ജേഷ്ഠതുല്യനായ കെഎസ്ആർടിസി ഡ്രൈവർക്ക് ആദരവുമായി യാത്രക്കാർ…

ഒരു സഥാപനത്തിലെ ജീവനക്കാരന് തന്റെ സഹപ്രവർത്തകരുടെ വകയോ സ്ഥാപനത്തിന്റെ വകയോ യാത്രയയപ്പ് നൽകാറുണ്ട്. പക്ഷെ ഒരു സർക്കാർ ജീവനക്കാരന് പൊതുജനം യാത്രയയപ്പ് നൽകുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം. അതും ഒരു കെഎസ്ആർടിസി ബസ് ഡ്രൈവർക്ക്. കെഎസ്ആർടിസിയുടെ വടക്കൻ പറവൂർ ഡിപ്പോയിലെ ഡ്രൈവറായ ടി.എ. ഹുസൈൻ എന്ന ജീവനക്കാരനാണ് അപൂർവ്വമായ ഈ ഭാഗ്യമുണ്ടായത്.

11 വർഷക്കാലയമായി കെഎസ്ആര്ടിസിയിൽ ഡ്രൈവർ ആയി സേവനമനുഷ്ഠിച്ചു വന്ന ശ്രീ. TA ഹുസൈൻ ജോലി ചെയ്തിരുന്ന റൂട്ടുകളിൽ യാത്രക്കാർക്ക് പ്രിയങ്കരനായിരുന്നു. എന്നും രാവിലെ ഒരു ദിവസം പോലും ട്രിപ്പ് മുടങ്ങാതെ സൗമ്യമായ പെരുമാറ്റത്തോടെ അപകടരഹിതമായി തങ്ങൾ ഓരോരുത്തരേയും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചിരുന്ന കെഎസ്ആർടിസി ഡ്രൈവറെ വെറും ഡ്രൈവറായല്ല സ്ഥിരം യാത്രക്കാർ കണ്ടത്, തങ്ങളുടെ ഒരു ജ്യേഷ്ഠനെപ്പോലെയാണ്. യാത്രക്കാരുടെ സ്വന്തം “ഹുസൈൻ ഇക്ക.”

ഒടുവിൽ സർവ്വീസിൽ നിന്നും പിരിഞ്ഞുപോകുന്ന അവസരത്തിൽ, തൻ്റെ അവസാന ഡ്യൂട്ടി ദിവസം അദ്ദേഹത്തിന് സ്ഥിരം യാത്രക്കാരുടെ വകയായി പലയിടങ്ങളിലായി ആദരവും യാത്രയയപ്പും നൽകുകയുണ്ടായി. തങ്ങൾക്ക് ലഭിച്ച സേവനത്തിന് അവർ അറിയിച്ച നന്ദിയും സ്നേഹവും ആദരവും ഓരോ സ്വീകരണ സ്ഥലത്തും കാണാമായിരുന്നു. ഒപ്പം തന്നെ നിറകണ്ണുകളോടെയായിരുന്നു യാത്രക്കാരിൽ പലരും തങ്ങളുടെ ജേഷ്‌ഠതുല്യനായ സാരഥിയ്ക്ക് സർക്കാർ സർവ്വീസ് ജീവിതത്തിൽ നിന്നും യാത്രയയപ്പ് നൽകിയത്.

പറവൂർ – കാക്കനാട് – തൃപ്പൂണിത്തുറ റൂട്ടിലെ നോൺ എസി ലോഫ്‌ളോർ ബസ്സിലെ ഡ്രൈവറായിരുന്നു വിരമിക്കുന്ന സമയത്ത് ഹുസൈൻ ഇക്ക. കാക്കനാട് കളക്ട്രേറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ ആശ്രയമാണ് ഈ ബസ് സർവ്വീസ്. അതുപോലെ തന്നെയായിരുന്നു ഈ ബസ്സിലെ ഡ്രൈവറായ ഹുസൈൻ ഇക്ക ഉൾപ്പെടെയുള്ള ജീവനക്കാരും.

കുറച്ച് കാലങ്ങൾക്ക് മികച്ച ഡ്രൈവർക്കുള്ള പുരസ്കാരം പറവൂർ ഡിപ്പോ അധികൃതരിൽ നിന്നും ലഭിച്ചിട്ടുള്ള ഇദ്ദേഹം ഓരോ സർക്കാർ ജീവനക്കാരനും ഉത്തമ മാതൃകയാണ്. പകരം വയ്ക്കാനില്ലാത്ത ഈ ഒരു അംഗീകാരം പൊതുജനങ്ങളിൽ നിന്നും ലഭിച്ച ഇദ്ദേഹത്തിന് അഭിനന്ദങ്ങൾ നേരുന്നു. ഹുസൈൻ ഇക്കയെപ്പോലുള്ള, ജനഹൃദയങ്ങൾ കീഴടക്കിയ ജീവനക്കാർ കെഎസ്ആർടിസിയിൽ ഇപ്പോഴുമുണ്ട്. അതുപോലെ തന്നെ ജനങ്ങളെ വെറുപ്പിച്ചുകൊണ്ടിരിക്കുന്ന ജീവനക്കാരുമുണ്ട്. അവർക്കൊക്കെ ഒരു മാതൃകയാണ് ഹുസൈൻ ഇക്കയെപ്പോലുള്ള നല്ല ജീവനക്കാർ.