അന്ന് എന്നെ മരണത്തിൽ നിന്നും രക്ഷിച്ചത് ഹെൽമറ്റും റൈഡിംഗ് ഗിയറുകളും – മറക്കാൻ കഴിയാത്ത ഒരോർമ്മ…

ടൂവീലർ യാത്രികർ ഹെൽമറ്റ് ധരിച്ചിരിക്കണം എന്നത് നിയമത്തിലുപരി നമ്മുടെ സുരക്ഷയാണ്. സുരക്ഷയെ മുൻ നിർത്തിക്കൊണ്ടു തന്നെയാണ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നതും. എന്നാൽ എത്രയാളുകൾ ടൂവീലർ ഓടിക്കുമ്പോൾ ഹെൽമറ്റ് ഉപയോഗിക്കുന്നുണ്ട്? എത്രപേർ ദീർഘദൂര ബൈക്ക് റൈഡുകൾ പോകുമ്പോൾ സുരക്ഷാ കവചങ്ങൾ ധരിക്കാറുണ്ട്? പൊതുവെ കുറവായിരിക്കും. പോലീസിനെ ബോധിപ്പിക്കാൻ ചെയ്യുന്നതു പോലെയാണ് ചിലർ ഹെൽമറ്റ് ധരിക്കുന്നതു പോലും. എന്നാൽ ഇത്തരം സുരക്ഷാ കവചങ്ങളുടെ ആവശ്യകത മനസ്സിലാകുന്നത് എന്തെങ്കിലും അപകടത്തിൽപ്പെടുകയോ സുരക്ഷാ കവചങ്ങൾ ഉള്ളതുകൊണ്ട് രക്ഷപ്പെടുകയോ ചെയ്യുമ്പോളാണ്. അത്തരത്തിലൊരു അനുഭവം എല്ലാവരോടുമായി വെളിപ്പെടുത്തുകയാണ് ചങ്ങരംകുളം സ്വദേശിയും യൂട്യൂബ് വ്‌ളോഗറുമായ ശ്യാംലാൽ. ശ്യാം ലാൽ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു.. വായിക്കാം…

“മറക്കാൻ കഴിയാത്ത, കഴിഞ്ഞ വർഷം ഞാൻ പോയ ഒരു യാത്രയുടെ ഓർമ്മയാണ് ഈ ഫോട്ടോയിലെ ഡ്രസ്സ് ഉം എന്റെ അദ്യ യൂട്യൂബ് വ്ലോഗ് വീഡിയോയും. എന്റെ ജീവിതത്തിലെ ആദ്യത്തെ ആക്സിഡന്റ്. എന്റെ ആദ്യത്തെ വ്ലോഗ് ഷൂട്ട് ചെയ്യാൻ ഉള്ള ത്രില്ലിൽ ആയിരുന്നു അന്ന്. നേരത്തെ എഴുന്നേറ്റ് പുലർച്ചെ 4 മണിക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങി. വീട്ടിൽ നിന്നും ഒരു 1/2 km കഴിഞ്ഞ് ഒരു കയറ്റവും തിരിവും കൂടി ഉള്ള ഒരു റോഡ്. ഞാൻ സ്ഥിരം പോകുന്ന വഴി. അന്ന് പുലർച്ചെ മഴ പെയ്തിരുന്നു. നനഞ്ഞ റോഡിൽ ബൈക്ക് ചെരിച്ചു എടുത്തതാണ്, സ്കിഡ് ആയി വണ്ടി കൈയിൽ നിന്നും പോയി. ഞാൻ വണ്ടി പിടിച്ചു നിർത്താൻ ഒന്നും മുതിർന്നില്ല.വണ്ടി വിട്ട ഞാൻ നേരെ റോഡിലേക്ക് തലയുടെ ബാക്ക് സൈഡ് അടിച്ചു വീണു. ഹെൽമെറ്റ് ഉള്ളതിനാൽ തലക്ക് ഒന്നും പറ്റിയില്ല. അവിടുന്ന് നേരെ ശരീരം തിരിഞ്ഞ് റോഡിലൂടെ നീങ്ങുവാൻ തുടങ്ങി. ബൈക്കും പിന്നാലെ ഞാനും.

ആ കയറ്റം ബൈക്കും ഞാനും കിടന്നുകൊണ്ട് കയറുകയായിരുന്നു. അത്യാവശ്യം ദൂരം അങ്ങനെ നീങ്ങി പോയി. അറിയാതെ കൈ ഉപയോഗിച്ച് ഞാൻ എന്റെ ശരീരത്തെ പിടിച്ചു നിർത്താൻ ശ്രമിച്ചു. കുറച്ചു നേരം റോഡിൽ ശക്തിയായി പിടിച്ചതിനാൽ എനിക്ക് എഴുന്നേൽക്കാൻ പറ്റി. കയ്യിൽ റൈഡിംഗ് ഗ്ലൗസ് ഉണ്ടായിരുന്നതിനാൽ കൈ മുറിഞ്ഞില്ല. ബൈക്കിന്റെ ഫുട് റെസ്റ്റ്നും റോഡിനും ഇടയിൽ കാൽ പെട്ടുപോയി. ഷൂസ് ധരിച്ചിരുന്നതിനാൽ കാലിലെ വിരലുകളും കാൽപാദങ്ങളും പരിക്കേൽക്കാതെ രക്ഷപെട്ടു. ധരിച്ചിരുന്ന ജീൻസ് മുൻഭാഗം മുഴുവൻ സ്ക്രാച്ച് ആയി. ഈ ഫോട്ടോകളും യൂട്യൂബിൽ അപ്ലോഡ് ചെയ്ത ആ വിഡിയോയും കാണുമ്പോൾ ഇന്നും ആ ദിവസം ഓർമയിൽ വരും.

സമയം പുലർച്ചെ ആയതു കൊണ്ടുതന്നെ റോഡ് തികച്ചും വിജനമായിരുന്നു. ഹെൽമെറ്റ് ഇല്ലായിരുന്നുവെങ്കിൽ ഞാൻ ചിലപ്പോൾ അവിടെ കിടന്നു രക്തം വാർന്ന് മരിച്ചു പോകുമായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ ആക്സിഡന്റ്. Safty Equipments ഇല്ലായിരുന്നെങ്കിൽ അത് ചിലപ്പോ എന്റെ അവസാന ദിവസം ആയിരുന്നേക്കാം. ഞാൻ അവിടുന്ന് സ്വയം എഴുന്നേറ്റ് അടുത്തുള്ള ഒരു വഴി വിളക്കിനടുത്തേക്ക് വണ്ടി കൊണ്ടുപോയി നിർത്തി അപകടം എത്രത്തോളം ആണെന്ന് നോക്കി. ബൈക്കിന്റെ ഗാർഡ് കുറച്ചു സ്ക്രാച്ച് ആയി. പക്ഷെ എനിക്ക് ഒരു മുറിവ് പോലും പറ്റിയിരുന്നില്ല. എന്റെ അരയിൽ ഞാൻ ക്യാമറ ട്രൈപോഡ് കെട്ടി വെച്ചിരുന്നു. അതിൽ ഒരു സ്ക്രാച്ച് ഉണ്ട്. പക്ഷേ അത് അവിടെയുണ്ടായിരുന്നതു കാരണം എൻ്റെ വയറിന്റെ ഭാഗം സേഫ് ആയിരുന്നു.

ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ഇത്രയേ ഉള്ളൂ, യാത്രകളിൽ ഹെൽമെറ്റ് സ്ഥിരമായി ഉപയോഗിക്കുക. പറ്റുമെങ്കിൽ ദൂരയാത്രകൾ മുഴുവൻ സേഫ്റ്റി ഗിയറുകളും (Riding Safty Equipments) ഉപയോഗിക്കുക. യാത്രയുടെ ലഹരി ജീവിതാവസാനം വരെ സന്തോഷത്തിൻറെ ഓർമകൾ ആകുവാൻ നമ്മൾ നമ്മുടെ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കണം. സുരക്ഷക്ക് അപ്പുറം മാത്രമേ മറ്റു എന്തും ഉള്ളൂ.  Always wear a helmet.