കുറഞ്ഞ ചെലവിൽ വാലന്റൈൻസ് ഡേ ആഘോഷിക്കുവാൻ ബെംഗളൂരുവിലെ ചില സ്ഥലങ്ങൾ..

ഇന്ന് വർഷത്തിൽ 365 ദിവസങ്ങൾക്കും എന്തെങ്കിലും പ്രത്യേകതകൾ ഉള്ളതായി നമുക്ക് കാണാം. അധ്യാപക ദിനം, പുകവലി വിരുദ്ധ ദിനം, ഭൗമദിനം, എന്നിങ്ങനെ പോകും അത്. ഇവയിൽ ലോകമെമ്പാടും സന്തോഷത്തോടെ കൊണ്ടാടുന്ന ഒരു ദിനമാണ് ഫെബ്രുവരി 14, വാലൻന്റൈൻ ദിനം അഥവാ പ്രണയദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ ഇഷ്ടം അറിയിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

വാലന്റൈൻ ദിനത്തിനു പിന്നിൽ വലിയൊരു കഥ തന്നെയുണ്ട്. ആ കഥ പറഞ്ഞു പോസ്റ്റ് വലിച്ചു നീട്ടുന്നില്ല. ആ കഥ അറിയണമെന്നുള്ളവർ ചുമ്മാ ഒന്നു ഗൂഗിളിൽ തപ്പുക. വാലന്റൈൻ ദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുന്നതിനൊപ്പം അവരുടെ കൂടെ അല്പം റൊമാന്റിക് മൂഡ് നല്കുന്നയിടങ്ങളിൽ ചെലവഴിക്കാറുമുണ്ട്. പിന്നൊരു കാര്യം ഭാര്യ ഭർത്താക്കന്മാർക്കും വാലന്റൈൻ ദിനം ആഘോഷിക്കാം കേട്ടോ. ഇത്തരത്തിൽ ബെംഗളൂരുവിൽ ഉള്ളവർക്ക് പ്രണയദിനം ആഘോഷിക്കുവാൻ പറ്റിയ ചില സ്ഥലങ്ങളെ പരിചയപ്പെടുത്തി തരാം.

1. നന്ദി ഹിൽസ് : ബെംഗളൂരുവിലുള്ളവർ പ്രധാനമായും വാലന്റൈൻ ദിനം ആഘോഷിക്കുവാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലമാണ് നന്ദി ഹിൽസ്. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദി ഹിൽസ് ഏറെ ആകർഷിക്കുന്നു. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ എൻ എച്ച് ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പിൽനിന്ന് 1479 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വാലന്റൈൻ ദിനത്തിൽ നല്ല തിരക്കായിരിക്കും ഇവിടെ എന്നുകൂടി ഓർക്കണേ.

2. വൈൻ ടൂർ : മുന്തിരിപ്പാടങ്ങളുടെ സൗന്ദര്യം ആസ്വദിക്കുകയും ഒപ്പം നല്ല രുചിയേറിയ വൈൻ കുടിക്കുകയും ചെയ്യാം. കേൾക്കുമ്പോൾ തന്നെ എന്താ ഒരു രസം അല്ലേ? ബെംഗളൂരുവിൽ നിന്നും അൽപ്പം മാറിയുള്ള പരിസരങ്ങളിൽ ധാരാളം മുന്തിരിപ്പാടങ്ങളുണ്ടെങ്കിലും ബെംഗളൂരുവിൽനിന്നും ഏകദേശം 50 കിലോമീറ്റർ ‍ദൂരെയായി സ്ഥിതി ചെയ്യുന്ന രാമനഗരം എന്ന സ്ഥലത്തെ വൈൻ ടൂർ കുറച്ചുകൂടി പ്രസിദ്ധമാണ്. 250 രൂപയോളമാണ് ഈ പാക്കേജിന് ഏകദേശം ചാർജ്ജ് വരുന്നത്. രാവിലെ 10.30 ഓടെ ആരംഭിക്കുന്ന വൈൻ ടൂർ വൈകുന്നേരം 4.30 വരെ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് :
https://bit.ly/2S0mH6i.

3. ലാൽബാഗ് : 240 ഏക്കറിലായി ബാംഗ്ലൂർ നഗരത്തിന്റെ തെക്കു വശത്തായിട്ടാണ്‌ ലാൽബാഗ് എന്ന ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ഫാമിലിയായി എത്തുന്ന സഞ്ചാരികളേക്കാൾ പതിന്മടങ്ങ് പ്രണയജോഡികളെ നമുക്ക് ലാൽബാഗിൽ കാണാവുന്നതാണ്. നഗരത്തിന്റെ ഉള്ളിലാണെങ്കിലും ഇതിനുള്ളിൽ കയറിയാൽ മറ്റൊരു ലോകം പോലെയായിരിക്കും നിങ്ങൾക്ക് തോന്നുക. സാധാരണക്കാരായ ദമ്പതികൾക്കും പ്രണയജോഡികൾക്കും അനുയോജ്യമായ ഒരു സ്ഥലമാണ് ഇത്.

4. ഉൾസൂർ തടാകം : ബെംഗളൂരു നഗരത്തിനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു തടാകമാണ് ഉൾസൂർ തടാകം. നഗരത്തിന്റെ അഭിമാനം എന്നാണിത് അറിയപ്പെടുന്നത്. കാലാകാലങ്ങളാൽ മനുഷ്യന്റെ ഇടപെടലുകൾ കാരണം തടാകത്തിന്റെ പഴയ സൗന്ദര്യം കുറഞ്ഞെങ്കിലും പ്രണയാതുരമായ നിമിഷങ്ങൾ ചെലവഴിക്കുവാൻ ഇവിടം അനുയോജ്യമാണ്. ഈ തടാകത്തിലെ ബോട്ടിംഗ് തീർച്ചയായും നിങ്ങൾ ഒന്ന് ട്രൈ ചെയ്യേണ്ടതാണ്. രാവിലെ 6 മുതൽ രാത്രി 8 വരെ തടാകം സന്ദർശകർക്കായി തുറന്നിരിക്കും.

5. വണ്ടർ ലാ : ബെംഗളൂരുവിലെ പ്രശസ്തമായ ഒരു അമ്യൂസ്‌മെന്റ് പാർക്കാണ് വണ്ടർ ലാ. നമ്മുടെ കൊച്ചിയിലെ വണ്ടർലാ (വീഗാലാൻഡ്) യുടെ സഹോദരനായിട്ടു വരും ഈ പാർക്ക്. ബെംഗളൂരുവിൽ നിന്നും 28 കിലോമീറ്റർ ദൂരത്തായാണ് വണ്ടർലാ സ്ഥിതി ചെയ്യുന്നത്. പ്രണയജോഡികൾക്കും ദമ്പതിമാർക്കും കൂട്ടമായി വന്നുകൊണ്ടും ഒറ്റയ്‌ക്കൊറ്റയ്ക്കും വേണമെങ്കിൽ ഇവിടെ വന്നു അടിച്ചുപൊളിക്കാവുന്നതാണ്. ഒരൽപം വെറൈറ്റി ആയിക്കോട്ടെ.

6. മുത്യാല മടവു : ബെംഗളൂരുവിൽ നിന്നും ഏകദേശം 45 കിലോമീറ്ററോളം ദൂരത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് മുത്യാല മടവു. പേൾവാലി എന്നുകൂടി അറിയപ്പെടുന്ന ഇവിടെ ഒരു ചെറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നുണ്ട്. ബെംഗളൂരുവിൽ നിന്ന് ഹോസൂർ റോഡിലൂടെ പോയിട്ട് ഇലക്ട്രോണിക് സിറ്റി കഴിഞ്ഞ് ചന്ദ്രാപുരയിൽ നിന്ന് അനേക്കൽ വഴി ഇവിടെ എത്തിച്ചേരാനാവും. അതിരപ്പിള്ളി പോലത്തെ ഒരു വലിയ വെള്ളച്ചാട്ടം പ്രതീക്ഷിച്ചുകൊണ്ട് ഇവിടേക്ക് പോകുന്നവർക്ക് നിരാശയായിരിക്കും ഫലം. ചുമ്മാ അങ്ങ് സ്ഥലങ്ങൾ കാണുവാനും കറങ്ങാനും പറ്റിയ ഒരു സ്ഥലമെന്നു കരുതി പോയാൽ മതി.

7. ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക് : ബെംഗളൂരു നഗരത്തിനു സമീപമായി പങ്കാളിയുമായി ഒന്നു കറങ്ങാന്‍ ‌പറ്റിയ മികച്ച ഒരു സ്ഥലമുണ്ട്. അതാണ് ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക്. മൃഗശാ‌ലയും പാര്‍‌ക്കും ജംഗിള്‍ സഫാരിയുമാണ് ഇവിടു‌ത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. ഇവിടെ വരുന്നവർക്ക് ടിക്കറ്റ് എടുക്കുവാനായി നല്ലൊരു ക്യൂവിൽത്തന്നെ നിൽക്കേണ്ടി വരും. ഇതിൽ നിന്നും രക്ഷ നേടുവാനായി ഒരു വഴി പറഞ്ഞു തരാം. http://bannerghattabiologicalpark.org എന്ന വെബ്‌സൈറ്റിൽ കയറി ഓൺലൈനായി ഇവിടേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഫീസുകളിൽ ഇളവുകൾ ലഭിക്കുന്നതാണ്. അതാകുമ്പോൾ ക്യൂവും നിൽക്കണ്ട സമയവും ലാഭം. 

ഇവിടെ വരുന്നവർ ഒരിക്കലും കാടിനുള്ളിലേക്കുള്ള സഫാരി മിസ്സ് ചെയ്യാൻ പാടില്ല. ബെംഗളൂരുവിലെ പ്രധാന സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് BMTC യുടെ വോൾവോ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ഇവിടെ വരുന്നതിനായി ഈ ബസ്സുകളെ ആശ്രയിക്കാവുന്നതാണ്. 

8. ഫോറം മാൾ : പ്രത്യേകിച്ച് പുറത്ത് എവിടെയും പോകുവാൻ താല്പര്യം ഇല്ലാത്തവർക്ക് വേണമെങ്കിൽ ചുമ്മാ കാഴ്ചകൾ കണ്ടു നടക്കുവാൻ കോറമംഗലയിലെ ഫോറം മാളിലേക്ക് പോകാം. വേണമെങ്കിൽ മാളിലെ റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കാം, മൾട്ടിപ്ലെക്സിൽ കയറി സിനിമ കാണാം, ചെറിയ ഷോപ്പിംഗ് നടത്താം.. അങ്ങനങ്ങനെ സമയം ചെലവഴിക്കാം. കപ്പിൾസ് ആയി വരുന്നവർക്ക് ഒരു ദിവസം മുഴുവൻ വേണമെങ്കിൽ ഇവിടെത്തന്നെ ചിലവഴിക്കാവുന്നതാണ്.

അപ്പോൾ വൈകണ്ട, ബെംഗളൂരുവിൽ ഉള്ള മലയാളി സുഹൃത്തുക്കൾ ഇപ്പോൾ തന്നെ നിങ്ങളുടെ ഇത്തവണത്തെ വാലന്റൈൻസ് ഡേ ഇവിടങ്ങളിൽ എവിടെയെങ്കിലും പ്ലാൻ ചെയ്യൂ. പറ്റുമെങ്കിൽ പങ്കാളിയ്ക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ. പിന്നൊരു കാര്യം കല്യാണം കഴിക്കാത്ത പ്രണയജോഡികൾ നിങ്ങളുടെ സ്വന്തം റിസ്‌ക്കിൽ കറങ്ങാൻ പോകുക. പരിസരം മറന്നുള്ള പ്രണയം പങ്കുവെക്കൽ കൈയോടെ ഒഴിവാക്കുക. അപ്പോൾ എല്ലാവർക്കും ഹാപ്പി വാലന്റൈൻസ് ഡേ..