7500 ഓളം റൂമുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

നമ്മളെല്ലാം വിവിധ ദേശങ്ങളിൽ പോകുമ്പോൾ താമസിക്കുവാനായി ഹോട്ടലുകളിൽ മുറിയെടുക്കാറുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലിനെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്തായാലും നമ്മുടെ ഇന്ത്യയിൽ അല്ല ആ ഹോട്ടൽ. പിന്നെവിടെയാണ്? മലേഷ്യയിലെ ജെന്റിംഗ് ഹൈലാൻഡിൽ സ്ഥിതി ചെയ്യുന്ന ‘ദി ഫസ്റ്റ് വേൾഡ്’ എന്ന ഹോട്ടലിനാണ് ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ എന്ന ബഹുമതിയുള്ളത്. ഏതാണ്ട് 7500 ഓളം റൂമുകൾ ഈ ഹോട്ടലിൽ ഉണ്ട് എന്നു പറയുമ്പോൾത്തന്നെ ഊഹിക്കാമല്ലോ ആ ഹോട്ടൽ എന്തു വലുതായിരിക്കുമെന്ന്.

മലേഷ്യയിലെ ഒരു വിനോദനഗരമാണ് ജെന്റിംഗ്. ബെൻടോങ്ങ് ജില്ലയിലെ ഗുവാങ് യുലു കാലി പർവ്വതനിരകളിലെ മഴക്കാടുകളിലെ കമറൂൺ മലയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലാണ് ജെന്റിംഗിന്റെ സ്ഥാനം. ഗോടോങ് ജയ എന്ന സ്ഥലത്തു നിന്നും കേബിൾ കാർ വഴിയാണ് ഇവിടെക്കുള്ള പ്രവേശനം. 100 മീറ്റർ ഇടവിട്ട് പണിതിരിക്കുന്ന ടവറുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പ് വടത്തിലൂടെ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ ഈ കേബിൾ കാറുകൾ സഞ്ചരിക്കുന്നു. വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന അമ്പതോളം കേബിൾ കാറുകളാണ് ഇവിടെയുള്ളത്. ഇരുദിശകളിലേക്കുമായി മണിക്കൂറിൽ രണ്ടായിരത്തോളം ആളുകൾ ഇതിലൂടെ യാത്ര ചെയ്യുന്നു.13,000 ഏക്കറിലായാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഔട്ട്‌ഡോർ തീം പാർക്കും മറ്റു ചില കേന്ദ്രങ്ങളും ഒഴികെ എല്ലായിടത്തും ഉയരത്തിൽ ചില്ല് മേൽക്കൂരയും സ്ഥാപിച്ചിരിക്കുന്നു. മലേഷ്യയിലെ ലൈസൻസുള്ള ഏക ചൂതുകളി കേന്ദ്രവും ഇവിടെയാണ്. ഇവിടെ ആറു ഹോട്ടലുകളും ആറു ഷോപ്പിങ് മാളുകളും ഉണ്ട്.

ഈ ജെന്റിംഗിലാണ് ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലെന്ന റെക്കോർഡ് നേടിയ ‘ദി ഫസ്റ്റ് വേൾഡ്’ സ്ഥിതി ചെയ്യുന്നത്. മുറികളുടെ എണ്ണത്തിൽ 2006 ലാണ് ഈ ഹോട്ടൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചത്. അന്ന് ഈ ഹോട്ടലിൽ ആകെ ആറായിരത്തോളം മുറികളാണ് ഉണ്ടായിരുന്നത്. 2006 ൽ ഈ ഹോട്ടലിൽ വന്ന അതിഥികളുടെ കണക്കെടുത്താൽ അത് 35.5 മില്യൺ വരും. സ്റ്റാൻഡേർഡ് റൂമുകൾ, ഡീലക്സ് റൂമുകൾ, ഡീലക്സ് ട്രിപ്പിൾ റൂമുകൾ, സുപ്പീരിയർ ഡീലക്സ് റൂമുകൾ, വേൾഡ് ക്ലബ്ബ് റൂമുകൾ എന്നിങ്ങനെ വിവിധ കാറ്റഗറികളായിട്ടാണ് ഇവിടെ റൂമുകൾ തരാം തിരിച്ചിരിക്കുന്നത്. അതിഥികൾക്ക് തങ്ങളുടെ പോക്കറ്റിന്റെ കനം അനുസരിച്ച് റൂമുകൾ തിരഞ്ഞെടുക്കാം.

നീളമേറിയ റിസപ്‌ഷനിൽ മൊത്തം 32 കൗണ്ടറുകളാണ് ഈ ഹോട്ടലിലുള്ളത്. കൗണ്ടറുകളിൽ തിരക്കാണെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്തയാളുകൾക്ക് സെൽഫ് ചെക്ക് – ഇൻ ചെയ്യുന്നതിനായി പ്രത്യേകം കിയോസ്‌ക്കുകൾ ലോബിയിൽ സജ്ജീകരിച്ചിട്ടുണ്ട്. തെക്കു കിഴക്കൻ ഏഷ്യയിൽ ആദ്യമായി ഇതുപോലെ എക്സ്പ്രസ്സ് ചെക്ക്-ഇൻ കിയോസ്‌ക്കുകൾ സ്ഥാപിച്ച ആദ്യത്തെ ഹോട്ടൽ എന്ന പേരും കൂടി ഫസ്റ്റ് വേൾഡ് ഹോട്ടലിനുണ്ട്.

മലേഷ്യയിലെ വ്യവസായ സാമ്രാജ്യ തലവനായിരുന്ന ടാൻ ലിം നോഹ്‌ടോങ്ങ് ആണ് ജെന്റിംഗ് എന്നയീ നഗരത്തിന്റെ സൃഷ്ടാവ്. പണ്ടുകാലത്ത് ചൈനയിൽ നിന്നും മലേഷ്യയിലേക്ക് റോഡ് പണിയുന്ന ഒരു സാധാരണ തൊഴിലാളിയായിട്ടായിരുന്നു ടാൻ ലിം നോഹ്‌ടോങ്ങ് എത്തിച്ചേർന്നത്. കാമറൂണ്‍ ജലവൈദ്യുതപദ്ധതിയുടെ ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1960 കളുടെ മധ്യത്തിലായിരുന്നു ടോങ്ങ് ആദ്യമായി ഈ കാട്ടില്‍ വന്നത്. അന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ വിരിഞ്ഞതാണ് ഈ നഗരവും റിസോര്‍ട്ടുമെല്ലാം. പിന്നീട് കഠിനപ്രയത്നത്താൽ അദ്ദേഹം ഉയർച്ചയിലേക്ക് എത്തുകയും രണ്ടായിരാമാണ്ടായപ്പോള്‍ ആ കാട് ഇന്നു കാണുന്ന തരത്തിലുള്ള ഒരു വിനോദ നഗരമായി മാറുകയുമാണുണ്ടായത്. കോടികൾ ചെലവഴിച്ചാണ് ആർക്കും വേണ്ടാതെ കിടന്ന ഈ കാറ്റിൽ ഇത്തരമൊരു സംരംഭം പണികഴിപ്പിച്ചിരിക്കുന്നത്.

ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആളുകൾ സുഖവാസത്തിനും ചൂതുകളിക്കാനുമായി ജന്റിങ് ഹൈലാൻഡിൽ എത്തിക്കൊണ്ടിരിക്കുന്നു. ശതകോടികളുടെ ചൂതാട്ട വ്യാപാരമാണ് ഓരോ ദിവസവും ഇവിടെ നടക്കുന്നത്. ഇന്ന് നമ്മുടെ നാട്ടിൽ നിന്നും മലേഷ്യയിലേക്ക് ടൂർ പോകുന്നവർ ജെന്റിംഗ് ഹൈലാൻഡ് എന്നയീ മലമുകളിലെ നഗരം കൂടി സന്ദർശിക്കാറുണ്ട്. ഇനി അഥവാ നിങ്ങളുടെ പാക്കേജിൽ ഇത് ഉൾപ്പെട്ടിട്ടില്ലെങ്കിൽ ടൂർ ഓപ്പറേറ്ററോട് പ്രത്യേകം പറഞ്ഞു ജെന്റിംഗ് ഹൈലാൻഡ് കൂടി ഉൾപ്പെടുത്തുവാൻ ശ്രമിക്കുക. മലേഷ്യയിൽ പോകുന്നവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു കിടിലൻ സ്ഥലമാണ് ഗെൻറിംഗ് ഹൈലാൻഡ്.