സിനിമയ്ക്ക് മുൻപ് ” ഈ കഥയും കഥാപാത്രങ്ങളും …” എന്ന disclaimer എഴുതി കാണിക്കുന്നതിന് പിന്നിലെ ചരിത്രം

എഴുത്ത് – Manjesh Alex Vaidyan.

സിനിമ ആരംഭിക്കുന്നതിനു മുന്നേ ” ഈ കഥയും കഥാപാത്രങ്ങളും …” എന്ന disclaimer എഴുതി കാണിക്കുന്നതിന് പിന്നിലെ ചരിത്രം .

ഒരു കാലത്തെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന കുടുംബത്തില്‍ ഒന്നായ യുസുപോവ് പ്രഭു വംശ പരമ്പരയിലെ രാജകുമാരന്‍ ആയിരുന്നു ഫെലിക്സ് ഫെലിക്സോവിച്ച് യുസുപോവ് ( Prince Felix Felixovich Yusupov).

റഷ്യയിൽ സെന്റ് പീറ്റേഴ്സ്ബർഗ് ഉള്ള നാലു കൊട്ടാരങ്ങള്‍ , മോസ്കോയിലെ മൂന്ന്‌ കൊട്ടാരങ്ങള്‍ , റഷ്യയില്‍ മറ്റു പലയിടത്തായി കിടക്കുന്ന 37 എസ്റെറ്റുകള്‍ , കല്‍ക്കരി ഖനികള്‍ , ഇരുമ്പ് അയിര് ഖനികള്‍ , എണ്ണ പാടങ്ങള്‍ , ഡസന്‍ കണക്കിനു ഫാക്ടറികള്‍ ഒക്കെ സ്വന്തമായി ഉണ്ടായിരുന്ന അതിസമ്പന്ന കുടുബത്തില്‍ ജനിച്ച ഫെലിക്സ് , പഠനം പൂര്‍ത്തിയാക്കിയത് വിശ്വപ്രസിദ്ധമായ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നാണ് .

ഒന്നാം ലോകമഹായുദ്ധ സമയത്ത് ,പ്രഭു കുടുംബത്തിന്‍റെ അനന്തരാവകാശി എന്ന നിലയില്‍ യുദ്ധത്തില്‍ നേരിട്ട് സേവനം അനുഷ്ടിക്കേണ്ടി വന്നിട്ടില്ല. എങ്കിലും മുഴുവന്‍ സമയവും തന്‍റെ സമ്പത്തും സമയവും രാജ്യത്തിനെ യുദ്ധത്തിൽ സഹായിക്കുന്നതിനായി ചിലവഴിച്ചു .. കൊട്ടാരത്തിന്റെ ഒരു ഭാഗം വരെ യുദ്ധത്തിൽ പരിക്കേറ്റ സൈനീകരെ ചികില്‍സിക്കാന്‍ ഉള്ള ആശുപത്രി ആക്കി മാറ്റുകയും ചെയ്തു.

രാജ്യം ഭരിക്കുന്ന സാര്‍ ചക്രവര്‍ത്തി നിക്കോളാസ് രണ്ടാമന്‍ന്‍റെ (Tsar Nicholas II) ഭാര്യ അലെക്സാന്ദ്രയില്‍ (Alexandra Feodorovna) അതീവ സ്വാധീനം ഉള്ള കിറുക്കനായ ഒരു സൈബീരിയൻ സന്ന്യാസി / പുരോഹിതന്‍ ഉണ്ടായിരുന്നു ഗ്രിഗോറി റാസ്പുട്ടിന്‍( Gregori Rasputin.. അതെ Boney M പാട്ടില്‍ ഉള്ള അതെ പുള്ളി തന്നെ ).കൂടുതല്‍ പാപം ചെയ്യുമ്പോള്‍ ആണ് ദൈവത്തിനോട് കൂടുതല്‍ അടുക്കുന്നത് എന്നാണ് പുള്ളിയുടെ സിദ്ധാന്തം.

ഇയാൾ കൊട്ടാരത്തിൽ സ്ഥിരവാസം മാത്രമല്ല ജനതയെ പീഡിപ്പിക്കുന്ന തീരുമാനങ്ങൾ എടുപ്പിച്ചു നടപ്പിലാക്കുന്നതിൽ അനന്ദിച്ചിരുന്നു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടെന്നു രാജ്ഞിയെ വിശ്വസിപ്പിച്ച അമിത മദ്യപാനിയായ , വിഷയാസ്സക്തി കൂടുതല്‍ ഉള്ള റാസ്പുട്ടിനെ അംഗീകരിക്കാനും വകവെച്ച് കൊടുക്കാനും പക്ഷെ ഫെലിക്സ് പ്രഭു കുമാരന്‍ ഒരുക്കമായിരുന്നില്ല .

പോരെങ്കിൽ റാസ്പുട്ടിന്‍റെ സ്വാധീനത്തില്‍ ഉള്ള തീരുമാനങ്ങള്‍ കാരണം സാര്‍ ചക്രവര്‍ത്തിയുടെ ജനപിന്തുണ കുറയുക മാത്രം അല്ല, ജനത പൊറുതി മുട്ടി രാജ്യം തന്നെ ഒരു കലാപത്തിലേക്ക് നീങ്ങിയേക്കാം എന്ന അവസ്ഥയിലും ആയിരുന്നു .

രാജ്യത്തിനും ഒരുപക്ഷെ സാര്‍ ചക്രവര്‍ത്തിയുടെ ജീവനു തന്നെ റാസ്പുട്ടിന്‍ ഭീഷണി ആകും എന്ന് തോന്നിയതിനാല്‍,അയാളെ ഇല്ലാതെ ആക്കാന്‍ ഫെലിക്സ് തീരുമാനം എടുത്തു . ഇതിനായി സമാന മനസ്സുള്ള മറ്റു ചില പ്രഭു കുടുംബങ്ങളുടെയും സഹായം സ്വീകരിച്ചു .

റാസ്പുട്ടിനെ കൊല്ലാന്‍ ഉള്ള ശ്രേമങ്ങള്‍ പക്ഷെ വിചാരിച്ചത് പോലെ നടന്നില്ല .. കൊടുംവിഷമായ സൈനൈഡ് കലര്‍ത്തിയ കേക്ക് ,ചായ ഒക്കെ റാസ്പുട്ടിന്റെ ഭക്ഷണത്തില്‍ പല തവണ ഉള്‍പ്പെടുത്തി എങ്കിലും അയാൾക്ക്‌ ഒന്നും തന്നെ സംഭവിച്ചില്ല …

പിന്നെ ഒരിക്കൽ കൊട്ടാരത്തില്‍ വെച്ച് നടന്ന ഒരു വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കവേ വിഷം കലർത്തിയ വീഞ്ഞു മൂന്നു ഗ്ലാസ് കൊടുത്തു എങ്കിലും , അയാൾ ഒന്നു കുഴയുക പോലും ചെയ്തില്ല .

ഈ ശ്രമവും വിഫലമാവുന്നത് കണ്ടു വിരുന്നില്‍ പങ്കെടുത്ത ഫെലിക്സ് ഒടുവിൽ തോക്ക് എടുത്തു റാസ്പുട്ടിന്‍റെ നെഞ്ചില്‍ നിറയൊഴിച്ചു .. ആള്‍ മരിച്ചു എന്ന് കരുതി തിരിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ ,വെടിയേറ്റ്‌ വീണിടത്ത് നിന്നും എഴുന്നേറ്റു അവരെ ആക്രമിക്കാന്‍ തുടങ്ങി ..

ഫെലിക്സും മറ്റു ചില പ്രഭുക്കളും ആയി നടന്ന മല്‍പ്പിടുത്തത്തില്‍ റാസ്പുട്ടിനെ പൊതിരെ തല്ലുകയും , പല തവണ കത്തി കൊണ്ട് കുത്തുക്കയും ചെയ്തു , ഒടുവില്‍ വീഴുമ്പോള്‍ രണ്ടു തവണ കൂടി വെടി വെക്കുകയും ചെയ്തു ..അതില്‍ ഒരെണ്ണം നെറ്റിയില്‍ ആയിരുന്നു ..

അതിനു ശേഷം റാസ്പുട്ടിന്‍റെ ശരീരം തുണി കൊണ്ട് വരിഞ്ഞുകെട്ടി നദിയില്‍ ഒഴുക്കി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ആ ശവശരീരം കണ്ടെത്തി. പരിശോധിച്ചപ്പോള്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയിരുന്നു എന്ന് പറയപ്പെടുന്നു. (വിഷം കൊടുത്തു .. നെഞ്ചില്‍ വെടി വെച്ചു , പിന്നെ തല്ലി ചതച്ചു ..പല തവണ കുത്തി ..വീണ്ടും വെടി വെച്ച് എന്നിട്ട് ശരീരം നദിയില്‍ ഒഴുക്കിയപ്പോഴും ജീവനുണ്ടായിരുന്നതു കൊണ്ടാണെല്ലോ ശ്വാസകോശത്തില്‍ വെള്ളം കയറിയത് .. റാസ്പുട്ടിന്‍ ഒരു അസാമാന്യ മനുഷ്യൻ തന്നെ).

പക്ഷെ ഈ സംഭവം പൊതുജനങ്ങള്‍ക്കു റോമനോവ് രാജവംശത്തിനോട് (Romanov Dynasty) ഉണ്ടായ വെറുപ്പ്‌ മാറ്റാന്‍ പര്യാപ്തം അല്ലായിരുന്നു. ഉറഞ്ഞു കൂടിയ അടിച്ചമർത്തൽ കുറച്ചു മാസങ്ങള്‍ക്ക് ശേഷം റഷ്യന്‍ വിപ്ലവം ആയി പരിണമിച്ചു. ആ വിപ്ലവത്തില്‍ രാജകുടുംബത്തിലെ എല്ലാവരെയും പിടികൂടുകയും പിന്നീട് വധിക്കുകയും ചെയ്തു. ഫെലിക്സ്നെ ഇംഗ്ലണ്ട്ലേക്ക് നാട് കടത്തി. ഫെലിക്സും ഭാര്യയും Irina Romanov (Tsar Nicholas II രാജാവിന്‍റെ ന്‍റെ അനന്തരവള്‍ ) പിന്നീട് പാരിസിലേക്ക് മാറുകയും അവിടെ ജീവിതം ചിലവഴിക്കുകയും ചെയ്തു.

റാസ്പുട്ടിനെ കൊന്ന മനുഷ്യന്‍ എന്ന പേരില്‍ ഫെലിക്‌സ് അറിയപ്പെട്ടിരുന്നു. നാടുകടത്തപെട്ടപ്പോള്‍ മിച്ചം ഉണ്ടായിരുന്ന സ്വത്തുക്കള്‍ മുഴുവന്‍ ധൂര്‍ത്തടിച്ച് ജീവിച്ച ഇവരെ 1929ലെ ലോക ഓഹരി വിപണിയിലെ തകര്‍ച്ച പാപ്പരാക്കി.

ചലച്ചിത്ര വ്യവസായത്തിന്‍റെ ആദ്യ കാലങ്ങളില്‍ ഹോളിവുഡ് ആരെ കുറിച്ചു സിനിമ എടുക്കുന്നോ, അവരെ എങ്ങിനെ സിനിമയിൽ ചിത്രീകരിക്കുന്നോ എന്നതിനെ കുറിച്ചു ഒന്നും ആരും അത്ര കാര്യമായി എടുത്തിരുന്നില്ല . 1931 ല്‍ MGM സ്റ്റുഡിയോ എടുത്ത Rasputin and the Empress സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ ഒന്നു ഫെലിക്സും ഭാര്യ ഐറിനയും ആയിരുന്നു.

ആ സിനിമയില്‍ റാസ്പുട്ടിന്‍ ഐറിനയെ ബലാല്‍സംഗം ചെയ്യുന്നതായി ഒക്കെ ചിത്രീകരിച്ചിരുന്നു. അങ്ങിനെ ഒന്നും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിരുന്നില്ല. സിനിമയിലെ ഈ രംഗങ്ങളെ എതിര്‍ത്ത ഫെലിക്സ് സ്വകാര്യതയെ ഹനിക്കുന്നതിനു എതിരെ MGM സ്റ്റുഡിയോക്ക് എതിരെ കേസ് ഫയൽ ചെയ്തു.

ഇംഗ്ലണ്ട് കോടതി പിഴ വിധിക്കുകയും ,രണ്ടരലക്ഷം ഡോളര്‍ നൽകി MGM അമേരിക്കയിലെ കേസ് കോടതിക്ക് പുറത്തു ഒത്തുതീര്‍പ്പാക്കി. അതായത് ഇന്നത്തെ ഏതാണ്ട് 450 കോടി രൂപ കൊടുത്തു ഹോളിവുഡ് ഇവരെ സാമ്പത്തികമായി രക്ഷപ്പെടുത്തി.

ഈ സംഭവത്തിനു ശേഷം ആണ് ഹോളിവൂഡിൽ സിനിമകളുടെ ആദ്യം – ” ഈ കഥയും കഥാപാത്രങ്ങളും അവരുടെ പേരുകളും അതില്‍ കാണിക്കുന്ന സംഭവങ്ങളും എല്ലാം സാങ്കല്‍പ്പികം ആണ് .. ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരുമായോ സ്ഥലങ്ങളുമായോ സ്ഥാപനങ്ങളുമായോ ഉള്ള സാമ്യം ഉദ്ദേശിക്കുകന്നില്ല അങ്ങിനെ തോന്നുന്നെങ്കില്‍ അത് സാങ്കല്‍പ്പികം മാത്രം”

“The story, all names, characters, and incidents portrayed in this production are fictitious. No identification with actual persons (living or deceased), places, buildings, and products is intended or should be inferred.” എന്നുള്ള നിഷേധ കുറിപ്പ് കാണിക്കാന്‍ ആരംഭിച്ചത്.