അമേരിക്കൻ വിസ – സന്തോഷമുള്ള എൻ്റെ മധുരപ്രതികാരം

എഴുത്ത് – ജ്യോതിസ് പോൾ.

അമേരിക്ക കാണുക എന്നത് കുറെ കാലം മുൻപ് വരെ എന്റെ സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു. കാരണം പാവപെട്ട കുടുംബത്തിൽ ജനിച്ച എന്നെപോലെ ഒരാൾക്ക് അതൊക്കെ സ്വപ്നം കാണാൻ എന്തവകാശം! മധ്യപൂർവ്വ ദേശത്തേക്ക് ചേക്കേറിയതോടെ അമേരിക്ക കാണുക എന്ന ആഭിലാഷം പതുക്കെ മുളപൊട്ടാൻ തുടങ്ങി. ന്യൂയോർക്കിലെ ബ്രൂക്ലിനിൽ മുൻപ് സ്ഥിതിചെയ്തിരുന്ന വാച്ച്ടവർ ബിൽഡിംഗ് കാണണം എന്ന് വളരെ ആഗ്രഹമായി.

ഒരിക്കൽ ദുബായ് വിമാനത്താവളത്തിൽ വെച്ച് ഒരു ഡിന്നറിന്റെ ഇടയിലുള്ള സംസാരത്തിൽ എന്റെ അമേരിക്കൻ യാത്രാസ്വപ്നം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ അറബി അറിയാൻ ഇടയായി. അമേരിക്കയിൽ പഠിച്ച അദ്ദേഹത്തിന് ആ കെട്ടിടം നല്ല പരിചയം ഉണ്ടായിരുന്നു. അദ്ദേഹം ഒരു നിർദ്ദേശം മുന്നോട്ടുവെച്ചു. “നീ എന്തായാലും അവിടെ പോയി അത് കാണണം, അതിനുള്ള ചെലവ് ഞാൻ വഹിച്ചോളാം”. ഫ്ലൈറ്റും ഹോട്ടലും എല്ലാം അദ്ദേഹത്തിന്റെ വക. അന്ധാളിച്ചു നിന്നുപോയ ഞാൻ ആ ഓഫർ അത്ര കാര്യമാക്കിയില്ല.

പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ എന്നെ അദ്ദേഹം ഓഫീസിലേക്ക് വിളിപ്പിച്ചിട്ടു ചോദിച്ചു. “എന്തായി നിന്റെ അമേരിക്കയിൽ പോകുന്ന തയ്യാറെടുപ്പുകൾ?” “തുടങ്ങിയില്ല” എന്ന് ഞാൻ വിനയപൂർവം അറിയിച്ചു. “പറ്റില്ല, എത്രയും വേഗം തയ്യാറെടുപ്പുകൾ നടത്തിക്കൊള്ളുക” എന്നദ്ദേഹം പറഞ്ഞു. പക്ഷെ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ എനിക്ക് ആഗ്രഹം ഇല്ലായിരുന്നു അതിനാൽ ഞാൻ വീണ്ടും ഉഴപ്പി. ഒരാഴ്ചക്ക് ശേഷം എന്നെ ഒരിക്കൽക്കൂടി അദ്ദേഹം വിളിപ്പിച്ചു എന്തായി കാര്യങ്ങൾ എന്ന്തിരക്കി.

അമേരിക്കൻ വിസയാണ് ഒരു കടമ്പ, അത് ഞാൻ അങ്ങ് ചെന്ന് ചോദിച്ചാലൊന്നും നടക്കില്ല, പിന്നെ അപേക്ഷ കൊടുത്താലും എന്റെ ബാങ്ക് ബാലൻസു കൊണ്ടൊന്നും സായിപ്പ് വിസ തരില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതിനും അദ്ദേഹം പരിഹാരം പറഞ്ഞുതന്നു. “ഫിനാൻസ് ഡിപ്പാർട്മെന്റിൽ ചെന്ന് ഈ സ്ഥാപനത്തിന്റെ ആറു മാസത്തെ ബാങ്ക് സ്റ്റെമെന്റ്റ് തരാൻ പറയുക. കൂടാതെ യാത്രയുടെ ചിലവുകൾ പൂർണ്ണമായും ഈ സ്ഥാപനമാണ് വഹിക്കുന്നത് എന്നുള്ള ഒരു എഴുത്തും വാങ്ങിക്കോളുക.

അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ വിസ അപ്ലൈ ചെയ്തു. യാത്രക്കുള്ള എല്ലാ രേഖകളും കൃത്യമായി ക്രമപ്പെടുത്തി, ഇനിയുള്ളത് ഇന്റർവ്യൂ എന്ന പ്രധാന കടമ്പയാണ്. അനേകം പേജുള്ള മൾട്ടി ബില്യൺ ബാലൻസുള്ള കമ്പനിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റും താങ്ങി പിടിച്ചു എംബസ്സിയുടെ വരാന്തയിലൂടെ പ്രതീക്ഷകളുമായി ഞാൻ നടന്നു. അവസാനം ഇന്റർവ്യൂ കൗണ്ടറിൽ എത്തി. വെളുത്ത നിറമുള്ള അറബികളുടെ ഇടയിൽ അത്രതന്നെ നിറവില്ലാത്തതും ആഢ്യത്തമില്ലാത്തതുമായ ഒരു ഇന്ത്യക്കാരനെ കണ്ടപ്പോൾ സായിപ്പിന്റെ മുഖം ഒന്ന് വേറെത്തന്നെ. എവിടെ പോകുന്നു? എന്തിനു പോകുന്നു? ആരെ കാണാൻ പോകുന്നു? എന്താണ് അമേരിക്കയിൽ തന്നെ പോകണമെന്ന് ഇത്ര നിർബന്ധം? എന്താ അതിന്റെ ചേതോവികാരം? എന്നിങ്ങനെ എട്ടു പത്തു ചോദ്യശരങ്ങൾ എന്നിലേക്ക് പെട്ടന്ന് എത്തി.

ഞാൻ പറയുന്ന മറുപടി കേൾക്കാനുള്ള മനസ്സ്പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നെനിക്ക് തോന്നി. ഉടൻ തന്നെ സായിപ്പിന്റെ മറുപടിയും വന്നു “യു ആർ നോട്ട് എലിജബിൾ ഫോർ യൂഎസ് വിസ.” അതോടൊപ്പം പാസ്പോർട്ട് എന്റെ നേരെ എറിഞ്ഞും തന്നു. നിരാശിതനായി എംബസിയുടെ വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങി. ഓഫീസിൽ എത്തിയ ഞാൻ അറബിയോട് വിസ റിജെക്ട് ആയ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ സങ്കടം പറഞ്ഞറിയിക്കാൻ പറ്റില്ല. സൗദിയിലെ ഒരു പ്രമുഖ ബിസിനെസ്സുകാരനായതിനാൽ അമേരിക്കൻ എംബസിയിലെ അദ്ദേഹത്തിന്റെ ബന്ധങ്ങൾ വിസ കിട്ടാൻ പ്രയോജനപ്പെടുത്താം എന്നദ്ദേഹം പറഞ്ഞെങ്കിലും “അത് വേണ്ട സർ” എന്ന് ഞാൻ പറഞ്ഞു. അതോടെ എന്റെ അമേരിക്കൻ യാത്ര വെറും സ്വപ്നമായി മാറി.

വർഷങ്ങൾ കടന്നുപോയി ഞാൻ കാണാൻ ആഗ്രഹിച്ച സ്ഥാപനം ബ്രുക്ലിനിൽ നിന്നും മറ്റൊരിടത്തേക്ക് മാറി. അമേരിക്ക അല്ലാതെ എത്രയോ രാജ്യങ്ങൾ ഈ ഭൂമിയിൽ ഉണ്ട് അവിടേക്ക് എല്ലാം യാത്ര ചെയ്യാനുള്ള അവസരം ഉണ്ടല്ലോ എന്ന് സ്വയം ആശ്വസിപ്പിച്ചു. അങ്ങനെ ഞാൻ ചെറിയ യാത്രകൾ ചെയ്യുവാൻ തുടങ്ങി. മറ്റാരുടെയും സഹായമില്ലാതെ മൂന്ന് ഭൂഖണ്ഡങ്ങളിൽ പോയി പതിനാല് രാജ്യങ്ങൾ സന്ദർശിച്ചു. യാത്രകളുടെ അനുഭവങ്ങളെപ്പറ്റി എഴുതി പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചു. ഇതിന്റെ ഇടയിൽ വിലപ്പെട്ട രണ്ടു വിസകളും ഞാൻ സമ്പാദിച്ചു. ഷെങ്കൻ വിസയും, കാനഡ വിസയും.

പക്ഷെ, വർഷങ്ങൾക്ക് ശേഷം അമേരിക്കൻ യാത്ര എന്ന സ്വപ്നം വീണ്ടും എന്റെ മനസ്സിൽ മുളപൊട്ടാൻ തുടങ്ങി. പക്ഷെ ഇപ്പോൾ എന്നെ സഹായിക്കാൻ ആ നല്ലവനായ അറബി എന്നോടൊപ്പമില്ല. അതിനാൽ സ്വന്തം നിലയിൽ അപേക്ഷ സമർപ്പിച്ചു. യാത്രക്കായി എന്തെങ്കിലും പ്ലാനുകൾ തയാറാക്കിയിട്ടുണ്ടോ എന്ന ആപ്ലിക്കേഷനിലെ ചോദ്യത്തിന് “ഒരു പ്ലാനുമില്ല” എന്ന മറുപടിയും രേഖപ്പെടുത്തി”. കാര്യമായ പ്രതീക്ഷകളൊന്നുമില്ലാതെ വെറും നിസ്സംഗനായാണ്‌ ഞാൻ എംബസ്സിയിൽ എത്തിയത്. സായിപ്പിനെ കൂടുതൽ ഒന്നും ബോധിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാൽ കാര്യമായ ഡോക്യൂമെന്റുകൾ ഒന്നും കരുതിയില്ല.

പക്ഷെ ഈ വട്ടം സായിപ്പല്ല പകരം മദാമ്മ ആയിരുന്നു ഇന്റർവ്യൂ നടത്തിയത്. പാസ്സ്പോർട്ടിലേ പേജുകൾ മറിച്ചു നോക്കി തിളങ്ങുന്ന വിസകൾ കണ്ടതിനു ശേഷം വളരെ ആദരവോടുകൂടി ആയിരുന്നു അവരുടെ ചോദ്യങ്ങൾ. ഞാൻ ലളിതമായ ഉത്തരങ്ങളും രേഖപ്പെടുത്തി. എവിടെയോ എന്തോ സംഭവിച്ചിരിക്കുന്നു – മദാമ്മയുടെ അവസാന മൊഴി വന്നു “യു ആർ എലിജബിൾ ഫോർ യൂഎസ് വിസ”. ആ വാക്കുകളെ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷെ രണ്ടു ദിവസത്തിനുള്ളിൽ എന്നെ തേടി എന്റെ പാസ്പോർട്ട് എത്തി കൂടെ പത്തു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസയും.

അമേരിക്കൻ വിസ എന്നാൽ ബഹുരാഷ്ട്ര സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ചിലർക്ക് നിസാരമായി ലഭിക്കുന്നതായിരിക്കും. പക്ഷെ എന്നെ പോലെ ഒരാൾക്ക് അതത്ര എളുപ്പമല്ല. കൈയിൽ കിട്ടിയ പാസ്പോർട്ട് തുറന്നു വിസ കണ്ടപ്പോൾ തോന്നിയ സന്തോഷമുണ്ടല്ലോ “എന്റെ സാറെ അത് പറഞ്ഞറിയിക്കാൻ പറ്റില്ല”. കൂടാതെ യു ആർ നോട്ട് എലിജബിൾ എന്ന് പറഞ്ഞു പുച്ഛത്തോടെ എന്റെ നേരെ പാസ്പോർട്ട് വലിച്ചെറിഞ്ഞ സായിപ്പിനോടുള്ള മധുര പ്രതികാരവും. നല്ല മനസുള്ളവർക്ക് ഉയർച്ച ഉണ്ടാകുമെന്നു കേട്ടിട്ടുണ്ട്. എന്നെ സഹായിക്കാം എന്ന് പറഞ്ഞ ആ നല്ലവനായ അറബിക്കും ഉയർച്ച ഉണ്ടായി ഇന്ന് അദ്ദേഹം സൗദി അറേബ്യയിൽ മന്ത്രിക്ക് തുല്യമായ ഒരു ഉന്നത പദവി വഹിക്കുന്നു.

ചുരുക്കത്തിൽ പറഞ്ഞാൽ “എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ”. ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് ഒരുവനെ യാത്രികനാക്കുന്നത്. വലിയ സ്വപ്നങ്ങൾ കാണൂ അത് യാഥാർഥ്യമാക്കാൻ പരിശ്രമിക്കൂ. നിങ്ങളുടെ ആഗ്രഹം ഇന്നല്ലെങ്കിൽ നാളെ നടക്കും എന്നുള്ളത് തീർച്ച.