നിങ്ങൾ പോകുന്ന റൂട്ടിലെ സ്പീഡ് ക്യാമറകളും അപകടങ്ങളും ഇനി ഗൂഗിൾ മാപ്പ് പറഞ്ഞു തരും – പുതിയ സൗകര്യം….

യാത്രകൾ പോകുന്ന എല്ലാവരും ഒന്നടങ്കം ഉപയോഗിക്കുന്ന ഒരു ആപ്പ്ളിക്കേഷനാണല്ലോ ഗൂഗിൾ മാപ്പ്. എത്ര ലോക്കൽ ഏരിയയാണെങ്കിലും ഗൂഗിൾ മാപ്പിൽ ഒരു പരിധിവരെ കൃത്യമായി വഴി കാണിക്കും എന്നതു തന്നെയാണ് ഇതിനെ ജനപ്രിയമാക്കിയതും. ഓരോ തവണയും ഓരോരോ പുതിയ അപ്‌ഡേറ്റുകളുമായി ഗൂഗിൾ മാപ്പ് സഞ്ചാരികളുടെ പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തെ അപ്‌ഡേറ്റിൽ റോഡുകളിലെ സ്പീഡ് ക്യാമറകളും ആക്സിഡന്റുകളും ഒക്കെ അറിയുവാനുള്ള സൗകര്യം നിലവിൽ വന്നിരിക്കുകയാണ്. നിലവിൽ അമേരിക്ക, കാനഡ, യു.കെ., ആസ്‌ട്രേലിയ, റഷ്യ, ബ്രസീൽ, മെക്സിക്കോ, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ ഈ സൗകര്യം ഗൂഗിൾ മാപ്പ് പ്രദാനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലും ഈ സൗകര്യം ലഭ്യമാക്കുകയാണ്.

ഹൈവേകളിൽക്കൂടി വാഹനങ്ങൾ കത്തിച്ചു പായുമ്പോൾ സ്പീഡ് ക്യാമറകൾ ഉണ്ടോയെന്ന് പലരും ശ്രദ്ധിക്കാറില്ല. അവസാനം ക്യാമറയിൽ കുടുങ്ങി വീട്ടിൽ പേപ്പർ വരുമ്പോഴായിരിക്കും പണി കിട്ടിയ കാര്യം അറിയുന്നത്. ഇനി ഈ ക്യാമറകൾ കറക്ടായി ഏതൊക്കെ ലൊക്കേഷനുകളിൽ ഉണ്ടെന്ന് അറിയാവുന്നവർ ആ ഏറിയ എത്തുമ്പോൾ വാഹനങ്ങളുടെ സ്പീഡ് കുറയ്ക്കുകയും ക്യാമറ കടന്നു പോയി ഒരു നിശ്ചിത അകലത്തെത്തുമ്പോൾ വീണ്ടും സ്പീഡ് കൂട്ടി പോകുകയും ചെയ്യും. എന്തിനേറെ പറയുന്നു കെഎസ്ആർടിസി ബസ്സുകൾ വരെ ഇത്തരത്തിൽ പോകാറുണ്ട്.

സ്പീഡ് ക്യാമറകളുടെ വിവരം മാപ്പിൽ ലഭ്യമാക്കുന്നതിനോടൊപ്പം പ്രസ്തുത റോഡിലെ വേഗതാപരിധിയും കാണിച്ചു തരുന്നതാണ് പുതിയ ഫീച്ചർ. ഇപ്പോൾ നിങ്ങൾക്കൊരു സംശയം ഉണ്ടാകും. ഗൂഗിൾ മാപ്പ് എങ്ങനെയാണ് ഈ ക്യാമറകളുടെ ലൊക്കേഷൻ ഇത്ര കൃത്യമായി കണ്ടുപിടിക്കുന്നതെന്ന്. സംഭവം വേറൊന്നുമല്ല, ഈ വിവരങ്ങൾ അറിയാവുന്ന ഉപയോക്താക്കൾ നൽകുന്ന റിപ്പോർട്ട് വെച്ചാണ് ഗൂഗിൾ മാപ്പ് ഇത് അപ്ഡേറ്റ് ചെയ്യുന്നത്. ഇത്തരത്തിൽ ക്യാമറ ഉള്ളയിടങ്ങൾ അറിയാവുന്നവർക്ക് അത് റിപ്പോർട്ട് നൽകുവാനുള്ള സൗകര്യവും മാപ്പിൽ നൽകുന്നുണ്ട്. ഇതുപ്രകാരം ഒരു റോഡിൽ പുതുതായി ക്യാമറ സ്ഥാപിച്ചാൽ ആ വിവരം ഏതെങ്കിലും ഉപയോക്താവ് റിപ്പോർട്ട് ചെയ്‌താൽ അത് പരിശോധിച്ച് ഗൂഗിൾ മാപ്പ് അപ്ഡേറ്റ് ചെയ്യും. തുടർന്ന് മാപ്പിൽ ഇതുവഴി പോകുന്നവർക്ക് മുന്നിൽ ക്യാമറയുടെ ഐക്കൺ കാണിക്കുകയും ചെയ്യും. ഇത്തരത്തിൽ വഴിയിൽ എന്തെങ്കിലും അപകടങ്ങൾ നടന്നാലും റിപ്പോർട്ട് ചെയ്യാവുന്നതാണ്. അതും പിന്നാലെ വരുന്നവർക്ക് മാപ്പിൽ കാണുവാൻ സാധിക്കും. റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകടങ്ങൾ ചുവന്ന നിറത്തിലാവും മറ്റു ഉപയോക്താക്കൾക്ക് മുന്നിൽ തെളിയുക. ഒപ്പം ആ അപകടസ്ഥലത്ത് ട്രാഫിക് ബ്ലോക്ക് ഉണ്ടെങ്കിൽ അത് കടന്നു കിട്ടാൻ എത്ര സമയം വേണ്ടിവരുമെന്നുള്ള വിവരവും മാപ്പിൽ ലഭ്യമാകും.

നിലവിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യം ഗൂഗിൾ മാപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ഐഒഎസ് ഡിവൈസുകളിൽ ഉടൻ തന്നെ ഈ സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യം ഒരു വിഭാഗമാളുകൾക്ക് സന്തോഷം നൽകുന്ന ഒരു ഫീച്ചറാണ് ഇതെങ്കിലും സത്യത്തിൽ ഇത് നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലേ എന്നൊരു മറുചോദ്യവും ഉയരുന്നുണ്ട്. അമിതവേഗത മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനായാണ് വഴികളിൽ മോട്ടോർ വാഹനവകുപ്പും പോലീസും ചേർന്ന് സ്പീഡ് ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ കെണി മുൻകൂട്ടി അറിയുന്ന സംവിധാനം നിലവിൽ വരുന്നതോടെ ആളുകൾക്ക് ആ ലൊക്കേഷനുകളിലെത്തുമ്പോൾ മാത്രം വാഹനങ്ങളുടെ വേഗത കുറയ്ക്കുവാനും തുടർന്ന് അമിതവേഗത കൈവരിച്ചു പോകുവാനും കഴിയും. ഇതുമൂലം പരസ്യമായ നിയമലംഘനത്തിനു വഴിവെക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇത്തരക്കാരെ കുടുക്കാൻ പുതിയ വിദ്യയുമായാണ് പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഒരു ക്യാമറ കാണുമ്പോൾ വേഗത കുറച്ചു പോകുന്നവർ ക്യാമറ പിന്നിട്ടശേഷം വേഗത കൂട്ടിക്കൊണ്ട് പോകാറാണ് പതിവ്. ഇത്തരക്കാർ അടുത്ത ക്യാമറയുള്ള സ്ഥലം വരെ എത്താനെടുക്കുന്ന ശരാശരി ദൂരവും സമയവും കണക്കാക്കി അതിനു മുൻപ് പാസ്സ് ചെയ്യുകയാണെങ്കിൽ (അമിതവേഗത) പിഴ ഈടാക്കേണ്ടി വരും. കൺട്രോൾ റൂമിലിരുന്നുകൊണ്ട് 24 മണിക്കൂറും ക്യാമറകൾ നിരീക്ഷിക്കുവാനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്.

നിലവിൽ ഇത്തരം സ്പീഡ് ക്യാമറകൾ ട്രാക്ക് ചെയ്യുന്നതിന് ഇന്ത്യയിൽ നിരോധനങ്ങൾ ഒന്നുംതന്നെയില്ല. അതുകൊണ്ട് ഇനി ഗൂഗിൾ മാപ്പ് എടുക്കുമ്പോൾ വഴി കാണിച്ചു തരുന്നതിനൊപ്പം നിങ്ങൾ സഞ്ചരിക്കുന്ന റൂട്ടിലെ സ്പീഡ് ക്യാമറകളെക്കുറിച്ചുള്ള വിവരങ്ങളും കാണിച്ചു തരും. എന്നുകരുതി യാതൊരു കാരണവശാലും ഈ സൗകര്യം അമിത വേഗതയിൽ പോകുവാനുള്ള ഒരു പഴുതായി കാണരുത്. നമ്മുടെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന വേഗതയിലൂടെ മാത്രം വാഹനങ്ങൾ ഓടിക്കുക. അമിതവേഗത എല്ലാവർക്കും ആപത്താണ് എന്ന കാര്യം ഓർക്കുക.