‘ചാലക്കുടി’യുടെ ചരിത്രവും ആ പേര് വന്ന വഴിയും; വിശദവിവരങ്ങൾ

ദേശീയപാത 544 ന് അരികിലായി തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി. കേരളത്തിലെ ഒരു ലോകസഭാ മണ്ഡലം കൂടിയാണ്‌ ചാലക്കുടി. ചാലക്കുടി താലൂക്കിന്റെ കിഴക്കെ അതിര് തമിഴ്‌നാടാണ്. പടിഞ്ഞാറു കൊടുങ്ങല്ലൂരും വടക്കു തൃശ്ശൂരും തെക്കു എറണാകുളം ജില്ലയുടെ ഭാഗമായ അങ്കമാലിയും സ്ഥിതി ചെയ്യുന്നു. ചരിത്രപ്രധാന്യമുള്ള ചാലക്കുടി, ഇന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങൾ, പോട്ട, മുരിങ്ങൂർ എന്നിവിടങ്ങളിലെ ക്രിസ്തീയധ്യാനകേന്ദ്രങ്ങൾ, ചലച്ചിത്രതാരങ്ങൾ എന്നിവ മൂലമാണ് പ്രസിദ്ധമായിരിക്കുന്നത്.

ചാലക്കുടി എന്ന പേരിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ ഉണ്ട്. ‘ജ്യോതിഷസംഹിത’ എന്ന ഗ്രന്ഥത്തിൽ ചാലക്കുടിയെ ‘ശാലധ്വജം’ (ശാലക്കൊടി) എന്നാണ് പരാമർശിച്ചുകാണുന്നത്. ചാലക്കുടിപുഴയുടെ തീരങ്ങളിൽ നിരവധി യാഗങ്ങൾ നടന്നിരുന്നതായും രേഖപ്പെടുത്തിയ്ട്ടുണ്ട്. അങ്ങനെ യാഗശാലക്ക് പേരും പാവനതയും വരുത്തിയതു കൊണ്ട്. ശാലക്കൊടി എന്ന പേർ വന്നതാകാം. മറ്റൊരഭിപ്രായം ഇവിടത്തെ കുടികളെ അടിസ്ഥാനപ്പെടുത്തിയാണ്. നിരവധി നമ്പൂതിരി വിദ്യാർത്ഥികൾക്ക് താമസിക്കാനായി ഒരുക്കിയിരുന്ന കുടികൾ പുഴയുടെ തീരത്തായിരുന്നു അതു വഴിയാവാം ചാലക്കുടി എന്ന പേർ വന്നത്.

കേരളത്തിലെ ഒരു പ്രമുഖ ബുദ്ധമതകേന്ദ്രമയിരുന്നു ചാലക്കുടി. ബുദ്ധഭിക്ഷുക്കൾ (പുരോഹിതർ) മഴക്കാലത്ത് ദേശാടനം നിർത്തുകയും ഒരിടത്ത് ഒത്തുകൂടി ഭജനയിരിക്കുകയും പഠനത്തിൽ ഏർപ്പെടുകയും ചെയ്യും. ഈ പതിവ് തുടങ്ങിവച്ചത് ശ്രീബുദ്ധനായിരുന്നു. (കേരളത്തിലെ കർക്കിടകമാസ രാമായണ ഭജൻ ഇതിന്റെ ഭാഗമാണ്‌) പാലി ഭാഷയിൽ വസ്സാ (വർഷ) എന്നാണ്‌ ഇതിനെ പറഞ്ഞിരുന്നത്. കെട്ടിടങ്ങൾ പണിയുകയും ആരാമങ്ങൾ ഉണ്ടാക്കുകയുമൊക്കെ ഇതിന്റെ ഭാഗങ്ങൾ ആണ്‌. ആദ്യമായി ഇത്തരം സംഘാരാമങ്ങൾ ഉണ്ടായത് ജേതൃവനത്തിലാണ്‌. ഇതിനെ ഗന്ധക്കുടി എന്നാണ്‌ വിളിച്ചിരുന്നത്. കേരളത്തിൽ ഇത്തരത്തിൽ ഉണ്ടായിരുന്ന സംഘാരാമം ചാലക്കുടിയിലാണ്‌. ശാലയും ഇവിടെ ഉണ്ടായിരുന്നു. ഈ സംഘാരാമത്തിൽ നിന്നാവണം ചാലക്കുടി എന്ന പേർ വന്നത് എന്നും ചിലർ കരുതുന്നു.

ഷോളയാർ ആണ്‌ ചാലക്കുടിപ്പുഴയുടെ ഉദ്ഭവസ്ഥാനങ്ങളിലൊന്ന്. ഷോളയാർ ചോലയാറായും അതിനു തീരത്തുള്ള ഗ്രാമം ചോലക്കുടിയായും ചാലക്കുടിയായും മാറിയതായിരിക്കാം എന്നാണ്‌ ചരിത്രകാരനായ വാലത്ത് കരുതുന്നത്.

ചരിത്രം : അതിപ്രാചീന കാലം മുതൽ കേരളത്തിന്റെ പ്രധാന തുറമുഖമായിരുന്ന മുസിരിസുമായി നദി മാർഗ്ഗമുള്ള ബന്ധമുള്ള ഒരു പ്രദേശമായിരുന്നു ചാലക്കുടി. ചാലക്കുടി വനാന്തരങ്ങളിൽ നിന്ന് മരങ്ങൾ തീരത്തെത്തിക്കാൻ ചാലക്കുടിപ്പുഴ ഉപയോഗിച്ചിരുന്നു എന്നു കാണാം. സംഘകാലങ്ങളിൽ ഈ പ്രദേശം അടവൂർ എന്ന ഗ്രാമത്തിന്റെ ഭാഗമായിരുന്നു.

ക്രി.വ. 17-18 നൂറ്റാണ്ടുകൾ വരെ ഈ പ്രദേശം കോടശ്ശേരി നാട് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇക്കാലത്ത് കൊച്ചി രാജ്യത്തിനു കീഴിലായിരുന്നു ഈ പ്രദേശം. 17 ആം നൂറ്റാണ്ടിൽ കൊച്ചിരാജ്യത്തെ പ്രദേശങ്ങൾ എല്ലാം അഞ്ച് പ്രവിശ്യകളായി തിരിക്കപ്പെട്ടു. 1) തലപ്പിള്ളി 2) തൃശ്ശിവപേരൂർ 3) മുകുന്ദപുരം 4) ആലുവ 5) കണയന്നൂർ എന്നിവയാണവ. ഇവ അഞ്ചികൈമൾമാർ എന്നറിയപ്പെട്ടിരുന്ന നാടുവാഴികളാണ് ഭരിച്ചിരുന്നത്. ചാലക്കുടിയുടെ അധികാരം ഉണ്ടായിരുന്ന കൈമൾമാർ കോടശ്ശേരി കർത്താക്കൾ എന്നറിയപ്പെട്ടിരുന്നു.

വടക്കേ മലബാറിലെ തലശ്ശേരിയിലെ ലോകനാർകാവ് എന്ന ബുദ്ധ സങ്കേതത്തിനു അടുത്ത് താമസിച്ചിരുന്ന കോടശ്ശേരി കർത്താക്കന്മാരുടെ(കൈമൾ) കുടുംബം കടത്തനാട്ട് രാജാവിനോട് പിണങ്ങി ചാലക്കുടിയിലെ കിഴക്കേ മലയോര ഭാഗത്ത് വന്ന് താമസിക്കുകയാണ് ഉണ്ടായത്. അങ്ങനെയാണ് ഈ പ്രദേശത്തിന് കോടശ്ശേരി എന്ന പേര് വന്നത്. ഡച്ചുകാരും പോർത്തുഗീസുകാരുമായി ഈ കൈമൾമാർ നേരിട്ട് ബന്ധം പുലർത്തുകയും വന വിഭവങ്ങൾ വിറ്റ് കാശാക്കുകയും ചെയ്തിരുന്നു. കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന ഇവർ കൊച്ചി രാജാവിനെതിരായും വിധ്വംസക പ്രവർത്തനത്തിൽ ഏർപ്പെടാൻ തുടങ്ങി. ഇവരുടെ കാലത്ത് നാടുകളുടെ ഭരണാധികാരത്തിൽ കൊച്ചി രാജാവിന്റെ പങ്ക് കുറവായിരുന്നു.

മാർത്താണ്ഡവർമ്മ തടവിൽ പാർപ്പിച്ചിരുന്ന അമ്പലപ്പുഴരാജാവ് തടവുചാടി ഈ കോടശ്ശേരി കർത്താക്കൾമാരെയും, കൊരട്ടികൈമളെയും പാലിയത്തച്ചനെയും മറ്റും കണ്ട് മാർത്താണ്ഡവർമ്മയ്ക്കെതിരായി യുദ്ധത്തിനും ഗൂഢാലോചന കൂടിയിരുന്നു. എന്നാൽ യുദ്ധത്തിൽ കോടശ്ശേരി കർത്താക്കളെ മാർത്താണ്ഡവർമ്മ തടവുകാരനാക്കി. പിന്നീട് കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ നാടുവാഴികളുടേയും ദേശവാഴികളുടേയും മറ്റും ഭരണം അവസാനിപ്പിച്ചപ്പോൾ അതുവരെ ഇടപ്രഭുക്കന്മാരായിരുന്ന കർത്താക്കന്മാർ വെറും ജന്മിമാരും സാമന്തന്മാരും മാത്രമായിത്തീർന്നു. ഇത് കൊല്ല വർഷം 977 ലായിരുന്നു.

നിരവധി യാഗങ്ങൾക്കു മറ്റും അക്കാലത്ത് ചാലക്കുടി പുഴ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്രി.വ. 800-നും 1100-നും ഇടക്ക് അടുത്ത പ്രദേശമായ അങ്കമാലിയിലെ പ്രസിദ്ധമായ മൂഴിക്കുളം യാഗശാലയിൽ ആയുധം, വേദം എന്നിവ പഠിക്കാനായി നിരവധി വിദ്യാർത്ഥികൾ ഇവിടെ എത്തിയിരുന്നു. അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു. ഇത് കുടി എന്നപേരിൽ അറിയപ്പെട്ടു. അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ‘ശാലൈ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിൽ ‘പെന്നൈ’ എന്നാണ് ചാലക്കുടി പുഴ അറിയപ്പെട്ടിരുന്നത്.

ചാലക്കുടി പട്ടണം പ്രസിദ്ധമാണ്. മലഞ്ചരക്കുകളും സുഗന്ധ ദ്രവ്യങ്ങളുമാണ് ഇവിടെ പ്രധാനമായും കച്ചവടം ചെയ്യപ്പെടുന്നത്. ഉപഭോക്തൃ സംസ്കാരത്തിന് തെളിവായി പ്രതിശീർഷവരുമാനത്തെക്കാൾ ചെലവു കൂടിയതിന് 1994-ൽ ഇന്ത്യയിലെ പട്ടണങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്നു ഈ പട്ടണ നിവാസികൾ.

വടക്ക് ആനമല ജങ്ക്ഷൻ മുതൽ തെക്ക് ചാലക്കുടി പാലം വരെയും പട്ടണപ്രദേശമാണ്. ഇതിനിടയിലുള്ള രണ്ട് പ്രധാന കേന്ദ്രങ്ങളായ നോർത്ത്, സൗത്ത് ജങ്ക്ഷനുകളിലായാണ് പ്രധാന വ്യാപാരകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. സൗത്ത് ജങ്ക്ഷനിലായാണ് സ്വകാര്യ, സർക്കാർ ബസ് സ്റ്റേഷനുകൾ. നോർത്ത് ജങ്ക്ഷനിലായാണ് ചന്ത സ്ഥിതി ചെയ്യുന്നത്.

ചാലക്കുടിപ്പുഴ : ചാലക്കുടിയുടെ പ്രത്യേകത ഈ പുഴയാണ്. ഏകദേശം 144 കി.മീ നീളമുള്ള ഈ നദി ചാലക്കുടിയുടെ സമ്പദ് വ്യവസ്ഥയിൽ നല്ല പങ്കു വഹിക്കുന്നു. ഇത് വളരെയധികം ജൈവവൈവിധ്യം കൊണ്ട് സമ്പന്നമാണ്. പുഴയിൽ എക്കാലവും വെള്ളം ഉള്ളതിനാൽ പരിസരങ്ങളിൽ വെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. കാലാകാലങ്ങളിൽ നടന്ന ദാക്ഷിണ്യമില്ലാത്ത മണൽ വാരൽ മൂലം ചാലക്കുടിപ്പുഴ 5 മീറ്ററോളം താഴ്ന്നിട്ടുണ്ട്.

ഇക്കാരണത്താൽ പരിസരപ്രദേശങ്ങളിലെ കിണറുകളിൽ നീർവാർച്ച നിലച്ചതോടെ വേനൽക്കാലത്ത് ജലദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. പുഴയോരം ഇടിയുന്നതിനും ഈ മണൽ വാരൽ കാരണമായിട്ടുണ്ട്. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ പുഴയിലെ ജലക്ഷാമത്തിന് മറ്റൊരു കാരണമാണ്‌. ചാലക്കുടിയിലെ നിർദ്ദിഷ്ട ജല്വൈദ്യുത പദ്ധതി വിവാദത്തിന്‌ കളമൊരുക്കിയിട്ടുണ്ട്. അതിനെ തടയാനായി ജനങ്ങൾ ചാലക്കുടി പുഴ സം‌രക്ഷണ സമിതി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു.

ഷോളയാർ പെരിങ്ങൽക്കുത്ത് ജലവൈദ്യുതപദ്ധതികൾ ചാലക്കുടിപ്പുഴയിലെ വെള്ളത്തിൽ നിന്നാണു പ്രവർത്തിക്കുന്നത്. പറമ്പിക്കുളം പുഴ, ഷോളയാർ, കരപ്പാറപ്പുഴ, ആനക്കയം തുടങ്ങിയവ ഈ പുഴയുടെ പോഷക നദികളാണ്. പ്രസിദ്ധമായ അതിരപ്പിള്ളി, ഷോളയാർ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ ഈ നദിയെ മനോഹരമാക്കുന്നു. പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചാലക്കുടി കൊച്ചിയിലെ ഭരണാധിപന്മാരുടെ സുഖവാസകേന്ദ്രമായിരുന്നു. ആ സുഖവാസകേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു വരുന്നു.

ശക്തൻ തമ്പുരാന്റെ കാലത്ത് ചാലക്കുടിയിൽ കാൽ നടയും കുതിരവണ്ടിയും ആയിരുന്നു പ്രധാന സഞ്ചാരമാർഗ്ഗങ്ങൾ. ചാലക്കുടിപ്പുഴയിലൂടെ തോണികളും മറ്റും ഉപയോഗിച്ച് ചരക്കുകളും മറ്റും കൊണ്ടു വന്നിരുന്നു. 1863 ൽ കൊച്ചിയെക്കുറിച്ച് ഗ്രന്ഥമെഴുതിയ ഫ്രാൻസിസ് ഡേയ് ചാലക്കുടിയിൽ നിന്ന് തൃശൂരിലേക്ക് റോഡ് ഉണ്ടായിരുന്നതായി വിവരിക്കുന്നുണ്ട്. എന്നാൽ ഇത് വാഹനമോടിക്കാൻ പറ്റാത്തതായിരുന്നു അക്കാലത്ത്.

1902 ലാണ് ചാലക്കുടിയിൽ തീവണ്ടി ഗതാഗതം നിലവിൽ വന്നത്. 1890 കളിൽ പണി തുടങ്ങിയ റെയിൽവേ പാലം പണി പൂർത്തിയായത് അപ്പോഴാണ്. അന്നു മുതൽ തെക്ക് നിന്നുമുള്ള ഗതാഗതം ത്വരിതമായി. ആദ്യകാലങ്ങളിൽ തീവണ്ടി പാലത്തിലൂടെ തന്നെയായിരുന്നു മറ്റു വാഹനങ്ങളും കടന്നു പോയിരുന്നത്. ഇത് 1970 വരെ തുടർന്നു. പിന്നീട് ചാലക്കുടി പാലം പണി പൂർത്തിയായതിനുശേഷം പ്രധാന ഉപരിതല ഗതാഗതം റോഡു വഴിയാവുകയും ചെയ്തു. 1915-20 കാലത്ത് പ്രധാന റോഡ് നിലവിൽ വന്നിരുന്നു. ഇത് ഇന്നത്തെ മാർക്കറ്റ് റോഡാണ്. ഈ വഴിയിലൂടെ വന്നിരുന്ന വാഹനങ്ങൾ റെയിൽവേ മേൽപ്പാലം വഴിയാണ് തെക്കോട്ട് പോയിരുന്നത്.

ചാലക്കുടി കൂടുതൽ പ്രശസ്തമാക്കിയത് അനുഗ്രഹീത കലാകാരനായ കലാഭവൻ മണി ആണെന്നതിൽ യാതൊരു സംശയവും വേണ്ട.ചാലക്കുടിക്കാരൻ ചങ്ങാതി എന്ന പേരിൽ ഒരു മ്യൂസിക് ആൽബവും, പിന്നീട് അതേ പേരിൽത്തന്നെ അദ്ദേഹത്തിൻ്റെ ജീവിതകഥ പ്രമേയമായ സിനിമയും ഇറങ്ങിയിട്ടുണ്ട്.