എക്കോസ്‌പോർട്ട് – ഫോർഡിൻ്റെ ജനപ്രിയമായ മോഡലിൻ്റെ വിശേഷങ്ങൾ..

ഇന്ന് ഫോർഡിന്റെ ഏറ്റവും ജനപ്രീതിയുള്ള ഒരു കാർ മോഡലാണ് എക്കോസ്പോർട്ട്. അതുകൊണ്ടു തന്നെയാണ് ഞാനും എക്കോസ്പോർട്ട് തിരഞ്ഞെടുത്തതും. എന്നാൽ ഞാൻ വണ്ടി എടുത്തു കഴിഞ്ഞു രണ്ടുമാസത്തിനു ശേഷം എക്കോസ്പോർട്ട് മോഡൽ അൽപ്പം പരിഷ്‌ക്കരിച്ചുകൊണ്ട് കമ്പനി നിരത്തിലിറക്കുകയുണ്ടായി. എന്തായാലും എൻ്റെ കയ്യിലുള്ള മോഡൽ കിടിലൻ തന്നെയാണ് കേട്ടോ.

2013 ലാണ് ഫോർഡ് എക്കോസ്പോർട്ട് നിരത്തിലിറക്കുന്നത്. പുറത്തിറങ്ങി ഇത്രയും വർഷങ്ങൾക്കിടയിൽ ഒന്നു രണ്ടു തവണ ചില പരിഷ്‌ക്കാരങ്ങൾ എക്കോസ്പോർട്ടിൽ കമ്പനി വരുത്തുകയുണ്ടായി. ഇപ്പോഴിതാ 2019 ആദ്യം തന്നെ കുറച്ചുകൂടി വ്യത്യസ്തതകളുമായി വീണ്ടും എക്കോസ്പോർട്ട് വിപണിയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ആ മോഡൽ കഴിഞ്ഞ ദിവസം എനിക്ക് ഓടിക്കുവാൻ അവസരം ലഭിക്കുകയുണ്ടായി. അതിൻ്റെ വിശേഷങ്ങളാണ് ഇത്തവണ ഞാൻ നിങ്ങൾക്ക് മുന്നിൽ പങ്കുവെക്കുവാൻ പോകുന്നത്.

എക്കോസ്പോർട്ട് ടൈറ്റാനിയം പ്ലസ് ഡീസൽ വേർഷൻ വണ്ടിയായിരുന്നു എനിക്ക് റിവ്യൂ ചെയ്യുവാനായി ലഭിച്ചത്. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ കണ്ടെയ്‌നർ റോഡിനരികിലായി സ്ഥിതി ചെയ്യുന്ന കൈരളി ഫോർഡ് മുഖേനയാണ് റിവ്യൂ, ടെസ്റ്റ് ഡ്രൈവ് എന്നിവയ്ക്ക് എനിക്ക് അവസരം ലഭിച്ചത്.

പുതുതായി ഇറങ്ങുന്ന വണ്ടികൾ വളരെ ആകർഷണീയമായ വ്യത്യസ്തമായ നിറങ്ങളിൽ ലഭ്യമാണ്. 200 mm ഗ്രൗണ്ട് ക്ലിയറൻസുള്ള ഒരു കിടിലൻ വണ്ടി തന്നെയാണിത്. ചുരുക്കിപ്പറഞ്ഞാൽ ഒരു കോംപാക്ട് എസ്.യു.വി. എന്നുതന്നെ ഈ മോഡലിനെ നമുക്ക് പറയാകാനും.

ഇതിനു തൊട്ടു മുൻപുള്ള വേർഷനുകളെ അപേക്ഷിച്ച് കുറച്ചു മാറ്റങ്ങൾ പുതിയ വേർഷനിൽ വന്നിട്ടുണ്ട്. അതിൽ ആദ്യം തന്നെ പറയേണ്ട ഒന്നാണ് മുൻഭാഗത്ത് ബോണറ്റിലും ഗ്രില്ലിലും വരുത്തിയിരിക്കുന്നു മാറ്റങ്ങൾ. പ്രൊജക്റ്റഡ് ഹെഡ് ലാംപ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും കൂടിയായപ്പോൾ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു ക്യൂട്ട് ലൂക്ക് കുറച്ചുകൂടി വണ്ടിയ്ക്ക് കൈവരിക്കുവാനായിട്ടുണ്ട്. എന്നാൽ സൈഡും ബാക്കും ഒക്കെ പഴയതുപോലെ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്.

ഇനി വണ്ടിയ്ക്ക് ഉള്ളിലെ കാര്യങ്ങൾ ഒന്നു നോക്കാം. ഏതൊരു വാഹന ഉടമയെ സംബന്ധിച്ചും കാറിന്റെ ഇന്റീരിയറിൻ്റെ മേന്മ ഏറ്റവും പ്രധാനമാണ്. ഡ്രൈവറെക്കൂടാതെ യാത്രക്കാരുടെ യാത്രാസുഖവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ മോഡലിന്റെ കാര്യം നോക്കുമ്പോൾ ഡ്രൈവർക്ക് അധികം ബുദ്ധിമുട്ടില്ലാതെ അനായാസം കൈകാര്യം ചെയ്യുവാൻ കഴിയുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് (സ്‌ക്രീൻ) സെറ്റ് ചെയ്തിരിക്കുന്നത്.

സ്റ്റീയറിംഗിന് ചെറിയ ഡിസൈൻ മാറ്റവും അതോടൊപ്പം തന്നെ ഡ്രൈവർക്ക് ഇടതുവശത്തു കൈ വെക്കുവാനായി ഒരു ഹാൻഡ് റെസ്റ്റും പുതിയ മോഡലിൽ ഉണ്ട്. Automatic Climate Control സംവിധാനത്തോടു കൂടിയ മികച്ച A/C സിസ്റ്റം അൽപ്പം താഴ്ത്തിയാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിനടുത്തായി രണ്ടു USB പോർട്ടുകൾ, 12 വോൾട്ട് അഡാപ്‌റ്റർ എന്നിവയും ലഭ്യമാണ്.

യാത്രക്കാരുടെ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നൽകിയിരിക്കുന്ന ഈ മോഡലിൽ മൊത്തം ആറു എയർബാഗുകൾ സെറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ പഴയ മോഡലിൽ ഉണ്ടായിരുന്ന സീറ്റ് ബെൽറ്റ് വാണിങ് തരുന്ന സംവിധാനവും ഇതിലുണ്ട്.

മൈലേജ് നോക്കിയാണ് നിങ്ങൾ ഈ മോഡൽ വാഹനം എടുക്കുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഡീസൽ വേർഷൻ എടുക്കുന്നതായിരിക്കും നല്ലത്. ഡീസൽ മോഡലിന് 17-18 kmpl മൈലേജ് എങ്ങനെ വന്നാലും ലഭിക്കും. പിന്നെ അത് നമ്മൾ വാഹനം കൈകാര്യം ചെയ്യുന്ന രീതിയെ ആശ്രയിച്ചുമിരിക്കും.

ഡ്രൈവറെയും ചേർത്ത് മൊത്തം അഞ്ചു പേർക്ക് എക്കോസ്പോർട്ടിൽ അത്യാവശ്യം സൗകര്യത്തോടെ യാത്ര ചെയ്യുവാൻ സാധിക്കും. പുതിയ മോഡലിൽ പിന് സീറ്റുകളിൽ രണ്ടുപേരേ ഇരിക്കുന്നുള്ളൂവെങ്കിൽ സീറ്റിനു നടുവിലായി മടക്കി വെച്ചിരിക്കുന്ന ഹാൻഡ് റെസ്റ്റ് നേരെ വെച്ചുകൊണ്ട് റിലാക്സ് ചെയ്ത സഞ്ചരിക്കുവാൻ സാധിക്കും. വലിയ ലഗേജുകൾ കൊണ്ടുപോകണമെങ്കിൽ പിന്നിലെ സീറ്റുകൾ മടക്കി വെച്ചുകൊണ്ട് നല്ല രീതിയിലുള്ള ഡിക്കി സ്‌പേസ് ഉണ്ടാക്കുവാൻ സാധിക്കും.

ഡ്രൈവ് ചെയ്തു നോക്കിയപ്പോൾ മുൻപുള്ള മോഡലുകളേക്കാൾ അൽപ്പംകൂടി സസ്പെൻഷനുകൾ മികച്ചതാക്കിയിട്ടുണ്ട്. ഗിയർ ഷിഫ്റ്റിങ്, ക്ലച്ച് എന്നിവയും ഒന്നുകൂടി സ്മൂത്ത് ആക്കിയിട്ടുണ്ട്. ഇനി വിലയുടെ കാര്യം നോക്കുകയാണെങ്കിൽ പെട്രോൾ വേർഷന് 9 ലക്ഷം രൂപ മുതലും ഡീസൽ വെർഷന്റെ ടോപ് എൻഡ് വില 13.5 ലക്ഷവുമാണ്. വണ്ടിയുടെ കൂടുതൽ വിവരങ്ങൾക്കും ഏറ്റവും മികച്ച ഓഫറുകൾക്കും കൈരളി ഫോർഡിനെ സമീപിക്കാം: 98950 10620.