ചൈനയിലെപ്പോലത്തെ ചില്ലുപാലം ഇപ്പോൾ വയനാട്ടിലെ 900 കണ്ടിയിലും…

ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം ചൈനയിലാണെന്നു എല്ലാവർക്കും അറിയാമല്ലോ. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ജിയാജിയിലുള്ള അവതാര്‍ കുന്നുകളിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ നമ്മളെല്ലാം കണ്ടതുമാണ്. ഒരിക്കലെങ്കിലും ഈ പാലത്തിലൂടെ ഒന്നു നടക്കണമെന്ന മോഹം ഉള്ളിലൊതുക്കി സാധാരണക്കാരായ, സാഹസികത മനസ്സിൽ സൂക്ഷിക്കുന്നവർ ഒതുങ്ങി നിൽക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത ഇത്തരക്കാരെ അത്യധികം സന്തോഷിപ്പിക്കുന്നതാണ്. വേറൊന്നുമല്ല ചൈനയിലെ ഈ ചില്ല് പാലത്തിന്റെ ചെറിയൊരു പതിപ്പ് നമ്മുടെ കേരളത്തിലെ വയനാട്ടിൽ ഒരുക്കിയിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ഗ്ളാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്.

വയനാട്ടിലെ മേപ്പടിയിൽ നിന്നും ഏകദേശം 13 കിലോമീറ്ററോളം ദൂരത്തായി മലമുകളിൽ സ്ഥിതി ചെയ്യുന്ന ‘900 കണ്ടി’ എന്ന സ്ഥലത്താണ് ചില്ലുപാലം യാഥാർഥ്യമാക്കിയിരിക്കുന്നത്. ഏകദേശം നൂറടിയോളം ഉയരത്തിലാണ് ഈ പാലം നിലകൊള്ളുന്നത്. ചില്ല് പാലം പ്രൈവറ്റ് റിസോ‍ർട്ടുകാരുടേതാണ്. നിർമിതിക്കാവശ്യമായ ഫൈബർഗ്ലാസ് ഉൾപ്പടെ സകലതും ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. ഗ്ലാസ് പാലത്തിലെ നടത്തിന് ഒരാൾക്ക് 100 രൂപയാണ് ഫീസ്.

മനോഹരമായ ഈ ചില്ലുപാലത്തിലൂടെയുള്ള നടത്തം ശരിക്കും അതിശയിപ്പിക്കും. പാലത്തിലൂടെ നടന്നു അറ്റത്തെത്തിയാൽ മലമുകളിലെ കിടുക്കൻ വ്യൂ ആസ്വദിക്കാം. പാലത്തിനു താഴെ കൊടുംകാടാണ്. പാലത്തിൽ കയറിയിട്ട് ചില്ലിലൂടെ താഴേക്ക് നോക്കിയാൽ ചിലപ്പോൾ തലകറങ്ങിയെന്നിരിക്കും. അതൊക്കെ പാലത്തിൽ കയറുന്നവരുടെ മനോധൈര്യം പോലെയിരിക്കും. ഒരേ സമയം മൂന്നോ നാലോ ആളുകളെ മാത്രമേ ഈ പാലത്തിലൂടെ നടക്കാൻ അനുവദിക്കുകയുള്ളൂ. ഈ പാലം ഒരു സ്വകാര്യ വ്യക്തിയുടെതാണ്.

ചെമ്പ്ര പീക്കും, പൂക്കോട് തടാകവും, ബാണാസുര ഡാമും, കുറുവാ ദ്വീപും, മുത്തങ്ങയും, കഴിഞ്ഞാൽ വയനാട് തീർന്നു എന്നു വിചാരിക്കരുത്. മേൽപ്പറഞ്ഞവയിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്ന ചില സ്ഥലങ്ങളിൽ ഒന്നാണ് തൊള്ളായിരം കണ്ടിയും. ചുണ്ടലിൽ നിന്ന് മേപ്പാടി – ചൂരൽമല – സൂചിപ്പാറ റൂട്ടിൽ ‘കള്ളാടി’ മഖാം കഴിഞ്ഞ് കാണുന്ന ചെറിയ പാലം കടന്ന് വലത്തോട്ടുള്ള കുത്തനെയുള്ള വീതി കുറഞ്ഞ ടാർ റോഡ്, പകുതി ദൂരം പിന്നിട്ടാൽ പിന്നെ കോൺക്രീറ്റ് കൊണ്ടുള്ള പാതയാണ്. ബൈക്കിനോ അല്ലെങ്കിൽ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്കോ മാത്രം പോവാൻ പറ്റുന്ന വഴികളാണ് ഇനിയങ്ങോട്ട്. പറഞ്ഞു വരുന്നത് തൊള്ളായിരം കണ്ടിയിലേക്ക് പോകുന്ന റൂട്ടാണ്.

പുറത്തു നിന്നുള്ളവർക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന ഒരു സ്ഥലമല്ല തൊള്ളായിരം കണ്ടി. കാരണം ധാരാളം പ്രൈവറ്റ് പ്രോപ്പർട്ടികൾ ചേർന്നതാണ് തൊള്ളായിരം കണ്ടി. തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്.

കാടിനു നടുവിലൂടെ ഒരു കിടിലന്‍ യാത്ര… അതാണു തൊള്ളായിരം കണ്ടി യാത്രയുടെ പ്രധാന ആകര്‍ഷണം. കാട് എന്നു പറയുമ്പോള്‍ ചുറ്റും തോട്ടങ്ങളാണ്. പക്ഷേ രാത്രിയായാല്‍ ആനയും മറ്റു മൃഗങ്ങളുമൊക്കെ സ്വതന്ത്രരായി വിഹരിക്കുന്ന ഒരു ഇടം കൂടിയാണ് ഇവിടം. കിളികളുടെ ശബ്ദം മാത്രമേ ഇവിടെ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കൂ. ഏകദേശം ഒരു മണിക്കൂറിനടുത്ത് എടുക്കും തൊള്ളായിരം കണ്ടിയുടെ മുകളില്‍ എത്തിച്ചേരാന്‍.

ചിത്രങ്ങൾ – Shameer Kc, Akber Ali.