ദുരിതബാധിതർക്ക് ആശ്വാസമേകുവാൻ ചെങ്ങന്നൂർ KSRTC ഫാൻസും കോളേജ് വിദ്യാർത്ഥികളും…

കഴിഞ്ഞ തവണ പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ച ചെങ്ങന്നൂർ ഇത്തവണ ശാന്തമാണ്. എന്നാൽ തങ്ങൾ നേരിട്ട അതേ അവസ്ഥ ഇന്ന് വടക്കൻ കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നതു മനസ്സിലാക്കി കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുകയാണ് ചെങ്ങന്നൂർ ജനത.

കഴിഞ്ഞ ദിവസം ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വിവിധയിടങ്ങളിലേക്ക് അഞ്ചോളം സർവ്വീസ് ബസ്സുകളിലായി ധാരാളം ആവശ്യവസ്തുക്കൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള കളക്ഷൻ സെന്ററുകളിൽ എത്തിക്കുവാൻ മുന്നിട്ടു വന്നത് കെഎസ്ആർടിസി പ്രേമികളും കെഎസ്ആർടിസി ജീവനക്കാരും കോളേജ് വിദ്യാർത്ഥികളുമൊക്കെയായിരുന്നു. ഈ ഉദ്യമത്തിൽ പങ്കുചേർന്ന ഇഷാൻ എം.എസ്. എന്ന യുവാവിന്റെ കുറിപ്പ് ഇങ്ങനെ..

“കൈത്താങ്ങാവാൻ KSRTC യും. RPE 171 CGR 14:50ചെങ്ങന്നൂർ – പാലക്കാട് SF, ATK 185 KTR 18:15 കൊട്ടാരക്കര – കോയമ്പത്തൂർ SF, ATC 157 KTR 18:25 കൊട്ടാരക്കര – സുള്ള്യDeluxe, RPK 765 MKD 20:10 കൊട്ടാരക്കര – മണ്ണാർക്കാട് LSFP, ATE 62 KTR 20:25 കൊട്ടാരക്കര – കോഴിക്കോട് SF എന്നീ അഞ്ച് ബസ്സുകളിലായി 11/08/2019 ഞായറാഴ്ച ഏകദേശം 80 ബോക്സ് അവശ്യ വസ്തുക്കളും (ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ, പവർ ബാങ്ക്) അത്ര തന്നെ കുടി വെള്ളവുമാണ് ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും തൃശ്ശൂർ, കോഴിക്കോട്, മണ്ണാർക്കാട് ഡിപ്പോകളിലും അവിടെ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും എത്തിക്കാൻ സാധിച്ചത്.

ചെങ്ങന്നൂർ എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥികളാണ് ശരിക്കും ഞെട്ടിച്ചത്. ചെങ്ങന്നൂർ ഡിപ്പോയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ കളക്ഷൻ സെൻ്റർ ആരംഭിച്ചിട്ടുണ്ടെന്ന് ഫെയ്സ്ബുക് വഴി (10/08/2019, ശനി) പോസ്റ്റിട്ടതിന് ശേഷം ആദ്യം വന്ന ഫോൺ കോളും ഇവരുടേതായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോട് കൂടി ഡിപ്പോയിലേക്ക് ഒരു ടിപ്പർ ലോറി നിറയെ സാധനങ്ങളാണ് എഞ്ചിനിയറിംഗ് കോളേജിലെ ഈ അനിയന്മാർ എത്തിച്ചത്.

ഇതു കൂടാതെ പാണ്ടനാട്, കല്ലിശ്ശേരി, തൈമറവൻകര, മുളക്കുഴ, ചെങ്ങന്നൂർ എന്നിവടങ്ങളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ചതിലധികം സാധനങ്ങളെത്തുകയും അവയെല്ലാം സുരക്ഷിതമായി വിവിധ ക്യാമ്പുകളിൽ എത്തിക്കുവാനും സാധിച്ചു. ഇതിനു വേണ്ട എല്ലാ സഹായങ്ങളും നൽകിയ ചെങ്ങന്നൂർ ഡിപ്പോയിലെ DTO ജേക്കബ് മാത്യു സാറിനും, സ്റ്റേഷൻ മാസ്റ്റർ, സെക്യൂരിറ്റി ചേട്ടന്മാർ, ചെങ്ങന്നൂരിൻ്റെ സ്വന്തം മോഹനൻ ചേട്ടൻ, മനോജ് ചേട്ടൻ, സാധനങ്ങൾ എത്തിച്ച ബസ്സുകളിലെ ജീവനക്കാർ, കൂടെ നിന്ന എല്ലാവർക്കും ആത്മാർത്ഥമായ നന്ദി അറിയിച്ചു കൊള്ളുന്നു.

ഇതോടൊപ്പം 12/08/2019, തിങ്കളാഴ്ച തൈമറവൻകര കല്ലിശ്ശേരി ഭാഗങ്ങളിൽ നിന്നുമെത്തിച്ച അവശ്യ വസ്തുക്കൾ ചെങ്ങന്നൂരിൻ്റെ ATK 106 സൂപ്പർ ഫാസ്റ്റിൽ തൃശ്ശൂരിലെത്തിക്കുകയും അവിടെ നിന്നും തൃശ്ശൂർ കളക്ട്രേറ്റിലെ കള്ഷൻ സെൻ്ററിലെത്തിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കുകയും ചെയ്യുവാൻ സാധിച്ചു.”