ഹിച്ച്ഹൈക്കിങ് രണ്ടാം ദിവസം: കൊച്ചി ടു കോഴിക്കോട്…

ഹിച്ച്ഹൈക്കിങ് ആദ്യ ദിവസത്തെ ക്ഷീണമെല്ലാം ഉറങ്ങിത്തീര്‍ത്ത് പിറ്റേദിവസം രാവിലെതന്നെ ഞാന്‍ എറണാകുളത്തു നിന്നും യാത്രയാരംഭിച്ചു. ആദ്യം വന്ന ഒരു പ്രൈവറ്റ് ബസ്സില്‍ കയറി ‘ലിസ്സി’ മെട്രോ സ്റ്റേഷനില്‍ ഇറങ്ങി. അവിടുന്ന് മെട്രോയില്‍ കയറി ആലുവയെത്തുകയാണ് എന്‍റെ ലക്‌ഷ്യം. രാവിലെയായതിനാലാകും മെട്രോയില്‍ അത്ര വലിയ തിരക്ക് ഒന്നുംതന്നെ അനുഭവപ്പെട്ടില്ല. മെട്രോ ട്രെയിനില്‍ യാത്രചെയ്യവേ ഡിജിറ്റല്‍ മാര്‍ക്കറ്ററും ഒരു രാഷ്ട്രീയക്കാരനുമായ ഗോപുവിനെ കണ്ടുമുട്ടി. ഗോപുവും ആലുവയിലേക്കാണ്.ആലുവയില്‍ചെന്ന് ഗോപുവുമായി ഒരു ചായകുടിച്ച ശേഷം ഞാന്‍ യാത്ര തുടര്‍ന്നു.

ആലുവയില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഒരു ലോറിയാണ് എനിക്ക് ലിഫ്റ്റ്‌ ലഭിച്ചത്. തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ മുരുകന് ക്യാമറയില്‍ വരാന്‍ നാണമായതിനാല്‍ വീഡിയോയില്‍ അദ്ദേഹത്തെ കാണിക്കുവാന്‍ പറ്റിയില്ല. മുരുകണ്ണന്‍റെ ലോറിക്കഥയൊക്കെ കേട്ടുകൊണ്ട് ചാലക്കുടി വരെ ഞാന്‍ യാത്രചെയ്തു. ചാലക്കുടിയില്‍ എന്‍റെ സുഹൃത്തായ ശബരിയെ ഒന്നു കാണണം. അതുകൊണ്ടാണ് ഞാന്‍ ചാലക്കുടിയില്‍ ഇറങ്ങിയത്. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്ത് ശബരിയ്ക്ക് ഒരു കടയുണ്ട്. ഞാന്‍ ചെല്ലുമ്പോള്‍ ശബരി കടയില്‍ത്തന്നെയുണ്ടായിരുന്നു. ശബരിയുമായി കുറച്ച് കത്തിവെച്ച ശേഷം പുള്ളി എന്നെ ടൂവീലറില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയുടെ അടുത്തുള്ള സിഗ്നലില്‍ ഇറക്കി.

സിഗ്നലില്‍ നാല്‍പ്പതു മിനിറ്റോളം ലിഫ്റ്റിനായി നിന്നെങ്കിലും ആരും ലിഫ്റ്റ്‌ തരാന്‍ തയ്യാറായില്ല. അവസാനം ഒരു കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റില്‍ കയറി തൃശ്ശൂര്‍ വഴി കുന്നംകുളം വരെ ഞാന്‍ യാത്ര ചെയ്തു. കുന്നംകുളം എത്തിയപ്പോള്‍ ഏതാണ്ട് ഉച്ചയായിരുന്നു. കുന്നംകുളത്ത് എന്നെക്കാത്ത് ശ്യാംലാല്‍ എന്നൊരു സുഹൃത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ശ്യാംലാലിനെ എനിക്ക് മുന്‍പ് പരിചയമുണ്ടായിരുന്നില്ല. ഞാന്‍ ഇങ്ങനെയാത്ര ചെയ്യുന്ന വിവരമറിഞ്ഞ് നമ്പര്‍ തപ്പി എന്നെ വിളിച്ച് ലിഫ്റ്റ്‌ ഓഫര്‍ ചെയ്യുകയായിരുന്നു ശ്യാം.

ശ്യാംലാലിന്‍റെ ബുള്ളറ്റില്‍ കയറി ഞങ്ങള്‍ കുറ്റിപ്പുറം റൂട്ടിലൂടെ കുതിച്ചു. വഴിയില്‍ വെച്ച് ഇടയ്ക്ക് കരിമ്പിന്‍ ജ്യൂസോക്കെ കുടിച്ചുകൊണ്ടാണ്‌ ഞങ്ങള്‍ യാത്ര ചെയ്തത്. ശ്യാം എന്നെ കുറ്റിപ്പുറത്ത് ഡ്രോപ്പ് ചെയ്തു. ഇനിയും കാണാമെന്ന ഉറപ്പ് നല്‍കിക്കൊണ്ട് ശ്യാമിനോട് ഞാന്‍ യാത്ര പറഞ്ഞു. കുറ്റിപ്പുറത്ത് നിന്നും എനിക്ക് ഒരു ഡോക്ടറുടെ കാറില്‍ ലിഫ്റ്റ്‌ ലഭിച്ചു. വളാഞ്ചേരി വരെ എനിക്ക് ഡോക്ടറുടെ കാറില്‍ യാത്രചെയ്യുവാന്‍ സാധിച്ചു.

കുറേസമയം നിന്നിട്ടും എനിക്ക് അവിടുന്ന് ലിഫ്റ്റ്‌ ഒന്നും ലഭിച്ചില്ല. ബസ്സുകളിലാണെങ്കില്‍ ഭയങ്കര തിരക്കും. അവസാനം ഒരു ലോഫ്ലോര്‍ ബസ്സില്‍ കയറി ഞാന്‍ കോഴിക്കോട് എത്തിച്ചേര്‍ന്നു. അപ്പോഴേക്കും രാത്രിയായിത്തുടങ്ങിയിരുന്നു. കോഴിക്കോട് ഞാന്‍ ഒരു റൂം ബുക്ക് ചെയ്തിരുന്നു.അങ്ങനെ എന്‍റെ ഹിച്ച്ഹൈക്കിങ് യാത്രയുടെ രണ്ടാം ദിവസം കോഴിക്കോട് വെച്ച് അവസാനിക്കുകയാണ്. മംഗലാപുരം വരെ പോകണം എന്നുണ്ടായിരുന്നെങ്കിലും മറ്റു ചില തിരക്കുകള്‍ കാരണം ഞാന്‍ യാത്ര വയനാട്ടിലേക്ക് മാറ്റി. ഇനി നാളെ വയനാട്ടിലേക്ക് പോകണം. വയനാടന്‍ വിശേഷങ്ങളുമായി നമുക്ക് അടുത്ത എപ്പിസോഡില്‍ കാണാം…