മരണം പതിയിരിക്കുന്ന മരുഭൂവിൽ ഒരു പ്രവാസിയുടെ ജീവിതയാത്ര…

വിവരണം –Sharon R Krishnan.

ഇതൊരു ജീവിത യാത്രയാണ്. നമ്മൾ പലരും നിലനില്പിനായി കെട്ടി ആടുന്ന വേഷങ്ങളിൽ ഉച്ചത്തിൽ കേൾക്കാവുന്ന ഒരു ശബ്ദം “പ്രവാസം “. എന്താണ് പ്രവാസം?
പിറന്ന നാടും വളർന്ന മണ്ണും എല്ലാം വിട്ട് മറ്റൊരിടത്തേക്കുള്ള ഒരു ചേക്കേറൽ. സ്വന്തം വീട്ടിൽ അതിഥി ആയി ഇടക്ക് വരുന്നു. അങ്ങോട്ട് പോകുമ്പോൾ വൺവേ ടിക്കറ്റും പെട്ടികളിൽ നിറച്ച ഓർമമകളും പക്ഷെ നാട്ടിലേക് വരുമ്പോൾ റിട്ടേൺ പോകാൻ ഉള്ള ടിക്കറ്റ് ഉൾപ്പടെ തിരിച്ചു പോകേണ്ട ദിവസം മുൻകൂട്ടി സ്റ്റാമ്പ്‌ ചെയ്തു കിട്ടുന്നവർ . ഇങ്ങനെ ആയിരിക്കും ഭൂരിഭാഗം പേരും…ഈ പറഞ്ഞതെല്ലാം നഷ്ടങ്ങൾ പക്ഷെ എന്നിട്ടും ഇവിടെ കുറെ പേർ. ഇവിടെ പലർക്കും പല കഥകൾ ചിലർക്ക് നഷ്ടങ്ങളുടെ മറ്റു ചിലർക്ക് നേട്ടങ്ങളുടെ.

“FROM THE GARDEN CITY OF INDIA TO SULTANATE OF OMAN” – ബാംഗ്ലൂരിൽ പറന്നു നടന്ന സമയം മഡിവാല മലബാർ ഹോട്ടലും മ്മടെ ജോസേട്ടന്റെ മെസ്സും അങ്ങനെ ബാംഗ്ലൂർ സിരകളിൽ നിറഞ്ഞു നിന്ന കാലം. ഒരു ദിവസം ഫ്ലാറ്റിൽ തുണി കഴുകികൊണ്ടിരിക്കെ വന്ന ഫോൺകാൾ ഗൾഫിൽ പോകാൻ ഉള്ള വിസ ശെരി ആയി എന്ന് പറഞ്ഞായിരുന്നു. നമ്മൾ എവിടെയും സ്ഥിര താമസക്കാരല്ല എന്ന് മനസിനോട് പറഞ്ഞു മനസിലാക്കി. കുറച്ചു ദിവസത്തിനുള്ളിൽ ബാംഗ്ലൂർ ഓർമകളെ ബാഗിൽ ആക്കി ബൈക്കിന്റെ പുറകിൽ കെട്ടി വച്ചു സെൽഫ് അടിച്ചു. വീണ്ടും നാട്.. കുറച്ചു നല്ല ദിനങ്ങൾ അമ്മയുടെ കൈകൊണ്ടു നല്ല ഭക്ഷണം ഒടുവിൽ കൊച്ചിൻ ടു മസ്കറ്റ് ഫ്ലൈറ്റിൽ വിന്ഡോ സീറ്റിൽ ഇരുന്നു നാടിനോട് ഒരു ബൈ പറഞ്ഞു. വീട്ടിൽ നിന്ന് വിട്ട് നില്കാൻ തുടങ്ങിയിട്ട് കുറെ നാൾ ആയെങ്കിലും വേറെ ഒരു രാജ്യം അത് ആദ്യമായിരുന്നു. സിനിമയിൽ കണ്ട ഗൾഫ് ആകില്ല എന്ന് നേരത്തെ അറിയാമായിരുന്നു കാരണം ബാംഗ്ലൂർ ഡേയ്‌സ് സിനിമയിൽ കണ്ട ബാംഗ്ലൂർ അധികം ആർക്കും കിട്ടി കാണില്ല.

മസ്കറ്റ് എയർപോർട്ട്… വേറെ രാജ്യം വേറെ ഭാഷ അപ്പൊ ഒരു പുതിയ നെറ്റ്‌വർക്ക് ഉം…Ooredoo Oman. നാട്ടിൽ ആദിശയത്തോടെ കാണുന്ന ആഡംബര കാറുകൾ ടാറ്റാ സുമോ പോലെ കാണാൻ തുടങ്ങി. പക്ഷെ ഞാൻ ജോലി ചെയ്യാൻ പോകുന്ന സ്ഥലം ഇവിടെ നിന്നു ഒരുപാട് ദൂരെ ആണ് മരുഭൂമി ആണ് എന്നൊക്കെ ആദ്യമേ അറിയാമായിരുന്നു. മെഡിക്കൽ ചെക്കപ്പ്, മറ്റു ട്രെയിനിങ് അതിനൊക്കെ വേണ്ടി ആണ് മസ്കറ്റിൽ നില്കുന്നത്. എന്റെ കമ്പനി ഒരു കൺസ്ട്രക്ഷൻ ആൻഡ് എഞ്ചിനീയറിംഗ് കമ്പനി ആണ്. അവിടെ പ്ലാനിങ് ഡിപ്പാർട്മെന്റ് ഇൽ ആണ് എനിക്ക് പോസ്റ്റിങ്ങ്‌. കമ്പനി സ്റ്റാർട്ട്‌ ചെയ്യുന്ന പുതിയ പ്രൊജക്റ്റ്‌ ആണ് RHOP-Rabab Harweel intergrated project. ഇതൊരു ഗ്യാസ് പ്ലാന്റ് ആണ് ഇതിന്റെ കൺസ്ട്രക്ഷൻ കോൺട്രാക്ട് ആണ് ഞങ്ങളുടെ കമ്പനിയ്ക്ക്.

ഏതൊരു കഥക്കും ഒരു ട്വിസ്റ്റ്‌ അനിവാര്യമാണ് അല്ലെ. h2s &so2 പണ്ടെങ്ങോ സ്കൂളിൽ കേട്ടു മറന്ന കെമിക്കൽ ഫോർമുല സേഫ്റ്റി ട്രെയിനിങ്ങിൽ ആ സർ പറഞ്ഞു.
Harweel – ഒമാനിൽ അധികം ആർക്കും കേട്ടു കേൾവി പോലും ഇല്ലാത്ത ഒരു സ്ഥലം. ലോകത്തിൽ ഉള്ള എല്ലാ ഗ്യാസ് പ്ലാന്റുകളിൽ വച്ച് ഏറ്റവും അപകടം പിടിച്ച രണ്ടാമത്തെ സ്ഥലം. ഗ്യാസ് പ്ലാന്റുകളുടെ ലിസ്റ്റിൽ THE RED ZONE AREA. ലൈവ് പ്ലാന്റിന്റെ അടുത്ത് ആയതിനാൽ ഈ സ്ഥലം ഒന്ന് കൂടെ അപകട മേഖല ആകുന്നു.
ഇതെല്ലാം കേട്ടു ഇങ്ങനെ ഇരുന്നു ലാസ്റ്റ് സേഫ്റ്റി ട്രൈനെർ പറഞ്ഞു ഇങ്ങോട്ട് ആണ് നിങ്ങൾ പോകുന്നത് എന്ന്. ഏതൊക്കെ കിളികൾ ആണ് എന്റെ തലയിൽ നിന്നു പറന്നു പോയത് എന്നു എനിക്ക് അറിയില്ല. ഏതായാലും കിളി പോയി എന്ന അവസ്ഥ. പക്ഷെ കഥകൾ കേട്ടു പേടിച്ചോടിയവർ ഒന്നും നേടിയിട്ടില്ല എന്ന തിരച്ചറിവ് മുന്നോട്ടു നയിച്ചു. ഇനി മുന്നേ പറഞ്ഞ h2s & so2, Hydrogen Sulfide(h2s)- മാരകമായ ഒരു വിഷ വായു ആണ്. ഇത് ശ്വസിച്ചാൽ സെക്കന്റുകൾക്കുള്ളിൽ മരണം. Sulphur Dioxide(So2) ഇതും h2s ഇന്റെ അനിയൻ ആയി വരും.

എല്ലാവർക്കും കേട്ടു പരിചയം ഉള്ള ഒരു സ്ഥലം ആയിരിക്കും സലാല. മസ്കറ്റിൽ നിന്നു സലാല പോകുന്ന വഴിയിൽ സലാല എത്തുന്നതിനു 200 km മുൻപേ ആണ് ഞങ്ങളുടെ സ്ഥലം. മറ്റു ഗൾഫ് രാജ്യങ്ങളിൽ കാണുന്ന പോലെ മണൽ കൂനകൾ ഒമാനിൽ വളരെ കുറവാണു നല്ല ഉറച്ച പരന്നു കിടക്കുന്ന മരുഭൂമി. അവിടെ എത്തി മരുഭൂമിയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി ഇരിക്കുനത് കണ്ടു ഞാൻ ഞെട്ടി. താമസ സ്ഥലത്തുനിന്നു നോക്കിയാൽ കാണുന്ന ദൂരത്തു ആണ് പ്ലാന്റ്. 2015 ഇൽ ഇവിടെ വരുമ്പോൾ ചെറിയ ചെടികൾ വച്ച് പിടിപ്പിക്കാൻ തുടങ്ങിയിട്ടേ ഉള്ളു. ഇപ്പോൾ ആ ചെടികൾ എല്ലാം വലിയ മരങ്ങൾ ആയി അതിൽ എവിടെനിന്നോ കിളികൾ വന്നു അണ്ണാരക്കണ്ണന്മാർ വന്നു. മരം ഒരു വരം എന്ന് പണ്ടാരോ പറഞ്ഞത് ഞാൻ ഓർത്തു പോകുന്നു അത് മനുഷ്യർക്ക്‌ മാത്രമല്ല സകല ജീവ ജാലങ്ങൾക്കും. ഈ പെട്രോൾ ഡീസൽ ഗ്യാസ് ഇതൊക്കെ എങ്ങനെ ഉണ്ടാകുന്നു എന്ന അത്ഭുതകരമായ കാഴ്ച്ച കാണാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷവാൻ ആണ്.

അപകടം കാറ്റിന്റെ രൂപത്തിൽ പറന്നു നടക്കുന്നു. പ്ലാന്റിലെ ചെറിയ ഒരു ലീക്ക് ആ പ്രദേശം മൊത്തം ശവകൂമ്പാരം ആക്കാം. മരുഭൂമിയുടെയും മെഷീനുകളുടെയും ഇടയിലൂടെ ഇവിടെ 8000 ത്തിൽ കൂടുതൽ മനുഷ്യർ. ഓഫീസിലെ ശീതികരിച്ച മുറിയിലൂടെ പുറത്തേക്ക് നോക്കിയാൽ നമ്മുടെ നാട്ടുകാർ ഉൾപ്പെടെ വെയിലിൽ പണി എടുക്കുന്ന ഒരുപാട് മനുഷ്യർ. ശരിക്കും അവർ ആണ് പ്രവാസി. അവർ ആണ് ഹീറോസ്. ഓഫീസിൽ ഇരുന്നു ചെയ്യുന്ന ജോലിക്ക് അതിന്റെതായ ബുദ്ദിമുട്ടുകൾ ഉണ്ട്‌. പക്ഷെ കുറച്ചു നേരം ആ പുറത്ത് പണി എടുക്കുന്ന ആളുകളെ നോക്കിയാൽ നമ്മൾ ദൈവത്തോട് നന്ദി പറയും. നോക്കിയാൽ തല കറങ്ങുന്ന ഉയരത്തിൽ തൂങ്ങി ആടി ജോലി ചെയ്യുന്നവരെ കാണുമ്പോൾ തിരിച്ചറിയുന്നു… നമ്മൾ എത്ര ഭാഗ്യവാൻ. ടെക്നോളജിയുടെ വളർച്ച കാരണവും ദൈവാനുഗ്രഹത്താലും ഇവിടെ എല്ലാം ശാന്തം സുഖം.

ആരോ എവിടെയോ പറഞ്ഞു കേട്ട പോലെ “ഭയം അവസാനിക്കുന്നിടത്തു ജീവിതം തുടങ്ങുന്നു.” ലോകത്തിൽ ഇതിലും അപകടകരമായ സ്ഥലങ്ങൾ ഉണ്ടാകാം അവിടെ ജീവിക്കുന്നവരും ഉണ്ടാകാം.. ഇതൊരു സാധാരണ മനുഷ്യന്റെ കാഴ്ചപ്പാടാണ്. സെക്യൂരിറ്റി റീസൺസ് കാരണം ഇവിടെ ആർക്കും സന്ദർശിക്കാനോ ഇവിടത്തെ ഒരു ഫോട്ടോസും പോസ്റ്റ്‌ ചെയ്യാനോ പാടില്ല. അതിനാൽ ഗൂഗിളിൽ നിന്നുള്ള കുറച്ചു ഫോട്ടോസും എന്റെ കൈയിൽ ഉള്ള വേറെ കുറച്ചു ഫോട്ടോസും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.