ഇന്ത്യൻ റെയിൽവേയിലെ ഉയർന്ന മുൻഗണനയുള്ള ട്രെയിനുകൾ…

നമ്മൾ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ എവിടെയെങ്കിലും ട്രെയിൻ നിർത്തിയിടുന്നത് കണ്ടിട്ടില്ലേ? ചിലപ്പോൾ ഏതെങ്കിലും ട്രെയിനിന് കടന്നു പോകുവാൻ വേണ്ടിയായിരിക്കും ഇങ്ങനെ നിർത്തിയിടുന്നത്. കാരണം ചില ട്രെയിനുകൾക്ക് ഓട്ടത്തിൽ വളരെ മുൻഗണന കൊടുക്കേണ്ടതായുണ്ട്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റിനെ ഓർഡിനറി ബസ്സുകൾ കയറ്റിവിടുന്നത് പോലെ തന്നെ. ഇത്തരത്തിൽ Top Priority മുൻഗണനയുള്ള ചില പ്രധാനപ്പെട്ട ട്രെയിൻ കാറ്റഗറികളെ അറിഞ്ഞിരിക്കാം.

1.വന്ദേഭാരത് എക്സ്പ്രസ്സ് (ട്രെയിൻ 18) : സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് എഞ്ചിനുകൾ ഇല്ലാത്ത തീവണ്ടിയാണ് ട്രെയിൻ 18. ചെ​ന്നൈ​യി​ലെ ഇ​ൻ​റ​ഗ്ര​ൽ കോ​ച്ച്​ ഫാ​ക്​​ട​റിയിലാണ് ട്രെയിൻ 18 നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ നിർമാണച്ചെലവ് 100 കോ​ടി രൂ​പ​യാ​ണ്. വലിക്കുവാനായി പ്രത്യേകം എഞ്ചിനുകൾ ഇല്ലാത്തതിനാൽ ബോഗികളിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറുകളാണ് ഈ ട്രെയിനിനെ ചലിപ്പിക്കുന്നത്. ‘വന്ദേഭാരത് എക്സ്പ്രസ്സ്’ എന്നാണു ഈ ന്യൂജെൻ ട്രെയിനിനു നൽകിയിരിക്കുന്ന പേര്.

വൈ​ഫൈ, ജി.​പി.​എ​സ്​ കേ​ന്ദ്രീ​കൃ​ത യാ​ത്ര​ വി​വ​ര സം​വി​ധാ​നം, ടച്ച്​ ഫ്രീ ​ബ​യോ വാ​ക്വം ടോ​യ്​​ല​റ്റ്, എ​ൽ.​ഇ.​ഡി ലൈ​റ്റി​ങ്, കാലാവസ്ഥ നി​യ​ന്ത്ര​ണ സം​വി​ധാ​നം എന്നീ സൗകര്യങ്ങൾ ഈ ട്രെയിനിലുണ്ട്. 52 സീ​റ്റു​ക​ൾ വീ​ത​മു​ള്ള ര​ണ്ട്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ കമ്പാ​ർ​ട്ട്​​മെന്റു​ക​ളും 78 സീ​റ്റു​ക​ൾ വീ​ത​മു​ള്ള ട്രെ​യ്​​ല​ർ കോ​ച്ചു​കളു​മു​ണ്ടാ​വും. ട്രെ​യി​​നി​ന്റെ ഗ​തി​ക്ക​നു​സ​രി​ച്ച്​ തി​രി​യു​ന്ന സീറ്റുകളാ​ണ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ക​മ്പാ​ർ​ട്ട്​​മന്റു​ക​ളു​ടെ പ്ര​ത്യേ​ക​ത.

2. തേജസ് എക്സ്പ്രസ്സ് : പുറമെയുള്ള കാഴ്ചയ്ക്കു ട്രെയിൻ തന്നെ. പക്ഷെ ഉള്ളിൽ കയറിയ ശേഷം അഭിപ്രായം മാറ്റി പറയേണ്ടി വരും. കാരണം വിമാനത്തിലേതു പോലുള്ള സൗകര്യങ്ങളാണ് ഈ ആത്യാധുനിക –  ആഡംബര ട്രെയിനിനുള്ളത്. 15 കോച്ചുകളാണ് തേജസ് എക്‌സ്പ്രസില്‍ ഉള്ളത്. ഓരോന്നിലും എല്‍ഇഡി ടിവിയുണ്ട്. ഹെഡ്‌സെറ്റുണ്ട്. വൈഫൈ സംവിധാനമുണ്ട്. വാതിലുകള്‍ ഓട്ടോമാറ്റിക് സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സുഖകരമായ യാത്ര പ്രദാനം ചെയ്യുന്ന സോഫ്റ്റ് സീറ്റുകളാണ് തീവണ്ടിയലേത്. സ്ഥലങ്ങളെക്കുറിച്ച് അറിയിക്കാന്‍ ജിപിഎസ് സംവിധാനവുമുണ്ട്. തീയും പുകയും ഓട്ടോമാറ്റിക് ആയി കണ്ടുപിടിക്കുന്ന ഉപകരണങ്ങളുണ്ട്. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റലൈസ്ഡ് ആണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ തേജസ് എക്‌സ്പ്രസിന് ഓടാന്‍ കഴിയും. 2017 ലാണ് തേജസ് എക്സ്പ്രസ്സ് യാത്ര തുടങ്ങിയത്.

3. ഗതിമാൻ എക്സ്പ്രസ്സ് : ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡെൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express). മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ കൂടിയാണ്. രണ്ട് എക്സിക്യൂട്ടീവ് ചെയർകാറും എട്ട് എ.സി. ചെയർക്കാറും ഉൾപ്പെടെ പന്ത്രണ്ട് കോച്ചുകളാണ് ഗതിമാനിലുള്ളത്.

4. രാജധാനി എക്സ്പ്രസ്സ് : ഇന്ത്യയിലെ തലസ്ഥാന നഗരിയെ ബന്ധിപ്പിച്ചുകൊണ്ട് മറ്റു പ്രധാന നഗരങ്ങളിൽ നിന്നും വിശിഷ്യാ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളിൽ നിന്നും പോവുന്ന യാത്രാ തീവണ്ടികളാണ് രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ അറിയപ്പെടുന്നത്. രാജധാനി എക്സ്പ്രസ്സ് എന്നപേരിൽ ഒന്നിൽ കൂടുതൽ തീവണ്ടി സർവ്വീസുകൾ ഉള്ളതിനാൽ പുറപ്പെടുന്ന തീവണ്ടിനിലയത്തിന്റെ പേരുചേർത്ത് അതാത് തീവണ്ടി സർവ്വിസുകൾ അറിയപ്പെടുന്നു. രാജധാനി എന്ന വാക്കിന്റെ ഹിന്ദിയിലെ അർത്ഥം തലസ്ഥാനം എന്നാണ്. കേരളത്തിലൂടെ താത്രചെയ്യുന്ന ഏക രാജധാനിയാണ് തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ്. 12431-12432 എന്നീ നമ്പറുകളിലാണ് ഈ തീവണ്ടി തിരുവനന്തപുരം, ഹസറത്ത് നിസാമുദ്ദീൻ (ന്യൂ ഡൽഹിയുടെ പ്രന്താനഗരം) നഗരങ്ങളെ ബന്ധിപ്പിക്കുന്നത്. 1969 ൽ ആണ് രാജധാനി എക്സ്പ്രസ്സ് ആരംഭിച്ചത്.ആദ്യത്തെ രാജധാനി എക്സ്പ്രസ്സ് 1445 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഹൗറ രാജ്യധാനി എക്സ്പ്രസ്സായിരുന്നു.16 മണിക്കൂറും 55 മിനുട്ടുമായിരുന്നു സമയ ദൈർഘ്യം.

5. ശതാബ്‍ദി എക്സ്പ്രസ് : നിലവില്‍ വലിയ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനുകളാണ് ശതാബ്‍ദി എക്സ്പ്രസ്. രാജധാനി കഴിഞ്ഞാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും പ്രീമിയം ട്രെയിനായി അറിയപ്പെടുന്നതും ശതാബ്ദി തന്നെ. എന്നാല്‍ ഈ വർഷത്തോടു കൂടി ശതാബ്ദി എക്സ്പ്രസുകള്‍ പിന്‍വലിക്കും. പകരം മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപായുന്ന ‘ട്രെയിന്‍-18’ വരും. നിലവില്‍ കേരളത്തിലൂടെ ശതാബ്ദി ട്രെയിനുകള്‍ സര്‍വ്വീസ് നടത്താത്തിനാല്‍ മലയാളികള്‍ക്ക് ‘ട്രെയിന്‍ – 18’ കാണണമെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരും.

6. തുരന്തോ എക്സ്പ്രസ് : ഇന്ത്യയിലെ പ്രധാന നഗരങ്ങളെ കൂട്ടിയിണക്കി സർവീസ് നടത്തുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അതിവേഗ നോൺ സ്റ്റോപ്പ് ട്രെയിൻ ആണ് തുരന്തോ എക്സ്പ്രസ് . മണിക്കൂറിൽ 130 കിലോമീറ്റർ ആണ് ഈ തീവണ്ടിയുടെ ശരാശരി വേഗത. സംസ്ഥാന തലസ്ഥാനങ്ങളെയും മെട്രോ നഗരങ്ങളെയും ബന്ധിപ്പിച്ച് അമ്പതോളം തുരന്തോ എക്സ്പ്രസ് ട്രെയിനുകൾ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. പൂർണ്ണമായും സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപയോഗിച്ച് കപൂർത്തല കോച്ച് ഫാക്ടറിയിലാണ് തുരന്തോയുടെ കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് കോച്ചുകളിൽ ഒരുക്കിയിട്ടുള്ളത്.

7. ഗരീബ് രഥ് : രാജധാനി, ശതാബ്ദി എന്നീ മുന്തിയ തീവണ്ടികളിലെ യാത്രാനിരക്കുകൾ താങ്ങാൻ കഴിയാത്ത സാധാരണക്കാർക്കായി മുന്നോട്ട് വച്ച പൂർണ്ണമായും ശീതികരിക്കപ്പെട്ട എക്സ്പ്രസ്സ് തീവണ്ടികളാണ് ഗരീബ് രഥ്. 2005ൽ അന്നത്തെ റയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവാണ് ഗരീബ് രഥം ആവിഷ്കരിച്ചത്. പാവങ്ങളുടെ രഥം എന്ന അർത്ഥമുള്ള പേരോട് കൂടിയ ഈ തീവണ്ടിക്ക് മറ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് തീവണ്ടികളുടെ അതേ സൗകര്യങ്ങളും വേഗതയുമാണ് ഉള്ളത്. നിലവിൽ 50ൽ അധികം പാതകളിൽ ഗരീബ് രഥ് ഓടുന്നുണ്ട്.

8. ഡബിൾ ഡക്കർ എക്സ്പ്രസ്സ് : സാധാരണ ട്രെയിനുകളേക്കാൾ 40 ശതമാനം അധികം യാത്രക്കാരെ വഹിക്കാൻ സാധിക്കും എന്നതാണ് ഡബിൾ ഡക്കർ ട്രെയിനുകളുടെ സവിശേഷതകളിൽ പ്രധാനം. മികച്ച എക്സ്റ്റീരിയറോട് കൂടിയ എസി ചെയര്‍ കാര്‍ കോച്ചുകള്‍, യാത്രക്കാര്‍ക്ക് തത്സമയം വിവരങ്ങള്‍ നല്‍കുന്ന എല്‍സിഡി സ്‌ക്രീനുകള്‍, ഓട്ടോമാറ്റിക് ഫുഡ് വെല്‍ഡിംഗ് മെഷീനുകള്‍, ഡൈനിംഗ് ഏരിയ, വിനോദത്തിനായി എല്‍സിടി സ്‌ക്രീനുകള്‍ എന്നീ സൗകര്യങ്ങള്‍ ഈ ട്രെയിനിലുണ്ടാകും.

9. ജനശതാബ്ദി എക്സ്പ്രസ്സ് : ശതാബ്ദി എക്പ്രസ്സിന്റെ കുറഞ്ഞ നിരക്കിലുള്ള വണ്ടികളാണ് ജനശതാബ്ദി എക്സ്പ്രസ്സ്. ശീതീകരിച്ചതും അല്ലാത്തതുമായ ബോഗികൾ ലഭ്യമായ ഇതിന്റെ പേരിലെ ജൻ സാധാരണ ജനങ്ങളെ സൂചിപ്പിക്കുന്നു. കേരളത്തിലൂടെ ഓടുന്ന ഒരു ജനശതാബ്ദി എക്സ്പ്രസ്സാണ് തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്.

ഈ പറഞ്ഞവയ്ക്കു പുറമെ സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കും എക്സ്പ്രസ്സ്, മെയിൽ വിഭാഗത്തിൽപ്പെട്ട ട്രെയിനുകൾക്കുമാണ് പിന്നീട് മുൻഗണനയുള്ളത്. ഈ പറഞ്ഞ ട്രെയിനുകൾക്ക് വഴിയൊരുക്കുക എന്നതു മാത്രമേ സാധാരണ പാസഞ്ചർ തീവണ്ടികൾക്ക് ചെയ്യുവാൻ കഴിയൂ.

ചിതങ്ങൾക്ക് കടപ്പാട് – Respected Photographers, Indian Railways FB Page.