ഓർമ്മകളുടെ മൺപാതയിലൂടെ ഹോണടിച്ച് വരികയാണ് എഫ് എം എസ്.

എഴുതിയത് : നവാസ് പടുവിങ്ങൽ.

ഒരു കാലഘട്ടത്തിൽ കൊടുങ്ങല്ലൂരിന്റെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരുന്നു ഈ ബസ്സ് സർവീസ്. ഒരുപക്ഷെ തീരമേഖലയുടെ രാപ്പകലുകളെ നിയന്ത്രിച്ചിരുന്നത് എഫ് എം എസിന്റെ വളയമായിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഫ്രണ്ട്സ് മോട്ടോർ സർവീസ് അഥവാ ഫാത്തിമ മോട്ടോർ സർവീസ് അതായിരുന്നു എഫ്എംഎസ്. അറുപതുകളിൽ തുടങ്ങി എൺപതിന്റെ അവസാനം വരെ കൊടുങ്ങല്ലൂരിന്റെ പാതകളിലൂടെ പൊടിപാറിച്ച കടന്നു പോയ സ്വകാര്യ ജനകീയ ബസ് സർവീസ്.

എറിയാട് മേഖലയിലെ സമ്പന്നരായ മണപ്പാട്കുടുംബത്തിലെ എട്ടുപേർ ചേർന്നാണ് എഫ് എം എസ് സർവീസ് ആരംഭിച്ചത് . ബസ്സ് വാങ്ങിയെങ്കിലും “ഫിറ്റല്ല” എന്ന കാരണത്തൽ ആദ്യം അധികൃതർ പെർമിറ്റ് നൽകിയില്ല. ബസ്സിന്റെ കുഴപ്പം കൊണ്ടല്ല. ചോദിച്ച റൂട്ടിന്റെ കുഴപ്പം കൊണ്ട്. കോട്ടപ്പുറത്തു നിന്നും കോതപറമ്പ് കാര വഴി ഇന്നത്തെ അസ്മാബി കോളേജിന്റെ പരിസര പ്രദേശം വരെയായിരുന്നു ചോദിച്ച പെർമിറ്റ്. ഗതാഗത യോഗ്യമായ വഴികളില്ലെന്നതായിരുന്നു പെർമിറ്റ് അനുവദിക്കുന്നതിനുള്ള തടസ്സം. ബസ്സുടമകളിൽ ഒരാളായിരുന്ന അബ്ദുള്ള സാഹിബിന്റെ ഇടപെടലിനെ തുടർന്ന് സുഗമമായ വഴികളുണ്ടായതോടെ ഫിറ്റല്ലാത്ത പെർമിറ്റ് ഫിറ്റായി.

ഇരുപത്തിയൊന്ന് പേർക്ക് ഇരിക്കാവുന്ന 1963 മോഡൽ ഫാർഗോ എഞ്ചിനായിരുന്നുആദ്യത്തെ ബസ്. കാളവണ്ടി പോലും നേരെ ചൊവ്വേ പോകാത്ത ചെമ്മൺ പാതയിലൂടെ എഫ് എം എസ് പുകയുയർത്തി പാഞ്ഞത് നാട്ടാരുടെ മനസിലേക്കായിരുന്നു. തീരമേഖലയിലെ ആദ്യത്തെ ബസ് സർവീസായിരുന്ന എഫ് എം എസ് നാട്ടുകാരുടെ പ്രിയപ്പെട്ട ബസ് ആയിരുന്നു .ബസിൽ കയറുന്ന ഏതെങ്കിലും യാത്രക്കാരുടെ കയ്യിൽ ബസ് കാശിന് പുറമെ ചിലപ്പോൾ ഒരു പൊതി കാണും .എഫ് എം എസിലെ ജീവനക്കാർക്ക് നൽകാനുള്ള എന്തെങ്കിലും പലഹാരമായിരിക്കും ആ പൊതിയിൽ. വീടുകളിലെ വിശേഷ ചടങ്ങുകളിൽ എഫ് എം എസിലെ ജീവനക്കാർ പ്രത്യേക ക്ഷണിതാക്കളായിരുന്നു അന്ന്.

ആദ്യത്തെ ഫർഗോ എഞ്ചിൻ ബസിന് ശേഷം വീണ്ടും മറ്റൊരു ഫർഗോ ബസുകൂടെ FMS ന്റേതായി വാങ്ങിച്ചു. എഴുപതുകളുടെ തുടക്കത്തിലായിരുന്നു ബെൻസ് എഞ്ചിനോടു കൂടിയ ബസ് നിരത്തിലിറങ്ങിയത്. അതിനു ശേഷം ഫർഗോയുടെ അന്നത്തെ ഏറ്റവും പുതിയ മോഡലായ ത്രീ ഫൈവ് ഫോർ ബസും ഫാത്തിമ മോട്ടേഴ്സിന്റേതായി വന്നു.

കൊടുങ്ങല്ലൂരിൽ നിന്നും രാവിലെ ആളെ കയറ്റി പുറപ്പെടുന്ന ബസ് ലക്ഷ്യസ്ഥാനത്തെത്തുമ്പോഴേക്കും ഏതാണ്ട് ഉച്ചയാവാറായിരിക്കും. കുളിച്ചു കൊണ്ടിരിക്കുന്നയാൾ വസ്ത്രം മാറിഎത്തും വരെ ബസ് കാത്തുനിൽക്കുമെന്നതൊരു തമാശ കലർന്ന വാസ്തവം. അൻപതോളം വര്ഷം പഴക്കമുള്ള ഒരനുഭവസ്ഥന്റെ വാക്കുകൾ – “അഞ്ചങ്ങാടിക്കും അസ്മാബി കോളേജിനും ഇടക്ക് ഒരു സ്ഥലമെത്തിയപ്പോൾ സ്ത്രീകളടക്കം മൂന്ന് നാലു പേരുടെ കൂക്കിവിളി. നോക്കിയപ്പോൾ കൈതകൾ അതിരിടുന്ന ഒരു കുളത്തിൽ നിന്നും തൊട്ടടുത്തള്ള വീട്ടിൽ നിന്നുമുള്ള ആളുകളുടെ ബസ്സു് നിർത്താനുള്ള വിളിയാണ്. കുളത്തിൽ നില്ക്കുന്നയാൾ തിടുക്കത്തിൽ തല തോർത്തി വീടിനുള്ളിലേക്ക് പാഞ്ഞു പോയി.പെട്ടെന്ന് തന്നെ ഷർട്ടൊക്കെയിട്ട് ഓടിയെത്തി.അതുവരെ ബസ്സ് കാത്തുകിടന്നു.”

നിശ്ചിത സ്റ്റോപ്പൊന്നും എഫ് എം എസിനു ഉണ്ടായിരുന്നില്ല. കൈ കാണിക്കുന്നിടത്ത് നിറുത്തി ആളെ കയറ്റും കൈ ചുണ്ടുന്നിടത്ത് നിർത്തി ആളെ ഇറക്കുകയും ചെയ്യും. ഡീസൽ മാത്രമല്ല നാട്ടുകാരുടെ സ്നേഹവുമാണ് എഫ് എം എസിനു ഇന്ധനമായിരുന്നത്. പതിവ് യാത്രക്കാർ, രാഷ്ട്രീയം, പ്രണയം, വിരഹം അങ്ങനെ ജീവിതം പോലെ സജീവമായിരുന്നു കശുമാവിൻ തോപ്പിലൂടെയുള്ള എഫ് എം എസിന്റെ യാത്ര.

അസ്മാബി കോളേജിനടുത്ത് സ്ഥിരമായി ഹാൾട്ട് ചെയ്യുന്നതു കൊണ്ട് അസ്മാബി വണ്ടിയെന്നൊരു വിളിപ്പേരുകൂടെ FMS ന് ഉണ്ടായിരുന്നു. “കോട്ടപ്പുറത്ത് നിന്ന് അസ്മാബി കോളേജിൽ എത്തുമ്പോൾ ഒരു യാത്ര അവസാനിക്കുന്നു. കോളേജിനു മുമ്പിലെ ചൂളമരത്തണലിൽ ഇത് ഒരിക്കലും ഓഫാക്കാതെ ഇടുമായിരുന്നു. ഓഫാക്കിയാൽ പിന്നൊരു യാത്ര ഉണ്ടായെന്നു വരില്ല! ഓഫാക്കാതെ കിടക്കുന്ന വണ്ടിയിൽ നിന്നും വരുന്ന ശബ്ദത്തിന് കാട്ടുകോഴി വിശ്രമ വേളയിൽ പുറപ്പെടുവിക്കുന്ന ശബ്ദത്തിന് സാമ്യം. ഡ്രൈവറുടെ ഇടത് പെട്ടി പോലെ ഉയർന്നു നിൽക്കുന്ന ഗിയർ ബോക്സ്. അതിനോട് ചേർന്ന് ഉയർന്ന് മുമ്പിലേക്ക് വളഞ്ഞ ഗിയർ ദണ്ഡ്; അതിന്റെ അറ്റം ഒരു ഗോളത്തിൽ പിടിപ്പിച്ചിരിക്കുന്നു. ഡ്രൈവർ ഇടത്തോട്ട് ചാഞ്ഞ് ഈ ഗീയർ ദണ്ഡ് മാറ്റുന്നത് കാണാൻ എന്തൊരു ചന്തം…” – FMS നെക്കുറിച്ച് പഴയ ഒരു യാത്രക്കാരന്റെ വാക്കുകളാണിവ. ഇടതു വശത്തെ നീണ്ട സീറ്റ് ഒരു പ്രത്യേകതയായിരുന്നു. കോട്ടപ്പുറം ചന്ത ദിവസങ്ങളിൽ ബസ്സിന്റെ പിൻഭാഗം നിറയെ കച്ചവട ചരക്കുകളും ആയി കടക്കാർ ഉണ്ടാകും . ഓട്ടോറിക്ഷക്കു പകരം പലരും ഈ ബസ്സിൽ ചരക്കുകൾ കൊണ്ടുപോയിരുന്നു .

പത്താപുള്ളി മുഹമ്മദ്, ഹനീഫ് എന്നിവരായിരുന്നു ആദ്യത്തെ ഡ്രൈവറും കണ്ടക്ടറുമെന്ന് പഴമക്കാർ ഓർക്കുന്നു. ഒരു ബസിൽ തുടങ്ങിയ സർവീസ് പിന്നീട് എണ്ണം കൂട്ടി വിപുലമാക്കി. എഴുപതിന്റെ ആദ്യത്തിൽ ബെൻസ് കമ്പനിയുടെ ബസും പിന്നീട് അന്നത്തെ മോഡലായ ഫൈവ് ഫോറവും എഫ് എം എസ് നിരത്തിലിറക്കി. എറിയാട് സ്കൂൾ, അസ്മാബി കോളേജ് എന്നിവിടങ്ങളിലെ കുട്ടികളുടെ ഏക യാത്രാമാർഗമായിരുന്നു ഇത്. കോട്ടപ്പുറം കോട്ടപ്പാലത്തിനു സമീപം ഒരാളുടെ മരണത്തിനിടയാക്കിയതൊഴിച്ചാൽ സർവീസ് അവസാനിപ്പിക്കും വരെ കാര്യമായൊരു അപകടവും ഉണ്ടായിട്ടില്ല എന്നതും എഫ്എം എസിന്റെ ഒരു സവിശേഷതയാണ്. കൊടുങ്ങല്ലൂർ വളർന്നു വന്നത് എഫ് എം എസിന്റെ മുന്നിലൂടെയാണ്.

ദീർഘകാലം സ്കൂളിന് മുന്നിലൂടെ ബസോടിച്ചിരുന്ന സുബ്രഹ്മണ്യന്റെ വാക്കുകളിൽ – ” നിറയെ ആൾക്കാരേയും കുട്ടികളേയും കുത്തി നിറച്ചു കൊണ്ടുള്ള ആ യാത്ര…. ശരിക്കും ഒരു ഒന്നൊന്നര യാത്രയായിരുന്നു. ബസിനകത്തും പുറത്തുമൊക്കെ താങ്ങാവുന്നതിലധികം യാത്രക്കാർ…. പക്ഷേ എന്തു ചെയ്യും എല്ലാവർക്കും FMS തന്നെ വേണം. പലപ്പോഴും ഓവർ ലോഡിന് പോലീസ് പിടിക്കുകയും പിഴയിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. അന്നും ഇന്നത്തെപ്പോലെ യൂണീഫോമൊക്കെ നിർബന്ധമായിരുന്നു. കൂടെ കരുതുമെങ്കിലും ഇടുന്ന പതിവ് കുറവായിരുന്നു. പോലീസിനെ കാണുമ്പോൾ ബസിലെ തിരക്കിനിടയിൽ സ്ത്രീകളുടെ ഇടയിൽ നിന്നു കൊണ്ടു തന്നെ ഷർട്ടൂരി യൂണീഫോം ധരിക്കുമായിരുന്നു. ആ കാര്യങ്ങളൊക്കെ ഓർക്കുമ്പേൾ ഇപ്പോൾ ചിരിയാണ് വരുന്നത്.”

അന്നൊക്കെ ബസ് ഡ്രൈവർ, ബസ് കണ്ടക്ടർ എന്നൊക്കെ പറഞ്ഞാൽ സിനിമാക്കാരേക്കാളും ആരാധനയാ…. ആരാധനമൂത്ത് പ്രേമലേഖനങ്ങൾ വരെ എഴുതിത്തന്ന കേസുകളുണ്ടായിരുന്നു. അതുപോലെത്തന്നെ ബസ് യാത്രക്കിടെ ഉടലെടുത്ത പ്രേമങ്ങളിലൂടെ വിവാഹിതരായ കുറച്ചു പേരുണ്ട്. അവരിൽ ചിലരുടെ കല്യാണ യാത്രയും ഈ ബസ്സിലായിരുന്നു.

മണപ്പാട്ട് അബ്ദുൾ റഹീം ഹാജി, ഡോ.സിദ്ധിക്ക്, ഡോ.സഗീർ, ജഡ്ജിയായിരുന്ന മുഹമ്മദാലി, അഡ്വ. ഹൈദ്രോസ് , മുഹമ്മദ് ഇബ്രാഹിം, ചീഫ് സിക്രട്ടറിയായിരുന്ന അബ്ദുള്ള സാഹിബ് എന്നീ എട്ടു പേർ ചേർന്നാണ് ബസ് വാങ്ങി ഫാത്തിമ മോട്ടേഴ്സ് സർവീസ് തുടങ്ങിയത്. മുതലാളിമാർ എട്ടു പേരുണ്ടായിരുന്നു എങ്കിലും മണപ്പാട് അബ്ദുൽ റഹിം ഹാജിക്കായിരുന്നു ബസിന്റെ നടത്തിപ്പ് ചുമതല. ഹാജിയാർ രോഗബാധിതനായതിനെ തുടർന്ന് സർവീസ് നോക്കി നടത്താൻ ബുദ്ധിമുട്ടായി. നടത്തിപ്പ് തൊഴിലാളികൾ ഏറ്റെടുത്ത മുന്നോട്ട് പോയെങ്കിലും പുതിയ തലമുറ ബസുകൾ നിരത്തിലിറങ്ങിയതോടെ എഫ് എം എസ് എന്നെന്നേക്കുമായി ബ്രേക്കിട്ടു. ഇന്നും തീരദേശവാസികൾക്കു പ്രതേകിച്ചു മുതിർന്നവർക്ക് എഫ് എം എസ് ഒരു വികാരമാണ്. ഈയിടെ എറിയാട് സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി കവാടത്തിൽ എഫ് എം എസിന്റെ മാതൃക സ്ഥാപിച്ചിരുന്നു. അതുതന്നെയാണ് എഫ് എം എസിന്റെ കാലം മായ്ക്കാത്ത ജനപ്രിയതയുടെ തെളിവും .

കാലം ഏറെമാറിയിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ആഡംബര ബസുകൾ റോഡിലൂടെ ചീറിപ്പായുന്നു. എങ്കിലും ഈ നാട്ടുകാരുടെ മനസ്സിൽ എഫ് എം എസിനെ ഓവർ ടേക്ക് ചെയ്യാൻ മറ്റൊരു വണ്ടിക്കും കഴിയുന്നില്ല.