പരീക്ഷ എഴുതിക്കാതെ പുറത്താക്കി, പകരം കിട്ടിയത് അതുക്കും മേലെ…

വിവരണം – രാഹുൽ മാനാട്ട്

ഗ്ലാസ് കോപ്പകളിൽ തുളുമ്പി നിൽക്കുന്ന ജലം പോലെ… യാത്രയിൽ എന്ത് തുളുമ്പുന്ന വെള്ളം അല്ലെ? അങ്ങനെ ചിന്തിക്കു. പക്ഷെ അങ്ങനെ ഒരു ഫീൽ തോന്നി ഒരു എട്ടു ഒന്പത് വർഷം മുൻപ്. യാത്ര എല്ലാരേം പോലെ തലയ്ക്കു പിടിച്ചിട്ടില്ലാത്ത സമയം ആയിരുന്നു എങ്കിലും എവിടെേലുമൊക്കെ പോണം എന്ന കുഞ്ഞു ആഗ്രഹത്തിന്റെ പുറത്തു, ജില്ലകൾ മാറ്റി മാറ്റി വെച്ച് ഞാനും നൻപൻ രായൂട്ടനും കൂടി PSC പരീക്ഷ എഴുതി നടക്കുന്ന കാലം.

നമ്മടെ സ്വന്തം സുന്ദരി ഇടുക്കി സെന്റർ വെച്ച് കാത്തിരുന്നു. ദേണ്ടെ അവസാനം സെന്റർ കിട്ടി കട്ടപ്പന. അങ്ങനെ സ്വന്തം ഹീറോ ഹോണ്ട ഗ്ലാമറിൽ ഞങ്ങൾ കട്ടപ്പനയ്ക് വിട്ടു. കുട്ടിക്കാനം, ഏലപ്പാറ വഴി പരീക്ഷ നടക്കുന്ന സ്കൂളിൽ എത്തി പെട്ടു. ബെല്ലടിച്ചു ക്ലാസ്സിൽ കേറി ഹാൾടിക്കറ്റു പരിശോധന. ടീച്ചറുടെ വായിൽ നിന്നും അയ്യോ മോനെ ഹാൾടിക്കറ്റിലെ ഫോട്ടോയിൽ പേരും ഡേറ്റും ഇല്ല. നിനക്ക് എക്സാം എഴുതാൻ കഴിയില്ല.

അങ്ങനെ ഗുദ വഹ.. കാര്യം എഴുതിയാൽ കിട്ടില്ല എങ്കിലും സങ്കടം എന്നൊക്കെ പറഞ്ഞാൽ ചങ്കിൽ ഒരു കല്ല്‌ വെച്ച ഭാരം. ഇറങ്ങി സ്കൂളിന് വെളിയിൽ നമ്മടെ ചെക്കനോട് (ബൈക്ക്) സംസാരിച്ചു അവിടെ ഇരുന്നു. വട്ടാണ് എന്ന് തോന്നുണ്ടോ? ഒറ്റയ്ക്കുള്ള യാത്രകളിൽ എന്നും ഞങ്ങൾ സംസാരിച്ചിരുന്നു. അങ്ങനെ ബൈക്കിൽ ഇരുന്നു സമയോം പോകുന്നില്ല, വന്നവഴി ഇത് വരെ കാണാത്ത കാഴ്ച ഒന്നും കണ്ടുമില്ല. കൂട്ടുകാരൻ ആണേൽ പരീക്ഷ ഹാളിലും.

എല്ലായിടത്തും കാണുന്ന പോലെ പരീക്ഷയ്ക്ക് ആരെയോ കൊണ്ട് വന്നു കാത്തിരിക്കുന്ന ഒരു ഓട്ടോ ചേട്ടൻ. പിന്നെ ഞങ്ങൾ ആയി സംസാരം. “എവിടുന്നാ മോനെ? കോട്ടയതൂന്നോ
പരീക്ഷ എഴുതാൻ? സത്യം പറ… ഇനി പ്രണയിനി.. (ചേട്ടൻ പറഞ്ഞ വാക്ക് വേറെ)?” എനിക്ക് തോന്നി ഒരു ചെറുക്കൻ അതും ഈ ബൈക്കിൽ പരീക്ഷ എഴുതാൻ മാത്രം ഇവിടം വരെ അതും ഹാൾ ടിക്കറ്റു പോലും മര്യാദയ്ക്ക് നോക്കാതെ. പുള്ളിക്ക് അത് അങ്ങോട്ട് വിശ്വസിക്കാൻ ഒരു വൈക്ലഭ്യം. അതായിരിക്കാം.

ലാസ്റ്റ് സംസാരത്തിനിടയിൽ ഞാൻ ചോദിച്ചു ചേട്ടായി ഇവിടെ വല്ലോം കാണാൻ ഉണ്ടോ? ഒരു പൊട്ടിച്ചിരി… എന്റെ മുഖത്തു വന്ന ദേഷ്യവും സങ്കടവും കണ്ടിട്ട് ആവണം പുള്ളി പറഞ്ഞു “മക്കളെ ഞങ്ങൾ ഇടുക്കികാര് ഇതൊക്കെ കണ്ടു കണ്ടു അത്ഭുതം അവസാനിച്ചു. നല്ലതാണോ എന്നൊന്നും എനിക്കറിഞ്ഞുട. നീ ഈ റൂട്ട് പിടിച്ചോ. എന്നിട്ടു കാൽവരി കുന്നു കേറുക. ഇടുക്കി ഡാം കാണാം. ഇപ്പൊ നിറച്ചും വെള്ളമാ മഴ അല്ലിയോ” എന്ന് പുള്ളി.

ഡാം എങ്കിൽ ഡാം പരീക്ഷ കഴിഞ്ഞു ചെക്കൻ വന്നു അവനോടും കാര്യങ്ങൾ പറഞ്ഞു അവൻ പിന്നെ എന്ത് പറഞ്ഞാലും NO ഇല്ലാത്ത കൊണ്ട് കാൽവരികുന്നെങ്കിൽ കാൽവരി കുന്ന്. ഒരു കാട്ടിലൂടെ ഉള്ള റോഡിലൂടെ പോയി പോയി. ലാസ്റ്റ് കേറേണ്ട വഴി കണ്ടെത്തി. പൊളിഞ്ഞു കിടന്ന മണ്ണ് റോഡിലൂടെ കേറാവുന്ന ദൂരം ഞങ്ങൾ ഓടിച്ചു കേറി. പിന്നെ നടന്നു നടന്നു ആ കാഴ്ചയിലേക്ക്… പല കുന്നുകൾക്ക് ഇടയിൽ വെള്ളം നിറഞ്ഞു നിൽക്കുന്നു. ഒരു മഴക്കാലം ആയതിനാൽ ഡാം നിറഞ്ഞു കിടന്നിരുന്നു.

മനസ്സിൽ എവിടേയോ ഉണ്ടായിരുന്ന അന്നത്തെ യാത്രയുടെ ക്ഷീണവും പരീക്ഷ എഴുതാത്തതിൽ ഉള്ള സങ്കടവും കാൽവരി കുന്നിൽ നിന്ന് ഡാമിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു. സുന്ദരമായ കാഴ്ചകൾ യാത്രകളിൽ നാം തേടി പോകുമ്പോ ഒട്ടും പ്രതീക്ഷിക്കാതെ അവിശ്വസനീയമാംവണ്ണം നമ്മളെ തേടി വരാറില്ലേ? കാഴ്ച്ചയായും അനുഭവം ആയും. മഴക്കാറില്ലാതെ ആകാശത്തു നിന്ന് വരുന്ന ചില മിന്നൽപിണരു പോലെ അതായിരുന്നു എനിക്ക് കാൽവരികുന്നിൽ നിന്നും എട്ടോ ഒമ്പതോ വർഷം മുന്നേ കണ്ട ആ കാഴ്ച.

പിന്നെ പലതവണ പല രീതിയിൽ ഇടുക്കി ഡാമും അതിലെ വെള്ളവും കണ്ടെങ്കിലും, അന്നത്തെ ആ അത്ഭുതം ഇന്നും കണ്ണടച്ചാൽ എനിക്ക് മനസ്സിൽ കാണാം. ആ തണുത്ത കാറ്റു മുഖത്തും മുടിയിലും തഴുകി ചെവിയിൽ എന്തോ മന്ത്രിച്ചും കൊണ്ട് കടന്നു പോകും. “ഇവിടത്തെ കാറ്റാണ് കാറ്റ്…”