സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ ഒരു മലേഷ്യൻ സ്വർഗ്ഗം

വിവരണം – ആതിര ജി. മേനോൻ.

മലേഷ്യൻ യാത്രയിലെ ഞങ്ങളുടെ ലക്ഷ്യസ്ഥാനമായിരുന്നു അത്. ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട്‌ ചെയ്തതിനു ശേഷം കാറിൽ ഞങ്ങൾ യാത്ര തിരിച്ചു. കുലാലുംപുർ നിന്നും ഏകദേശം 58 km അകലെ ആണ് ജന്റിങ് ഹൈലാൻഡ്‌സ് സ്ഥിതി ചെയ്യുന്നത്. റോഡ് മാർഗം മലമുകളിലേക്ക് എത്തിച്ചേരാമെങ്കിലും കേബിൾ കാറുകൾ ആണ് അവിടുത്തെ പ്രധാന ആകർഷണീയത. സഞ്ചാരികൾ മുതൽ പ്രദേശവാസികൾ വരെ ഈ കേബിൾ കാറുകളെ ആശ്രയിച്ചു പോരുന്നു.

ഞങ്ങൾക്ക്‌ മുൻകൂട്ടി തന്നിരുന്ന ടിക്കറ്റ് സ്കാൻ ചെയ്ത്, സെക്യൂരിറ്റി ചെക്കിങ്ങും അവസാനിപ്പിച്ച്‌ കേബിൾ കാറിനായുള്ള ക്യുവിൽ പോയി നിന്നു. നിരവധി ആളുകൾ, നിരവധി സംസ്കാരങ്ങൾ, നിരവധി ഭാഷകൾ….എല്ലാവരും ചിരിച്ചും കളിച്ചും തങ്ങളുടെ പ്രിയപ്പെട്ടവരുമായി കുശലം പറഞ്ഞും നിൽപ്പാണ്. ഒരു നിമിഷം ലോകം എത്ര ചെറുതാണെന്ന് എനിക്ക് തോന്നി. രണ്ടു കയറുകൾക്കിടയിൽ തൂങ്ങിയാടുന്ന പെട്ടികൾ വന്നു പൊയ്ക്കൊണ്ടിരുന്നു. വരി പെട്ടന്നു തന്നെ മുന്നോട്ട് പോയി. ഞങ്ങളുടെ ഊഴമെത്തി.

ചുരുങ്ങിയത് 6 പേരെയെങ്കിലും ഒരു കേബിൾ കാറിൽ കയറ്റിയിരുന്നു. ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നത് രണ്ട് ചെറുപ്പക്കാരായ വിദ്യാർത്ഥികളും രണ്ട് അപ്പൂപ്പന്മാരുമാണ്. അവരെല്ലാം തന്നെ സ്ഥിരം യാത്രക്കാരാണ്. ഞങ്ങളുടെ ആവേശവും അമ്പരപ്പും ഒക്കെ കണ്ട് ആ അപ്പൂപ്പനു ചിരി വരുന്നുണ്ടായിരുന്നു ( ഇതൊക്കെ എന്ത് എന്ന മട്ടിൽ). മലമ്പുഴയിലെ റോപ് വേ കണ്ട മലയാളിക്ക് ഇതൊന്നും പുതുമയല്ലെങ്കിലും കേബിൾ കാർ ഒരു അത്ഭുതമായി തോന്നിയത് ആദ്യമായിട്ടാണ്.

120 ദശ ലക്ഷം പഴക്കമുള്ള മഴക്കാടിന് മുകളിലൂടെയാണ് നമ്മുടെ യാത്ര. വന നശീകരണത്തിന്റെയും ആഗോള താപനത്തിന്റെയും ഈ കാലത്ത്… ആരാലും അലോസരപ്പെടുത്താതെ വന നിബിഡമായ ഒരു പ്രദേശം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി നിലനിർത്തുന്നതിൽ മലയ്ഷ്യക്കാർ വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം. മുകളിലേക്കു പോകുംതോറും തണുപ്പ് കൂടിക്കൂടി വന്നു. കേബിൾ കാറുകൾക്ക് വിവിധ സ്റ്റോപ്പുകൾ ഉണ്ട്. മൂന്നാമത്തെ സ്റ്റോപ്പിൽ ഒരു ചൈനീസ് അമ്പലം ഉണ്ടെന്നു വായിച്ചറിഞ്ഞിരുന്നു. അതുപ്രകാരം ഞങ്ങൾ അവിടെ ഇറങ്ങി.

സമുദ്രനിരപ്പിൽ നിന്നും 4600 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഈ അമ്പലം ചിങ്‌ സ്വീ കേവ് ടെംപിൾ (Ching Swee Cave temple ) എന്നാണ് അറിയപ്പെടുന്നത്. ചൈനീസ് അമ്പലങ്ങളുടെ പ്രധാന ആകർഷണീയത ചുവന്ന നിറത്തിലുള്ള വിളക്കുകളാണ് (Red lanterns- symbol of blooming life and prosperous buissiness). അമ്പലങ്ങളുടെ മുകൾ ഭാഗം വിവിധ വർണത്തിലും വലുപ്പത്തിലും ഉള്ള വ്യാളികളെക്കൊണ്ട് അലങ്കരിച്ചവയായിരുന്നു. ഫുജിയൻ പ്രവിശ്യയിലെ ക്വിങ്ങ്ഷുയി (Quingshui) എന്ന യോഗിയുടെ മനോഹരമായ ഒരു പ്രതിമയും അവിടെ കാണാം. ഇടതൂർന്ന വനത്തിനിടയിൽ ചുവന്ന ചുവരുകളോടു കൂടിയ ആ അമ്പലം ശ്രേഷ്ഠമായി നിലകൊള്ളുന്നു.

അമ്പലത്തിന്റെ മുകളിൽ നിന്നും താഴേക്കു നോക്കിയാൽ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകൾ കാണാം. നിബിഡ വനത്തെ പിളർത്തി ഒരു സർപ്പം കണക്ക് അതങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നു. ഏതൊരു അൺറൊമാന്റിക് മൂരാച്ചിയെപ്പോലും പൈങ്കിളി ആകാൻ ശേഷിയുള്ള ഒരു ലോകമാണത്. അമ്പലത്തിന്റെ മുകളിൽ കയറാൻ സ്പൈറൽ കോണിയാണുള്ളത്. കുട്ടികളെ പോലെ ഞാനും ഏട്ടനും കോണിപ്പടികൾ ഓടിക്കയറി. ഇടക്കിടക്ക് കിതച്ചു നിന്നു.

ഒത്തമുകളിൽ പ്രകൃതി ഞങ്ങളെ വീണ്ടും അമ്പരപ്പിച്ചു. കോട പുതച്ച് തരുണീമണിയായി ആ കാട് നീണ്ടു നിവർന്നു കിടന്നു. തണുത്ത കാറ്റു മുടിയിഴകളെ പറത്തിക്കൊണ്ടേയിരുന്നു. അവിടെ കൈകോർത്ത് പിടിച്ചു നിന്നപ്പോൾ ജീവിതത്തിനു വല്ലാത്തൊരു മാധുര്യമുള്ളതുപോലെ തോന്നി. തിരിച്ചു പോവാൻ മനസ്സ് സമ്മതിക്കുന്നുണ്ടായിരുന്നില്ല. അതെ, ചില പ്രദേശങ്ങൾ അങ്ങിനെയാണ്. ഒരു കാന്തം കണക്ക് നമ്മെ ആകർഷിച്ചുകൊണ്ടേയിരിക്കും.

മനസ്സില്ലാമനസ്സോടെ കൂടുതൽ പ്രതീക്ഷകളുമായി അവസാനത്തെ സ്റ്റോപ്പിലേക്ക് കേബിൾ കാറിൽ കയറി. ആളും ബഹളവും ഇല്ലാത്ത ചൈനീസ് അമ്പലത്തിനു പകരം കസീനോകളും, മാളുകളും, ഹോട്ടലുകളും അടങ്ങുന്ന പുതിയ ലോകമാണ് ഞങ്ങളെ വരവേറ്റത്. 6 ഹോട്ടലുകളും ഒരു റിസോർട്ടും ഉള്ള വൻ കെട്ടിട സമുച്ചയമാണത്. ലോകത്തിലെ ഏറ്റവും കൂടുതൽ മുറികളുള്ള, ഗിന്നസ് ബുക്കിൽ ഇടം നേടിയ, വർണാഭമായ First world hotel വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച തന്നെ ആണ്. കോൾഡ് കോഫി യും കേക്കും അകത്താക്കി ഞങ്ങൾ അവിടെ അലഞ്ഞു തിരിഞ്ഞു നടന്നു. ഏകദേശം 4.30 ഓടെ തിരിച്ചു കേബിൾ കാർ കയറി.

തിരിച്ചു പോരുമ്പോഴും എന്റെ മനസ്സ് ആ ചൈനീസ് ടെംപിളിൽ തന്നെ ആയിരുന്നു. ഇഷ്ടപ്പെട്ടതെന്തോ പറിച്ചെടുത്തു കൊണ്ടുപോയ പോലൊരു വിഷമം ഉള്ളിൽ തങ്ങി നിന്നു. ഒരുപിടി നല്ല ഓർമകളുമായി അന്നത്തെ യാത്ര അവസാനിച്ചു. ഇപ്പോഴും ജന്റിങ് ഹൈലാൻഡിന്റെ കാന്തിക വലയത്തിൽ മനസ് പെട്ടുപോകാറുണ്ട്. ചില സ്ഥലങ്ങൾ അങ്ങിനെയാണ്. അവ നമ്മുടെ ഒരംശം കവർന്നെടുക്കും. നമുക്കൊരു വിഹിതം പകർന്നു തരികയും ചെയ്യും.