ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആവി എഞ്ചിൻ തീവണ്ടിയിൽ ഒരു യാത്ര പോകാം..

© Akhil Sanjeev

എറണാകുളത്ത് എല്ലാവർക്കും പരിചയമുള്ള റെയിൽവേ സ്റ്റേഷനുകളാണ് സൗത്തും നോർത്തും എന്നറിയപ്പെടുന്ന എറണാകുളം ജംക്ഷനും എറണാകുളം ടൗണും. എന്നാൽ ഇവയിൽ നിന്നുമൊക്കെ ഏറെ പ്രശസ്തമായൊരു റെയിൽവേ സ്റ്റേഷൻ കൂടിയുണ്ട് എറണാകുളത്ത്. എറണാകുളം എന്നു പറയുന്നെതിനേക്കാൾ ഒന്നുകൂടി നല്ലത് കൊച്ചിയിൽ എന്നായിരിക്കും. അതെ, കൊച്ചിയിലെ വില്ലിംഗ്ടൺ ഐലൻഡിലെ ‘കൊച്ചിൻ ഹാർബർ ടെർമിനസ്’ ആണ് ആ താരം. വില്ലിംഗ്ടൺ ഐലൻഡിൽ ബ്രിസ്റ്റോ റോഡിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കു ശേഷം അവിടേക്ക് വീണ്ടും യാത്രാത്തീവണ്ടി ഡെമുവിന്റെ രൂപത്തിൽ എത്തിയപ്പോഴാണ് പുതിയ തലമുറ ഇങ്ങനെയൊരു സ്റ്റേഷൻ ഉണ്ടെന്ന കാര്യം അറിയുന്നതും പഴയ തലമുറ ഓർമ്മകൾ പുതുക്കുന്നതും.

എന്നാൽ ആളില്ലാത്തതു മൂലം ഈ ഡെമു സർവ്വീസിന്റെ ആയുസ്സ് ഏതാണ്ട് ഒരാഴ്ചത്തോളമേ ഉണ്ടായിരുന്നുള്ളൂ. മുന്നൂറ് പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഡെമു സര്‍വീസിലൂടെ കൊച്ചിയിലെ പഴയ റെയില്‍പാതകളുടെ പുനരുജ്ജീവനവും വിനോദസഞ്ചാര സാധ്യതകളുടെ പ്രയോജനപ്പെടുത്തലുമായിരുന്നു റെയില്‍വെയുടെ ലക്ഷ്യം. എന്നാല്‍ തുടക്കത്തിലെ തന്നെ റെയില്‍വെയുടെ കണക്കു കൂട്ടലുകളെല്ലാം പിഴച്ചു. ഇതോടെ കൊച്ചി ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷൻ പഴയപടി വിജനമായി തുടർന്നു.

എന്നാൽ ഇപ്പോഴിതാ കൊച്ചി ഹാർബർ ടെർമിനസിലേക്ക് വീണ്ടും ട്രെയിൻ ചലിക്കുന്നു. മുമ്പത്തെപ്പോലെ ഡെമു സർവ്വീസ് അല്ലെന്നു മാത്രം. ലോകത്തെ ഏറ്റവും പഴക്കമുള്ള കൽക്കരി തീവണ്ടികളിൽ ഒന്നായ ആവി എൻജിനിൽ ഓടിയിരുന്ന ഇഐആർ 21 എന്ന കൽക്കരി തീവണ്ടിയാണ് എറണാകുളം സൗത്തിൽ നിന്ന് ഹാർബർ ടെർമിനസിലേക്ക് സർവ്വീസ് നടത്തുന്നത്. ഇത് സ്ഥിരമായിട്ടായിരിക്കില്ല കൊച്ചിയിൽ സർവ്വീസ് നടത്തുക. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈ ട്രെയിൻ സർവ്വീസ് നടത്തിയിരുന്നു. സഞ്ചാരികളുടെ ആവശ്യാർഥം ഫെബ്രുവരി 23, 24 തീയതികളിൽ ഈ ട്രെയിൻ വീണ്ടും ഇതേ റൂട്ടിൽ സർവ്വീസ് നടത്തും. പിന്നീട് ഫെബ്രുവരി 26 നു പാലക്കാട്ടേക്ക് ഈ ട്രെയിൻ കൊണ്ടു പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

© Deccan Chronicle.

163 വർഷത്തോളം പഴക്കമുള്ള ഈ കൽക്കരി എൻജിൻ ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികളെല്ലാം നടത്തി വീണ്ടും സർവ്വീസ് നടത്തുവാൻ സജ്ജമാക്കിയതിനു ശേഷമാണ് ഈ എൻജിൻ എറണാകുളത്ത് എത്തിച്ചിരിക്കുന്നത്. പൊതുവെ ആവി എൻജിൻ തീവണ്ടികളിൽ യാത്ര ചെയ്തവർ കുറവായിരിക്കും. പുതുതലമുറയ്ക്ക് ആ പൈതൃക യാത്രാനുഭവം പകരുന്നതിനായാണ് റെയിൽവേ ഇപ്പോൾ ഇങ്ങനെയൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. എൻജിൻ എറണാകുളത്ത് എത്തിച്ച ശേഷം രണ്ടു ദിവസങ്ങളിലായി പ്രത്യേകം ട്രയൽ റൺ സർവ്വീസുകൾ നടത്തിയിരുന്നു.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വില്ലിംഗ്ടൺ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന കൊച്ചി ഹാർബർ ടെർമിനസ് സ്റ്റേഷനിലേക്കാണ് ഈ മുതുമുത്തശ്ശൻ തീവണ്ടി സ്പെഷ്യൽ സർവ്വീസ് നടത്തുക. മറ്റു ട്രെയിനുകളെപ്പോലെ ദിവസേന ഇത് ഓടില്ല. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മണിയ്ക്കാണ് തീവണ്ടി എറണാകുളം സൗത്തിൽ നിന്നും യാത്രയാരംഭിക്കുന്നത്. പ്രധാനമായും ടൂറിസത്തെ മുൻനിർത്തിയാണ് ഇത്തരത്തിലൊരു സർവ്വീസ് ആരംഭിക്കുവാൻ റെയിൽവേയെ പ്രേരിപ്പിച്ചത്. അതുകൊണ്ടു തന്നെ സാധാരണ തീവണ്ടി നിരക്കുകൾ ആയിരിക്കില്ല ഇതിൽ യാത്ര ചെയ്യണമെങ്കിൽ നാം മുടക്കേണ്ടത്. വിദേശികൾക്ക് 1000 രൂപയും ഇന്ത്യക്കാർക്ക് 500 രൂപയുമാണ് ഈ ആവി എൻജിൻ യാത്രയുടെ നിരക്ക്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 300 രൂപയും 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യവുമായിരിക്കും. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളിൽ നിന്നും ഈ പൈതൃക തീവണ്ടിയുടെ ടിക്കറ്റുകൾ ലഭിക്കും.

എറണാകുളം സൗത്ത് മുതൽ ഹാർബർ ടെർമിനസ് വരെയുള്ള എട്ടു കിലോമീറ്റർ ദൂരം ഏകദേശം 20 – 30 മിനിട്ടോളമെടുത്തായിരിക്കും തീവണ്ടി പൂർത്തിയാക്കുന്നത്. ഹാർബർ ടെര്മിനസിൽ എത്തിയ ശേഷം തീവണ്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഹാർബർ ടെർമിനസ് സ്റ്റേഷനെക്കുറിച്ചുമൊക്കെ മനസ്സിലാക്കുവാൻ യാത്രക്കാർക്ക് അവസരമുണ്ട്. കൂടാതെ ഫോട്ടോകളും വീഡിയോകളുമൊക്കെ എടുക്കുവാനും സാധിക്കും. ഒരു എഞ്ചിനും ഒരു എസി കമ്പാർട്ട്മെന്റുമുള്ള ഈ തീവണ്ടിയിൽ ആകെ 40 യാത്രക്കാർക്കാണ് സഞ്ചരിക്കുവാൻ സാധിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള എഞ്ചിൻ എന്നൊക്കെ പറയുമെങ്കിലും ഇന്നും ഈ മുതുമുത്തശ്ശൻ എഞ്ചിൻ പുലിപോലെ സ്ട്രോങ്ങ് ആണ്.

സംഭവം ഹിറ്റായാൽ ഈ ട്രെയിൻ സർവ്വീസ് തുടരുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ കൊച്ചിയുടെ ടൂറിസം മാപ്പിൽ ഈ ആവി എഞ്ചിൻ തീവണ്ടിയാത്ര കൂടി കൂട്ടിച്ചേർക്കപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല. പിന്നെയുള്ള ഒരേയൊരു പ്രശ്നം ഈ ട്രെയിൻ പോകുമ്പോൾ വാത്തുരുത്തി ഗേറ്റ് അടച്ചിടുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ആയിരിക്കും. പക്ഷേ ആഴ്ചയിൽ രണ്ടു ദിവസം മാത്രമോടുന്നതിനാൽ അത് ഒരു വലിയ പ്രശ്നമാകും എന്നു കരുതുന്നില്ല. എന്തായാലും ഈ സർവ്വീസ് ഇനിയും തുടർന്നുകൊണ്ടു പോകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

കവർ ചിത്രം – അഖിൽ സഞ്ജീവ്.