“അതേ അങ്ങ് ഹോളിവുഡിൽ നിന്നും ഒരു സിനിമ ചാൻസ് വരും..” ഒരു KSRTC ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

ഒരു ബസ്സിലെ കണ്ടക്ടറും യാത്രക്കാരും തമ്മിൽ യാത്രയ്ക്കിടയിൽ സൗഹൃദങ്ങൾ മുളയ്ക്കാറുണ്ട്. എന്നാൽ ഒരു ഡ്രൈവറും യാത്രക്കാരനും തമ്മിൽ യാത്രയ്ക്കിടെ പരിചയപ്പെടുക പോലും സാധ്യത കുറവാണ്. എന്നാൽ അത്തരത്തിൽ ഒരു യാത്രക്കാരനെ പരിചയപ്പെട്ട അനുഭവകഥയാണ് ചങ്ങനാശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് കുട്ടന് പറയുവാനുള്ളത്. പ്രസ്തുത സംഭവം വിവരിച്ചുകൊണ്ടുള്ള സന്തോഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു…

“അതേ അങ്ങ് ഹോളിവുഡിൽ നിന്നും ഒരു സിനിമ ചാൻസ് വരും.. ഞായറാഴ്ച ഡ്യൂട്ടി തുടങ്ങി കോട്ടയം എത്താറായപ്പോൾ പുളിമൂട് ജംഗ്ഷനിൽ വച്ച് പെട്ടെന്ന് വഴി ബ്ലോക്ക് ആയി. ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഏതോ കെഎസ്ആർടിസി ബസ് ബാറ്ററി ഭാഗത്ത് പിടിച്ചതിനെ തുടർന്ന് ബ്ലോക്ക് ആയി. ബ്ലോക്ക് എല്ലാം തരണം ചെയ്ത് കോട്ടയം സ്റ്റാൻഡിൽ നിന്നും ആളെ എടുത്ത് ഏറ്റുമാനൂരും കഴിഞ്ഞ് ഞങ്ങൾ പോയി. നല്ല തിരക്കുണ്ടായിരുന്നു.

കുറവിലങ്ങാട് ആയപ്പോൾ കുറുവിലങ്ങാട് പള്ളിയുടെ കുരിശടി സ്റ്റോപ്പിൽ നിന്നും വിശാലമായ നെറ്റിത്തടം ഉള്ള ഒരു മനുഷ്യൻ കയറി. കയറിയപ്പോൾ ഞാൻ പറഞ്ഞു സീറ്റില്ല. അദ്ദേഹം പറഞ്ഞു “സീറ്റ് ഒന്നും വേണ്ട തൃശൂർ വരെയുള്ള വേണമെങ്കിൽ ഞാൻ തൃശ്ശൂർ വരെ നിന്നോളാം. ഒരു മണിക്കൂറിനു മുകളിൽ ഞാൻ ഇവിടെ ബസ് കാത്തു നിൽക്കുന്നു. വരുന്ന ബസ്സിന് എല്ലാം നല്ല തിരക്ക്.”

ഞാൻ വണ്ടി മുന്നോട്ടെടുത്തു. അദ്ദേഹം ഫുട്ബോഡിൽ ഇരിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു അവിടെ ഇരിക്കണ്ട ബോണറ്റിന് മുകളിലിരുന്നോളൂ എന്ന്. അദ്ദേഹത്തിന് സന്തോഷമായി. ഞങ്ങൾ യാത്ര തുടർന്നു. കുറവിലങ്ങാട് കഴിഞ്ഞ് സാമാന്യം നല്ല വളവുകളും തിരിവുകളുമുള്ള ഭാഗത്ത് വന്നപ്പോൾ ഒരു കാർ മുന്നിൽ പതുക്കെയും സ്പീഡ് കൂട്ടിയും പോകുന്നുണ്ടായിരുന്നു. വളരെയധികം ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായി എന്നെ അറിയുന്ന ആരോ ആണ് കാറിൽ എന്ന്. എന്നാൽ അതു മനസ്സിലാക്കാതെ വിശാലമായ നെറ്റി തടമുള്ള മനുഷ്യൻ പറഞ്ഞു “വേറെ പണിയില്ലേ വീട്ടിൽ നിന്ന് കുറ്റിയും പറിച്ചു ഇറങ്ങിക്കോളൂ മനുഷ്യനെ തടസ്സങ്ങൾ ഉണ്ടാക്കാൻ.”

ഞാൻ പറഞ്ഞു ഒന്നും പറയണ്ട എന്നെ അറിയുന്ന കൂട്ടുകാരനാണ്. അദ്ദേഹം പറഞ്ഞു അയ്യോ അറിഞ്ഞില്ല ക്ഷമിക്കണം. ഞാൻ പറഞ്ഞു അത് സാരമില്ല. ഞങ്ങൾ യാത്ര തുടർന്നു. അധികം സമയം അദ്ദേഹം എന്നെ ഒപ്പം യാത്ര ചെയ്തു. മൂവാറ്റുപുഴ അടുക്കാറായപ്പോൾ അദ്ദേഹം പറഞ്ഞു “നിങ്ങൾ മുടിഞ്ഞ സ്റ്റൈൽ ആണ് മനുഷ്യ.. നിങ്ങളുടെ ഡ്രസ്സ് കോഡ്, കൂളിംഗ് ഗ്ലാസ്, ഇരിപ്പ്, ഡ്രൈവിംഗ് എല്ലാം അപാര സ്റ്റൈൽ ആണ്. ഞാൻ ഒരു വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ നിങ്ങളെ ഹോളിവുഡിൽ നിന്ന് ആള് സിനിമയിലേക്ക് വിളിക്കും (ഇദ്ദേഹം യുകെയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്).

തമ്പുരാനെ എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. മോളിവുഡും കോളിവുഡും ബോളിവുഡും അല്ല അങ്ങ് ഹോളിവുഡിൽ എനിക്ക് സിനിമയിൽ നിന്ന് ചാൻസ് വരും എന്നാണ് അദ്ദേഹം പറഞ്ഞത്. എന്താ ഞാൻ പറയുക. ഒന്ന് ഉറക്ക ചിരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഞാനിരുന്നു. എന്തായാലും ശരി അത്രയും പറഞ്ഞതല്ലേ പെരുമ്പാവൂർ സ്റ്റാൻഡിൽ വച്ച് ഞാൻ ഒരു സെൽഫി എടുത്തു. അദ്ദേഹം പറഞ്ഞു അത് എനിക്ക് വാട്സ്ആപ്പ് ചെയ്യണേ എന്ന്. ഞാൻ പറഞ്ഞു തീർച്ചയായും.

ഒരു വിസിറ്റിംഗ് കാർഡ് പോക്കറ്റിലേക്ക് വെച്ചിട്ട് അദ്ദേഹം പറഞ്ഞു കൂട്ടുകാരുമൊത്ത് വരികയാണെങ്കിൽ തീർച്ചയായും ഈ നമ്പറിൽ വിളിക്കണം എന്ന്. ഞാൻ അദ്ദേഹത്തിൻറെ പേര് ചോദിച്ചു, അദ്ദേഹം പറഞ്ഞു. പക്ഷേ ഇപ്പോൾ എൻറെ മനസ്സിൽ ആ പേരില്ല. എവിടെയോ നഷ്ടപ്പെട്ടു. പ്രിയ സുഹൃത്തേ, വളരെ നന്ദി എന്നോടൊപ്പം യാത്രചെയ്തതിന്, സംസാരിച്ചതിന്. താങ്കൾക്ക് സന്തോഷപ്രദമായ ഒരു യാത്ര സമ്മാനിക്കാൻ എനിക്ക് കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. എന്തായാലും കോഴിക്കോട് വരുമ്പോൾ ഞാൻ വിളിക്കാം, ദൈവം അനുഗ്രഹിച്ചാൽ…”