ഏറ്റവും കുറഞ്ഞ വിലയിൽ ഫർണീച്ചർ ലഭിക്കുന്ന കേരളത്തിലെ ഒരു ഗ്രാമം

കടപ്പാട് – തുഷാര പ്രമോദ്.

ഏറ്റവും കുറഞ്ഞ വിലയിൽ ഫർണിച്ചർ ലഭിക്കുന്ന കേരളത്തിന്റെ ഫർണിച്ചർ ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 3000 രൂപ മുതൽ കട്ടിൽ, 10000 മുതൽ സോഫ, 4500 മുതൽ ദിവാൻ കോട്ട്, 7500 മുതൽ ഊൺ മേശ എന്നിങ്ങനെ അതിശയിപ്പിക്കുന്ന വിലക്കുറവിൽ ഫർണിച്ചർ കിട്ടുന്ന കേരളത്തിലെ ഒരു ഗ്രാമം ആണ് നെല്ലിക്കുഴി. എറണാകുളം ജില്ലയുടെ കിഴക്കേ അറ്റ‍ത്തുളള കോതമംഗലം താലൂക്കിലാണ് നെല്ലിക്കുഴി സ്ഥിതി ചെയ്യുന്നത്.

20 വർഷമായി നെല്ലിക്കുഴി കേരളത്തിന്റെ ഫർണിച്ചർ തലസ്ഥാനമായിട്ട്. ഏകദേശം 350 ഓളം കടകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. നെല്ലിക്കുഴി പഞ്ചായത്തിന്റെ പ്രധാന വരുമാനവും ഇവിടെ നിന്നുള്ള നികുതി തന്നെ. പെരുമ്പാവൂര്‍-കോതമംഗലം റോഡിലുള്ള നെല്ലിക്കുഴിയിലെ ഓരോ ഊടു വഴിയിലും മരാധിഷ്‌ഠിത വ്യവസായം കാണാം.

കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള നിരവധി ഫർണിച്ചർ കടകളിലേക്ക് സാധനങ്ങൾ നിർമിച്ചു നൽകുന്നത് ഇവിടെ നിന്നാണ്. പോരാത്തതിന് ആളുകൾക്ക് ഇഷ്ടാനുസരണം ഓർഡർ എടുത്തു ഇഷ്ട്ടപെട്ട ഫാഷനിൽ നിർമിച്ചും കൊടുക്കുന്നു. യു. പി സ്വദേശികളായ തൊഴിലാളികൾ ആണ് ഇവിടെ കൂടുതലും ജോലി ചെയുന്നത്. കൊത്തുപണികളില്‍പ്പോലും അവരുടെ സൂക്ഷ്മതയും ആത്മാര്‍ഥതയും നിഴലിക്കും.

വീട്ടുപകരണങ്ങളിലെ നൂതന ഡിസൈനുകളും പുറപ്പെടുന്നത് നെല്ലിക്കുഴിയില്‍ നിന്നാണ്. പുതിയ ഡിസൈനുകള്‍ കണ്ടെത്തി നിര്‍മിക്കാനും ഇതര സംസ്ഥാനത്തെ തൊഴിലാളി കലാകാര.

നല്ലയിനം തേക്ക്, മഹാഗണി, മാഞ്ചിയം തുടങ്ങിയ മരങ്ങളിലൊക്കെയാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇതിനു പുറമെ ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറും നെല്ലിക്കുഴിയില്‍ വില്പനയ്ക്കുണ്ട്. എ.എം. റോഡില്‍ ഓടയ്ക്കാലി മുതല്‍ നങ്ങേലിപ്പടി വരെ വ്യാപിച്ചുകിടക്കുന്ന ഫര്‍ണിച്ചര്‍ വില്പനശാലകള്‍ നെല്ലിക്കുഴിയില്‍ 350-ഓളമുണ്ട്.

എന്തായിരിക്കും ഇവിടത്തെ വിലക്കുറവിൻ്റെ കാരണം? മരത്തിന്റെ ശാസ്ത്രീയമായ ഉപയോഗമാണ് ഇവിടത്തെ വിലക്കുറവിന്റെ രഹസ്യം. ഒരു കഷ്ണം തടിപോലും ഇവിടെ പാഴായി പോകുന്നില്ല. സൂക്ഷ്മമായി ഒട്ടും വേസ്റ്റ് ഉണ്ടാകാതെ മരം മുറിച്ചെടുക്കാൻ സഹായിക്കുന്ന യന്ത്ര സാമഗ്രികൾ ആണിവിടെയുള്ളത്.

ചെറിയ കഷ്ണം തടിക്ക് പോലും ആവശ്യമായ ഡിസൈൻ ഇവിടെ ഉണ്ടാകും. അതായത് ഒരു ഫർണിച്ചർ ഉണ്ടാകുമ്പോൾ ബാക്കി വരുന്ന കഷ്ണങ്ങൾ കൊണ്ട് ഇവിടെ മറ്റൊരു ഫർണിച്ചർ തയ്യാറാകുന്നുണ്ട്. ഇത് തന്നെയാണ് ഇവിടത്തെ വിലക്കുറവിന്റെ രഹസ്യവും. നെല്ലികുഴിയിലെ ഫര്ണിച്ചറിന്റെ ഗ്യാരന്റി 20 വർഷമാണ്. നഗരങ്ങളിലെ വൻകിട കടകളിലേക്ക് വരെ ഇവിടുന്ന് ഫർണിച്ചർ കൊണ്ടുപോകുന്നുണ്ട്.