ഫെയ്‌സ്ബുക്കിൽ നിന്നും നിങ്ങൾക്ക് പണം ഉണ്ടാക്കാം? എങ്ങനെ?

ഫേസ്ബുക്ക് ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. ദിവസത്തിൽ ഒരുനേരമെങ്കിലും ഫേസ്ബുക്കിൽ കയറാത്തവർ കുറവായിരിക്കും. എന്നാൽ ചുമ്മാ ഫോട്ടോസ്, വീഡിയോസ് തുടങ്ങിയവ പോസ്റ്റ് ചെയ്യാനും ഷെയർ ചെയ്യാനും മാത്രമുള്ളതല്ല ഫേസ്ബുക്ക് എന്ന കാര്യം അധികമാർക്കും അറിയില്ല. നമ്മൾ നേരമ്പോക്കിനു വേണ്ടി ഉപയോഗിക്കുന്ന ഈ ഫേസ്ബുക്കിൽ നിന്നും പണം ഉണ്ടാക്കുവാനുള്ള ഒരു മാർഗ്ഗം തെളിഞ്ഞിരിക്കുകയാണ്. അതെങ്ങനെയെന്നല്ലേ? പറഞ്ഞുതരാം.

യൂട്യൂബിലെ പോലെത്തന്നെ വീഡിയോകളിൽ പരസ്യങ്ങൾ കാണിക്കുന്നതു വഴിയാണ് ഫേസ്ബുക്കിലും പണം ഉണ്ടാക്കുവാൻ സാധിക്കുന്നത്. ഫേസ്ബുക്ക് ‘Add Breaks’ എന്ന ഒരു സിസ്റ്റം നിലവിൽ വന്നതോടെയാണ് ഇത്തരത്തിൽ വരുമാനമാർഗ്ഗം തെളിഞ്ഞു വന്നിരിക്കുന്നത്.

ചുമ്മാ ഒരു വീഡിയോ എടുത്ത് പോസ്റ്റ് ചെയ്‌താൽ ഇതുപോലെ പണം ഉണ്ടാക്കാമെന്ന് വിചാരിച്ചെങ്കിൽ തെറ്റി. ഫേസ്ബുക്ക് പേജുകളിൽ ഇടുന്ന വീഡിയോകൾക്ക് മാത്രമായിരിക്കും ‘Add Breaks’ സിസ്റ്റം ലഭിക്കുക. എങ്ങനെയാണ് ഒരു പേജിനു ‘Add Breaks’ സൗകര്യം ലഭ്യമാകുന്നത്? അതിനു ചില നിബന്ധനകൾ ഒക്കെയുണ്ട്. കുറഞ്ഞത് 10000 (പതിനായിരം) ലൈക്കുകൾ എങ്കിലും പേജിനു ഉണ്ടായിരിക്കണം എന്നതാണ് ആദ്യത്തെ നിബന്ധന. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ 30000 വീഡിയോ വ്യൂസ് ഉണ്ടായിരിക്കണം. ഈ മുപ്പത്തിനായിരം കാഴ്ചക്കാരിൽ എല്ലാവരും ഒരു മിനിറ്റ് എങ്കിലും വീഡിയോകൾ കണ്ടിരിക്കണം.

പേജുകളിൽ ഇടുന്ന വീഡിയോകൾ കുറഞ്ഞത് 3 മിനിറ്റ് എങ്കിലും ഉണ്ടായിരിക്കണം. അതുപോലെ തന്നെ നിങ്ങൾ സ്വന്തമായി ഉണ്ടാക്കുന്ന വീഡിയോ ആയിരിക്കണം പേജിൽ പോസ്റ്റ് ചെയ്യേണ്ടത്. വീഡിയോ സ്വന്തമായി എടുത്ത് അതിൽ മറ്റേതെങ്കിലും മ്യൂസിക് ഒക്കെ ചേർത്ത് ഇട്ടാലും പ്രശ്നമാണ്. എന്നാൽ കോപ്പിറൈറ്റ് ഫ്രീ ആയിട്ടുള്ള മ്യൂസിക്കുകൾ ഇടാവുന്നതാണ്.

ഫോട്ടോകൾ മാത്രം വെച്ച് ഉണ്ടാക്കുന്ന വീഡിയോകൾക്ക് ‘Add Breaks’ സൗകര്യം ഉണ്ടായിരിക്കില്ല. അതുപോലെതന്നെ സിസിടിവി ദൃശ്യങ്ങൾ, മോശപ്പെട്ട തരത്തിലുള്ള വീഡിയോകൾ, കാഴ്ചക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വീഡിയോകൾ തുടങ്ങിയവയ്ക്കും ‘Add Breaks’ സൗകര്യം ഉണ്ടായിരിക്കില്ല. ഒരു തവണ പേജിനു Monetization ലഭ്യമായതിനു ശേഷം പിന്നീട് ഇതുപോലുള്ള Restricted വീഡിയോകൾ അപ്‌ലോഡ് ചെയ്‌താൽ പേജിന്റെ Monetization നഷ്ടപ്പെടാനും ചാൻസുണ്ട്.

അപ്പോൾ ഇനി സ്വന്തമായി വീഡിയോകൾ നിർമ്മിക്കുന്നവർക്ക് ഇത്തരത്തിൽ ഫേസ്‌ബുക്കിൽ നിന്നും ഒരു വരുമാനം ഉണ്ടാക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്തിട്ടുള്ള വീഡിയോ കാണാം.