പരിസ്ഥിതിയെ സംരക്ഷിക്കുവാൻ ഹരിത കേരള മിഷനും കെ.എസ്സ്.ആര്‍.ടി.സിയും

വിവരണം – ഷെഫീഖ് ഇബ്രാഹിം (കണ്ടക്ടർ, കെഎസ്ആർടിസി എടത്വ).

“പരിസ്ഥിതിയെ സംരക്ഷിക്കൂ, സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തൂ..”

ഹരിത കേരള മിഷനും, ആലപ്പുഴ കെ.എസ്സ്.ആര്‍.ടി.സിയും ചേര്‍ന്ന് ജൂണ്‍ 5, പരിസ്ഥിതി ദിനത്തില്‍ നടത്തിയ പ്രോഗ്രാം ശ്രദ്ധേയമായി. കെ.എസ്സ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ബാനറുകളും,പോസ്റ്ററുകളും പതിപ്പിച്ചു. പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തി, സ്വകാര്യ വാഹനങ്ങള്‍ പരാമാവധി ഒഴിവാക്കി, അന്തരീക്ഷ മലിനീകരണം ഒഴിവാക്കി പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതായിരുന്നു പോസ്റ്റകളില്‍ ഉള്‍ക്കൊളളിച്ചിരുന്നത്.

ഹരിത കേരള മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ ശ്രീ.രാജേഷ്, ജീവനക്കാര്‍,
കെ.എസ്സ്.ആര്‍.ടി.സി ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ശ്രീ.രഞ്ജിത്ത്, കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ശ്രീ.അപ്പുക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു. ജീവനക്കാരിലും യാത്രക്കാരിലും ഇതിന്‍റെ സന്ദേശം എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. പരിസ്ഥിതി ദിനത്തില്‍ ഡിപ്പോ പരിസരത്ത് ഒരുമിച്ച് ഒരു വൃക്ഷ തൈ നടുകയും ചെയ്തു.

കഴിഞ്ഞ ദിനങ്ങളില്‍ തിരുവന്തപുരത്ത് ശുചിത്വ മിഷനും, കെ.എസ്സ്.ആര്‍.ടി.സിയും ചേര്‍ന്ന് സമാനമായ ഒരു പ്രവര്‍ത്തനം ശ്രദ്ധയില്‍ വന്നതിനെ തുടര്‍ന്ന് പ്രസ്തുത പോസ്റ്റര്‍ ബഹുമാനപ്പെട്ട KSRTC സി.എം.ഡിയുടെയും, സോഷ്യല്‍ മീഡിയാ സെല്ലിന്‍റെയും ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. ആലപ്പുഴ ഹരിത കേരള മിഷനിലെ സുഹൃത്തു കൂടിയായ ശ്രീ. രാജേഷിന്‍റെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. രാജേഷ് സര്‍ ആലപ്പുഴയില്‍ കഴിഞ്ഞ ദിനം ചാര്‍ജ്ജെടുത്ത എ.ടി.ഒ ശ്രീ. അശോകന്‍ സാറുമായി കൂടി ആലോചിച്ചതിന് ശേഷമാണ് ഇന്നത്തെ പ്രോഗ്രാമായി മാറിയത്.

പെരുന്നാള്‍ ദിനമാണെങ്കിലും ഉച്ചക്ക് 12.30 മുതല്‍ ആലപ്പുഴ ഡിപ്പോയിലെത്തി പരിപാടിയുടെ പൂര്‍ണ്ണമായ വിജയത്തില്‍ പങ്കാളികളാകുവാന്‍ എനിക്കും മകള്‍ക്കും കഴിഞ്ഞു. വ്യത്യസ്തവും,സംതൃപ്തവുമായി ഒരു പെരുന്നാള്‍ ആഘോഷവും,പരിസ്ഥിതി ദിനവും ഒരുമിച്ച് ആഘോഷിക്കുവാന്‍ കഴിഞ്ഞു.

ലോക പരിസ്ഥിതി ദിനം : എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. ‘Beat air Pollution’ എന്നതായിരുന്നു 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.