ആലപ്പുഴയുടെ ആകാശക്കാഴ്ചകൾ ഹെലികോപ്ടറിൽ പറന്നു കാണുവാൻ ഒരവസരം

ആലപ്പുഴയുടെ ആകാശത്ത് പറക്കാം…കണ്ണിമ ചിമ്മാതെ കാഴ്ചകൾ കാണാം… ആലപ്പുഴയുടെ ആദ്യ ഹെലികോപ്ടർ ടൂറിസം പദ്ധതിയെക്കുറിച്ചാണ് ഇനി പറഞ്ഞു വരുന്നത്. നെഹ്റു ട്രോഫി വള്ളം കളിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുകയാണ് ഈ നൂതന പദ്ധതിയിലൂടെ ആലപ്പുഴ ഡി.ടി.പി.സി.

ഈ ഹെലികോപ്ടർ പദ്ധതി വഴി ലഭിക്കുന്ന ആദ്യ വരുമാനം പ്രളയ ദുരിതാശ്വാസ നിധിയിലേക്കായിരിക്കും കൊടുക്കുക. അപ്പോൾ ഇനിയുള്ള മൂന്ന് ദിവസം ആലപ്പുഴയുടെ ആകാശ കാഴ്ചകൾ കാണാം… അറബിക്കടലിന്റെ വിശാലതയും, ഹരിതാഭമായ കുട്ടനാടിന്റെ വശ്യ സൗന്ദര്യവും, മനം കവരുന്ന കായലോര കാഴ്ചകളും ആസ്വദിക്കാം.

ആലപ്പുഴ ബീച്ചിന് സമീപത്തെ റിക്രീയേഷൻ മൈതാനത്ത് ഓഗസ്റ്റ് 30, 31, സെപ്തംബർ 1 തിയതികളിലായി പത്ത് മിനിട്ട് ദൈർഘ്യമുള്ള ഹെലികോപ്റ്റർ സഞ്ചാരമാണ് ഒരുക്കുന്നത്. 2500 രൂപയാണ് ടിക്കറ്റ് നിരക്ക്. 10 പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് യാത്ര. ആദ്യ ദിവസത്തിലെ ആദ്യ അഞ്ച് മണിക്കൂറിലെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഡി.ടി.പി.സി. സംഭാവന ചെയ്യുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള , ഡി.ടി.പി.സി. സെക്രട്ടറി എം.മാലിൻ എന്നിവർ അറിയിച്ചു.

ബാംഗ്ലൂർ ആസ്ഥാനമായ ചിപ്സൻ ഏവിയേഷനുമായി ചേർന്നാണ് പൊതുജനങ്ങൾക്കായി ഇത്തരത്തിലൊരു ഹെലികോപ്റ്റർ യാത്ര ഒരുക്കുന്നത്. ഓഗസ്റ്റ് 30 ന് വൈകിട്ട് നാലു മുതൽ ആറ് വരെയും, 31, 1 തിയതികളിൽ രാവിലെ എട്ടു മുതൽ പത്തുവരെയുമാണ് ഹെലികോപ്റ്റർ സർവീസ് നടത്തുന്ന സമയം.

മഴക്കെടുതി കാരണം മാറ്റിവച്ച വള്ളം കളി ഈ മാസം 31 നാണു നടക്കുക .അറുപത്തിയേഴാമത് ജലമേളയാണ് നടക്കാൻ പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഉദ്ഘാടനം ചെയ്യും.ശനിയാഴ്ച രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും. വൈകിട്ടാണ് ഫൈനൽ. നെഹ്‌റു ട്രോഫി വള്ളംകളിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.ടി.പി.സി ഹെലികോപ്ടര്‍ സഞ്ചാരമൊരുക്കുന്നത്.

ഹെലികോപ്ടർ ടൂറിസം സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി. ഇതിലൂടെ കൂടുതൽ സഞ്ചാരികളെ ആലപ്പുഴയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് ഡി.ടി.പി.സി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ – 04772251796, 9400051796. അപ്പോൾ ഇനി അടുത്ത ദിവസങ്ങളിൽ നേരെ ആലപ്പുഴയിലേക്ക് വിട്ടോളൂ. വള്ളംകളിയും കാണാം, ഒപ്പം ഒരു കിടിലൻ ആകാശയാത്രയും ആസ്വദിക്കാം.