ഹോം ക്വാറന്റൈൻ; ഏവർക്കും മാതൃകയായി ഒരു നേഴ്‌സ്… കുറിപ്പ് വായിക്കാം

എഴുത്ത് – രാജി ആർ നായർ, നേഴ്‌സ്, ബെംഗളൂരു.

ഞാന്‍ രാജി ആർ നായർ. ബെംഗളൂരുവിൽ നേഴ്‌സാണ്. കഴിഞ്ഞ ജൂലൈ 19 ആം തീയതി വെെകിട്ട് 5.20 നുള്ള വിമാനത്തിൽ ബെംഗളൂരു കെമ്പഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ നിന്നും തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോട്ടിലേക്ക് യാത്ര ചെയ്തു വന്നതാണ്. ഏകദേശം ഒരു മണിക്കൂർ യാത്രയ്ക്കു ശേഷം വൈകീട്ട് 6.20 ഓടെ തിരുവനന്തപുരത്ത് എത്തിച്ചേർന്നു.

പ്രസവ സംബന്ധമായ ആവശ്യത്തിനായിരുന്നു നാട്ടിലേക്കുള്ള ഈ യാത്ര.തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പ്രത്യേകം ക്യാബിന്‍ തിരിച്ച എയര്‍പോർട്ട് ടാക്സിയിൽ കയറി രാത്രി എട്ടരയോടെ എന്‍റെ ഭര്‍ത്താവിന്‍റെ കോന്നി, വകയാറിലെ വീട്ടിൽ എത്തിച്ചേർന്നു. ഞാൻ വരുന്നത് പ്രമാണിച്ച് ഭർത്താവിന്റെ അനുജൻ എറണാകുളത്തെ സുഹൃത്തിന്റെ വീട്ടിലേക്കും. മകൻ ജുവൽ എൻ്റെ വീട്ടിലേക്കും മാറി നിന്നു.

ഇപ്പോൾ ഞാൻ ഹോം കോറണ്ടെെനില്‍ കഴിയുകയാണ്. വന്നിട്ട് ഏകദേശം രണ്ടാഴ്ചയോളമായി. ഇതുവരെയും ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒന്നും എനിക്കില്ല. ഞാന്‍ ബംഗളൂരു Chickbanavara നിന്നാണ് വന്നത്. അവിടെ നിന്നും ഞാന്‍ പോരുന്ന 19 ആം തീയതിമുതല്‍ ഇപ്പോഴും അവിടം കണ്ടെെന്‍മെന്‍റ് സോണും അല്ല. അത് പോലെ ഞാന്‍ ഒരു നഴ്സ് ആയതിനാന്‍ 15 ദിവസം മുന്നെ ലീവെടുത്ത് അവിടത്തെ വീട്ടില്‍ സെല്‍ഫ് കോറണ്ടെെന്‍ കഴിഞ്ഞാണ് നാട്ടിലേക്ക് തിരിച്ചതും.

എന്തായാലും നല്ലവരായ നന്മയുള്ള വകയാര്‍ നിവാസികള്‍ എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. ചില നാട്ടിലെ പോലെ ആരും ഒരു പരാതിയും പറഞ്ഞ് പരത്തണതും ഇല്ല, പ്രതിഷേധങ്ങളുമില്ല. ഞാൻ ആണെങ്കിൽ ഒറ്റയ്ക്ക് വീടിനുള്ളില്‍ ഒരു മുറിയില്‍ തന്നെ സുഖം ആയി ഇരിക്കുന്നു. വെബ് സീരീസുകളും, കോമഡി വീഡിയോയു മൊക്കെ കണ്ടും, ട്രോളും, ബുക്കുമൊക്കെ വായിച്ചുമാണ് സമയം കളയുന്നത്.

പ്രത്യക്ഷത്തിൽ അടുത്ത ദിവസം എൻ്റെ കോറണ്ടെെൻ പിരീഡ് അവസാനിക്കും. പക്ഷേ അവിടം കൊണ്ടൊന്നും തീരുന്നില്ല. പറഞ്ഞതെന്താണെന്ന് വച്ചാല്‍ 14 ദിവസം കഴിയുമ്പോള്‍ എന്‍റെ സുഹൃത്തുക്കളൊ ബന്ധുക്കളൊ നാട്ടുകാരോ ആരും തന്നെ കാണാന്‍ തിരക്കിട്ട് ഇവിടേക്ക് വരേണ്ട. ഇപ്പോള്‍ പ്രത്യേകിച്ച് symptom ഇല്ലാതെയും 14 ദിവസത്തിന് ശേഷവും കോവിഡ് പ്രത്യക്ഷപ്പെടുന്നതിനാല്‍ ഇനിയും 14 ദിവസം കൂടി റൂമിൽ തന്നെ കോറണ്ടെെന്‍ ഇരിക്കാനാണ് തീരുമാനം. ആയതിനാല്‍ എല്ലാവരും ദയവായി സഹകരിക്കുക. ഇത് ഒരു അപേക്ഷ ആയി കണക്കാക്കണം.

സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നതു പോലെ എല്ലാവരും മാസ്ക്ക് ധരിക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകണം. അനാവശ്യമായി പുറത്തു പോകാതെ, സാമൂഹിക അകലം പാലിച്ച് കഴിയണം. അങ്ങനെ കോവിഡ്-19 എന്ന ഈ മഹാമാരിയെ ലോകത്ത് നിന്നും നമുക്ക് തുടച്ച് നീക്കാം.