ഒരു ബസ്സിന്‌ റൂട്ട് പെർമിറ്റ് ലഭിക്കുന്നത് എങ്ങനെയാണ്?

ഒരു ബസ് സർവ്വീസ് തുടങ്ങുവാനായി ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് സർവ്വീസ് നടത്തുവാനുള്ള റൂട്ട് പെർമിറ്റ്. മിക്കയാളുകൾക്കും ബസ്സുകളുടെ പെർമിറ്റുകൾ എങ്ങനെയാണ് ലഭിക്കുന്നത് എന്ന് അറിവില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുവാൻ ഞങ്ങൾ തയ്യാറായത്. എങ്ങനെയാണ് ഒരു ബസ്സിന്‌ റൂട്ട് പെർമിറ്റ് ലഭിക്കുന്നത്? ഇതിനായി ബസുടമ എന്തൊക്കെ ചെയ്യണം?

ആദ്യം പെർമിറ്റ് വെക്കാൻ ഉദ്ദേശിക്കുന്ന റൂട്ടിലെ മറ്റ് ബസുകളുടെ സമയം മനസിലാക്കി വിടവുള്ള സമയത്ത് പുതിയ പെർമിറ്റിനായി സമയം കണ്ടെത്തുക. കണ്ടെത്തിയ സമയത്ത് ബസ് സഞ്ചരിക്കുന്ന ഓരോ ചാലിലും മറ്റ് പോയിന്റിൽ നിന്നും ബസ് കയറി വരാൻ സാധ്യത ഉണ്ടോ എന്ന് മനസിലാക്കുക. അതിന് ശേഷം RTO ബോർഡിൽ 4 മാസത്തെ പെർമിറ്റിനായി അപേക്ഷിക്കുക. (ഇപ്പോൾ പക്കാ പെർമിറ്റ് കിട്ടില്ല).

Inter District Permit (ജില്ലാന്തര സർവ്വീസുകൾ) ആണെങ്കിൽ പത്ത് കിലോമീറ്ററിൽ കൂടുതൽ മറ്റ് ജില്ലയിൽ പ്രവേശിക്കുന്നുണ്ടെങ്കിൽ ആ ജില്ലയിലെ RTO ബോർഡിൽനിന്ന് കൺകറൻസ് എടുക്കണം . RT0 ഓഫീസിൽ Permit ന് അപേക്ഷ ഇട്ട ശേഷം വെഹിക്കിൾ ഇൻസ്പെക്ടറെ കൊണ്ട് റൂട്ട് പരിശോധിപ്പിച്ച് റിപ്പോർട്ട് എഴുതിക്കണം.

Regional Transport Authority ബോർഡ് മീറ്റിങ്ങ് കൂടുമ്പോൾ അപേക്ഷകനോ അപേക്ഷകന്റെ വക്കീലോ ബോർഡ് മീറ്റിങ്ങിൽ ഹാജരാകണം . ഏകദേശം ഒരു മാസത്തിനകം RTA Permit പാസായോ എന്ന് അറിയാൻ സാധിക്കും. പെർമിറ്റ് പാസായി കഴിയുമ്പോൾ RTO ടൈം ഹിയറിങ്ങ് കോൺഫറൻസ് നടത്തി ആ റൂട്ടിലെ മറ്റ് പെർമിറ്റ് ഹോൾഡേഴ്സിന്റെ സമയം സംബന്ധിച്ച് ഉള്ള ആക്ഷേപങ്ങൾ കേട്ട ശേഷം സമയം അനുവദിച്ച് ടൈം ഷീറ്റും പെർമിറ്റും ഇഷ്യൂ ചെയ്യും.

നോട്ടിഫൈഡ് റൂട്ടിലൂടെ പെർമിറ്റ് കടന്നു പോകുന്നുണ്ടെങ്കിൽ ഏറ്റവും വലിയ ചാലിന്റെ 5 ശതമാനമോ അല്ലെങ്കിൽ 5 കിലോമീറ്ററോ ഇവയിൽ കുറവേതാണോ അത്രയും ദൂരമേ സഞ്ചരിക്കാൻ അനുവദിക്കു. അത് മനസിലാക്കി വേണം റൂട്ട് ഉണ്ടാക്കുവാൻ. നിലവിൽ സറണ്ടർ ചെയ്ത പെർമിറ്റിനായി അപേക്ഷിക്കുന്നതെങ്കിൽ സറണ്ടർ ചെയ്ത ബസിന്റെ രജിസ്ട്രേഷൻ നമ്പറും ടൈം ഷീറ്റിലെ സമയവും അപേക്ഷയിൽ ഉൾപ്പെടുത്തി Vacent Time എന്ന് കാണിച്ച് വേണം അപേക്ഷിക്കാൻ.

Written By :- Manoj Kumar Velayudhan Pillai, കടപ്പാട് – പി ബി കെ ഗ്രൂപ്പ് , ചിത്രം – ജിബിൻ.