ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ലോറിയുടെ ലൈറ്റ് കേടായി; സഹായിച്ച് കെഎസ്ആർടിസി തൃശ്ശൂർ ഡിപ്പോ..

പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യവസ്തുക്കളുമായി പോകുകയായിരുന്ന ലോറിയുടെ ഹെഡ്‌ലൈറ്റ് കേടായതിനെത്തുടർന്നു മുന്നോട്ടു പോകാനാകാതെ അർദ്ധരാത്രി തൃശ്ശൂരിൽ കുടുങ്ങിയ ലോറിയ്ക്ക് രക്ഷകരായി തൃശ്ശൂർ കെഎസ്ആർടിസി ഡിപ്പോ ജീവനക്കാർ അടക്കമുള്ളവർ.

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കൗൺസിലർ ഐ.പി. ബിനുവിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുകയായിരുന്ന ലോറികളിൽ ഒന്നിന്റെ ഹെഡ്‌ലൈറ്റാണ് തൃശ്ശൂരിൽ എത്തിയപ്പോൾ തകരാറിലായത്. സമയം അർദ്ധരാത്രിയായതിനാൽ മെക്കാനിക്കിനെ കിട്ടാൻ ബുദ്ധിമുട്ടായി.

ഇതിനിടെ സഹായമഭ്യർത്ഥിച്ച് ലോറിയിലുണ്ടായിരുന്ന കൗൺസിലർ ഐ.പി. ബിനു ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയുണ്ടായി. അങ്ങനെയാണ് തൃശ്ശൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മെക്കാനിക്കൽ ജീവനക്കാർ സഹായവുമായി മുന്നോട്ടു വന്നത്. അങ്ങനെ നിമിഷനേരങ്ങൾക്കകം ഹെഡ്‌ലൈറ്റിന്റെ തകരാറുകൾ തൽക്കാലം പരിഹരിച്ചുകൊണ്ട് അവർ വയനാട്ടിലേക്ക് യാത്രയായി.

പോകുന്ന വഴിയ്ക്ക് വീണ്ടും വഴിയിലെ കുഴികളിൽ ലോറി ചാടിയതിനെത്തുടർന്നു ഒരു ഹെഡ്‌ലൈറ്റ് തകരാറിലായി. പിന്നീട് ഒറ്റക്കണ്ണുമായാണ് കോഴിക്കോട് വരെ അവർ സഞ്ചരിച്ചത്. അങ്ങനെ പ്രതിസന്ധികൾ മറികടന്നുകൊണ്ട് അവർ തിരുവന്തപുരം നഗരസഭ ശേഖരിച്ച ആവശ്യവസ്തുക്കളുമായി താമരശ്ശേരി ചുരം കയറി വയനാട്ടിലെ ദുരിതബാധിതർക്ക് എത്തിച്ചു കൊടുത്തു.

പ്രതിസന്ധികൾ മറികടന്നുകൊണ്ട് ഈയൊരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ കൗൺസിലർ ഐ.പി. ബിനുവിനെ അഭിനന്ദിച്ചുകൊണ്ട് നിയമസഭാ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിപ്പ് ഷെയർ ചെയ്യുകയുണ്ടായി. അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ : “ഐ. പി. ബിനു – “ആക്റ്റീവ് ” എന്ന പദത്തിന് അക്ഷരാർത്ഥത്തിൽ ജീവൻ വെക്കുകയാണ്. അതിന്റെ പേരാണ് ബിനു. എത്രയോ കാലമായി ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു പൊതു പ്രവർത്തകനാണ് ബിനു. “ബിനു, വരൂ നമുക്ക് ചന്ദ്രനെ പിടിക്കാൻ ഉണ്ടല്ലോ.” “ഏതു ചന്ദ്രൻ? ” ബിനു അപ്പോൾ ചോദിക്കും. “ആകാശത്തെ ചന്ദ്രൻ”. “ഓ, അതിനെന്താ, നമുക്ക് ഒരു കൈ നോക്കാമല്ലോ.” ബിനുവിന്റെ മറുപടി ഉടൻ വരും.

അങ്ങനെ അസാധ്യമായി എന്തെങ്കിലും ഉണ്ടെന്ന് ബിനു കരുതുന്നില്ല. തീവ്രമായ പ്രക്ഷോഭ മുഖങ്ങളിൽ, സന്നദ്ധ പ്രവർത്തനത്തിന്റെ അതിര് കാണാത്ത ആകാശങ്ങളിൽ, ത്യാഗനിർഭരമായ പ്രവർത്തികൾ സ്വയം ഏറ്റെടുക്കുന്നതിൽ സമർപ്പിച്ചു കൊണ്ടിരിക്കുന്ന ഒരപൂർവ്വ വ്യക്തിത്വമാണ് ബിനു. വയനാട്ടിലേക്കുള്ള ഒരു ലോറി സാധനങ്ങളുമായുള്ള ബിനുവിന്റെ യാത്ര കണ്ടപ്പോൾ എങ്ങനെയാണ് സ്വന്തം കർമ്മം കൊണ്ടും ശരീരം കൊണ്ടും ഒരു മനുഷ്യൻ എത്രത്തോളം സമർപ്പിത രീതികളുടെ മാതൃകയാകാൻ കഴിയുക, രാപ്പകലില്ലാതെ പ്രശ്നങ്ങളിൽ ഇടപെട്ടു കൊണ്ട് ഇരിക്കുക എന്നതിന്റെയൊക്കെ യഥാർത്ഥ ഉദാഹരണമായി തോന്നി. ഐ.പി.ബിനുവിന്, അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന, ചടുലമായ, ആക്റ്റീവ് ആയ പ്രവർത്തനങ്ങൾക്ക് അഭിവാദനങ്ങൾ.”

യാത്രയ്ക്കിടയിൽ ലോറിയുടെ തകരാറുകൾ പരിഹരിക്കുവാൻ മുന്നിട്ടിറങ്ങിയ കെഎസ്ആർടിസി ജീവനക്കാർ അടക്കമുള്ള ആളുകൾക്ക് എല്ലാവിധ നന്ദിയും അർപ്പിക്കുകയാണ്. ദുരിതാശ്വാസത്തിനായി പോകുന്നതിനിടെ വാഹനങ്ങൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ ഒരു സഹായവും കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത് കെഎസ്ആർടിസി ഡിപ്പോ ഉണ്ടെങ്കിൽ അവിടെ സമീപിക്കുക. ഈ അവസരത്തിൽ എല്ലാവരും സഹായത്തിനായി തയ്യാറാണ്.

തെക്കെന്നും വടക്കെന്നും വ്യത്യാസം ഉണ്ട് എന്ന് ചിലർ പറഞ്ഞു പിടിപ്പിക്കുന്ന കഥകൾക്കെതിരെ നിലകൊണ്ട് നമ്മുടെ ഉത്തരവാദിത്വ ധർമ്മങ്ങൾ ചിട്ടയോടെ പാലിക്കുകയാണ് തിരുവനന്തപുരം അടക്കമുള്ള തെക്കൻ കേരളത്തിലെ ജില്ലകൾ.