ചെലവുകൾ താരതമ്യേന കുറഞ്ഞ ജോർജിയയിലേക്ക് ഒരു അടിപൊളി ട്രിപ്പ് !!

വിവരണം – സുനിൽ തോമസ് റാന്നി.

ജീവിതത്തിൽ ഇന്ന് വരെ മഞ്ഞിൽ പൊതിഞ്ഞ യാത്ര പോകുവാൻ പറ്റാത്തവർക്ക് ചെലവ് താരതമെന്യേ കുറഞ്ഞ ജോർജിയയിലേക്കു ഗൾഫിൽ നിന്ന് പെട്ടെന്നു പോയി വരാം. ഗൾഫിൽ രാജ്യങ്ങളിൽ നിന്ന് വർക്ക് വിസ ഉള്ളവർക്ക് ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് വിമാനത്തിൽ വിസ ഓൺ അറൈവലിൽ എത്തിച്ചേരാവുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ജോർജിയ.

ട്രാവൽ ഇൻഷുറൻസും റിട്ടേൺ എയർ ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും ആറു മാസത്തിൽ കുറയാത്ത ജിസിസി വർക്ക് വിസയും ഇന്ത്യൻ പാസ്സ്പോർട്ടും ഉണ്ടെങ്കിൽ ജോർജിയ ഒരു നല്ല ചിലവ് കുറഞ്ഞ ഡെസ്റ്റിനേഷൻ ആണ് ഫാമിലി ആയിട്ടു ട്രിപ്പ് പോകുവാൻ. പ്രത്യേകിച്ചു ഗൾഫിൽ നിന്ന് നാട്ടിലേക്കു കുടുംബമായി അവധിക്കു പോകുമ്പോഴോ തിരികെ വരുമ്പോഴോ കണക്ഷൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്താൽ ജോർജിയ ഒന്ന് കറങ്ങിയടിച്ചു അധികം പോക്കറ്റ് കാലിയാകാതെ പോയി വരാൻ സാധിക്കും.

വർഷം മുഴുവൻ നല്ല കാലാവസ്ഥയാണ് ജോർജിയ തെരഞ്ഞെടുക്കുന്ന സഞ്ചാരികളുടെ ഇഷ്ടം കൂടുവാൻ കാരണം. നവംബർ മുതൽ മാർച്ച് വരെ നീളുന്ന വിന്റർ സീസണിൽ മഞ്ഞിൽ വെള്ള പുതച്ച മലനിരകൾ കാണുവാനും അതിനു ശേഷം പച്ചപ്പ് നിറഞ്ഞ മലകളും ജലം നിറഞ്ഞ അരുവികളും താഴ്വാരങ്ങളും കാണുവാൻ ഏതു സമയത്തും സുഖകരമായ കാലാവസ്ഥ പ്രധാനം ചെയ്യുന്ന ഗൗഡറി സഞ്ചാരികളുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു.

മഞ്ഞിൽ കുളിച്ചു ഒരു പകൽ മുഴുവൻ സമയം ചിലവഴിക്കാൻ ഗഡൗറിയിലേക് സിറ്റിയിൽ നിന്ന് നൂറു കിലോ മീറ്ററിലേറെ നീളുന്ന സഞ്ചാരം മനസിന് കുളിർമ നൽകുന്നതാണ് . റോഡിനിരുവശവും കിലോമീറ്ററുകളോളം മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന കാഴ്ച ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടതു തന്നെയാണ്. ഗഡൗറിയിലേക്ക് പോകുന്ന വഴി നിരവധി നല്ല കാഴ്ചകൾ കണ്ടു മഞ്ഞു മലയിൽ എത്തുന്നതുവരെയുള്ള ദൂരം ഒരിക്കലും മടുപ്പിക്കാതെ നീണ്ടുനിവർന്നു കിടക്കുന്നതു മതിയാവോളം കാണാനാവുന്നത് രസമുള്ള യാത്രയാണ്.

മഞ്ഞു മലയിൽ എത്തിയ ഉടൻ കേബിൾ കാർ കണ്ടപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ കേബിൾ കാറിൽ കയറി മഞ്ഞു മലയുടെ നെറുകയിൽ എത്തിയപ്പോൾ പാരാ ഗ്ലൈഡിങ് നടത്തുന്നവരുടെ തിരക്കു കണ്ടു നിന്നു. മഞ്ഞു വാരി പരസ്പരം എറിഞ്ഞു കളിച്ചു സമയം പോയത് അറിഞ്ഞതേയില്ല. ഉച്ചവെയിലിൽ മഞ്ഞുരുകി വീഴുന്നത് കാണാൻ നല്ല രസമാണ്. മഞ്ഞു മലയിൽ തണുപ്പ് അധികം ബാധിക്കാതെ കത്തി നിൽക്കുന്ന സൂര്യന്റെ വെയിലിൽ അലിഞ്ഞു പോകുന്നത് അനുഭവിച്ചറിയേണ്ടതാണ്.

വിശപ്പിന്റെ വിളി കൂടി വന്നപ്പോൾ മനസില്ല മനസോടെ താഴേക്ക് ഇറങ്ങേണ്ടി വന്നു. താഴെ എത്തിയപ്പോൾ മഞ്ഞിൽ പറന്നു നടന്നു പാരാസെയ്ലിംഗ് നടത്തുന്നവർ അവിടെ ശരിക്കും ആസ്വദിക്കുന്നത് കണ്ടപ്പോൾ അസൂയ തോന്നി. അവിടെ നിന്ന് മഞ്ഞു മലയോടു യാത്ര പറഞ്ഞു മുന്നോട്ടു നീങ്ങിയപ്പോൾ താജ്മഹൽ എന്ന ഒരു കൊച്ചു ഇന്ത്യൻ ഹോട്ടൽ ആദ്യം കണ്ട പാടെ വണ്ടി നിർത്തി. അപ്പോഴക്കും സമയം മൂന്നു മണി കഴിഞ്ഞു . വിശന്നു വലഞ്ഞതിനാൽ കല്ലിൽചുട്ട ആവി പറക്കുന്ന ഗോതമ്പ് റൊട്ടി നല്ല ചൂടോടെ ബട്ടർ ചിക്കൻ കറിയും ചേർത്ത് കഴിച്ചപ്പോൾ ക്ഷീണം പമ്പ കടന്നു. വയർ നിറയെ കഴിച്ചു. ബാക്കി പാർസൽ എടുത്തു. കയ്യ് കഴുകാൻ പൈപ്പ് തിരഞ്ഞപ്പോൾ പൈപ്പിലെ വെള്ളം തണുത്തുറഞ്ഞതു കൊണ്ട് ടിഷ്യു പേപ്പർ ഉപയോഗിച്ച് കാര്യം സാധിച്ചു.

ഗഡൗറിയിൽ നിന്ന് വെറും അമ്പതു കിലോ മീറ്റർ ദൂരം മാത്രമേ അയൽ രാജ്യമായ റഷ്യയിലേക്കുള്ളു. മടക്ക യാത്രയിൽ ഗഡൗറി ബോർഡറിൽ നൂറു കണക്കിന് ട്രക്കുകൾ അതിർത്തിയിൽ നിര നിരയായി ഊഴം കാത്തു റോഡിന്റെ ഒരു വശം കയ്യടക്കി റഷ്യയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അർമേനിയ, തുർക്കി , അസർബെയ്ജാൻ, റഷ്യ എന്നീ രാജ്യങ്ങളുമായി ജോർജിയ എന്ന കൊച്ചു രാജ്യം അതിർത്തി പങ്കിടുന്നു.

ഗഡൗറിയിലേക്ക് പോകുന്ന വഴി എല്ലായിടത്തും നിർത്തി കണ്ടു തീർക്കാതെ തിരിച്ചു വരുമ്പോഴും കാണാൻ കുറച്ചു സ്ഥലങ്ങൾ മാറ്റിവെച്ചാൽ തിരിച്ചുവരുമ്പോൾ ഉറക്കം പമ്പ കടക്കും. വരുന്ന വഴി നല്ല ഹോം വൈൻ മേടിക്കാൻ കിട്ടും. അതുപോലെ ഹോം മെയ്ഡ് ആയിട്ടുള്ള ഫുഡ് ഐറ്റംസ് വാങ്ങാൻ മറക്കരുത്. പഴങ്ങൾ പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്ന സ്ഥലങ്ങൾക്കരികിലായി വഴിയോര വില്പന കേന്ദ്രങ്ങൾ ഉള്ളത് സന്ദർശിക്കാനും വാങ്ങാനും പറ്റിയ സമയമാണ് ഗഡൗറിയിൽ നിന്നുള്ള മടക്ക യാത്ര.

ബഹറിനിൽ നിന്ന് ദുബായ് വരെ ഒന്ന് പോയി വരാൻ മാത്രം പ്ലാൻ ചെയ്തു ഫ്ലൈ ദുബായ് വിസ വേഗം കിട്ടിയപ്പോൾ പെട്ടെന്നു വാലെന്റൈൻസ് ഡേ യാത്ര ദുബായ് വഴി ജോർജിയയിലേക്ക് പോകാൻ തീരുമാനിച്ചു. ഞങ്ങളുടെ ഭാഗ്യത്തിന് കഴിഞ്ഞ കുറെ ദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷത്തിനു അവധി നൽകി അന്ന് സൂര്യൻ രാവിലെ മുതൽ സന്ധ്യ വരെ പ്രകാശിച്ചു നിന്നതിനാൽ നല്ല തെളിച്ചവും ഉന്മേഷവും നിറഞ്ഞു നിന്ന റ്റിബിലിസി നഗരത്തിൽ നിന്ന് കുറേ മാറി താമസ സ്ഥലമായ ഹോളിഡേ വില്ലയിൽ നിന്ന് ഗഡൗറിയിലേക്കുള്ള മൂന്ന് മണിക്കൂർ നീണ്ട യാത്ര അവിസ്മരണീയമായതു മനസിൽ എന്നും ഓർക്കാൻ ബാക്കി വെച്ച ഒരു പിടി മഞ്ഞിൽ കുളിച്ച നിമിഷങ്ങളാണ് വാലെന്റൈൻസ് ഡേ ഞങ്ങൾക്ക് സമ്മാനിച്ചത്.

വീണ്ടും തിരികെ യാത്ര ജോർജിയയുടെ തലസ്ഥാനമായ ടിബിലിസി എന്ന നഗരം ലക്ഷ്യമാക്കി മഞ്ഞിൽ പൊതിഞ്ഞ റോഡിനിരുവശവും കൺ കുളിർക്കെ കണ്ട് സന്ധ്യയോടെ ഞങ്ങൾ താമസ സ്ഥലത്തു എത്തിക്കഴിഞ്ഞും സുര്യൻ ഒളിമങ്ങാതെ അസ്തമയത്തിനു ഒരുങ്ങുന്നതും മനസ്സിൽ ഒട്ടും മായാത്ത കാഴ്ച്ച അവശേഷിപ്പിച്ചു.

വേനൽ കാലത്തും മഞ്ഞു കാലത്തും മഴ കാലത്തും ജോർജിയ സഞ്ചാരികളെ മാടിവിളിക്കുന്നതിനു കാരണം സുഖകരമായ കാലാവസ്ഥ വർഷം മുഴുവൻ ആസ്വദിക്കാൻ കഴിയുന്നത് കൊണ്ടാണ്.

അടുത്ത സമ്മർ സീസണിൽ വെള്ള പുതച്ച മഞ്ഞു മാറി പച്ചപ്പ് നിറഞ്ഞ ഗഡൗറി മല നിരകളും വഴി നീളെ മലമടക്കിലൂടെയുള്ള പാറയിടുക്കുകളിൽ ചിന്നി ചിതറിയ വെള്ളച്ചാട്ടങ്ങളും ജല സമൃദ്ധമായ താഴ്വാരങ്ങളും ഇരുകരകളും നിറഞ്ഞൊഴുകുന്ന നദികൾ തമ്മിൽ ചേരുന്നതും വെള്ളത്തിന്റെ നിറം മാറുന്നതും കാണാൻ എത്താമെന്ന മോഹം ഉള്ളിലൊതുക്കി അടുത്ത വാലെന്റൈൻസ് ഡേ യാത്ര മനസ്സിൽ കണ്ടു കൊണ്ട് ഞങ്ങൾ പതിയെ ഗഡൗറി മഞ്ഞു മലയിറങ്ങി.