വേനൽച്ചൂടിൽ വലഞ്ഞു ഹൈവേ യാത്രക്കാർ; ദാഹജലം എത്തിച്ച് യുവാക്കളുടെ കൂട്ടായ്മ…

കേരളത്തിൽ ചൂട് ദിവസം ചെല്ലുന്തോറും കനത്തു വരികയാണ്. പാലക്കാട്, തൃശ്ശൂർ ജില്ലകളെപ്പോലെ തന്നെ എറണാകുളം ജില്ലയും ചൂടിൽ മുന്നിൽത്തന്നെയാണ് നിൽക്കുന്നത്. എറണാകുളത്ത് ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് കളമശ്ശേരി മുതൽ ഹൈക്കോർട്ട് വരെയുള്ള കണ്ടെയ്‌നർ റോഡ് വഴി കടന്നുപോകുന്ന യാത്രക്കാരാണ്. ഇത്രയും ദൂരം ഹൈവേയുടെ അരികിൽ തണൽവൃക്ഷങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് ഈ കഷ്ടപ്പാടിന് ആക്കം കൂട്ടുന്നത്. ഇതിനു പരിഹാരമായി കണ്ടെയ്‌നർ റോഡിലൂടെ കടന്നുപോകുന്നവർക്ക് സൗജന്യമായി ദാഹജലം വിതരണം ചെയ്ത് ശ്രദ്ധേയമായിരിക്കുകയാണ് കോതാട് കെ.സി.വൈ.എം കൂട്ടായ്മ.

കണ്ടെയ്‌നർ റോഡിൽ കോതാട് ഭാഗത്ത് വെള്ളവുമായി നിലയുറപ്പിച്ച ഈ കൂട്ടായ്മയിലെ അംഗങ്ങൾ അതുവഴി കടന്നു പോയവർക്കെല്ലാം വെള്ളം പേപ്പർ കപ്പിൽ പകർന്നു നൽകി. സ്‌കൂട്ടർ യാത്രികരും ഓട്ടോറിക്ഷാ ഡ്രൈവർമാരും തുടങ്ങി കെഎസ്ആർടിസി ബസ്സിലെ ജീവനക്കാർക്കും യാത്രക്കാർക്കും വരെ ഇവർ വെള്ളം വിതരണം ചെയ്യുകയുണ്ടായി. വെള്ളം വിതരണം ചെയ്യുന്നതു കണ്ട ഒരു കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർമാർ അവിടെ ബസ് നിർത്തുകയും ദാഹിച്ചു വലഞ്ഞ യാത്രക്കാർക്ക് വെള്ളം കുടിക്കുവാൻ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തത് പ്രശംസനീയമാണ്. നിരവധി ആളുകൾ ഈ സംരംഭത്തിന്റെ ഭാഗമായി. 200ൽപരം ആളുകൾക്കു വെള്ളം എത്തിക്കുവാൻ കെ.സി.വൈ.എം അംഗങ്ങൾക്കു സാധിച്ചു. തുടർന്നുള്ള ദിവസങ്ങളിലും ഇതുപോലുള്ള നന്മപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനാണ് കെസിവൈഎം കൂട്ടായ്മയുടെ പദ്ധതി.

കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യഘാതം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഒരിക്കല്‍ കൂടി ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുന്നത്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടെണ്ടതാണ്. സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ഫലങ്ങളും സലാഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് സഞ്ചരിക്കുമ്പോള്‍ കുടയോ മറ്റോ ചൂടുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും. ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.