ഡൽഹിയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി നല്ലൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ട്രാൻസ്‌പോർട്ട് ബസ്, ഓട്ടോറിക്ഷ, ടാക്സി, ഡെൽഹി മെട്രോ റെയിൽ‌വേ, സബർബൻ റെയിൽ‌വേ എന്നിവയാണ്‌ ഡൽഹിയിലെ പൊതുഗതാഗത്തിനുള്ള മാർഗ്ഗങ്ങൾ.

ബസ്സുകൾ ചെല്ലാത്ത സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ ഓട്ടോറിക്ഷകൾ തന്നെ ശരണം. ഓൺലൈൻ ടാക്സി സർവ്വീസുകളെക്കുറിച്ച് അറിവില്ലാത്ത സാധാരണക്കാരും ഓട്ടോറിക്ഷകളെയാണ് പൊതുവെ ആശ്രയിക്കാറുള്ളത്. ഡൽഹി ചുറ്റിക്കാണുവാൻ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നത് പൊതുവെ വലിയ ചെലവുള്ള കാര്യമല്ലെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഓട്ടോക്കാർ നിങ്ങളെ പറ്റിക്കുവാൻ സാധ്യതയുണ്ട്.

ഡൽഹി നഗരത്തിൽ ധാരാളം ഓട്ടോറിക്ഷാ സർവ്വീസുകൾ ലഭ്യമാണ്. പക്ഷേ മീറ്റർ പ്രവർത്തിപ്പിച്ചുകൊണ്ട് ഓടുവാൻ ഇവർക്ക് വലിയ ബുദ്ധിമുട്ടാണ്. ഓട്ടോ ചാർജുകളെക്കുറിച്ച് വലിയ ധാരണയില്ലാത്തവരെ ഇരട്ടി പണം വാങ്ങി ഇവർ പറ്റിക്കുകയും ചെയ്യും. അതുപോലെ തന്നെ നമ്മൾ പറയുന്ന സ്ഥലങ്ങളിലേക്ക് പോകുവാൻ മിക്ക ഓട്ടോക്കാരും മടി കാണിക്കും. ഇല്ലാത്ത കാരണങ്ങൾ നിർത്തിയായിരിക്കും ഇവർ അവിടേക്ക് സവാരി നിഷേധിക്കുന്നത്.

സാധാരണ കേരളത്തിൽ നിന്നും ഭൂരിഭാഗം ആളുകളും ഡൽഹിയിലേക്ക് പോകുന്നത് ട്രെയിൻ മാർഗ്ഗമായിരിക്കും. അവിടെ എത്തിയാൽ നിങ്ങൾക്ക് പോകേണ്ട സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി വെക്കുക. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് അത്യാവശ്യം വഴികളും ദൂരവും ഒക്കെ നോക്കി വെക്കണം.

അതുപോലെ തന്നെ ഡൽഹിയിലെ ഓട്ടോ ചാർജ്ജുകളെക്കുറിച്ച് നേരത്തെ തന്നെ മനസ്സിലാക്കിയിരിക്കണം. ഉദാഹരണത്തിന് റെയിൽവേ സ്റ്റേഷനിൽ നിന്നും നിങ്ങൾക്ക് പോകേണ്ട സ്ഥലത്തേക്ക് എത്ര ചാർജ്ജ് ആകും? ഏത് വഴി പോകണം? എന്നൊക്കെ. ഈ കാര്യങ്ങൾ ഏതെങ്കിലും പരിചയക്കാരോട് ചോദിക്കാവുന്നതാണ്. ഇനി പരിചയക്കാർ ആരും ഇല്ലെങ്കിൽ ഗൂഗിളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം. കൂടാതെ സോഷ്യൽ മീഡിയയിലെ യാത്രാ ഗ്രൂപ്പുകളിൽ നിന്നും ഈ കാര്യത്തിൽ നിങ്ങൾക്ക് ധാരാളം അനുഭവസ്ഥരുടെ അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്യും.

ഏറ്റവും ഫലപ്രദമായ ഒരു മാർഗ്ഗം ഇതാ – ഗൂഗിൾ മാപ്പിൽ പോകേണ്ട സ്ഥലം (From – To) കൊടുത്തതിനു ശേഷം പബ്ലിക് ട്രാൻസ്‌പോർട്ട് മോഡ് സെലക്ട് ചെയ്‌താൽ ഓട്ടോ, ടാക്സി നിരക്കുകൾ എത്രയാകും? ഏതു വഴിയാണ് ട്രാഫിക് ഉളളത്? ഏതൊക്കെ വഴി എളുപ്പത്തിൽ എത്താം? തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ ലഭിക്കും. ഗൂഗിൾ മാപ്പും ഡൽഹി ട്രാഫിക് പോലീസും സഹകരിച്ചാണ് ഇത്തരത്തിൽ ഒരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ തന്നെ ഓട്ടോറിക്ഷക്കാർ ഇങ്ങോട്ടു വന്നു നമ്മളെ സ്വാധീനിക്കും. ഇത്തരക്കാരോട് സവാരിയ്ക്ക് മുൻപ് പോകേണ്ട സ്ഥലത്തെക്കുറിച്ചും അവിടേക്ക് എത്ര രൂപയ്ക്ക് ഓട്ടം പോകുവാൻ പറ്റുമെന്നും അന്വേഷിക്കുക. നിങ്ങൾ നേരത്തെ അറിഞ്ഞുവെച്ചത്തിലും വളരെക്കൂടുതൽ തുകയാണ് അയാൾ പറയുന്നതെങ്കിൽ ആ സവാരി നിരസിക്കാം. ചിലപ്പോൾ അവർ വിലപേശാൻ തയ്യാറാകും. യഥാർത്ഥ ചാർജ്ജ് തരാമെന്നു നിങ്ങൾ പറയണം. വേണമെങ്കിൽ പത്തോ ഇരുപതോ കൂടെ കൊടുക്കാം. രാത്രി 11 നും രാവിലെ 5 നും ഇടയിലുള്ള സമയങ്ങളിൽ 25% കൂടുതൽ ചാർജ്ജ് ഈടാക്കാറുണ്ട്. അവർ പറയുന്ന തുകയ്ക്ക് പോകാൻ താൽപര്യമില്ലെങ്കിൽ നിങ്ങൾക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു തന്നെയുള്ള പ്രീപെയ്‌ഡ്‌ ഓട്ടോസർവ്വീസുകളെ ആശ്രയിക്കാം.

ഡൽഹിയിൽ വെച്ച് നിങ്ങൾക്ക് ഓട്ടോക്കാരിൽ നിന്നും മോശമായ അനുഭവങ്ങൾ എന്തെങ്കിലും ഉണ്ടായാൽ എന്തു ചെയ്യണം? പരിചയമില്ലാത്ത സ്ഥലമാണ് എന്നു കരുതി പേടിച്ചു നിൽക്കേണ്ട കാര്യമൊന്നുമില്ല. ഓട്ടോറിക്ഷയുടെ നമ്പർ, ലൊക്കേഷൻ, സമയം എന്നിവ കുറിച്ചു വെച്ചതിനു ശേഷം ഡൽഹി പോലീസിനെ 100 എന്ന നമ്പറിൽ വിളിച്ചു പരാതിപ്പെടാം. അതുമല്ലെങ്കിൽ ഡൽഹി സർക്കാർ ഹെൽപ്പ്-ലൈനിൽ ( (011) 4240-0400 ) വിളിച്ച് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാം.

എസ്എംഎസ് വഴിയും നിങ്ങൾക്ക് ഓട്ടോക്കാരെക്കുറിച്ചുള്ള പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങളുടെ ഫോണിൽ നിന്നും REF (Refusal), OVC (Overcharging), MIS (Misbehavior), or HAR (Harassment) ഇവയിൽ ഏതാണോ നിങ്ങൾക്ക് അനുഭവപ്പെട്ടത് അതിന്റെ കോഡും ഓട്ടോയുടെ നമ്പർ, ലൊക്കേഷൻ, തീയതി, സമയം എന്നിവയും ചേർത്ത് 56767 എന്ന നമ്പറിലേക്ക് മെസ്സേജ് അയക്കുക. വളരെ അപകടകരമായ അവസ്ഥയിലാണ് നിങ്ങൾ ഉള്ളതെങ്കിൽ ഡൽഹി പോലീസിന്റെ 24×7 ഹെൽപ്പ്-ലൈനായ 1095 or (011) 2584-4444 തുടങ്ങിയ നമ്പറുകളിൽ വിളിച്ച് സഹായം തേടാം.

ഒരിക്കലും അറിഞ്ഞുകൊണ്ട് നമ്മൾ പറ്റിക്കപ്പെടുവാൻ നിന്നു കൊടുക്കരുത്. ആവശ്യമില്ലാതെ പ്രശ്നങ്ങളിൽ ചെന്നു ചാടുകയുമരുത്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഒരു പരിചയവുമില്ലെങ്കിലും ഡൽഹിയിൽ സുരക്ഷിതത്വത്തോടെ സഞ്ചരിക്കുവാൻ സാധിക്കും.