ഇസ്രായേലിൽ ജോലിയ്ക്കു ശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…

വിവരണം – സജീഷ് ലോറൻസ്.

പഠനം കഴിയുമ്പോഴേ ഒരു ജോലി നേടുക എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്. ഒരു മുക്കാല്‍ഭാഗം ഉദ്യോഗാര്‍ത്ഥികളും സ്വന്തം നാട്ടില്‍ ജോലി ലഭിക്കാതെ വരുമ്പോള്‍ വിദേശനാടുകളിലേയ്ക്ക് ജോലി തേടിപോകുന്ന കാഴ്ച ഇന്ന് നമ്മുടെ നാട്ടില്‍ സുപരിചിതമാണ്. നല്ലൊരു ശതമാനം ആളുകളും ഇപ്പോള്‍ ഇസ്രായേലില്‍ ജോലിക്ക് കടന്നുവരാറുണ്ട്. അങ്ങനെ കടന്നു വരുമ്പോള്‍ പലപ്പോഴും നമ്മള്‍ ഒത്തിരി ബുദ്ധിമുട്ടിക്കുന്ന പ്രോസ്സസ്സിംഗിലൂടെയാണ് എത്തിപ്പെടുന്നത്. എനിക്കറിയാവുന്നതും മറ്റുള്ളവര്‍ പങ്കുവച്ചതുമായ ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കാന്‍ ആഗ്രഹിക്കുന്നു.

പലപ്പോഴും നമ്മള്‍ പല തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാകാറുണ്ട്. ഇസ്രായേലില്‍ ജോലിക്ക് കടന്ന് വരുമ്പോള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നമുക്ക് നോക്കാം. ഞാന്‍ ഈ നാട്ടില്‍ ജോലിക്കായി വന്നിട്ട് ഇപ്പോള്‍ എട്ട് വര്‍ഷത്തോളമായി. അന്നത്തെ നിയമങ്ങള്‍ പലതും ഇന്ന് ഒരുപാട് മാറിയിട്ടുണ്ട്. ആദ്യമായി നമുക്ക് വേണ്ടത് കുറഞ്ഞത്‌ മൂന്ന് വര്‍ഷമെങ്കിലും കുറയാതെ കാലാവധിയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. പിന്നെ വരുന്ന ആളിന് മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കുറഞ്ഞത്‌ 6 മാസമെങ്കിലും ജോലി ചെയ്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.

അടിസ്ഥാനപരമായി റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, അധാര്‍ കാര്‍ഡ് ഇവയും വേണം. കേരളത്തില്‍ ഉള്ളവരുടെ റേഷന്‍ കാര്‍ഡ് മലയാളത്തില്‍ ആയതിനാല്‍ ഇoഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തതായിരിക്കണം. ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതില്‍ എന്തെങ്കിലും തിരുത്തല്‍ വേണമെങ്കില്‍ നോട്ടറിയെക്കൊണ്ട് വേണ്ടപ്പെട്ട മറ്റ് രേഖകളുമായി ചെന്ന് അറ്റസ്റ്റ് ചെയ്താല്‍ മതി. ഇത് ഇപ്പോഴത്തെ നിയമം ആണ്. ഈ നിയമത്തില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരാവുന്നതാണ്.

പിന്നെ വേണ്ടത് സമ്മതപത്രം ആണ്. വിവാഹിതര്‍ അല്ലങ്കില്‍ മാതാപിതാക്കളുടെ കൂടെ നിന്ന് എടുത്ത പുതിയ ഫോട്ടോയും കൊണ്ട് നോട്ടറിയുടെ അടുത്ത് പോയി എഴുതി ഒപ്പിട്ട സമ്മതപത്രം ആയിരിക്കണം. മാതാപിതാക്കള്‍ ആരെങ്കിലും മരണപ്പെട്ടതാണങ്കില്‍ മരണസര്‍ട്ടിഫിക്കറ്റ് വേണം. വിവാഹം വേര്‍പെടുത്തിയതാണങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് കൂടി ഉണ്ടായിരിക്കണം. മിനിമം 100 രൂപയില്‍ കുറയാത്ത മുദ്രപത്രത്തില്‍ വേണം സമ്മതപത്രം ഉണ്ടാക്കുവാന്‍. ഇനി വിവാഹിതര്‍ ആണങ്കില്‍ ഫാമിലി ഫോട്ടോയും, കുട്ടികള്‍ പഠിക്കുന്നവര്‍ ആണെങ്കില്‍ സ്കൂളില്‍ നിന്നും അവരുടെ ലെറ്റര്‍പാഡില്‍ സീല്‍ ചെയ്ത് എഴുതി വാങ്ങിയ ഒരു സര്‍ട്ടിഫിക്കറ്റ് കൂടി സമ്മതപത്രത്തോടൊപ്പം വേണം.

ഭാര്യയാണ് ജോലിക്ക് വരാന്‍ ഒരുങ്ങുന്നതെങ്കില്‍ ഇന്റര്‍വ്യൂ സമയത്ത് ഭര്‍ത്താവ് കൂടെ ഉണ്ടായിരിക്കണം. ഭര്‍ത്താവ് മറ്റൊരു രാജ്യത്ത് ജോലി ചെയ്യുകയും ഇന്റര്‍വ്യൂ സമയത്ത് വരാന്‍ സാധിക്കാതിരിക്കുകയും ചെയ്‌താല്‍ ആ വ്യക്തി ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ലെറ്റര്‍പാഡില്‍ അപേക്ഷ വാങ്ങി അത് അവിടുത്തെ ഇന്ത്യന്‍ എംബസ്സിയില്‍ കൊണ്ടുപോയി അറ്റസ്റ്റ് ചെയ്തതും അതോടൊപ്പം ഒരു സ്വയം സമ്മതപത്രം ഉണ്ടാക്കി വിസയുടെ കോപ്പി സഹിതം നമ്മള്‍ ഇന്റര്‍വ്യൂവിന് പോകുന്ന ഇസ്രായേല്‍ എംബസ്സിയില്‍ സബ്മിറ്റ് ചെയ്യേണ്ടതാണ്. ഭര്‍ത്താവ് ആണ് വരുന്നതെങ്കില്‍ ഭാര്യയുടെ എല്ലാ ഡോക്യുമെന്റ്സും ഇതുപോലെ ആവശ്യമാണ്‌. അതുപോലെ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്‌. വിവാഹഫോട്ടോ ചിലപ്പോള്‍ ചോദിക്കാറുണ്ട്. അതും കയ്യില്‍ കരുതണം.

പ്രായപരിധി മിനിമം 24 – 45 വരെ ആണ്. അതുപോലെ നമ്മുടെ തൂക്കം മിനിമം 50 കിലോയില്‍ കുറയാന്‍ പാടില്ല. ചില ഏജന്‍സികള്‍ അല്പം വിട്ടുവീഴ്ചകള്‍ ചെയ്യാറുണ്ട്. പിന്നെ വേണ്ടത് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും വാങ്ങിയത്.

എംബസ്സി അംഗീകരിച്ച ഒരു ഏജന്‍സിയുമായി വേണം നമ്മള്‍ ബന്ധപ്പെടുവാന്‍. അവിടെ നമുക്ക് 20 ദിവസത്തെ ട്രെയ്നിംഗ് നല്‍കാറുണ്ട്. ഇസ്രയേലിലെ നമ്മുടെ ജോലിയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ഇവിടുത്തെ ഭാഷയുടെ കൊച്ചു കൊച്ചു വാക്കുകളുമൊക്കെയാണ് ട്രെയ്നിംഗിലൂടെ നമുക്ക് പറഞ്ഞുതരുന്നത്‌. ഈ സമയത്തെ നമ്മുടെ താമസവും ഭക്ഷണവും എല്ലാം ചിലവുകളും നമ്മള്‍ തന്നെ വഹിക്കണം. അതുകൊണ്ട് നാട്ടില്‍ നിന്നും പോരുമ്പോള്‍ അതിനുള്ള പണം കൂടി കരുതണം. നമ്മുടെ ട്രെയ്നിംഗ് കഴിയുമ്പോള്‍ ഇന്ത്യയില്‍ ഉള്ള ഏജന്‍സി ഇസ്രയേല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് നമ്മുടെ വിവരങ്ങള്‍ കൈമാറും. അവര്‍ പരിശോധിച്ച് നമ്മുടെ യോഗ്യത അനുസരിച്ച് ഒരു എംപ്ലോയറെ സെലക്ട്‌ ചെയ്യും.അതിനു ശേഷം അവര്‍ ഫോണില്‍ നമ്മളെ ഇന്റര്‍വ്യൂ ചെയ്യും. നേരത്തെ skype വഴി ആയിരുന്നു. ഇപ്പോള്‍ whatsapp ല്‍ ആണ് വിളിക്കുന്നത്‌ എന്നാണ് അറിയാന്‍ കഴിഞ്ഞത്.

അവര്‍ വിളിച്ചു നമുക്കായ് തിരഞ്ഞെടുത്തിരിക്കുന്ന എംപ്ലോയറെ കുറിച്ചുള്ള വിവരങ്ങള്‍ പറയും. അതിന് ശേഷം അവരുടെ രോഗത്തോടനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ആയിരിക്കും നമ്മളോട് ചോദിക്കുക. ഇന്റര്‍വ്യൂ തൃപ്തികരമായാല്‍ അവര്‍ മിനിസ്ട്രിയിലേയ്ക്ക് നമ്മുടെ രേഖകള്‍ കൈമാറും. അവര്‍ മത്താഷ് തരും. വിസ അടിച്ചു, നിങ്ങള്‍ ഡല്‍ഹിക്കോ ബോംബക്കോ പോരാന്‍ പറഞ്ഞു പറയാറുണ്ട്‌. ഇത് ഒരിക്കലും വിസ അടിച്ചതിന്റെ രേഖ അല്ല. അതിന് പ്രോസ്സസ്സിംഗ് നടത്താനുള്ള ഒരു രേഖ മാത്രമാണ്. പത്ത് ദിവസത്തിനുള്ളില്‍ നമ്മുടെ രേഖകള്‍ എല്ലാം മിനിസ്ട്രി പരിശോധിച്ച് അവര്‍ക്ക് തൃപ്തികരമായങ്കില്‍ മാത്രമേ വിസ പ്രോസ്സസ്സിംഗ് ആരംഭിക്കുകയുള്ളൂ.

പ്രോസ്സസ്സിംഗ് ഫീസ് അടച്ചുകഴിഞ്ഞു റസിപ്റ്റ് കിട്ടും. അതിനുശേഷം ബല്മാഷ് എന്ന പേപ്പര്‍ നമുക്ക് നല്‍കും. അതോടൊപ്പം ഇന്ത്യയിലെ ഇസ്രായേല്‍ എംബസ്സിയിലേയ്ക്ക് ഈ രേഖ കൈമാറും. കേരള പാസ്സ്പോര്‍ട്ട് ഉള്ളവരുടെയെല്ലാം പ്രോസ്സസ്സിംഗ് സാധാരണ ബോംബെയിലാണ് നടത്തപ്പെടുന്നത്. എംബസ്സിയുടെ വെബ്സൈറ്റില്‍ അവര്‍ അത് പ്രസിദ്ധീകരിക്കും. അത് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നിങ്ങള്‍ ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ.

ബല്മാഷ് കിട്ടുമ്പോള്‍ പേരും പാസ്പോര്‍ട്ട്‌ നമ്പറും എഡിറ്റ്‌ ചെയ്തു വിസ വന്നു എന്നുപറഞ്ഞു പലരും കബളിപ്പിക്കപ്പെടാറുണ്ട്. നമ്മള്‍ എംബസ്സിയില്‍ ചെല്ലുമ്പോള്‍ ആയിരിക്കും അറിയുക കബളിപ്പിക്കപ്പെട്ടുയെന്ന സത്യം. നമ്മള്‍ നാട്ടില്‍ നിന്നും മുംബൈ യിൽ വരുന്നതിന്റെ ബുദ്ധിമുട്ട് ആരും പറയാതെ അറിയാമല്ലോ.

നമുക്ക് B1 വിസ്സ അടിച്ചു കഴിയുമ്പോള്‍ കിട്ടുന്ന ജോബ്‌ ഓര്‍ഡറില്‍ നമ്മുടെ അടിസ്ഥാന ശമ്പളവും[4200 nis] മറ്റു കാര്യങ്ങളും ഉണ്ടായിരിക്കും. അത് കണക്ക് കൂട്ടി മാത്രം പോരുക. ശനിയാഴ്ച പലര്‍ക്കും ഡ്യൂട്ടി ഉണ്ടായിരിക്കില്ല. അന്ന് ജോലി ഉള്ളവര്‍ക്ക് മാത്രമാണ് കൂടുതല്‍ ശമ്പളം ലഭിക്കാറ്‌. അടിസ്ഥാന ശമ്പളം കൂടാതെ മാസം 400 ഷെക്കല്‍ നമുക്ക് ലഭിക്കും. ചില ഏജന്റുമാര്‍ 1.5, 2 ലക്ഷം രൂപ ശമ്പളം കിട്ടും എന്നൊക്കെ പറയാറുണ്ട്. നമ്മള്‍ ചതിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്രയും കാര്യങ്ങള്‍ കഴിഞ്ഞതിനു ശേഷം നമ്മള്‍ മുംബൈയിലെ ഏജന്‍സിയില്‍ വന്നു കഴിഞ്ഞു നമ്മളെ മെഡിക്കല്‍ നടത്താന്‍ വിടുന്നത്. അതിനു മൂന്ന് ദിവസം കാത്തിരിക്കേണ്ടി വരും.

ഒരു കാര്യം ഓര്‍മ്മിപ്പിക്കുകയാണ്, നമ്മള്‍ നാട്ടില്‍ നിന്നും പോരുന്നതിന് മുന്‍പ് സ്വന്തമായി ഒരു മെഡിക്കല്‍ എടുത്തതിനു ശേഷം എന്തെങ്കിലും പ്രോബ്ലം ഉണ്ടങ്കില്‍ പരിഹരിച്ച ശേഷം മാത്രമേ നമ്മള്‍ നാട്ടില്‍ നിന്നും പോരാവു. മുംബൈയില്‍ മെഡിക്കല്‍ നടത്തിക്കഴിയുമ്പോള്‍ അതിന്റെ റിസള്‍ട്ട്‌ നേരിട്ട് എംബസ്സിയുടെ കാര്യാലയത്തിലേക്കാണ്‌ അയക്കുന്നത്. എന്തെങ്കിലും പ്രോബ്ലം ഉണ്ടങ്കില്‍ നമ്മള്‍ നിരസിക്കപ്പെടും. ഒരു പ്രാവിശ്യം റിജക്റ്റ് ആയാല്‍ പിന്നെ നമുക്ക് ജോലിക്ക് കടക്കുവാൻ ഒരിക്കലും കഴിഞ്ഞെന്ന് വരില്ല.

എല്ലാ രേഖകളും നമ്മള്‍ സബ്മിറ്റ് ചെയ്യണ്ട ഓഫീസില്‍ കൊടുത്തുകഴിഞ്ഞ് അവര്‍ അത് എംബസ്സിയില്‍ കൊടുക്കും. അവിടെ നിന്നും എന്നാണ് നമുക്ക് ഇന്റര്‍വ്യൂവിന് ചെല്ലേണ്ടത് എന്ന വിവരം 24 മണിക്കൂര്‍ മുന്‍പ് നമ്മള്‍ ബന്ധപ്പെട്ട ഏജന്‍സിയില്‍ അറിയിച്ചിരിക്കും. നമ്മളുടെ ഇന്റര്‍വ്യൂ നടക്കുന്ന സമയത്ത് ജോബ്‌ ഓര്‍ഡര്‍ ഒപ്പിട്ട് അവര്‍ വാങ്ങുന്നു. ഇന്റര്‍വ്യൂ കഴിയുമ്പോള്‍ നമ്മുടെ പാസ്സ്പോര്‍ട്ട് എംബസ്സിയില്‍ വാങ്ങി വയ്ക്കും. നമ്മള്‍ യോഗ്യത നേടിയിട്ടുണ്ടങ്കില്‍ രണ്ടു മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ നമുക്ക് പാസ്പോര്‍ട്ടില്‍ വിസ അടിച്ചുകിട്ടും. തിരുത്തലുകള്‍ എന്തെങ്കിലും ആവശ്യമുണ്ടങ്കില്‍ അതിനായി തിരിച്ചു വിടും. ഇസ്രായേലില്‍ ജോലിക്ക് വരുമ്പോള്‍ നമ്മുടെ സഹോദരങ്ങള്‍ ആരെങ്കിലും ഇവിടെ ജോലി ചെയ്യുന്നുണ്ടങ്കില്‍ അവരുടെ വിവരങ്ങള്‍ ഇന്റര്‍വ്യൂ സമയത്ത് നല്‍കേണ്ടതാണ്. പ്രത്യേകിച്ച് ഒരു കാര്യം ഉള്ളത്, ഇവിടെ ഫാമിലി അനുവദനീയമല്ല. ഭര്‍ത്താവും ഭാര്യയും ഒരുമിച്ചു ഇവിടെ ജോലി ചെയ്യാന്‍ പറ്റില്ല എന്ന് ചുരുക്കം.

വിസ നമുക്ക് ഒരു മാസത്തേക്കുള്ളതാണ് ഇന്ത്യയില്‍ നിന്ന് പോരുമ്പോള്‍ അടിച്ചു തരുന്നത്. വിസ കിട്ടിയാല്‍ എത്രയും പെട്ടന്ന് കയറി പോരുക. നാട്ടില്‍ ഒന്നുടെ പോയിട്ട് വരാം എന്ന് കരുതി ആരും ഇരിക്കരുത്. നമ്മള്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ഇമിഗ്രേഷന്‍ നടത്തുന്നിടത്ത് നമ്മുടെ പാസ്സ്പോര്‍ട്ട് കൊടുക്കുക. ചിലപ്പോള്‍ നമ്മള്‍ കുറച്ചധികം സമയം കാത്തിരിക്കേണ്ടി വരും. പേടിക്കണ്ട കാര്യമില്ല. നമ്മള്‍ക്ക് അവര്‍ ഒരു വര്‍ഷത്തേക്കുള്ള വിസ പാസ്പോര്‍ട്ടില്‍ എന്‍റര്‍ ചെയ്തു തന്നിട്ടേ പുറത്തേയ്ക്ക് വിടുകയുള്ളു.

നമ്മള്‍ ബാഗ്‌ കളക്റ്റ് ചെയ്ത് പുറത്തിറങ്ങുമ്പോള്‍ നമ്മളെ കൂട്ടിക്കൊണ്ടുപോകുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നവര്‍ അവിടെ ഉണ്ടാകും . ചിലപ്പോള്‍ നേരിട്ട് ഏജന്‍സിയില്‍ കൊണ്ടുപോയതിന് ശേഷം നമ്മുടെ ജോലിസ്ഥലത്ത് എത്തിക്കും. ചിലപ്പോള്‍ നമ്മളെ അപ്പാര്‍ട്ട്മെന്റില്‍ കൊണ്ടുവിടും. പിറ്റേ ദിവസം ആയിരിക്കും നമ്മള്‍ ജോലിയില്‍ പ്രവേശിക്കുക. കുറച്ച് കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ കുറച്ച് കാര്യങ്ങള്‍ കൂടി നിങ്ങള്‍ക്ക് കൂടുതലായി അറിയാന്‍ കഴിയും.