ശ്രീലങ്കയിലെ ‘നുവാറ ഏലിയാ’ ഹിൽസ്റ്റേഷനിൽ നിന്നും ‘അഹങ്കല്ല’ ബീച്ച് റിസോർട്ടിലേക്ക്..

ശ്രീലങ്കയിലെ നുവാറ ഏലിയാ എന്ന ഹിൽസ്റ്റേഷനിൽ ആയിരുന്നു ഞങ്ങൾ തങ്ങിയിരുന്നത്. ഹോട്ടൽ റൂമിൽ നിന്നുള്ള പുറംകാഴ്ചകൾ അതിമനോഹരം തന്നെയായിരുന്നു. ഞങ്ങൾ രാവിലെ തന്നെ അടുത്ത കറക്കത്തിനായി തയ്യാറായി. ബ്രേക്ക്ഫാസ്റ്റിനു കിടിലൻ ദോശയും നല്ല എരിവുള്ള വിവിധതരം ചമ്മന്തികളുമൊക്കെയായിരുന്നു. ഒപ്പം തന്നെ മുട്ടയും മാവും കൊണ്ടുണ്ടാക്കിയ അപ്പവും കറിയും ഞങ്ങൾ രുചിച്ചു. ബ്രേക്ക്ഫാസ്റ്റിനു ശേഷം ഞങ്ങൾ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്തു അടുത്ത യാത്രയ്ക്ക് തയ്യാറായി.

നുവാറ ഏലിയായിൽ നിന്നും ഞങ്ങൾ പോയത് ‘അഹങ്കല്ല’ എന്ന കിടിലൻ സ്ഥലത്തേക്ക് ആയിരുന്നു. അഹങ്കല്ല ഒരു ബീച്ച് ഏരിയയാണ്. അവിടത്തെ ഒരു അടിപൊളി ബീച്ച് റിസോർട്ടിലേക്കാണ് ഞങ്ങളുടെ യാത്ര. അങ്ങനെ ഹിൽ സ്റ്റേഷനിൽ നിന്നും ബീച്ച് ഏരിയയിലേക്ക് ഞങ്ങൾ യാത്ര തുടങ്ങി. മൂന്നാറിലും മറ്റും പലതവണ പോയിട്ടുള്ളതിനാൽ അവിടത്തെ തേയിലത്തോട്ടങ്ങൾക്കും മറ്റു കാഴ്ചകൾക്കും അത്രയധികം വ്യത്യസ്തതയൊന്നും കാഴ്ച്ചയിൽ തോന്നിയിരുന്നില്ല. പിന്നെ മറ്റൊരു രാജ്യത്താണല്ലോ എന്നൊരു കാര്യം മാത്രമായിരുന്നു വ്യത്യസ്തമായി തോന്നിയത്.

അങ്ങനെ ഞങ്ങൾ ഹൈറേഞ്ച് ഏരിയ പിന്നിട്ടു നഗരപ്രദേശത്തേക്ക് എത്തിച്ചേർന്നു. വലിയ തിരക്കുകളൊന്നും ഞങ്ങൾക്ക് നഗരത്തിൽ അനുഭവപ്പെട്ടിരുന്നില്ല. കൊളംബോ ടൗണിലേക്ക് കയറുന്നതിനു മുൻപായി ഞങ്ങൾ ഒരു എക്സ്പ്രസ്സ് ഹൈവേയിലേക്ക് കയറി. എക്സ്പ്രസ്സ് ഹൈവേ അങ്ങനങ്ങു നീങ്ങു നിവർന്നു കിടക്കുകയായിരുന്നു. വണ്ടികളാണെങ്കിൽ വളരെ കുറവും. അതുവഴി വാഹനമോടിക്കുവാൻ വളരെ രസകരമായിരിക്കുമെന്നു ഞാൻ ചിന്തിച്ചു. പലപ്പോഴും ഒന്നു ഡ്രൈവ് ചെയ്യുവാൻ എൻ്റെ കൈ കോരിത്തരിക്കുന്നുണ്ടായിരുന്നത് ഞാൻ അറിഞ്ഞു.

എക്സ്പ്രസ്സ് വേയിലൂടെ കുറേദൂരം സഞ്ചരിച്ചശേഷം ഞങ്ങൾ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. ബീച്ച് ഏരിയയിലേക്കുള്ള വഴിയായിരുന്നു അത്. നമ്മുടെ നാട്ടിലെ തീരദേശ റോഡുകളിൽക്കൂടി പോകുന്ന ഒരു ഫീൽ ആയിരുന്നു ആ പ്രദേശത്തു കൂടി സഞ്ചരിച്ചപ്പോൾ ഞങ്ങൾക്ക് കിട്ടിയത്. അഞ്ചെട്ടു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് താമസിക്കേണ്ടതായുള്ള
‘ഹെറിറ്റൻസ് അഹങ്കല്ല’ എന്ന കിടിലൻ റിസോർട്ടിൽ എത്തിച്ചേർന്നു.

റിസോർട്ടിലെ ലോബിയിൽ പ്രവേശിച്ചപ്പോൾ സുരക്ഷയുടെ ഭാഗമായി ഞങ്ങളുടെ ലഗേജുകളെല്ലാം അവിടത്തെ സെക്യൂരിറ്റിക്കാർ പരിശോധിച്ചിരുന്നു. പിന്നീട് ചെക്ക് ഇൻ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം വെൽക്കം ഡ്രിങ്ക് ഒക്കെ രുചിച്ചു ഞങ്ങൾ റൂമിലേക്ക് നീങ്ങി. ആ റിസോർട്ടിൽ ആകെ 152 റൂമുകൾ ഉണ്ട്. 308 ആം നമ്പർ റൂമായിരുന്നു ഞങ്ങൾക്കായി ബുക്ക് ചെയ്തിരുന്നത്. റൂമിലെ ബാൽക്കണിയിൽ നിന്നുള്ള പൂൾ വ്യൂ, സീ വ്യൂ കാഴ്ചകളെല്ലാം അടിപൊളിയായിരുന്നു. റിസോർട്ടിൽ രണ്ടു സ്വിമ്മിംഗ് പൂളുകൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും മനോഹരമായിരുന്നത് കടലിനോടു ചേർന്നുള്ള പൂൾ ആയിരുന്നു.

ഞങ്ങൾ അവിടെയെത്തിയപ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നതിനാൽ നല്ല വിശപ്പ് അനുഭവപ്പെട്ടിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ റിസോർട്ടിലെ കാഴ്ചകൾ കാണുവാനായി പുറത്തേക്ക് ഇറങ്ങി. മനോഹരങ്ങളായ പൂളുകളും, പുൽത്തകിടികളും, കടൽത്തീരത്തെ മണലും, അടിപൊളി ബീച്ചുമൊക്കെ ചേർന്ന് അടിപൊളി തന്നെയായിരുന്നു അവിടം. ശ്രീലങ്കയുടെ തെക്ക് ഭാഗത്തുള്ള ഒരു ഏരിയയാണ് അഹങ്കല്ല. അവിടെ നിന്നും നേരെ കടൽ കടന്നാൽ നമ്മുടെ കന്യാകുമാരിയോ, ധനുഷ്കോടിയോ ഒക്കെ എത്തിച്ചേരും.

ഞാനും ശ്വേതയും കൂടി ബീച്ചിൽ കുറേനേരം കളിച്ചു തിമിർത്തു… കുറെ ഫോട്ടോകളും വീഡിയോകളുമൊക്കെ എടുത്തു രസിച്ചു… ഹണിമൂൺ ദമ്പതിമാർക്ക് വരാൻ പറ്റിയ, റിലാക്സിംഗ് ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ശ്രീലങ്കയിലെ ഒരു കിടിലൻ ലൊക്കേഷൻ തന്നെയായിരുന്നു അഹങ്കല്ല. ബീച്ചിലെ കളികൾക്ക് ശേഷം ഞങ്ങൾ സ്വിമ്മിംഗ് പൂളിലേക്ക് നടന്നുനീങ്ങി. അവിടെ നല്ലൊരു കുളിയും പാസ്സാക്കിയ ശേഷം ഞങ്ങൾ തിരികെ റൂമിലേക്ക് പോയി. ഇനി ഞങ്ങൾക്ക് അൽപ്പം വിശ്രമിക്കണം. അതിനുശേഷം അടുത്ത കറക്കം… ആ വിശേഷങ്ങളെല്ലാം അടുത്ത എപ്പിസോഡിൽ കാണാം. For more details about Srilankan Trip, Contact :Sri Lankan Airlines, Opp Maharajas College Ground, Ernakulam, 0484 2362042, 43, 44.