ഹംപിയിലേക്കു പോകുമ്പോൾ ‘കല്ലുകളുടെ നഗരം’ കാണാനുള്ള മനസ്സുമായി പോകരുത്

വിവരണം – അരുൺ പുനലൂർ.

ഹംപിയിലേക്കു പോകുമ്പോൾ നിങ്ങളൊരു കല്ലുകളുടെ നഗരം കാണാനുള്ള മനസ്സുമായി പോകരുത്. നൂറ്റാണ്ടുകൾക്കു മുൻപ് ശത്രുരാജ്യത്തിന്റെ ആക്രമണത്തിൽ തകർന്നു തരിപ്പണമായി കാലക്രമേണ തോൽവിയുടെ ചരിത്രത്തിലേക്ക് മാഞ്ഞു പോയ ഒരു ജനതയുടെ നൊമ്പരങ്ങൾ കേൾക്കാനായി പോകണം. അവിടുത്തെ കാറ്റിനും ഇരമ്പങ്ങൾക്കും ശിരസ്സ് ഛേദിക്കപ്പെട്ട ശിലകൾക്കും നിങ്ങളോടൊരായിരം കഥകൾ പറയാനുണ്ടാകും.

അധികാരത്തിന്റെ ഉന്മത്തത്താൽ അംഗഭംഗം സംഭവിച്ചു മണ്ണടിഞ്ഞു പോയ ഭീമൻകല്ലുകളിൽ ചെവി ചേർത്ത് പിടിച്ചാൽ പല നൂറ്റാണ്ടുകൾക്കപ്പുറം അതുവഴി പാഞ്ഞു പോയ കുതിരക്കുളമ്പടികൾ കേൾക്കാം. വിജയ നഗര സാമ്രാജ്യത്തിന്റെ കുലപതികളുടെ കല്പനകൾക്കൊപ്പം മുഴങ്ങുന്ന പെരുമ്പറകൾ കേൾക്കാം. കൽമണ്ഡപങ്ങളിൽ വീശുന്ന കുളിർ കാറ്റേറ്റ് അൽപ്പനേരം മൗനമായി കണ്ണടച്ചിരുന്നാൽ രാജാവിന്റെ തേര് വരുന്നത് കാണാം. ജനങ്ങളുടെ ആർപ്പുവിളികൾ കേൾക്കാം.

മസാലകളുടെയും പച്ചക്കറിയുടെയും വിലപേശൽ ശബ്ദങ്ങളാൽ മുഖരിതമായ കൃഷ്ണ മാർക്കറ്റിലെ കലപിലകൾക്കരുകിലൂടെ ഒരു കുതിരവണ്ടിയിൽ രാജ്ഞി സ്നാനഘട്ടത്തിലേക്കു പോകുന്നുണ്ട്. തൊഴിലാളികളുടെ വീഥികൾക്കിരുവശവും നിരനിരയായി കച്ചവട സ്ഥാപനങ്ങളുണ്ട്. പ്രധാന സ്റ്റേജിൽ നാട്യവും നൃത്തവും വാദ്യഘോഷങ്ങളും മുഴങ്ങുന്നുണ്ട്. അത്രമേൽ സമാധാനജീവിതം നയിച്ചിരുന്നൊരു ജനതയുടെ കരവിരുതുകളും ജീവിതവും ചീന്തിയെറിഞ്ഞു ശത്രുരാജ്യത്തിന്റെ കുതിരപ്പടയാളികൾ അതാ പാഞ്ഞു പോകുന്നു.

ആയിരക്കണക്കിനാളുകളുടെ കഠിനപ്രയത്നത്താൽ നൂറ്റാണ്ടുകളുടെ ശിലകളിൽ കൊതിയുണ്ടാക്കിയൊരു സാമ്രാജ്യം തകർത്തെറിഞ്ഞു പോകുമ്പോളുള്ള നിലവിളികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നില്ല എങ്കിൽ നിങ്ങൾക്കീ പുരാതന നഗരത്തിന്റെ ആത്മാവിനെ മനസ്സിലേക്കാവാഹിക്കാൻ കഴിഞ്ഞില്ലെന്നർത്ഥം. അങ്ങിനെയെങ്കിൽ നിങ്ങൾ വെറും കാഴ്ചക്കാരൻ മാത്രം.

എവിടെ നിന്നൊക്കെയോ കേട്ടറിഞ്ഞൊരു ടൂറിസ്റ്റു പ്ലെസ് കാണാനുള്ള വെറും സഞ്ചാരിയുടെ പതിവ് മനസ്സുമായി നിങ്ങൾക്കിവിടെ വണ്ടിയിറങ്ങാം. കാൽ നിലത്തു കുത്തിയാലുടൻ പാഞ്ഞു വരുന്ന ഓട്ടോക്കാരും ഗൈഡുകളും തെളിക്കുന്ന വഴികളിലൂടെ അവർ പറഞ്ഞു പറഞ്ഞു നാക്കു തേഞ്ഞ പതിവ് കഥകൾ കണ്ണടച്ച് വിഴുങ്ങി ജീരക സോഡയും, ബട്ടർ മിൽക്കും, കരിക്കിൻ വെള്ളവും, കുടിച്ചു ചപ്പാത്തിയും, വെജിറ്റബിൾ താലി മീൽസും തിന്ന് പള്ള നിറച്ചു അമ്പലങ്ങളായ അമ്പലങ്ങളിലൊക്കെയും കേറിയിറങ്ങി വഴിയിൽ മേഞ്ഞു നടക്കുന്ന പശുക്കളെയൊക്കെ വണങ്ങി ഇവിടെന്ത് തേങ്ങയാണ് കാണാനുള്ളത് കുറെ കല്ല് മാത്രമേ ഉള്ളല്ലോ എന്ന് പ്രാവി എത്രയും പെട്ടെന്ന് അടുത്ത വണ്ടി പിടിക്കാം.

അപ്പോഴൊക്കെയും ഈ പഴയ നഗരത്തെ അനുഭവിച്ചറിയാനെത്തുന്ന ചിലർ പുലര്കാലത്തുണർന്നു മാതങ്ക ഹിൽസിനു മുകളിലിരുന്ന് കട്ടൻ ചായ തിളപ്പിച്ച്‌ കുടിച്ചു കൊണ്ടു അങ്ങകലെ സൂര്യനുദിച്ചുയരുന്നത് അനുഭവിച്ചറിയുകവാവും. താഴെ അകലങ്ങളിലേക്ക് പടർന്നു കിടക്കുന്ന പതിനാറാം നൂറ്റാണ്ടിന്റെ തിരുശേഷിപ്പുകളുടെ എരിയൽ വ്യൂ കണ്ടു മനം കുളിർക്കുകയാവും. അനാദിയായി നീണ്ടു പോകുന്ന ചെറു പാതകളിലൂടെ അലസം നടന്നു ഓരോ ശിലകളിലും സംഗീതം തിരയുകയാവും.

ഉച്ചപൊള്ളിക്കുന്ന വെയിലിൽ നിന്നു രക്ഷ തേടി ഏതെങ്കിലും മണ്ഡപങ്ങൾക്കു താഴെ മാണ്ടു കിടന്നുറങ്ങുകയോ പുസ്തകം വായിക്കുകയോ പാട്ടു കേൾക്കുകയോ പടം വരയ്ക്കുകയോ പ്രണയിക്കുകയോ വിരൂപാക്ഷി ടെംപിളിന്റെ പിന്നിലെ കുന്നിനു മുകളിൽ സൂര്യാസ്തമയം ആസ്വദിക്കുകയോ ആവാം. നിങ്ങൾ മടക്കയാത്ര തുടങ്ങുമ്പോൾ അവർ ഈ ശിലാനഗരത്തിന്റെ വലിയ പാറക്കൂട്ടങ്ങൾക്കിടയിലെ ഇടവഴികളിൽ അവനവനെത്തന്നെ നഷ്ടപ്പെട്ടു അലഞ്ഞു തിരിയുകയുമാവാം.

അതെ. ഹംപി കണ്ടറിയേണ്ട ഇടം മാത്രമല്ല അനുഭവിച്ചറിയേണ്ടയിടം കൂടിയാണ്. ചില ദിവസങ്ങളിൽ എവിടെയൊക്കെയോ വായിച്ചറിഞ്ഞ ഭൂതകാലത്തിന്റെ ഇരുട്ടിലേക്കു ഒരു ട്രാൻസിലേക്കെന്നോണം ഊളിയിട്ട് ഭ്രാന്തമായി അലഞ്ഞു തിരിഞ്ഞു നമ്മളെത്തന്നെ ഉപേക്ഷിച്ചു അലിഞ്ഞു ചേരേണ്ടയൊരിടം. ഹംപിയിൽ നിന്നുള്ള മടക്കം വേദനാജനകമാണ് എങ്കിലും വീണ്ടും വരാനായി പോകാതിരിക്കാനാവില്ലല്ലോ.

“മനുഷ്യരെയും മനുഷ്യനെയും ഘടിപ്പിക്കുന്ന ഈർപ്പം നശിക്കപ്പെടുമ്പോൾ, മണലിന്റെ കിരുകിരുപ്പുപോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുലശബ്ദങ്ങളെയും കൊല്ലുമ്പോൾ, നിഷ്ഠൂരമായ സർക്കാർ നിസ്സഹായരും ഒറ്റപ്പെട്ടവരുമായ അതിന്റെ ജനതയെ മണൽക്കാറ്റ്‌ പോലെ വേട്ടയാടുമ്പോൾ, സമൂഹത്തിലേക്കും മനുഷ്യമനസ്സിലേക്കുമുള്ള മരുഭൂമിയുടെ വളർച്ച മുഴുവനുമാകുന്നു..” (ആനന്ദ്, മരുഭൂമികൾ ഉണ്ടാകുന്നത്).

പോയ വഴി, അനുഭവ പാഠങ്ങൾ : കൊല്ലത്തു നിന്ന് ബാംഗ്ലൂർ ഇറങ്ങി അവിടുന്ന് രാത്രിയിലെ ഹംപി എക്സ്പ്രസിൽ രാവിലെ ഹോസ്‌പേട്ടിൽ എത്തിയാൽ ബസും ഓട്ടോയും കിട്ടും. വണ്ടിയിറങ്ങുന്നിടത്ത് ഓട്ടോക്കാരുടെ പേശലുകളിൽ വീഴാതെ അവിടെ കുറെ ഗസ്റ്റ് ഹൌസുകൾ ഉണ്ട് അവയൊക്കെ തിരക്കിപ്പിടിച്ചു നമ്മുടെ കീശക്കൊതുങ്ങുന്ന ഒരെണ്ണം ഉറപ്പിച്ചു ഫ്രഷ് ആയി കാപ്പിയും കുടിച്ചു പുറത്തിറങ്ങുമ്പോ ആദ്യദിവസത്തെ പകപ്പോഴിവാക്കാൻ ഏതെങ്കിലും ഒരു ഓട്ടോക്കാരന് തലവച്ചു കൊടുത്തു കൂടിപ്പോയാൽ തൊള്ളായിരത്തിനോ ആയിരത്തിനോ അവന്റെ കയ്യിലെ മാപ്പ് അനുസരിച്ചു സൗത്ത് സോണിൽ കാണാനുള്ള എല്ലായിടത്തും കൊണ്ടുപോകും.

ഓരോയിടത്തും നിശ്ചിത സമയത്തിനകം കണ്ടു തീർത്താൽ അന്നൊരു ദിവസം കൊണ്ടു അവനെ നമുക്ക് ഉപേക്ഷിക്കാം. സമയമുള്ളവർ പിറ്റേന്ന് മുതൽ സ്വയം ഇറങ്ങിത്തിരിക്കുക. സൈക്കിൾ വാടകക്ക് കിട്ടും. സ്‌കൂട്ടർ മോപ്പഡ് കുറവാണു. നടക്കാൻ ത്രാണിയുള്ളവർക്ക് അതാകാം. ഓട്ടോക്ക് കൊടുക്കാൻ കാശുണ്ടെങ്കിൽ അങ്ങിനെയുമാകാം.

അനുഭവിച്ചറിയാൻ ഉറപ്പിച്ചു പോകുന്നവർ കൂടുതൽ ദിവസങ്ങൾ താങ്ങാനുള്ള തയ്യാറെടുപ്പുമായി പോവുക. വണ്ടിയിറങ്ങുമ്പോൾ അടുത്ത് തന്നേ ചില ഗസ്റ്റ് ഹൌസ്കൾ ഉണ്ട്. ഗീതാ റെസ്റ്റോറന്റിൽ ഒരുവിധം നല്ല ഭക്ഷണം കിട്ടും. മാന്യമായ പെരുമാറ്റം. അല്പ്പം ഹിന്ദി അറിഞ്ഞാൽ കാര്യങ്ങൾ കുറച്ചു കൂടി ഈസിയാകും.

ഹംപിയിൽ നിങ്ങൾക്ക് താമസിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മൂന്നു ഗസ്റ്റ് ഹൗസുകളുടെ വിവരങ്ങൾ ഇതാ, Appu Gust House : 9480590068, Narendra Gust House : 9449337726, Rahul Gust House : 9449349768.