‘വിദ്യാർത്ഥി – ബസ് തൊഴിലാളി’ സൗഹൃദം; ഒരു യാത്രക്കാരൻ്റെ അനുഭവക്കുറിപ്പ്…

വളരെക്കാലം തൊട്ടേ കേൾക്കുന്നതാണ് സ്‌കൂൾ വിദ്യാർത്ഥികളും ബസ്സുകാരും തമ്മിലുള്ള വഴക്കുകളെക്കുറിച്ച്. കൺസെഷൻ തന്നെയാണ് പ്രശ്നം. നേരിട്ടും പിന്നെ സിനിമകളിൽ ആണെങ്കിൽപ്പോലും വിദ്യാർത്ഥി – ബസ് കണ്ടക്ടർ തർക്കങ്ങൾ ധാരാളം നാം കണ്ടിട്ടുണ്ട്. എന്നാൽ എല്ലാ ബസ് ജീവനക്കാരും ഒരേപോലെയാണോ? ചിന്തിച്ചു നോക്കേണ്ട ഒരു കാര്യമാണിത്.

വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള സംഘർഷ വാർത്തകളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങൾ വൈറലാക്കി വിടുമ്പോൾ അതിനെല്ലാം അപ്പുറത്ത് വിദ്യാർത്ഥികളുമായി സൗഹൃദം സ്ഥാപിക്കുന്ന ബസ് ജീവനക്കാരും നമ്മുടെ സമൂഹത്തിലുണ്ട്. അത്തരമൊരു അനുഭവം പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയും ഇന്ത്യൻ റെയിൽവേ ജീവനക്കാരനുമായ അനൂപ്. അനൂപിന്റെ അനുഭവക്കുറിപ്പ് ഇങ്ങനെ…

“ചിത്രം കണ്ടിട്ട് എന്തു തോന്നുന്നു ??പകർത്തിയത് ഒരു കോഴിക്കോട് യാത്രയിലാണ്. കോഴിക്കോട് – പാലക്കാട് റൂട്ടിലോടുന്ന പ്രൈവറ്റ് LS ബസ്സ് മലപ്പുറം കുന്നുമ്മൽ നിന്നും ആളെ എടുത്ത് കലക്ട്രേറ്റിന്റെ മുന്നിൽ ഒന്ന് നിറുത്തി. കയറിയത് ഈ വിദ്യാർത്ഥി മാത്രം. എന്നിട്ട് ലാസ്റ്റ് സീറ്റിൽ എന്റെ സമീപം ഇരുന്ന് മൊറയൂർ കഴിഞ്ഞപ്പോഴേക്കും ഉറങ്ങാൻ തുടങ്ങി.

യാത്ര രാമനാട്ടുകരക്കടുത്ത് 11 എന്ന സ്റ്റോപ്പിലേക്ക്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ 9 ൽ പഠിക്കുന്നു. എന്റെ മോളുടെ ക്ലാസിൽ തന്നെ. വണ്ടിയിലെ ജീവനക്കാർ ഈ കുട്ടിയോട് വിശേഷങ്ങൾ ചോദിക്കുന്നു. നല്ല ഒരു സൗഹൃദം. ഇടക്ക് ഞാൻ ഈ കുട്ടിയോട് ചോദിച്ചു കോഴിക്കോട് KV (കേന്ദ്രീയ വിദ്യാലയ) അല്ലേ അടുത്ത് പിന്നെ എന്തിനാ ഇത്ര ദൂരം യാത്ര ചെയ്ത് ഇങ്ങോട്ട് വരുന്നത് എന്ന്. മറുപടി അങ്ങോട്ട് 2 ബസ്സ് മാറിക്കേറണം ഇവിടെ ആകുമ്പോ ഒറ്റ ബസ്സ് മതിയല്ലോ എന്നാണ്.

ബസ്സിൽ യാത്രക്കാർ ധാരാളം സ്റ്റാന്റിങ്ങ് ഉണ്ടായിരുന്നു. ഒരവസരത്തിൽ പോലും ഈ കുട്ടിയെ ജീവനക്കാർ ബുദ്ധിമുട്ടിച്ചില്ല. 10 രൂപയുടെ നോട്ടാണ് ആ കുട്ടി കൊടുത്തത്. “ബാക്കി ശരിയാക്കാട്ടോന്ന്” സ്നേഹത്തോടെ ആണ് കണ്ടക്ടർ പറഞ്ഞത്. സ്റ്റോപ്പിൽ ഇറങ്ങാൻ ആയപ്പോൾ ജീവനക്കാരനുമായി സംസാരിച്ചുകൊണ്ട് നില്ക്കുന്നതിന് ഇടയിലാണ് ഈ ചിത്രം എടുത്തത്. നാളെ കാണില്ലേ എന്ന് ചിരിച്ചു കൊണ്ട് ചോദിച്ച് സ്റ്റോപ്പിൽ ഇറക്കി വിടുകയും ചെയ്തു.

വിദ്യാർത്ഥി സംഘടനകൾ ആളാവാൻ കളിച്ച് പ്രശ്നങ്ങൾ വഷളാക്കുന്നില്ലെങ്കിൽ പ്രശ്നങ്ങൾ വളരെ കുറവാണ്. വളരെ സൗമ്യമായി യാത്രക്കാരോട് പെരുമാറിക്കൊണ്ടിരുന്ന ഈ ജീവനക്കാരൻ കോഴിക്കോട് – പാലക്കാട് ഓടുന്ന സന ട്രാൻസ്പോർട്ട്, ഫേവറിറ്റ് എന്നീ ബസ്സുകളിൽ ആണ് ജോലി നോക്കുന്നത്. ഇതുപോലെ സൗഹൃദം പൂത്തുലയട്ടെ, പരസ്പരം സഹകരിച്ച് മുന്നോട്ട് പോകട്ടെ വിദ്യാർത്ഥികളും ജീവനക്കാരും.”