്ടപ്പാടിക്കടുത്ത് ആനക്കട്ടി എന്ന സ്ഥലത്തുള്ള SR JUNGLE RESORT ലേക്കായിരുന്നു.

മാഞ്ഞൂർ -ഗെഡ്‌ഢി -മുള്ളി -കോട്ടത്തറ വഴി ആനക്കട്ടി. ആദ്യമായിട്ടാണ് ഇത് വഴി ഒരു യാത്ര. അതിമനോഹരമായ ഹരിതാഭം തുളുമ്പുന്ന വഴികൾ. 100 കിലൊമീറ്ററിനടുത്ത് ദൂരമുള്ളൂ എങ്കിലും വളരെയധികം ഹെയർപിൻ വളവുകൾ നിറഞ്ഞ റോഡുകൾ ആയതിനാൽ 6 മണിക്കൂറിലധികം സമയമെടുത്തു ലക്ഷ്യസ്ഥാനം എത്താൻ. മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു അവിടെ. തികച്ചും വ്യത്യസ്തമായ രീതിയിൽ കൃത്രിമമായി ഒരു കാടൊരുക്കി അതിൽ പണിത മനോഹരമായ റിസോർട്ട് . റിസോർട്ടിന്റെ ഒരു വശം മലനിരകളും കാടും . ഇലക്ട്രിക്ക് ഫെൻസിങ് ഉണ്ടെങ്കിലും ഒന്ന് രണ്ട് പ്രാവശ്യം കൊമ്പന്മാർ അകത്തു കടന്നിട്ടുണ്ടെന്ന് അവിടുത്തെ സൂപ്പർവൈസർ പറഞ്ഞപ്പോൾ ചെറുതായിട്ടൊരു ഭയം ഉള്ളിൽ കയറി. പല പ്ലോട്ടുകളായി തിരിച്ചു പല വ്യത്യസ്ത താരിഫുകളിൽ മികച്ച റൂമുകൾ. നിലവിൽ ഫാമിലിക്കും ബാച്ചിലേഴ്‌സ്നും വേറെ വേറെ സ്വിമ്മിങ് പൂളുകൾ ഉണ്ട്. കൂടാതെ 2 എണ്ണം കൂടെ പണി നടന്നു കൊണ്ടിരിക്കുന്നു.

രണ്ടു ദിവസത്തെ താമസത്തിന് ശേഷം നേരെ പോയത് കേരളത്തിന്റെ മനം കുളിർക്കുന്ന മുന്നാറിലേക്കായിരുന്നു. കോയമ്പത്തൂർ- പൊള്ളാച്ചി – ഉദുമല്പേട്ട് – ചിന്നാർ – മറയൂർ വഴി മൂന്നാർ. ഏകദേശം 250 കിലോമീറ്ററിനടുത്ത് ദൂരം ഉണ്ട് Dream catcher എന്ന റിസോർട്ടിലേക്ക് .എട്ട് മണിക്കൂറിന് മേലെ സമയമെടുക്കും ഓടിയെത്താൻ .SR JUNGLE റിസോർട്ടിൽ നിന്നും കാലത്ത് 10 മണിക്ക് തന്നെ പുറപ്പെട്ടു .കോയമ്പത്തൂർ നിന്നും ചില്ലറ ഷോപ്പിങ്ങും ഉച്ചഭക്ഷണവുമെല്ലാം കഴിഞ്ഞപ്പോയെക്കും 2 മണി കഴിഞ്ഞിരുന്നു. ഉദുമല്പേട്ട് കഴിഞ്ഞാൽ പിന്നെ കാടുകളിലൂടെ ഉള്ള യാത്ര ആണ്. അതി മനോഹരമായ മനം കുളിർപ്പിക്കുന്ന പ്രകൃതി ഭംഗി തുളുമ്പി നിൽക്കുന്ന വഴികൾ. അഞ്ചിലധികം ചെക്ക്പോസ്റ്റുകൾ ഉണ്ട്.

ചെറിയ ചാറ്റൽ മഴയിലൂടെ ഉള്ള യാത്ര വൈകീട്ട് 6 മാണിയോട് കൂടെ മറയൂർ ചെക്ക്പോസ്റ്റ് എത്തുമ്പോളേക്കും കനത്തിരുന്നു. മറയൂർ ചെക്ക് പോസ്റ്റിൽ വണ്ടി ഡീറ്റെയിൽസ് കൊടുക്കാൻ പോയപ്പോഴാണ് അവിടുത്തെ ഓഫീസർ പറയുന്നത് മൂന്നാറിലേക്ക് പോകാനുള്ള പാലം കഴിഞ്ഞ പ്രളയത്തിൽ ഒളിച്ചു പോയിരിക്കുന്നു എന്നും താത്കാലികമായി നിർമിക്കപ്പെട്ട പാലം തലേന്നത്തെ ശക്തമായ മഴയിൽ തകർന്ന് പോയി യാത്രായോഗ്യമല്ലതായിരിക്കുന്നു എന്നും. ഏകദേശം 30 കിലോമീറ്ററിനുള്ളിൽ കൂടെ മുന്നാറിലേക്കുള്ളൂ. എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് ആ ഓഫീസർ പറഞ്ഞത് ഒരു വഴി ഉണ്ട്, പക്ഷെ അതി ദുർഘടം പിടിച്ചതും ഒട്ടും സേഫ് അല്ലാത്തതും ആയ വഴി ആണെന്ന്. ആന എല്ലാം ഇറങ്ങുന്ന പൊട്ടിപ്പൊളിഞ്ഞ ഒരു എസ്റ്റേറ്റ് റോഡ് അത്യാവശ്യ യാത്രക്കാർ ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ നിങ്ങൾ ഈ രാത്രിയിൽ കുട്ടികളെയും കൊണ്ട് യാത്ര തുടരുന്നത് ഒട്ടും അഭികാമ്യമല്ല എന്നും പറഞ്ഞു.

അങ്ങിനെ എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് 3 ചെറുപ്പക്കാർ ഒരു ആൾട്ടോ കാറും കൊണ്ട് വരുന്നത്. അവർ അവിടെ വണ്ടി നമ്പർ എഴുതാൻ വന്നപ്പോൾ ആ ഓഫീസർ അവരോട് ഞങ്ങളെ മൂന്നാർ എത്താൻ സഹായിക്കാമോ എന്ന് ചോദിക്കുകയും അവർ സമ്മതിക്കുകയും ചെയ്തു. തീർത്തും വിജനമായ ഒരു വഴിയിലൂടെ ഒട്ടും സുരക്ഷിതമല്ലാത്ത ഒരു യാത്ര. 20 കിലോമീറ്ററുകളോളം വളവും തിരിവും ഇറക്കവും കയറ്റവുമെല്ലാം നിറഞ്ഞ വീതി കുറഞ്ഞ ആ വഴിയിലൂടെ വളരെ സുരക്ഷിതമായി ഞങ്ങളെ മൂന്നാർ ടൗണിൽ എത്തിച്ചു തന്ന് യാത്ര പറഞ്ഞാണ് ആ ചെറുപ്പക്കാർ പോയത്. ഞങ്ങളെ സുരക്ഷിതമായി മുന്നാറിൽ എത്താൻ സഹായിച്ച ആ ഓഫീസറെയും ചെറുപ്പക്കാരെയും നന്ദിയോടെ ഓർക്കുന്നു.

25 ന് ഉച്ചക്ക് ഒരു മണിക്ക് Dream Catcher റിസോർട്ടിൽ നിന്നും വീട്ടിലേക്ക് പുറപ്പെടുമ്പോൾ 8 ദിവസമായിരുന്നു. ഈ യാത്രയുടെ ഹൈലൈറ്റ് എന്ന് പറയുന്നത് വഴിയോര കാഴ്ചകളായിരുന്നു. പ്രകൃതി നൽകുന്ന കുളിർമ്മയും ഉന്മേഷവും കുട്ടികൾക്ക് കൂടെ പകർന്ന് നൽകുവാനും പ്രകൃതിയെ അവരിലേക്കടുപ്പിക്കുവാനും കഴിഞ്ഞ ചാരിതാർഥ്യത്തിൽ നിർത്തുന്നു.